27.1 C
Bengaluru
January 17, 2020
Untitled

മാങ്കുളം യാത്ര – 4

Gorgiyar hanging bridge kerala

അവിടുന്ന് വേഗംതന്നെ അടുത്ത സ്ഥലത്തേക്ക് ഞങ്ങൾ പാഞ്ഞു. Gorgiyar എന്ന സ്ഥലത്തുള്ള തൂക്കുപാലം കാണാനാണ് പോയത്. വളരെ വീതികുറഞ്ഞ ഒരു തൂക്കുപാലമായിരുന്നു അത്. അതിൽക്കയറിനടക്കുമ്പോൾ മൊത്തത്തിൽ ആടുന്നുണ്ട്.

(ലണ്ടനിൽ ഇങ്ങനെയൊരു മില്ലേനിയം ബ്രിഡ്ജ് ഉണ്ട്. രണ്ടായിരാമാണ്ടിന്റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ചതാണ്. നടക്കുമ്പോളുണ്ടാകുന്ന ഇതിന്റെ കുലുക്കംകാരണം ആളുകൾ വീഴുന്നുണ്ടായിരുന്നു. തന്നെയുമല്ല ഥെയിംസ് നദിയുടെ മുകളിലൂടെ വീശിയടിക്കുന്ന കാറ്റും സംഗതി വഷളാക്കി. പിന്നീട് ഇരുവശങ്ങളിലും പ്രത്യേകം ഉരുക്കുചട്ടക്കൂടുകൾ പിടിപ്പിച്ച് ബലപ്പെടുത്തിയിട്ടാണ് ശരിയാക്കിയത്. എന്നാലും ഇപ്പോളും ചെറുതായി ആട്ടമുണ്ട്. അതിനാൽ Vobling bridge അഥവാ കുലുക്കുപാലം എന്നാണ് ആളുകൾ ഇതിനെ കളിയാക്കിവിളിക്കുന്നത്.)

അപ്പോളേക്കും ഏകദേശം സന്ധ്യയായി. ഒട്ടും സമയം കളയാതെ പ്രധാനപ്പെട്ട സ്ഥലമായ ആനക്കുളം കാണാൻവേണ്ടി വണ്ടി പായിച്ചു. ഏഴരയായപ്പോൾ അവിടെയെത്തി. മലയാറ്റൂർ വനമേഖലയുടെ ഒരു ഭാഗമാണ് ഇതും. എറണാകുളം ഡിസ്ട്രിക്റ്റിലുള്ള മുപ്പതോളം വീട്ടുകാർ ഇവിടെയുണ്ട്. ഒരു പുഴത്തീരമാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവിടം നിറയെ വാഹനങ്ങൾ പുഴയിലേക്ക് തിരിച്ചുനിറുത്തിയിരിക്കുന്നു. തൊട്ടുതാഴെ, ആറ്റുമാലിയാണ്, വിശാലമായ മൈതാനംപോലെ കിടക്കുന്നു. എതിർവശത്തുള്ള കാട്ടിൽനിന്ന് സ്ഥിരമായി ആനകൾ ഇവിടെ വെള്ളം കുടിക്കാൻ വരും. പുഴയുടെ ഈ ഭാഗത്തുനിന്ന് കുമിളകൾ ധാരാളം പൊങ്ങിവരുന്നുണ്ട്. അവിടെ ആനകൾ തുമ്പിക്കൈ ചേർത്തുവച്ചുകൊണ്ട് വെള്ളം വലിച്ചെടുത്തുകുടിക്കും. മറ്റൊരു സ്ഥലത്തും ആനകൾ പോകുകയില്ല. ചിലപ്പോൾ ഇരുപത്തഞ്ചോ മുപ്പതോ ആനകൾ ഇവിടെയെത്തും; മണിക്കൂറുകൾ കഴിഞ്ഞേ തിരികെപ്പോവൂ.

mangulam_anakkulam_travel

പലരും ഇവിടുത്തെ മണ്ണും വെള്ളവുമൊക്കെ കൊണ്ടുപോയി, പരിശോധനകൾ നടത്തിയെങ്കിലും ആനകളുടെ ഈ സ്വഭാവത്തിന്റെ രഹസ്യം ആർക്കും ഇതുവരെ പിടികിട്ടിയിട്ടില്ല എന്നാണറിവ്. ചിലപ്പോൾ കാർബൺ ഡൈ ഓക്സയിഡ് ആയിരിക്കും കുമിളകളായി വരുന്നത്. നമ്മൾ സോഡാ കുടിക്കുന്നതുപോലെയൊ മദ്യം സേവിക്കുന്നതുപോലെയോ ഒക്കെ ആനകൾക്കും തോന്നുന്നുണ്ടാവുമോ ! ആനകൾ വന്നാൽ അവ തിരികെപ്പോകുന്നതുവരെ പുഴയുടെ അരികിൽ കെട്ടിയിരിക്കുന്ന വേലിക്കെട്ടിനപ്പുറത്തേക്കു പോകാൻ പാടില്ല. രാത്രിയിലാണ് വരുന്നതെങ്കിൽ പുഴയിലേക്കു തിരിച്ചുനിറുത്തിയിരിക്കുന്ന വാഹനങ്ങൾ മുഴുവൻ ഹെഡ്ലൈറ്റ് തെളിച്ചിടും. നല്ല ഭംഗിയായി ഇവയെ കാണാം. അതൊന്നും ആനകൾക്കു വിഷയമല്ല. അര മണിക്കൂർ അവിടെ നിന്നുവെങ്കിലും നിർഭാഗ്യവശാൽ ആനകളൊന്നും വന്നില്ല. പകൽ വളരെയേറെ യാത്ര ചെയ്തതുകൊണ്ട് വളരെ ക്ഷീണിതരായിരുന്നതിനാൽ അധികനേരം അവിടെ നിൽക്കാൻ തോന്നിയില്ല. ഞങ്ങൾ തിരികെപ്പോന്നു.

mangulam_anakkulam_travel

റിസോർട്ടിലെത്തിക്കഴിഞ്ഞപ്പോൾ ശ്രീ മനോജിന് ആനക്കുളത്ത് ഹോട്ടൽ നടത്തുന്ന അളിയന്റെ വിളിവന്നു : “ആനകൾ വന്നിരിക്കുന്നുവത്രേ !” പക്ഷേ, ഇനിയൊരു സാഹസത്തിന് ഞങ്ങളാരും ഒരുക്കമല്ലായിരുന്നു. ജീപ്പിന്റെ വാടക 2,500 കൊടുത്ത് മനോജിന് സലാംപറഞ്ഞുപിരിഞ്ഞു.

(ആനകളുടെ ഫോട്ടോ എനിക്കു പകർത്താൻ ഭാഗ്യമുണ്ടായില്ലെങ്കിലും ശ്രീ ജെയ്‌സൺ നേരത്തെ എടുത്തവ എനിക്കയച്ചുതന്നിട്ടുണ്ട്. അവ ഇതിനോടൊപ്പം ചേർക്കുന്നു. അവസാനം ചേർത്തിരിക്കുന്ന രണ്ടെണ്ണം മില്ലേനിയം ബ്രിഡ്ജിന്റെ ചിത്രങ്ങൾ.)

millennium bridge

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.