27.5 C
Bengaluru
January 17, 2020
Untitled

മാനവിക രസക്കൂട്ടു ഹൃദയത്തിൽ നിറച്ച മനുഷ്യർ

സ്നേഹത്തിനും സൗഹൃദത്തിനും കാരുണ്യത്തിനുമൊന്നും മതമോ ജാതിയോ രാജ്യാ തിർത്തികളോ ലിംഗഭേദമോ ഒന്നും തന്നെ ഒരു തടസ്സമല്ലെന്ന് അനുഭവം കൊണ്ട് പലതവണ മനസ്സിലാക്കിയിട്ടുള്ള വ്യക്തിയാണ് ഞാൻ.ഓരോ കൂട്ടുകെട്ടുകളിലേയും ചങ്ങാത്തങ്ങളിലേയും പൊള്ളത്തരവും സ്വാർത്ഥതയും എത്രമാത്രമുണ്ടെന്ന് ഹൃദയവേദനയോടെ തിരിച്ചറിയാനുള്ള അവസരങ്ങളും അതിനാൽ ധാരാളം ലഭിച്ചിട്ടുണ്ട്. അതെ സമയം അതുണ്ടാക്കിയ വ്യഥയുമായി ദുഖിച്ചിരിക്കാനുള്ള അവസരമൊന്നും കാര്യമായി എനിക്കുണ്ടായിട്ടില്ലെന്ന് പറഞ്ഞാൽ അതിലൽപ്പം അതിശയോക്തിയില്ലേന്ന് തോന്നാം. പക്ഷെ ഒന്നു പറയാതിരിക്കാനാകില്ല. എപ്പോഴും ദൈവത്താൽ ചുംബിക്കപ്പെട്ട കുഞ്ഞുവിരലുകളുള്ള ഏതെങ്കിലുമൊരാളുടെ താങ്ങും തണലും എപ്പോഴുമെന്നെ അവരുടെ ഹൃദയത്തോട് ചേർത്ത് പിടിക്കാറുമുണ്ട്.നിരാശയുടെ പടുകുഴിലേക്ക് വീണേക്കാവുന്ന ഓരോ നിമിഷവും പിറകിൽ ഒരു അദൃശ്യ ശക്തിയായി ആ കരങ്ങൾ ഒരു സ്വാന്തനശക്തിയായി പ്രവർത്തിച്ച അനുഭവങ്ങളാണ് ജീവിതത്തിലധികവും. അവരെ ഞാൻ .മാനവിക രസക്കൂട്ടുനിറച്ച ഹൃദയമുള്ളമനുഷ്യർ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ഓർമ്മകൾ എപ്പോഴും ഉള്ളിലേക്ക് തുറക്കുന്ന വാതായനങ്ങളാണ്.വർത്തമാനത്തിലെ ഒരു നേര്‌ ഒന്ന് സ്പര്ശിച്ചാൽ മതി അത് ഒന്നിൽ നിന്നും മറ്റൊന്നിലേക്കും അതിൽ നിന്നും വേറൊന്നിലേക്കും ഉണർച്ചകളുള്ള ഓർമ്മകളുടെ വാതിലുകൾ തുറന്നിടുകയായി. നിപ്പ വൈറസ് മരണ നൃത്തമാടുന്ന പേരാമ്പ്രയിലെ ചിലയിടങ്ങളിൽ നിന്നും ആശുപത്രി ജീവനക്കാരെ മാറ്റി നിർത്തുകയും അവരെ കാണുന്ന മാത്രയിൽ ബസ്സുകൾപോലും നിർത്താതെ അകന്നു പോകുകയും ചെയ്യുന്ന വാർത്തകളൊക്കെ വായിക്കുമ്പോൾ എനിക്ക് മുമ്പുണ്ടായൊരു അനുഭവം മനസ്സിലേക്ക് ഓടിക്കിതച്ചെത്താറുണ്ട്. വർഷം എട്ടു പത്തു കഴിഞ്ഞുകാണണം. കമ്പനി അപ്പാർട്മെന്റിൽ ഞങ്ങൾ ഏതാണ്ട് പത്തു പന്ത്രണ്ടു പേരു കാണും. എല്ലാ മുറികളിലും രണ്ടുപേർ വീതമാണ് കുടിയിരിപ്പു. കൂട്ടത്തിൽ ആരെങ്കിലും ലീവിന് പോയാൽ അവിടെ താൽക്കാലികമായ ഒഴുവ് വരും. ബംഗാളികളും പാകിസ്ഥാനികളും തമിഴരും ശ്രീലങ്കക്കാരും മലയാളികളുമടങ്ങുന്നവരുടെ ഒരു സങ്കേതമാണ് അപാർട്മെന്റ്. എന്റെ സഹമുറിയൻ ഒരു മലയാളിയാണ്. ഓഫീസിൽ ഏതാണ്ട് അടുത്തിരുന്നു ജോലിചെയ്യുന്നതിനാൽ ഞങ്ങൾ അടുത്ത കൂട്ടുകാരുമാണ്.
