21 C
Bangalore
September 23, 2018
Untitled
Life & Death
  • Home
  • Malayalam
  • മരണമറിയിക്കാനുള്ള യാത്രകൾ
Malayalam Short Stories

മരണമറിയിക്കാനുള്ള യാത്രകൾ

പുലർച്ചക്ക് ആദ്യബസ്സിൽത്തന്നെയാണ് അത്തരം യാത്രകൾ ഞാൻ പുറപ്പെടുക. വടക്കോട്ടുള്ള ആദ്യ ബസ്സ് അഞ്ചുമണിക്കും തെക്കോട്ടുള്ളത് അഞ്ചരക്കുമാകും മടപ്പള്ളിയിൽ വന്നെത്തുക. തണുത്തകാറ്റിനെ മെരുക്കാൻ ബസ്സിലെ കിളി, തുവർത്തുകൊണ്ട് തലയിൽ വട്ടം ചുറ്റിക്കെട്ടിയിട്ടുണ്ടാവും. പുലർകാലത്തിന്റെ ശുദ്ധഗന്ധം ബസ്സിന്റെ ജാലകത്തിലൂടെ ഓടിക്കയറും. ഒരു ഭക്തിഗാനത്തിന്റെ പതിഞ്ഞശബ്ദം പാട്ടുപെട്ടിയിൽ നിന്നും ബസ്സിലേക്കൊഴുകും. വീടുകളും നിരത്തും ഉണരുന്നതേ ഉണ്ടാവൂ. അതിരാവിലെ മനുഷ്യരെ കാണാൻ എന്തു രസമാണെന്ന് ഞാനന്നേരം ഓർക്കും. വഴിയിലെങ്ങുനിന്നോ കയറിയ ഒരാൾ എന്റെ ബാക്കി ഇരിപ്പിടത്തിൽ ശാന്തതയോടെ വന്നിരിക്കും. ഈ ഇരിപ്പാണ് പിന്നിട്ട ജീവിതത്തിൽ അയാൾ അനുഭവിച്ച ഏറ്റവും ശാന്തതനിറഞ്ഞതെന്ന് അയാളെ ഞാൻ വായിച്ചെടുക്കും. ജാലകത്തിലെ തണുത്ത കാറ്റേറ്റ് കൈത്തണ്ടയിൽ അന്നേരം കുളിരുപൊങ്ങും.

ബസ്സുകൾ മാറിമാറിക്കയറി ഒടുവിൽ ഇറങ്ങേണ്ട ഇടമാവുമ്പോളേക്കും സമയം പത്തുപത്തരയൊക്കെയാവും. അതിനിടയിൽ ഏതെങ്കിലും ഒരിടത്തെ ദേവീവിലാസംഹോട്ടലിൽ നിന്നും പ്രാതൽ കഴിക്കും. കാലത്ത് കത്തിച്ച ചന്ദനത്തിരിയുടെ ഗന്ധം അവിടെ അപ്പോളും തങ്ങി നില്ക്കുന്നുണ്ടാവും. ബസ്സിറങ്ങിയാൽ കീശയിലെ കടലാസു ചീന്തെടുത്ത് ഒന്നൂടെ മേൽവിലാസം വായിക്കും. എതിരെ വരുന്ന ആളോട് വഴിചോദിക്കണോ എന്ന് രണ്ടുമൂന്നുപേർ കടന്നുപോകുംവരെ തയ്യാറെടുത്ത് നാലാമനോട് തീർച്ചയായും ചോദിക്കും. അപ്പോൾ അയാൾ പറയുന്ന വഴിയിലേക്ക് തിരിച്ചുനടന്ന് ഏതെങ്കിലും ഇടവഴിയിലേക്കിറങ്ങും. ഒന്നുരണ്ട് ഇടവഴികൾ കറങ്ങിച്ചുറ്റുമ്പോളേക്കും, കാണാവുന്ന ആരോടും വഴിചോദിക്കാവുന്ന പരുവമാകും.

