വിരിപാറ കണ്ടുകഴിഞ്ഞപ്പോൾ വൈകുന്നേരം അഞ്ചുമണിയായി. വേഗം ശ്രീ മനോജ് ഞങ്ങളെ അടുത്ത വെള്ളച്ചാട്ടം കാണാൻ കൊണ്ടുപോയി. അവിടെയൊരു പാലമുണ്ട്. അതിനെ കേഡർപ്പാലം (ഗർഡർപ്പാലം) എന്നാണിവർ വിളിക്കുന്നത്. മാങ്കുളം ആറ്റിൽത്തന്നെ, കല്ലുകൾമാത്രം അടുക്കിവച്ചുനിർമ്മിച്ച തൂണുകളിൽ കയറ്റിവച്ച ഗർഡറുകളിലാണ് ഈ പാലമുണ്ടായിരുന്നത്. ഇപ്പോൾപ്പോലും റോഡുസൗകര്യം കഷ്ടിയായ ആ പ്രദേശത്ത് എങ്ങനെ ഇതെത്തിച്ചു, കല്ലുകളൊന്നും ഇളകിപ്പോകാതെ കൃത്യമായി ഗാർഡറുകൾ എങ്ങനെ ഈ തൂണുകളിൽക്കയറ്റിവച്ചു എന്നൊക്കെയുള്ളത് നാട്ടുകാർക്കും ഒരദ്ഭുതമാണ്. സായിപ്പു പണിത പാലമായതുകൊണ്ട് ഇത്രയുമൊക്കെ അവശേഷിക്കുന്നു. പാലമൊക്കെ നാശമായപ്പോൾ ആളുകൾ പിരിവെടുത്ത് മുകൾഭാഗം വാഹനഗതാഗതയോഗ്യമാക്കിയതാണ്. ഇവിടംവരെ ജീപ്പു വരും.
അതിന്റെ തൊട്ടപ്പുറത്താണ് പെരുമ്പൻകുത്തു വെള്ളച്ചാട്ടം. മഴക്കാലമല്ലാത്തതിനാൽ ഇവിടെയൊക്കെ ഇറങ്ങാം. ഇതു പാറയുടെ രണ്ടു തട്ടുകളായിട്ടാണ് കാണപ്പെടുന്നത്. വെള്ളച്ചാട്ടത്തിന്റെ മുകളിൽനിന്നു താഴേക്കാണ് നാം ഇറങ്ങേണ്ടത്. ആദ്യത്തെ തട്ടിലേക്കിറങ്ങാൻ അനായാസം സാധിക്കും. രണ്ടാമത്തേതിലും ഇറങ്ങാം, പക്ഷേ, താഴേക്കു നോക്കുമ്പോളുള്ള ഭീകരതനിമിത്തം ആരും അങ്ങോട്ടിറങ്ങാൻ ധൈര്യപ്പെടില്ല. മനോജ് താഴെയിറങ്ങിയിട്ട് ഞങ്ങളെ വിളിച്ചു. ഞാൻ ഇറങ്ങിച്ചെന്നു. പക്ഷേ, മറ്റാരും ഇറങ്ങാൻ കൂട്ടാക്കിയില്ല. ഭാര്യയെ ഞാൻ ഒരുവിധം വലിച്ചിറക്കി. താഴത്തെ പാറയുടെ അടിയിൽനിന്നു കിളിർത്തുനിൽക്കുന്ന ഒരു മരത്തിൽ ഞാൻ വലിഞ്ഞുകയറി. അവിടെനിന്നുള്ള കാഴ്ച അതിഗംഭീരമായിരുന്നു. കീശയിൽനിന്ന് ക്യാമറ വളരെ ശ്രദ്ധിച്ചെടുത്ത് ഒറ്റക്കൈകൊണ്ട് ചില ചിത്രങ്ങൾ ഞാൻ ഒപ്പിച്ചു. പക്ഷേ, മരത്തിന്റെ നിബിഡമായ ഇലകൾ കാരണം അതത്ര നന്നായില്ല.