30.4 C
Bengaluru
May 25, 2020
Untitled

മാങ്കുളംയാത്ര -2

vrippara falls

കോതമംഗലം, നേര്യമംഗലം, അടിമാലിവഴി ഞങ്ങൾ മൂന്നാർ റൂട്ടിലൂടെ പോയി. അടിമാലി എത്തുന്നതിനുമുമ്പുള്ള സുപ്രസിദ്ധമായ ചീയപ്പാറ വെള്ളച്ചാട്ടം ഉണങ്ങിവരണ്ടുകിടക്കുന്നു. കല്ലാർ-കവലയിൽ എത്തിയപ്പോൾ മാങ്കുളം എന്ന പലക ഇടതുവശത്തേക്കു കൈ ചൂണ്ടുന്നു. അതുവരെ നല്ല ഒന്നാംതരം വഴിയിലൂടെ വന്ന ഞങ്ങൾ നിറയെ ഗട്ടറുള്ള വഴിയിലൂടെയായി പിന്നീടുള്ള യാത്ര. പത്തു കിലോമീറ്ററോളം കല്ലാർ-മാങ്കുളം റോഡിലൂടെ സഞ്ചരിച്ചപ്പോൾ Letchmi Tea Estate ന്റെ അടുത്തായി ഞങ്ങൾ നേരത്തെ ബുക്ക് ചെയ്തിരുന്ന WILD ELEPHANT RESORT ന്റെ ബോർഡ് കണ്ടു. പോകുന്നവഴി, ഒരു കുന്നിന്റെ ഉച്ചിയിൽത്തന്നെ ഈ റിസോർട്ട് തലയുയർത്തിനിൽക്കുന്നതു കാണാം. ഉച്ചതിരിഞ്ഞ് രണ്ടുമണിയായപ്പോൾ ഞങ്ങൾ എത്തി. കാർ അവരുടെ പാർക്കിങ് ഏരിയായിൽ നിറുത്തിയപ്പോൾ ഒരു ജോലിക്കാരൻ ഓടിവന്ന് പെട്ടികൾ തൂക്കിയെടുത്തുകൊണ്ട് ഞങ്ങളെ റിസോർട്ടിലേക്ക് ആനയിച്ചു. മൊബൈൽ റേഞ്ച് കഷ്ടി. പക്ഷേ, ഇവരുടെ വൈഫൈ ഉണ്ട്, എത്രവേണമെങ്കിലും കുത്തിക്കളിക്കാം, സൗജന്യം.

വളരെ മനോഹരമായ പ്രധാനകെട്ടിടംകൂടാതെ ചുറ്റുപാടും കോട്ടേജുകൾ, ഒരേറുമാടം, സ്വിമ്മിങ് പൂൾ എന്നിവയൊക്കെ അവിടെ സജ്ജീകരിച്ചിട്ടുണ്ട്. (മാങ്കുളത്ത് സ്വിമ്മിങ് പൂളുള്ള ഏകറിസോർട്ട് ഇതാണ്) ഈ മലയുടെ എതിർവശത്തുള്ള മലയിൽനിന്നാണ് ഇവിടേക്ക് വെള്ളം കൊണ്ടുവരുന്നത്. അതു ടാറ്റായുടെ സ്ഥലമാണ്. ഈ റിസോർട്ടിൽ നിന്നാൽ മാങ്കുളം ആറ്റിലുള്ള വിരിപാറവെള്ളച്ചാട്ടം കാണാം. ആ മലയുടെ മുകളിലെവിടെനിന്നോ പൊട്ടുന്ന ഉറവയിൽനിന്നാണ് റിസോർട്ടിലേക്ക് പൈപ്പിട്ടിരിക്കുന്നത്. പമ്പിങ്ങൊന്നും കൂടാതെതന്നെ വെള്ളം ഇവിടെയെത്തും. ഇടയ്ക്കിടെ ആനകൾ അവിടെ വന്നാൽ ഈ പൈപ്പൊക്കെ അവ വലിച്ചുപറിക്കും. അപ്പോൾ ഇവിടെനിന്ന് ആളുകൾ അവിടെച്ചെന്ന് നന്നാക്കും. വീണ്ടും ഇതുതന്നെ ആവർത്തിക്കും. അവിടെനിന്ന് വെള്ളമെടുക്കാൻ ടാറ്റ സമ്മതിച്ചിരുന്നില്ല. ഇതിന്റെ ഉടമയായ ശ്രീ ജെയ്സൺ ലൂയിസ് ടാറ്റയുമായി വളരെക്കാലം കേസു പറഞ്ഞതിന്റെ ഫലമായിട്ടാണ് ഇതു കിട്ടിയത്. മഴക്കാലമായാൽ എല്ലാ മലകളിലും വെള്ളച്ചാട്ടംതന്നെ.