അങ്ങിനെയങ്ങിനെ ഒടുവിലാ വീടിന്റെ കോണികയറും. നീണ്ട നടവഴികൾക്കിരുപുറത്തും പൂത്തുതൂങ്ങിയ പൂക്കൾ ഞാൻ കാണില്ല. നടവഴിതീർന്ന് മുറ്റത്തേക്കിറങ്ങി ഉമ്മറത്തെ അപരിചിതനോടോ, കുഞ്ഞുങ്ങളോടോ, തേടിച്ചെന്ന ആളെ തിരക്കും. ഉമ്മറത്തുനിന്ന് അവരത് ഉച്ചത്തിൽ അകത്തേക്ക് വിളിച്ചുപറയും. ഞാൻ തേടിച്ചെന്ന ആ ഒരാൾ ഉമ്മറവാതിലിന് പിറകിൽ പ്രത്യക്ഷപ്പെട്ട്,
‘അല്ല… ആരിത്…!’ എന്ന് അദ്ഭുതം കൂറി ഉമ്മറത്തേക്കിറങ്ങിനിന്ന്, ‘നീയെന്താ… ഈവഴിക്കൊക്കെ…’ എന്നു കുശലം ചോദിക്കും.
ഹൃദയം മുഴക്കുന്ന പെരുമ്പറ അമർത്തിപ്പിടിക്കാൻ ഞാൻ, ഇത്തിരി വെള്ളം ചോദിക്കും. ഒരു കിണറിന്റെ മുഴുവൻ കുളിരുള്ള ഒരു ഗ്ലാസ് വെള്ളം കുടിച്ച്, പതിയേ ഞാനാ കടമ്പ കടക്കും.

വീട് നിലവിളിയിൽ കുതിരുമ്പോൾ അവരറിയാതെ ഞാനാവീടുവിട്ടിറങ്ങും.
ഇടവഴികൾ, പാതകൾ, ചെറുഗ്രാമങ്ങൾ പിൻതള്ളി പലപല ബസ്സുകളിൽ കയറിയിറങ്ങി വീണ്ടും രണ്ടോ മൂന്നോ വീടുകൾ.

ഒടുവിൽ രാവേറെ വൈകി തിരിച്ചുപോകുമ്പോൾ രാത്രിക്ക് മറ്റൊരു മണമാണ്. വെളിച്ചത്തിന്റെ മഞ്ഞമുട്ടകൾ തൂക്കിയിട്ട തെരുവുവിളക്കുകൾ, പല വെളിച്ച വിതാനങ്ങളുള്ള വീടുകൾ, കടകൾ, ഇരുണ്ട ഭൂപടംപോലെ രാവിൽ എഴുന്നു നില്ക്കുന്ന മരങ്ങൾ… സീറ്റിൽ ചാരിയിരുന്ന് നോക്കുമ്പോൾ ഒന്നൊന്നായി പിന്നോട്ടു പോകുന്നവ.

ഒടുവിൽ മടപ്പള്ളിയിൽ ബസ്സിറങ്ങി, വീട്ടിലേക്കുള്ള വഴിയും പിന്നിട്ട്, പല ഇടവഴികൾ കടന്ന് ബന്ധുവീട്ടിലെ കോണികയറി ഉമ്മറത്തെത്തുമ്പോളേക്കും തെക്കേപ്പറമ്പിലെ ചിത കെട്ടടങ്ങിയിട്ടുണ്ടാവും. മരിച്ചയാളുടെ ഗന്ധം മരങ്ങളിൽ തങ്ങിനില്ക്കുന്നവ മാത്രം ഒരു കാറ്റെനിക്ക് കൊഴിച്ചിട്ടുതരും. നീ ‘ഇപ്പോളേ തിരിച്ചെത്തിയുള്ളൂ…’ എന്ന് ആരെങ്കിലും ചോദിക്കും. എന്നാലും എനിക്കൊന്ന് കാണാനായില്ലല്ലോ എന്ന് ഞാനെന്നോട് സങ്കടപ്പെട്ട് രാത്രിയെ നോക്കി നില്ക്കും. പലമരങ്ങളുടെ ഇരുണ്ട ഭൂപടങ്ങളിൽ നിന്നും അതുവരെ കാണാത്ത കണ്ണുകളനക്കി മിന്നാമിനുങ്ങുകൾ പറന്നു തുടങ്ങും. പോയ ഒരാൾക്ക് പറയാനുണ്ടായിരുന്ന വിചിത്രലിപികളുടെ പുസ്തകംപോലെ ഇരുണ്ടരാത്രിയെ ഞാൻ പലയാവർത്തി വായിച്ചെടുക്കും. അതാവും പലപ്പോഴും മരിച്ച ഏതൊരാളുടെയും ഏറ്റവും മികച്ച ആത്മകഥ!

Related posts