27.5 C
Bengaluru
January 17, 2020
Untitled

മാങ്കുളംയാത്ര – 7

മാങ്കുളംയാത്ര - 7

കാട്ടിൽക്കൂടെ മുന്നോട്ട് പതിനഞ്ചു മിനിട്ടുകൂടെ സഞ്ചരിച്ചപ്പോൾ തുറസ്സായ സ്ഥലം കാണായി. അതാണ് കണ്ണാടിപ്പാറ എന്ന Angel Rock !! പാറയ്ക്കപ്പുറം വീണ്ടും കാടുതന്നെ. പാറ കാണാൻ വലിയ ഭംഗിയൊന്നുമില്ല, പക്ഷേ, ഈ പാറയിൽനിന്നുള്ള കാഴ്ച അതീവ സുന്ദരമാണ് ! നേരെ എതിർവശത്ത് കാണുന്നുണ്ട് ആകാശത്തേക്കു ചൂണ്ടിനില്ക്കുന്ന ഭീമാകാരമായ കുറത്തിപ്പാറ. അതിന്റെ അടിഭാഗത്തായി കാണപ്പെടുന്ന ഗുഹയിൽ അടുത്തകാലംവരെ മനുഷ്യവാസമുണ്ടായിരുന്നതായി ഗോപാലൻ പറഞ്ഞു. ആ പാറയിൽ ഞൊടിയൽത്തേനിന്റെ (വൻതേനീച്ചയുടെ മൂത്താപ്പനാണിത്) വലിയ കൂടുകളുണ്ട്. ഒരെണ്ണം കുത്തിയാൽമതി; ഒരാളുടെ കഥകഴിയാൻ ! അതൊക്കെ ഞങ്ങളെ ചൂണ്ടിക്കാണിച്ചുവെങ്കിലും അത്രയും ദൂരത്തേക്ക് ഞങ്ങളുടെ വൃദ്ധനയനങ്ങൾ എത്തിയില്ല.

കുറത്തിപ്പാറയുടെ മുകളിൽക്കയറിയാലും ഞങ്ങൾ നില്ക്കുന്ന ഈ പാറ അതുപോലെ കാണപ്പെടുമായിരിക്കും. പണ്ടൊക്കെ ഈ പാറ കാണാൻ വരുന്നവരെ സഹായിക്കാനെന്ന വ്യാജേന അടുത്തുകൂടുന്ന കവർച്ചക്കാർ, സഞ്ചാരികളുടെ കൈവശമുള്ളതൊക്കെ തട്ടിപ്പറിച്ചശേഷം അവരെ ഇവിടെനിന്ന് തള്ളിത്താഴെയിടാറുണ്ടായിരുന്നു എന്നാണിവർ പറഞ്ഞത്. അഗാധമായ കൊക്കയിലേക്കു വീഴുന്ന ഹതഭാഗ്യരെക്കാത്ത് വന്യമൃഗങ്ങളുള്ളപ്പോൾ പിന്നീട് അവരുടെ പൊടിപോലും കണ്ടുപിടിക്കാനുണ്ടാവില്ല. ശ്രീ ജയ്‌സൺ ഇവിടെ വരുമ്പോൾ ഇവിടം ഗുണ്ടകളുടെയും കവർച്ചക്കാരുടെയും കേന്ദ്രമായിരുന്നുവത്രേ ! കോതമംഗലം, തട്ടേക്കാട്, വടാട്ടുപാറതുടങ്ങിയ പ്രദേശങ്ങൾ ഇവിടെ നിന്നാൽ താഴെക്കാണാം. അടിമാലി, കുറത്തിപ്പാറയുടെ മറവിലായതിനാൽ, കാണാനാവില്ല. രാത്രിയിൽ വന്നാൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നതു കാണാമെന്ന് ഇവർ പറഞ്ഞു.

