21 C
Bangalore
September 23, 2018
Untitled
mangulam yathra
Malayalam Travel

മാങ്കുളംയാത്ര – 8

മാങ്കുളംജംക്ഷനിൽനിന്ന് ഉദ്ദേശം 3 1/2 കിലോമീറ്റർ അകലമുണ്ട് ഈ ആദിവാസിക്കോളനിയിലേക്ക്. കുടിയുടെ അരക്കിലോമീറ്റർ അകലെവരെ ജീപ്പു ചെല്ലും. ഇടയ്ക്കിടെ അരുവികളും കുത്തനെയുള്ള കയറ്റങ്ങളും താണ്ടണം. മഴക്കാലത്ത് അരുവിയിൽ നല്ല ഒഴുക്കുള്ളതിനാൽ അങ്ങോട്ടുള്ള യാത്ര ബുദ്ധിമുട്ടാണ്. വഴിനീളെ ആനപ്പിണ്ടവും ഈറ്റക്കാടുകളും സുലഭം.

ഇടയ്ക്കിടയ്ക്ക് നല്ല കുത്തൻകയറ്റവും പാറയുമൊക്കെ താണ്ടേണ്ടിവരുമ്പോൾ മനോജ് ഞങ്ങളെയൊക്കെ ഇറക്കിനിറുത്തിയിട്ട് ജീപ്പ് ഓടിച്ചുകയറ്റും. ഒരു പ്രാവശ്യം അങ്ങനെയൊരു പാറയിൽച്ചെന്നുകയറിയപ്പോൾ നായ മൂത്രമൊഴിക്കാൻ നിൽക്കുന്നതുപോലെ ജീപ്പ് കുടുങ്ങി. പിന്നിലൊരു കുഴിയുണ്ടായിരുന്നതിനാൽ അവിടെ വീൽ പിടിക്കുന്നില്ല. അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല എന്ന ഗതികേടിലായി. ഒടുവിൽ മുന്നിൽ പൊങ്ങിയ വീൽ നിലത്തമർത്തിപ്പിടിച്ചുകൊണ്ട് ഗോപാലനും സിബിയും പിന്നിലെ വീലിന്റെ അടിയിൽ കല്ലുകൾ പെറുക്കിയിട്ടു. അത്രയും നേരം മനോജ് ബ്രേക്ക്ചവിട്ടിപ്പിടിച്ചുകൊണ്ട് ജീപ്പിലിരുന്നു. പിന്നാക്കം പോന്നാൽ ഇതൊക്കെ ആവർത്തിക്കണം. അളിയനും മകളും വിമലയും അതിൽത്തന്നെ ഇരുന്നു. മദാമ്മയും ഇറങ്ങിവന്നു. ജീപ്പ് ആടിയുലയുന്നതിനാൽ അരികിലിരിക്കുമ്പോൾ തെറിച്ചുവീഴുമോ എന്നൊരു പേടി അവർക്കുണ്ടായിരുന്നു എന്നു തോന്നുന്നു. ജീപ്പു പാറയുടെ അപ്പുറത്തെത്തിയപ്പോൾ ഞങ്ങൾ വീണ്ടും കയറി.

ഇങ്ങനെയുള്ള കയറ്റം കയറേണ്ടിവരുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീ മനോജ് പറഞ്ഞുതന്നു. ഡീസൽവാഹനങ്ങളുടെയൊക്കെ ടാങ്ക് പിന്നിലായിരിക്കും. അതിൽനിന്ന് എഞ്ചിനിലേക്ക് ഡീസൽ പോകുന്നത് മുന്നിൽ ഘടിപ്പിച്ചിട്ടുള്ള ഹോസിലൂടെയാണ്. വാഹനം നേരെ മുകളിലേക്കു പോകുമ്പോൾ ഇന്ധനം മുഴുവനും പിന്നിലേക്കു മാറും. ഹോസിലേക്ക് ഡീസലെത്തുകയില്ല, വണ്ടി അവിടെ നില്ക്കും. പിന്നെ സ്റ്റാർട്ടാക്കാൻ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിലൂടെ പോകുമ്പോൾ ടാങ്കിൽ നിറയെ ഇന്ധനമുണ്ടാകണം. മാങ്കുളത്ത് ഇന്ധനം നിറയ്ക്കാൻ പമ്പുകളില്ല; കൊണ്ടുവന്നുവച്ച് വിൽക്കുന്നവരുണ്ട്.

