രണ്ടാം ദിവസം ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശ്രീ ജെയ്‌സൺ വന്ന് അന്നത്തെ യാത്രാപരിപാടികൾ വിശദീകരിച്ചുതന്നു. കാലത്ത് അദ്ദേഹത്തിന്റെതന്നെ, Whispering Glade എന്ന ബൊട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാമെന്നും അതിനുശേഷം പത്തുമണിയോടെ കണ്ണാടിപ്പാറ എന്ന Angel Rock, മൂത്താശ്ശേരിക്കുടി എന്ന ആദിവാസിക്കോളനി (മുതുവാൻവർഗ്ഗം) എന്നിവ കാണാൻ പോകാം എന്നും പറഞ്ഞു. അവിടേക്ക് ഞങ്ങളോടൊപ്പം, അവിടെത്താമസിക്കുന്ന ഒരു മദാമ്മയും വരുന്നു എന്നറിയിച്ചു. ജീപ്പുയാത്രയൊക്കെക്കാരണം, നടുവേദന പിടികൂടിയതിനാൽ അവരുടെ കൂട്ടുകാരൻ യാത്രയ്ക്കില്ല എന്നു പറഞ്ഞു. രണ്ടു ദിവസത്തേക്കു വന്ന ഇവർ കാഴ്ചകളിൽ മയങ്ങി, പത്തു ദിവസമായി, ഇവിടെത്തന്നെ താമസിക്കുന്നു. ഞങ്ങൾ മൂവായിരം രൂപയും മദാമ്മ ആയിരം രൂപയും ജീപ്പുവാടക കൊടുക്കണമെന്ന് നിശ്ചയിച്ചു.

ബൊട്ടാണിക്കൽ ഗാർഡനിലേക്ക് ഞങ്ങൾ നടന്നു. പതിനഞ്ചുമിനിറ്റുകൊണ്ട് അവിടെയെത്തി. കുത്തനെ കിടക്കുന്ന ഒരു മലയാണിത്. നല്ലൊരു പ്രകൃതിസ്നേഹിയായ ഇദ്ദേഹം മിക്കവാറും എല്ലാത്തരം ഔഷധസസ്യങ്ങളും അല്ലാത്തവയുമൊക്കെ ഇവിടെ വച്ചുപിപിടിപ്പിച്ചിട്ടുണ്ട്. പലതിന്റെയും പേരു മൂപ്പർക്കുതന്നെ അറിയില്ല. നാലു മരങ്ങൾ ഒന്നിച്ചുനിൽക്കുന്ന ഒരു സ്ഥലം തറകെട്ടി, ഭദ്രമാക്കിയിട്ടുണ്ട്. കുളമാവ് എന്നാണിതിന്റെ പേര്. നാലു മരങ്ങൾ നാലുദിക്കിനെയും പ്രതിനിധാനം ചെയ്യുന്നതിനാൽ ഇവിടെയിരുന്നുകൊണ്ട് ധ്യാനിച്ചാൽ ബഹുവിശേഷമാണത്രേ ! കാട്ടിൽ ഇതുപോലെ പല സ്ഥലങ്ങളിലും നാലുമരങ്ങൾ കൂടിയ സ്ഥലത്തൊക്കെ ദൈവികമായ സാന്നിദ്ധ്യമുണ്ടെന്നുള്ള വിശ്വാസംമൂലം ആദിവാസികൾ അവിടെയൊക്കെ വൃക്ഷപൂജ നടത്താറുണ്ട്. ധ്യാനിക്കാൻ നേരമില്ലാത്തതിനാൽ ഞങ്ങൾ അതിനൊന്നും പോയില്ല. അതിന്റെ അടുത്ത് വ്യൂ പോയിന്റ് നിർമ്മിച്ചിട്ടുണ്ട്. അവിടെനിന്നുള്ള കാഴ്ച അതീവ സുന്ദരം.