എവിടെനിന്നൊക്കയോ അന്നം തേടിവന്നവരായതുകൊണ്ടു തന്നെ ഞങ്ങൾക്കിടയിൽ ജാതിയോ മതമോ ഭാഷയോ അതിർത്തികളോ സങ്കുചിത ദേശീയതയോ അത് ഉണ്ടാക്കുന്ന ചീഞ്ഞളിഞ്ഞ രാഷ്രീയ തർക്കങ്ങളോ ഉണ്ടാകാറില്ല.അഭിരുചിക്കനുസ്സരിച്ചു ഭക്ഷണത്തിൽ ഭേദഗതികൾ ഉണ്ടാകാമെങ്കിലും എല്ലാവർക്കും ഒരേ മെസ്. ഒരേ തീൻമേശയും. ഒരു ബംഗ്ലാദേശി മുസ്ലിം സഹോദരനാണ്പാചകക്കാരൻ.അദ്ദേഹമെനിക്ക് റമദാൻ വ്രതമെടുത്തും ഭക്ഷണം ഉണ്ടാക്കി ആരും കാണാതെ എന്റെ മുറിയിൽ കൊണ്ട് വെക്കുമായിരുന്നു. അങ്ങനെ എല്ലാം കൊണ്ടും സന്തോഷവും സംതൃപ്തിയോടെയും പോകുന്നതിനിടയിലാണ് എനിക്കൊരു പനി പിടിപെട്ടത് പനി മാത്രമല്ല കലശലായ ശരീരവേദനയും.

അടുത്ത ദിവസം നെറ്റിയിലൊരു പരു പ്രത്യക്ഷപ്പെട്ടു.അതിന്റെ മട്ടും ഭാവവും എന്റെ മൊത്തത്തിലുള്ള സ്ഥിതിയും മനസ്സിലാക്കിയപ്പോൾ ആകെയൊരു പന്തികേടുപോലെ എനിക്ക് തോന്നി. അടുത്ത ദിവസം തൊട്ടടുത്തുള്ളൊരു ആശുപത്രിയിൽ പോയി ഡോക്ടറോട് കാര്യങ്ങൾ വിശദികരിച്ചു.പുള്ളിക്കാരൻ “നൈൽനദിയുടെ” നാട്ടുകാരനാണ്.എന്നെ അകെ മൊത്തം ഒളികണ്ണിട്ടു നോക്കി ചോദിച്ചു “വല്ല ഓയിൽമെന്റോ ഹെയർഡയോ മറ്റോ ഉപോയോഗിച്ചിരുന്നോ ഇത് അലർജിയാണ് എന്നാണ് തോന്നുത്.ഞാൻ പറഞ്ഞു ‘ഇല്ല സാർ ഇന്നലെ നല്ല പനിയും ശരീരവേദനയും ഉണ്ടായിരുന്നു”.”ഹും ഞാൻ കുറച്ചു ടാബ്ലെറ്സ് എഴുതിയിട്ടുണ്ട് ഭേദമായില്ലെങ്കിൽ നാളെ കഴിഞ്ഞു വീണ്ടും വരൂ.”ഞാൻ പുള്ളിക്കാരന്റെ മെഡിസിനുമായി വീണ്ടും റൂമിലെത്തി അടുത്തദിവസം രാവിലെ പരുക്കളുടെ എണ്ണം കൂടി മുഖത്തുമാത്രമല്ല ശീരീരത്തിന്റെ മറ്റു ഭാഗങ്ങളിലും നിലാവ് ഉദിച്ചപോലെ അങ്ങനെ നിലകൊള്ളുകയാണ്.എന്റെ സംശയം ഇരട്ടിച്ചുവെന്ന് മാത്രമല്ല വാർത്ത അപ്പാർട്മെന്റും കടന്ന് ഓഫീസിലുമെത്തി.ഉടൻ മേൽകമ്മറ്റിയിൽ നിന്നും ഒരു ഫോൺ കാൾ എന്നെ തേടിയെത്തി “സോമൻ ഉടൻ തന്നെ അടുത്തുള്ള അപ്പോളോ ഹോസ്പിറ്റലിൽ പോയി ചെക്കപ്പ് നടത്തണം വേഗം. അപ്പോഴേക്കും അന്നത്തെദിവസം ഏതാണ്ട് കത്തി തീരാറായിരുന്നു.അത് കേൾക്കേണ്ട താമസം എന്റെ മറ്റൊരു കൂട്ടുകാരനുമൊത്ത് കഥകൾപറഞ്ഞുചിരിച്ചു രസിച്ചു അപ്പോളോ ലക്ഷ്യമായി നടന്നു. കൺസൾട്ടിങ് ഫോര്മാലിറ്റീസ് കഴിഞ്ഞു ഡോക്ടറുടെ അടുത്തെത്തി. കാര്യങ്ങൾ കാണുകയും വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ഡോക്ടർ സംശയലേശമേന്യ വിധി എഴുതി “ചിക്കൻപോക്‌സാ വേഗം മരുന്നുംവാങ്ങി സ്ഥലം വിടുക”.