എറണാകുളത്തുള്ള വക്കീൽപ്പണി ഉപേക്ഷിച്ചിട്ടാണ് അദ്ദേഹം കാടുകയറിയത്. എന്നാൽ അതു തീരെ ഉപേക്ഷിച്ചു എന്നും പറയാനാവില്ല. നാട്ടുകാരുടെയൊക്കെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി ഇടയ്ക്കിടെ അദ്ദേഹം കറുത്ത കുപ്പായമണിയും. ആരോടും ഫീസു വാങ്ങില്ല. അതുകൊണ്ടെന്താ ? ആരെ, എപ്പോൾ, എന്താവശ്യത്തിനു വിളിച്ചാലും ഓടിയെത്തും. ആദ്യമായി മാങ്കുളത്ത് ഒരു റിസോർട്ടുണ്ടാക്കിയത് ഇദ്ദേഹമാണ്. ഇപ്പോൾ അങ്ങോട്ടു പോകുന്നവഴിയിലൊക്കെ പലരുടെയും റിസോർട്ടുകൾ കാണാം.

mangulam

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹം അങ്ങോട്ടു വന്നു. അഞ്ചാറു റിസോർട്ടുകളുടെ ഉടമയാണെന്നുള്ള ഭാവമൊന്നും ആ മുഖത്തു കാണ്മാനില്ല. വളരെ വിനീതനും സരസനുമായ ഒരു മനുഷ്യൻ. കുലീനമായ പെരുമാറ്റം. മറ്റെവിടെയും പോകാതെ ഇവിടെത്തന്നെ വന്നതിന്റെ ഗുണം പിന്നീടാണ് ഞങ്ങൾ അറിഞ്ഞത്. എന്തൊക്കെയാണ് ഞങ്ങളുടെ പരിപാടിയെന്നദ്ദേഹം ആരാഞ്ഞു. ഞങ്ങൾക്കാവശ്യമുള്ള കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കാൻ അദ്ദേഹം ജോലിക്കാരോടു നിർദ്ദേശിച്ചു. ദീർഘയാത്ര കഴിഞ്ഞാണ് വന്നതെന്നതൊന്നും കാര്യമാക്കാതെ ഞങ്ങൾ തയ്യാറായി. മൂന്നരയായപ്പോൾ ഒരു ജീപ്പു വന്നു. എതിർവശത്തു കാണുന്ന ആ വെള്ളച്ചാട്ടംതന്നെ ആദ്യം കാണാമെന്ന് ഞങ്ങൾ തീരുമാനിച്ചു. ഈ റിസോർട്ടിനു് ചുറ്റുപാടുമായി പത്തുപന്ത്രണ്ടു വെള്ളച്ചാട്ടങ്ങളുണ്ട്..

mangulam

നാലുമണിയായപ്പോൾ ഞങ്ങൾ അങ്ങോട്ടു പുറപ്പെട്ടു. ജെയ്‌സൺസാർ വിളിച്ചാൽ വരാതിരിക്കാനാവില്ല എന്നു ഡ്രൈവർ ശ്രീ മനോജ് വഴിക്കുവച്ചു പറഞ്ഞു. അദ്ദേഹത്തിൻറെവക എന്തെങ്കിലും സഹായം കിട്ടാത്ത ആളുകൾ മാങ്കുളത്ത് തീരെയില്ലത്രേ ! അങ്ങോട്ടു പോകാൻ വഴിയെന്നു പറയാനൊന്നുമില്ല. മുഴുവൻ കട്ടക്കല്ലുകളും കുഴിയുമൊക്കെയാണ്. ഇരുപതു മിനിറ്റ് വണ്ടിയോടിച്ചുകഴിഞ്ഞപ്പോൾ അവിടെയെത്തി. (റിസോർട്ടിൽനിന്ന് കാട്ടിലൂടെ നടന്നും പോകാം; അരമണിക്കൂർ മതി. പക്ഷേ, സമയമാണ് പ്രശ്നം.) അവിടം വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലമാണ്. ആളൊന്നുക്ക് ഇരുപതുരൂപപ്രകാരം ഫീസുണ്ട്. വലിയ ക്യാമറയ്ക്ക് നൂറുരൂപ, മൊബൈൽഫോൺ ക്യാമറയ്ക്ക് ഇരുപതുരൂപ എന്നൊക്കെ വകുപ്പുണ്ട്. ഞങ്ങൾ ടിക്കറ്റെടുത്തു. വലിയ ക്യാമറയൊന്നുമില്ലാത്തതിനാൽ പ്രശ്നമുണ്ടായില്ല. മൊബൈൽ കീശയിലല്ലേ കിടക്കുന്നത് !

Mangulam1

മനോഹരമായ വെള്ളച്ചാട്ടമാണത്. സ്ത്രീകളാണ് അവിടുത്തെ വാച്ചർമാർ. ഉയരത്തിൽനിന്നുള്ള വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കണ്ടുകൊണ്ട് ഞാൻ പാറയുടെ മുകളിലേക്കുകയറി. ഉടൻതന്നെ എന്നെ തടഞ്ഞുകൊണ്ട് കുറെനാൾ മുമ്പ് മധുവിധു ഘോഷിക്കാൻ വന്നവരുടെ ദയനീയകഥ ഇവർ പറഞ്ഞു. ഭാര്യയുടെ ചിത്രമെടുത്തുകൊണ്ട് പിന്നാക്കം പോയ നവവരൻ അവിടെ വീണുമൃതിയടഞ്ഞതിനുശേഷം അങ്ങോട്ടാരെയും കടത്തിവിടരുതെന്ന് കർശനനിർദ്ദേശമുണ്ടത്രേ ! കയറിയ സ്ഥലത്തുനിന്നുകൊണ്ട് ഞാൻ ചിത്രങ്ങൾ പകർത്തി. ഇതിന്റെ താഴെ ചെറിയ തടയണ കെട്ടിയിട്ട് വെള്ളം മല തുരന്നുകൊണ്ടുപോകുന്ന ഒരു ടണലിന്റെ തുടക്കം കണ്ടു. കുടിവെള്ളം അടിമാലിയിലേക്കു കൊണ്ടുപോകുന്നതാണത്. Neryamangalam Hydel Project, Upper Kallar Division, Viripara എന്ന് അതിൽ എഴുതിയിട്ടുണ്ട്.

mangulam

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.