mangulam

ഒരു ചെറിയ ചെടിയുടെ ഇല പറിച്ചുതന്നിട്ട് അതൊന്നു ചവച്ചുനോക്കാൻ ശ്രീ ജെയ്‌സൺ ആവശ്യപ്പെട്ടു. നല്ല മധുരം ! സ്റ്റെവിയ (steviya) എന്ന, നിലംപറ്റിക്കിടക്കുന്ന ഒരു ചെറുചെടിയാണിത്. ഇതിൽനിന്നു വേർതിരിച്ചെടുക്കുന്ന മധുരമാണ് ഐസ് ക്രീമിലും ലഡ്ഡുവിലുമൊക്കെ ചേർക്കുന്ന മധുരം. പഞ്ചസാരയുടെ 150 മടങ്ങു മധുരം ഈ ചെടിയിൽനിന്നുത്പാദിപ്പിക്കുന്ന steviol glycoside എന്ന രാസപദാർത്ഥത്തിനുണ്ട്. പിന്നീട് തൈം എന്ന ചെടിയുടെ ഇല ചവയ്ക്കാൻ പറഞ്ഞു. രണ്ടുംകൂടെയായപ്പോൾ പോളോമിട്ടായി വായിലിട്ടിരിക്കുന്ന അനുഭവം. ഒരു മണിക്കൂർ കഴിഞ്ഞശേഷവും ആ രുചി നാവിൽനിന്നു പോയില്ല.

നല്ലൊരു കലാകാരനായ ഇദ്ദേഹം ഉദ്യാനം മുഴുവനും പലതരം ശില്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. എല്ലാം പാഴ്‌വസ്തുക്കൾകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. എന്തൊക്കെയോ അവാർഡുകളും ഇദ്ദേഹത്തിനു കിട്ടിയിട്ടുണ്ട്. അവിടെ പണി തീർന്നുവരുന്ന ഒരു റിസോർട്ടിനും പാഴ്‌വസ്തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. തൊട്ടടുത്ത വേറൊരു സ്ഥലത്ത് സ്‌കൂൾ/കോളേജുകുട്ടികൾക്ക് ചെടികളെക്കുറിച്ചുള്ള പഠനത്തിനായി താമസിക്കാനുള്ള കെട്ടിടങ്ങൾ നിർമ്മാണം പൂർത്തിയായിവരുന്നു. ഉടനെതന്നെ ഉദ്‌ഘാടനം ഉണ്ടാകുമെന്നറിയിച്ചു.

അവിടെക്കണ്ട ഒരുകൂട്ടം കല്ലുകൾ എന്റെ ശ്രദ്ധയാകർഷിച്ചു. കുറേക്കാലംമുന്നേ സ്കോട്ലൻഡിൽ പോയപ്പോൾ ഇതുപോലെ കുറെയെണ്ണം കണ്ടിരുന്നു. Cairn എന്നാണതിന്റെ പേരു്. ഏതെങ്കിലും മലയോ വലിയ പാറയോ നദിയോ കടലിടുക്കോ ഒക്കെ താണ്ടിക്കഴിഞ്ഞാൽ അതിന്റെ സ്മാരകമായി, ആളുകൾ കൂട്ടിവയ്ക്കുന്നതാണിത്. വിജനമായ ആ സ്ഥലത്ത് പണ്ടൊക്കെ വഴികാട്ടാൻ ആരുമില്ലാത്തതിനാൽ പോകുന്ന വഴിയൊക്കെ ഇങ്ങനെ ചിലർ അടയാളം വയ്ക്കാറുണ്ടായിരുന്നു. ചില ദ്രോഹികൾ അറിഞ്ഞോ അറിയാതെയോ അതൊക്കെ നശിപ്പിക്കും. പോയവർ വഴിയറിയാതെ കുടുങ്ങും. ചില സ്ഥലങ്ങളിൽ കപ്പലുകൾക്ക് വഴികാട്ടാൻ കടൽത്തീരങ്ങളിൽ ഇതുപോലെ, വലിയ കൽക്കൂമ്പാരം സൃഷ്ടിച്ചിരുന്നതായും കേട്ടിട്ടുണ്ട്. യുദ്ധസ്മാരകമായും വിജയികൾ ഇങ്ങനെ കല്ലു കൂട്ടാറുണ്ട്. (ആദ്യചിത്രം മാങ്കുളത്തെയും രണ്ടാമത്തേത് സ്കോട്ലണ്ടിലെയും മൂന്നാമത്തേത് നെറ്റിൽനിന്നു കിട്ടിയതും.)

