27.2 C
Bengaluru
July 7, 2020
Untitled

മാങ്കുളംയാത്ര – 6

mangulam

റിസോർട്ടിൽനിന്ന് ജീപ്പ് കണ്ണാടിപ്പാറ ലക്ഷ്യമാക്കി കുതിച്ചു. പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോൾ നല്ലവഴിയൊക്കെ തീർന്നു. കുതിപ്പ് കിതപ്പായി. നല്ല മുഴുത്ത കല്ലുകളുടെ മീതെയായി സഞ്ചാരം. ചിലയിടങ്ങളിൽ വലിയ, പരന്ന പാറകൾ കയറിയിറങ്ങി. അങ്ങനെ കുണുങ്ങിക്കുണുങ്ങി, നിരങ്ങിനിരങ്ങി, അരമണിക്കൂറോളം യാത്ര കഴിഞ്ഞപ്പോൾ ആ വഴിയും തീർന്നു. മനോജ് പറഞ്ഞു ഇനി വണ്ടി മുന്നോട്ടുപോകുകയില്ല, നടക്കണമെന്ന്. ഗോപാലന്റെ വീട് അവിടെയാണ്. താവുങ്കണ്ടം ട്രൈബൽ സെറ്റിൽമെന്റ് എന്നാണതിന്റെ പേര്. ഇവർമന്നാൻസമുദായത്തിൽപ്പെട്ടവരാണ്.
mangulam

എല്ലാവരും ഇറങ്ങി, നടപ്പു തുടങ്ങി. തുടക്കംതന്നെ അല്പം നില്ക്കേണ്ടിവന്നു. വഴിയുടെ ഒത്ത നടുക്ക് ഓരോന്ത് മുട്ടയിടാനായി കുഴികൾ കുഴിക്കുന്നു ! ഈറ്റുനോവിന്റെ പ്രയാസത്താലായിരിക്കാം, ഞങ്ങളെ കണ്ടിട്ട് അവൾ ഓടിയില്ല. അഞ്ചാറു ഫോട്ടോയ്ക്ക് പോസ് ചെയ്തുതന്നു. വഴിയിലൊക്കെ ആനപ്പിണ്ടമുണ്ടായിരുന്നെങ്കിലും അടിക്കാട് കാര്യമായിട്ടില്ലാത്തതിനാൽ ദൂരേക്കു കാണാമായിരുന്നതുകൊണ്ട് ആനയെയോ മറ്റു മൃഗങ്ങളെയോ ഒന്നും പേടിക്കേണ്ടതില്ലായിരുന്നു. പത്തുമിനിറ്റ് നടന്നപ്പോളേക്കും തുടക്കത്തിൽ ഉഷാറായിനടന്നവരൊക്കെ അവശരായി. നല്ല വെയിലുമുണ്ടായിരുന്നു. നടക്കുമ്പോൾ ഒന്നു പതിയെ കുനിഞ്ഞാൽ നിലം തൊടാം എന്നമട്ടിലുള്ള കയറ്റമാണ്. മനോജ്, സിബി, ഗോപാലൻ എന്നിവർക്ക് ഒരു കൂസലുമില്ല. ഞങ്ങളെക്കാൾ ഏറെ മുന്നിലാണവർ. കുറെനേരം നിന്ന് ആശ്വസിച്ചു. വീണ്ടും കയറി. ഇടയ്ക്ക് ചിലർക്ക് കാട്ടുകമ്പുകൾ കിട്ടി. അതിലൂന്നിയായി പിന്നെ നടത്തം. അങ്ങനെ ഒരു മണിക്കൂറോളം കയറിയപ്പോൾ ശ്രീ ജെയ്‌സന്റെ സുഹൃത്തായ ശ്രീ മജീദ് എന്നയാളുടെ വീട്ടിലെത്തി. അവർ ഞങ്ങൾക്കൊക്കെ വെള്ളവും കട്ടൻചായയും നൽകി. അവരും മക്കളും ദിവസവും മാങ്കുളത്തേക്കു പോകാൻ ഈ വഴിയിലൂടെ താഴേക്കിറങ്ങുകയും മുകളിലേക്ക് കയറുകയും ചെയ്യുന്നുണ്ട് !

mangulam

കോഴി, ആട്, പട്ടി, പശു എന്നീ മൃഗങ്ങളെ അവർ വളർത്തുന്നതു കണ്ടപ്പോൾ മദാമ്മയ്ക്ക് കൗതുകം അടക്കാനായില്ല. എല്ലാറ്റിന്റെയും പിന്നാലെ അവർ നടന്ന് ചിത്രങ്ങളെടുത്തുകൊണ്ടിരുന്നു. അവരുടെ നാട്ടിൽ ഇതൊക്കെ കാണണമെങ്കിൽ ഫാമിൽ ചെല്ലണം. നമ്മുടെ നാട്ടിലുള്ളതുപോലെ വഴിയിലെങ്ങും ഇമ്മാതിരി ജീവികൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് കാണാനില്ല. വീടുകളിലൊക്കെ പട്ടികളുണ്ടാവും, അപൂർവ്വം പൂച്ചകളും ഉണ്ടാകും. മറ്റുള്ളവയൊക്കെ ഫാമിലാണ്. ഒരു പൂച്ചയെക്കണ്ടാൽപ്പോലും അവിടുത്തെ കുട്ടികൾ അദ്‌ഭുതപരതന്ത്രരായിനില്ക്കുന്നതു കാണാം.