വേറൊരിടത്തെത്തിയപ്പോൾ നല്ല ഉഗ്രൻകയറ്റം. മണ്ണിളകിക്കിടക്കുന്നു, കല്ലുകളിട്ടിട്ടുണ്ട്. മനോജ് ശ്രദ്ധിച്ച് അതിന്റെ മുകളിലൂടെ ഓടിച്ചു. പക്ഷേ, ഇളകിയ മണ്ണിലിട്ട കല്ലുകൾ തെറിച്ചുപോയതല്ലാതെ ജീപ്പ് മുന്നോട്ടുപോയില്ല. വീണ്ടും ഞങ്ങളെല്ലാം ഇറങ്ങി. അളിയനെയും മനോജ് ഇറക്കിനിറുത്തി. സിബിയും ഗോപാലനും ഒക്കെച്ചേർന്ന് അവിടെക്കിടന്ന കട്ടക്കല്ലുകളൊക്കെ പെറുക്കിനിരത്തി, വഴി നന്നാക്കിക്കൊണ്ടിരുന്നു. അളിയൻ പതിയെ മുന്നോട്ടു നടന്നു. ഞാനും മദാമ്മയും പിന്നിൽ കുറെ ദൂരെ മാറിനിന്നു. ഇല്ലെങ്കിൽ ജീപ്പു മുന്നോട്ടു കുതിക്കുമ്പോൾ പിന്നിലേക്ക് ആ കല്ലുകൾ ഇളകിത്തെറിക്കും; ചിലപ്പോൾ ഞങ്ങളുടെ കഥ കഴിയും.

mangulam

ആദിവാസികളെക്കുറിച്ച് മനോജ് പറഞ്ഞുതന്ന കാര്യങ്ങളൊക്കെ ഞാൻ മദാമ്മയോടു തട്ടിമൂളിച്ചുകൊണ്ടിരുന്നു. അവർ കണ്ടാലൊരു ലൂക്കില്ലാത്ത ആളുകളാണെങ്കിലും ഈ നാട്ടിലെ ആദിമനിവാസികളാണെന്നും അവർക്കൊരു രാജാവ് ഇപ്പോളുമുണ്ടെന്നും വളരെ വൃത്തിയുള്ള, പ്രകൃതിയെ സ്നേഹിക്കുന്ന, മറ്റുള്ളവരോട് അധികം ഇടപഴകാത്ത, നേരും നെറിയുമുള്ള ആളുകളാണെന്നൊക്കെ ഞാൻ പറഞ്ഞുകൊടുത്തു. കുടിയിൽ ചെന്നാൽ അനുഷ്ഠിക്കേണ്ട കാര്യങ്ങളൊക്കെ ഞാൻ അവരോടു പറഞ്ഞിരുന്നു. ഞാനൊരു വലിയ വിവരമുള്ളവനാണെന്ന് അവർക്കു തോന്നിയിട്ടുണ്ടാവും ! അങ്ങനെ ഞാൻ മദാമ്മയുമായി പോച്ചയടിച്ചുനിൽക്കുമ്പോൾ മനോജ് ജീപ്പു സ്റ്റാർട്ടാക്കി. ഞാൻ ക്യാമറയൊക്കെ റെഡിയാക്കിവന്നപ്പോളേക്കും ജീപ്പ് കയറ്റം കയറിമറഞ്ഞിരുന്നു !! (അതുകൊണ്ടെന്താ ? ജീപ്പ് ചാടിത്തുള്ളി, കയറ്റം കയറുന്ന നല്ലൊരു വിഡിയോ മദാമ്മകാരണം നിങ്ങൾക്കു നഷ്ടപ്പെട്ടു. ഈ ഭാഗത്തുകൂടെ ഇറക്കമിറങ്ങിവരുന്ന വിഡിയോ, ഞാൻ നേരത്തെതന്നെ പുറത്തിറങ്ങി, ചിത്രീകരിച്ചത് ഏറ്റവും ഒടുവിൽ പതിച്ചിട്ടുണ്ട്.)