kannadippara

കുറെ നേരം കഴിഞ്ഞപ്പോൾ ശ്രീ ഗോപാലൻ ഞങ്ങളെ പാറയുടെ മറുവശത്തുള്ള കാട്ടിലേക്കിറങ്ങാൻ ക്ഷണിച്ചു. ആകെ ക്ഷീണിച്ചവശരായിരുന്ന എല്ലാവരും ക്ഷണം നിരസിച്ചു. മിക്കവരും പാറപ്പുറത്ത് ഇരിപ്പായി. ഏതായാലും ഇവിടംവരെ വന്നതല്ലേ, അപ്പുറവും കാണണമെന്നുള്ള ആശയിൽ ഞാൻ അങ്ങേരോടൊപ്പം നടന്നു. പിന്നാലെ മദാമ്മയും എത്തി. ഞങ്ങൾ കുറെ നേരം കാട്ടിലൂടെ സഞ്ചരിച്ചു. ആദിവാസികൾ കഴിക്കുന്ന കാച്ചിൽപോലുള്ള വലിയ കിഴങ്ങിന്റെ വള്ളിയും അതു കുഴിച്ചെടുത്ത കുഴിയും കാണിച്ചുതന്നു. മരച്ചീനിപോലെതന്നെ ഈ കിഴങ്ങും പുഴുങ്ങിക്കഴിക്കാമത്രേ !

കാട്ടിലെ ജാതിമരം വിശേഷപ്പെട്ടതാണ്. കായയ്ക്ക് നാട്ടിലെ ജാതിക്കയെക്കാൾ മഞ്ഞനിറം കൂടുതലാണ്. അകത്തുള്ള പത്രിക്കും നല്ല മഞ്ഞനിറംതന്നെ. കഴിക്കാൻ സാധിക്കില്ല. കഴിച്ചാൽ കുടൽ ഒട്ടിപ്പോകുമെന്നാണ് ഗോപാലൻ പറഞ്ഞത്. ഇതിന്റെ കുരുവും പത്രിയും പൊടിച്ച് ഇന്ത്യൻനിർമ്മിതവിദേശമദ്യത്തിൽ വീര്യത്തിനുവേണ്ടി കലർത്തുന്നുണ്ടെന്ന് സിബി പറഞ്ഞു. പെയിന്റുണ്ടാക്കാനും ഇതുപയോഗിക്കുന്നു. ഇവിടെനിന്ന് ധാരാളമായി ഈ ഫലം കടത്തുന്നുണ്ടത്രേ !

(കാട്ടുജാതി എന്നാൽ രണ്ടർത്ഥം : കാട്ടിലെ നിവാസികൾ എന്നും കാട്ടിലെ ജാതിമരം എന്നും ! സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതിസ്ഥലങ്ങളിൽ കുടിയൊഴിപ്പിക്കാൻ വരുന്ന ഉദ്യോഗസ്ഥർ – സാധാരണഗതിയിൽ ഇവർക്ക് മരങ്ങളെക്കുറിച്ചൊന്നും വലിയ അറിവുണ്ടാകില്ല – സ്ഥലത്തിന്റെ മതിപ്പുവില കണക്കാക്കാൻവേണ്ടി നിലവിലുള്ള മരങ്ങളുടെ പേരു ചോദിക്കും: “ഇതെന്തു മരമാണ് ?” ഏതു പാഴ്മരമാണെങ്കിലും കുടിയേറ്റക്കാർ :”ഇതൊരു…… ജാ…..തി…….. മരമാണ് !” എന്നു മറുപടി പറയും. ഉടനെ ഉദ്യോഗസ്ഥൻ അവിടെ ഒരു ജാതിമരം എന്നു രേഖപ്പെടുത്തും ! )

kannadippara

അവിടം നിറയെ ഈറ്റക്കാടുകളുണ്ട്. ഈറ്റകൊണ്ട് ഓടക്കുഴലുണ്ടാക്കാനറിയാമെന്ന് ഞാൻ പറഞ്ഞപ്പോൾ അതുകൊണ്ട് കിമ്മീരം എന്നൊരു വിശേഷപ്പെട്ട ഒറ്റക്കമ്പിവീണ ഉണ്ടാക്കാനറിയാമെന്ന് ഗോപാലൻ പറഞ്ഞു. അടുത്ത പ്രാവശ്യം ചെല്ലുമ്പോളേക്കും അതുണ്ടാക്കി, വായിച്ചുകേൾപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. കൈയിൽ വാക്കത്തിയില്ലാഞ്ഞതിനാൽ ഈറ്റ വെട്ടാനായില്ല.