mangulam

അരമണിക്കൂറോളം അവിടെ വിശ്രമിച്ചശേഷം വീണ്ടും കയറ്റം കയറിത്തുടങ്ങി. ഓരോ പത്തുമിനിറ്റിലും ഞങ്ങൾ നിന്നു. അങ്ങനെ അഞ്ചാറു പ്രാവശ്യമായപ്പോൾ ഭാര്യ പറഞ്ഞു: “ഞാനിവിടെയെങ്ങാനും കിടന്നോളാമേ, നിങ്ങൾ പാറയൊക്കെ കണ്ടിട്ടുവരൂ, ഒരടിവയ്ക്കാൻ ഇനി എന്നെക്കൊണ്ടു വയ്യാ.” ഞാൻ വിട്ടില്ല. ഭാര്യയെ പിന്നിൽനിന്ന് തള്ളിത്തള്ളി, മുന്നോട്ടു നീക്കി. മറ്റുള്ളവരുടെ വേഗവും ഇത്രയേ ഉണ്ടായിരുന്നുള്ളൂ.

ഏകദേശം മുകളിലെത്തിയപ്പോൾ നിബിഡമായ വനം കണ്ടു. ചില മരങ്ങളിലൊക്കെ കാട്ടുവള്ളികൾകൊണ്ട് കെട്ടിയുണ്ടാക്കിയ ഗോവണി കെട്ടിവച്ചിട്ടുണ്ട്. മരങ്ങളിൽ തേനുള്ളത് എടുക്കാനാണ് ഇങ്ങനെയൊരു സംവിധാനം ആദിവാസികൾ ചെയ്തിരിക്കുന്നത്. ഇവിടുത്തെ പ്രധാന ആകർഷണമായ ഗോഫർ മരം വഴിയരികിൽ കല്ലൊക്കെ ചുറ്റും വച്ച് സംരക്ഷിച്ചിരിക്കുന്നു. കേരളത്തിൽത്തന്നെ അപൂർവ്വമായ ഈ മരം ആകെ ഒരെണ്ണമേ ഈ കാട്ടിൽ കണ്ടിട്ടുള്ളൂ എന്നാണ് ശ്രീ ജെയ്‌സൺ ഞങ്ങളോടു പറഞ്ഞിരുന്നത്. ഇതു കൂടാതെ, ഗവിയിൽമാത്രമേ ഈ മരമുള്ളൂ എന്നദ്ദേഹം കൂട്ടിച്ചേർത്തു. ഈ മരംകൊണ്ടാണ് പ്രളയത്തെ അതിജീവിക്കാൻവേണ്ടി, നോഹയോടു പെട്ടകമുണ്ടാക്കാൻ യഹോവയാം ദൈവം കല്പിച്ചത്. വി. വേദപുസ്തകത്തിലെ ആദ്യപുസ്തകമായ ഉത്പത്തിയിലെ ആറാമദ്ധ്യായത്തിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഇതാണിതിന്റെ ദിവ്യത്വം.

mangulam yathra

ശ്രീ ഗോപാലൻ ഞങ്ങളുടെകൂടെക്കൂടിയത് ഈ മരം കാണാൻവേണ്ടിക്കൂടെയാണ്. ഇത്രയും കാലം അവിടെ ജീവിച്ചിട്ടും ഇങ്ങനെയൊരു മരത്തിനെക്കുറിച്ച് മൂപ്പർക്കറിവില്ലായിരുന്നു. “ഞാനറിയാത്ത ഒരു മരം ഈ കാട്ടിലുണ്ടോ ?” എന്നായിരുന്നു യാത്രയുടെ തുടക്കത്തിൽ അദ്ദേഹം അദ്‌ഭുതപ്പെട്ടിരുന്നത്. ഈ മരം കണ്ടപ്പോൾ അദ്ദേഹത്തിന് ചിരിപൊട്ടി. “ഇതു കാണാനാണോ ഇവരെ ഇത്രയും ദൂരം ഈ കഷ്ടപ്പാടൊക്കെ കഴിച്ച് കൊണ്ടുവന്നത് ? ഇതു നമ്മുടെ പൂവം എന്ന മരമാണ്.” എന്നായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. നല്ല ഉറപ്പുള്ള ഈ മരംകൊണ്ടാണ് ഉലക്ക, ഉരൽ, നുകം എന്നിവയൊക്കെ പണ്ടുണ്ടാക്കിയിരുന്നത്. കാട്ടിൽ ഈ മരം ഇഷ്ടംപോലെയുണ്ടെന്നാണ് ശ്രീ ഗോപാലന്റെ സാക്ഷ്യം.

(ചില ചിത്രങ്ങൾ ടാബ്‌ലറ്റിൽ എടുത്തത് മദാമ്മ അയച്ചുതന്നതാണ്.)

 

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.