 

മനോജ് കുറെ ദൂരം ഇങ്ങനെ ജീപ്പ് ഓടിച്ചുകൊണ്ടുപോയി. ജീപ്പു പോയിക്കഴിഞ്ഞപ്പോൾ വഴി വീണ്ടും പഴയതുപോലെയായി. അടുത്ത ജീപ്പു വന്ന് കയറ്റം കയറണമെങ്കിൽ ഈ പണിയൊക്കെ വീണ്ടും ചെയ്യണം. ഞങ്ങൾ പിന്നാലെ നടന്നു. ഇടയ്ക്കുവച്ച് അളിയനെ കണ്ടു. മനോജിനെ കണക്കിന് ശകാരിക്കുന്നുണ്ടായിരുന്നു. കല്ലിട്ടുകഴിഞ്ഞാൽ ജീപ്പുനിറുത്തി, അതിൽ കയറ്റുമെന്നാണ് അളിയൻ കരുതിയത്. പിന്നെ അളിയനെയും ഞാൻ പിന്നിൽനിന്ന് തള്ളിക്കയറ്റി. മദാമ്മയ്ക്കൊരു കൂസലുമില്ല. നല്ല ആരോഗ്യവതിയാണവർ. (ബ്രിട്ടനിൽ ഞാൻ ചെന്നപ്പോൾ നടപ്പിൽ, അവിടുത്തെ പെണ്കുട്ടികളുടെയൊപ്പംപിടിക്കാൻ എനിക്കാവുമായിരുന്നില്ല. ബസേലിയോസ് കോളേജിൽ പഠിക്കുമ്പോൾ ഡിഗ്രിക്ക് മൂന്നുവർഷവും ഞാനായിരുന്നു നടപ്പുമത്സരത്തിൽ ജേതാവ്. ഇപ്പോളും നല്ല വേഗത്തിൽ എനിക്കു നടക്കാനാവും. പക്ഷേ, അതൊന്നും ഇവരുടെയടുത്തു വിലപ്പോവില്ല. തണുപ്പിനെ പ്രതിരോധിക്കാനായിട്ടാണ് നല്ല വേഗത്തിൽ അവർ നടന്നുശീലിക്കുന്നത്.)

കുറെ കയറിക്കഴിഞ്ഞപ്പോൾ അതാ മനോജ് വഴിയിൽ ജീപ്പു നിറുത്തിയിരിക്കുന്നു ! “എന്നെക്കൂട്ടാതെ എന്തേ നിങ്ങൾ ജീപ്പു വിട്ടുപോയത് ?” അളിയനു ദേഷ്യം കലശലായി. “എന്റെ പൊന്നു സാറേ…ഇടയ്ക്കു ജീപ്പു നിറുത്തിയാൽ ഈ ചെയ്ത പണിയൊക്കെ ആവർത്തിക്കേണ്ടിവരും, അതുകൊണ്ടാ….” മനോജ് വിനീതനായി. “ഇനി ആരിറങ്ങിയാലും ഇല്ലെങ്കിലും ജീപ്പിൽനിന്ന് ഞാനിറങ്ങുന്ന പ്രശ്നമില്ല” അളിയൻ ദേഷ്യത്തോടെ എല്ലാവരോടുംകൂടെ തന്റെ നയം വ്യക്തമാക്കി. കയറ്റം കയറിക്കയറി, വയറൊക്കെ ചുരുങ്ങി, ഞങ്ങളുടെയൊക്കെ പാന്റ്സ് അരയിൽനിന്ന് ഊരിത്തുടങ്ങി. അത്ര കുത്തനെയുള്ള കയറ്റമായിരുന്നു അത്.

അങ്ങനെ അവസാനം കുടിയുടെ അരക്കിലോമീറ്റർ അകലെ ജീപ്പുനിറുത്തി. നിരപ്പായ സ്ഥലമാണ്. കുടിയിലേക്ക് അവർക്കാവശ്യമുള്ള സാമഗ്രികൾ കയറ്റിയ വാഹനങ്ങൾ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കൂ. അവിടെ കോൺക്രീറ്റ് ചെയ്ത മുഴുമിക്കാത്ത ഒരു വീടു കണ്ടു. സർക്കാർസഹായത്തോടെ നിർമ്മിക്കുന്ന ഭവനങ്ങളാണിത്. ഇവരുടെ ജീവിതക്രമത്തെ ആകെ താറുമാറാക്കുന്ന പരിഷ്കരണങ്ങളാണിതൊക്കെ.