കുറെ ചിത്രങ്ങൾ എടുത്തശേഷം ഞങ്ങൾ മലയിറങ്ങാൻ തുടങ്ങി. അപ്പോളാണ് ഒരബദ്ധം പിണഞ്ഞത്; ഭാര്യയുടെ ചെരിപ്പു പൊട്ടി. കാട്ടിൽ മുഴുവൻ ഉണക്കയില കിടക്കുന്നതിനാൽ തിരികെയുള്ള ഇറക്കം ബുദ്ധിമുട്ടായില്ല. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അതിനുതക്ക നല്ല ചെരിപ്പുകൾ ധരിക്കണം. കയറ്റം കയറാൻ എനിക്കൊരു ബുദ്ധിമുട്ടുമില്ല. ഇറക്കമിറങ്ങാൻ തുടങ്ങുമ്പോൾ തുടയുടെ പേശികൾ വിറയ്ക്കാൻ തുടങ്ങും. തന്നെയുമല്ല കയറ്റത്തിൽ ഭാര്യയെ തള്ളിക്കൊണ്ടുപോയതിന്റെ ക്ഷീണവും കാലുകൾക്കുണ്ട്. വടികുത്തിയും വഴിയിലുള്ള മരക്കൊമ്പുകളിൽ തൂങ്ങിയുമൊക്കെ കാലിന് അധികം ആയാസം കൊടുക്കാതെ ഞാൻ ഒരുവിധം താഴെയെത്തി.

അപ്പോളേക്കും ഉച്ചയായി. വിശപ്പു കാർന്നുതിന്നാൻതുടങ്ങി. ജീപ്പിൽക്കയറി, വെള്ളം കുടിച്ച് എല്ലാവരും ആശ്വസിച്ചു. കല്ലിൽക്കൂടെ വീണ്ടും താഴേക്കു പ്രയാണം തുടങ്ങി. പെട്ടെന്നായിരുന്നു ജീപ്പിനടിയിൽനിന്ന് ഒരുഗ്രശബ്ദം കേട്ടത്. മനോജ് ജീപ്പുനിറുത്തി, ഇറങ്ങിനോക്കി. പിന്നിൽ ഇടതുവശത്തുള്ള മെയിൻ ലീഫ് പൊട്ടിയിട്ടുണ്ട്. പിന്നീട് ഓരോ കല്ലിൽ കയറിയിറങ്ങുമ്പോളും ‘ക്‌ടോ ക്‌ടോ’ എന്നു ശബ്ദമുണ്ടാക്കിക്കൊണ്ട് പതിയെ വണ്ടി നീങ്ങി.

kannadippara Joseph Boby

മാങ്കുളത്തുള്ള കുടുംബശ്രീ ഹോട്ടലിൽ ഞങ്ങൾക്കുള്ള ഭക്ഷണം ശ്രീ ജയ്‌സൺ ഏർപ്പാടാക്കിയിട്ടുണ്ടായിരുന്നു. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് മദാമ്മ ഇഷ്ടംപോലെ എരിവും പുളിയുമുള്ള കറികൾ തട്ടിവിടുന്നു ! സാധാരണഗതിയിൽ പാശ്ചാത്യർ മുളകിന്റെ ഏഴയലത്തുകൂടെപ്പോലും പോകുകയില്ല. കാന്താരിച്ചട്ണിപോലും, എന്റെ മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട്, മരച്ചീനി പുഴുങ്ങിയതിന്റെകൂടെ ഒരു കൂസലുമില്ലാതെ ഇവർ അകത്താക്കി !!

ഞങ്ങൾ ഊണു കഴിച്ച് ചെരിപ്പു വാങ്ങിയപ്പോളേക്കും മനോജ് ജീപ്പിന്റെ ലീഫ് നന്നാക്കിയിട്ട് തിരികെയെത്തി. ഇനി ആദിവാസിയൂരിലേക്ക് !

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.