mangulam

പത്തുമണിക്കു മുമ്പുതന്നെ മനോജ് ജീപ്പുമായെത്തി. ആദിവാസിഗോത്രത്തിൽപ്പെട്ടയാളായതിനാലും അവരുടെ ആചാരങ്ങളും നടപടിക്രമങ്ങളുമൊക്കെ അറിയാമെന്നതിനാലും ഇവിടുത്തെ ജോലിക്കാരനായ ശ്രീ ഗോപാലനെ കൂട്ടത്തിൽ കൊണ്ടുപോകാൻ ശ്രീ ജെയ്‌സൺ നിർദ്ദേശിച്ചു. (ഇദ്ദേഹം മന്നാൻവർഗ്ഗത്തിൽപ്പെട്ടയാളാണ്. ഇവർക്കുമാത്രമേ രാജാവുള്ളൂ. ഇടുക്കിയിലുള്ള കോഴിമലരാജാവ് – രാജമന്നാൻ – ഇപ്പോളും അധികാരമുള്ള രാജാവാണ്.) സാധാരണഗതിയിൽ അവർ സന്ദർശകരെ സ്വീകരിക്കാറില്ല. കാട്ടിലെ ഒരുണങ്ങിയ തടി വെട്ടിയതിന് മൂപ്പന്റെമേൽ കേസ് ചാർജ് ചെയ്തപ്പോൾ ശ്രീ ജയ്സനാണ് അദ്ദേഹത്തിനുവേണ്ടി കേസു വാദിച്ചത്. (മൊത്തമായി മുറിച്ചുകടത്തിയാൽ ഒരു കുഴപ്പവുമില്ല. ഇങ്ങനെയുള്ള സാധുക്കളെയാണ് നിയമം പിടികൂടുന്നത് !!) പല വർഗ്ഗമായതിനാൽ ഇവരൊക്കെത്തമ്മിൽ വിവാഹബന്ധമൊന്നുമില്ല. അഥവാ കഴിച്ചാൽ പണ്ടൊക്കെ ഭ്രഷ്ടാക്കിയിരുന്നു. ഇപ്പോൾ നിയമം കർശനമായതിനാൽ, പ്രേമിച്ച് മറ്റൊരു ജാതിയിൽപ്പെട്ടയാളെ വിവാഹംകഴിച്ചാൽ നിവൃത്തിയില്ലാതെ അംഗീകരിക്കും.

നേരെ റിസോർട്ടിലെത്തി, മദാമ്മ ജീപ്പിന്റെ മുൻസീറ്റിൽ അരികിലും അളിയൻ നടുക്കും ഞങ്ങളെല്ലാം പിന്നിലുമായി ഇരിപ്പുറപ്പിച്ചു. റിസോർട്ടിലെ ഒരു ജീവനക്കാരനായ സിബിയും ഒപ്പം കൂടി. ആദിവാസിമൂപ്പനായ മാണിക്യൻപിള്ളയ്ക്കു കൊടുക്കുവാനായി അടുത്തുള്ള എസ്റ്റേറ്റിൽ ഉത്പാദിപ്പിച്ച തേയില ഒരു പാക്കറ്റ് ഞങ്ങളെ ശ്രീ ജെയ്‌സൺ ഏല്പിച്ചു. കൂടാതെ അദ്ദേഹത്തെ കാണുമ്പോൾ ദക്ഷിണയായി ഒരു മുന്നൂറുറുപ്പിക കൊടുക്കണമെന്നും പ്രത്യേകം ശട്ടംകെട്ടി. അങ്ങനെ ഞങ്ങൾ ആദ്യം കണ്ണാടിപ്പാറ കാണാൻ യാത്രതിരിച്ചു.

mangulam

Joseph Boby
Malayalam Writer

Leave a Reply