തൊട്ടടുത്തായി ഏറുമാടമുണ്ടായിരുന്നു. സമയം വൈകിയതിനാൽ കുടിയിൽപ്പോയി, മൂപ്പനെ സന്ദർശിച്ചശേഷം ഏറുമാടത്തിൽ കയറാമെന്ന് പറഞ്ഞതിനാൽ എല്ലാവരുംകൂടെ അങ്ങോട്ടു തിരിച്ചു. മണ്ണുകൊണ്ടുള്ള ഒരു പുരയും അതിന്റെ പിൻഭാഗത്തായി വീപ്പപോലുള്ള ഒരു അടുപ്പും സജ്ജീകരിച്ചിരിക്കുന്നത്‌ ഏലയ്ക്ക ഉണക്കാനുള്ള സൂത്രമാണ്. ആ പുരയുടെ അകത്ത് ഇതിന്റെ തുടർച്ചയായി, മുകളിലേക്കൊരു ചിമ്മിനി വച്ചിട്ടുണ്ട്. അടിയിൽ തീകത്തിക്കുമ്പോൾ ഈ ചിമ്മിനി ചൂടാകുകയും അതു പുരയുടെ അകത്തു പല തട്ടുകളിലായി നിരത്തിവച്ചിരിക്കുന്ന ഏലയ്ക്കയിലേക്കു പകരുകയും അങ്ങനെ ഉണക്കിയെടുക്കുകയുമാണ് ചെയ്യുന്നത്. ഏലയ്ക്ക വെയിലിൽ ഉണക്കുകയില്ല.

ഒരു ചതുപ്പിലൂടെയാണ് കുടിയിലേക്കു പോകേണ്ടത്. മഴയില്ലാഞ്ഞതിനാൽ വെള്ളക്കെട്ടുണ്ടായില്ല. പക്ഷേ, കൂടുതൽ താഴ്ന്നുപോകുന്ന ഭാഗങ്ങളിൽ കമുകിന്റെ തടി വിലങ്ങനെ നിരത്തിയിരിക്കുന്നു. ചിലയിടങ്ങളിൽ കമുകിൻതടിപ്പാലങ്ങളുമുണ്ട്. വരമ്പുപോലെയുള്ള വഴിയിലൂടെ നടക്കുമ്പോൾ ഒരു പെൺപട്ടി ഓടിവന്നു. ഞങ്ങളൊക്കെ അകലം പാലിച്ചു. പക്ഷേ, കണ്ടപാടെ മദാമ്മ അതിനെ താലോലിച്ചുതുടങ്ങി. എന്തിനേറെ ! ഒരുമിനിറ്റുകൊണ്ട് പട്ടിയും മദാമ്മയും നല്ല സ്നേഹത്തിലായി. പിന്നെ മദാമ്മയുടെ പിന്നാലെയായി പട്ടിയുടെ സഞ്ചാരം. നാട്ടിലുള്ള പട്ടികളെ ഇങ്ങനെ ഓമനിക്കാൻ ചെന്നാൽ വിവരമറിയുമെന്ന് ഞാൻ അവരോടു പറഞ്ഞു. ഇതു കാട്ടിലെ പട്ടിയായതിനാൽ പേയുണ്ടാകാൻ സാദ്ധ്യത തീരെക്കുറവാണ്.

കുടിയുടെ അടുത്തായി ഒരു മരത്തിൽ ഒരു പ്ലാറ്റ്‌ഫോം കെട്ടിവച്ചിട്ടുണ്ട്. ആനകൾ വരുന്നുണ്ടോ എന്നു വീക്ഷിക്കാനുള്ള മാടമാണത്. മിക്ക രാത്രികളിലും ആനകൾ കൂട്ടത്തോടെ ഇവിടെ വരാറുണ്ടെങ്കിലും ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല എന്നാണ് മൂപ്പൻ പറഞ്ഞത്. ഉൾക്കാട്ടിൽ വെടിവെപ്പുകാരുടെ ശല്യമുള്ളതിനാൽ ആനകൾ പ്രായേണ മനുഷ്യവാസമുള്ളിടത്താണ് കഴിയാനിഷ്ടപ്പെടുന്നതെന്ന് മൂപ്പൻ പറഞ്ഞു. കുറേക്കാലംമുമ്പേ തോൽപ്പെട്ടി-മുത്തങ്ങവനമേഖലയിലൂടെ പോകുമ്പോൾ മാൻകൂട്ടങ്ങൾ ഹിംസ്രജന്തുക്കളിൽനിന്ന് സംരക്ഷണം കിട്ടാൻവേണ്ടി മനുഷ്യവാസമുള്ളിടത്തുകൂടെ മേഞ്ഞുനടക്കുന്നത് കണ്ടിട്ടുണ്ട്. നക്‌സലൈറ്റുകൾ വരാറുണ്ടോ എന്നു ഞാൻ ചോദിച്ചപ്പോൾ ഇതുവരെ വന്നിട്ടില്ല എന്നാണദ്ദേഹം പറഞ്ഞത്.

Related posts