അതിശക്തിമായ മരുന്നാണ് അത് രോഗം മാറാൻ മാത്രമല്ല പ്രസരിക്കാതിരിക്കാൻ കൂടിയുള്ളതായിരുന്നു. ഇതുകേട്ടതോടെ ഹോസ്പിറ്റൽ മൊത്തത്തിൽ അലേർട്ടായി.സെക്യൂരിറ്റി ഗാർഡ് എന്നെ ആശുപത്രി കോംബൗണ്ടിന് പുറത്താക്കാനുള്ള വ്യഗ്രതയിലായിരുന്നു.എല്ലാവരുടെയും കണ്ണുകൾ എന്നിലേക്ക്‌ തുളച്ചുകയറിയപ്പോൾ ഞാൻ അകെ വല്ലാതായിപോയി എന്നുപറഞ്ഞാൽ മതിയല്ലോ . എങ്ങനെയൊക്കെയോ കൂട്ടുകാരൻ മരുന്നുവാങ്ങി പുറത്തുകടന്നു.ആകെയൊരു നിശബ്ദത ഞങ്ങൾക്കിടയിലും പരന്നിരുന്നു.എന്റെ അടുത്തേക്ക് അടുക്കാൻ പേടിച്ചിട്ടാകണം അയാൾ റോഡിന്റെ മറുവശം ചേർന്ന് നടക്കാൻ തയ്യാറായത്. എന്നാൽ ഞാൻ ഊഹിച്ചതിലും വലിയ പൊട്ടിത്തെറിയാണ് റൂമിലും അപ്പാർട്മെന്റിലും സംഭവിച്ചത് . എന്റെ ശബ്ദം കേട്ടയുടനെ മാളത്തിലേക്ക് ഉൾവലിഞ്ഞ തലകൾ പലതാണ്.റൂമിലെത്തിയപ്പോൾ കാര്യങ്ങൾ കുറേക്കൂടി വ്യക്തമായിരുന്നു. സഹമുറിയൻ അകെ പരവശത്തിലാണ്.ഞാൻ ആ റൂമിൽ നിന്നും മറ്റെങ്ങോട്ടെങ്കിലും മാറി താമസിക്കണം.ഇതെല്ലം ഹെഡാഫീസിൽ നിമിഷം പ്രതി എത്തിക്കൊണ്ടിരിക്കണം അതാ വരുന്നു ഫോൺ കാൾ “സോമൻ തൽക്കാലം നാട്ടിലേക്ക് പൊയ്ക്കോളൂ രോഗം ഭേദമായിട്ടു തിരിച്ചുവന്നാൽ മതി. അപ്രതീക്ഷിതമായിരുന്നെങ്കിലും ഞാൻ ഓക്കേ പറഞ്ഞു നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ധൃതിയിലാരംഭിച്ചു.അരമണിക്കൂർ കഴിഞ്ഞു കാണില്ല മറ്റൊരു കോൾ എന്നെ തേടി വന്നു.ഇപ്പോൾ നാട്ടിലേക്ക്പോകണ്ട മറ്റൊരു കൂടാരം എനിക്കായി കണ്ടത്തണം.അതെവിടെയാകണം?.ആകെ കൺഫ്യൂഷനായ നിമിഷങ്ങൾ. “സോമൻ ഇങ്ങെനെയൊരു അവസ്ഥയിൽ നാട്ടിലേക്ക് പോകേണ്ട എയർപോർട്ടിൽ നിന്നും മടക്കി അയച്ചാൽ അതവന് വലിയ ഷോക്കായിരിക്കും ഇവിടെ തന്നെ കുറച്ചുനാൾ താങ്ങാനുള്ള ഇടം കണ്ടെത്തുക” കമ്പനിയുടെ ഏറ്റവും മുകൾത്തട്ടിൽനിന്നുള്ള ഓർഡർ ആണ്.സോളമൻറെ സ്നേഹഗീതകങ്ങൾ കാറ്റിൽ സുഗന്ധം പരത്തിയ നാട്ടിൽ നിന്നും വന്ന കലാസ്നേഹിയായ മാനവിക രസക്കൂട്ടുനിറച്ച ഹൃദയമുള്ള ആ മനുഷ്യർ’ പക്ഷേ ഇന്ന് ഞങ്ങളോടപ്പമില്ല.തനിക്ക് ഹൃദയമുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട് എല്ലാവരെയും ദുഖത്തിലായ്ത്തി ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം കടന്നുപോയി.

ഇനിയെന്ത് ചെയ്യും എങ്ങോട്ടു പോകും രാത്രി കനക്കകയയാണ്. സഹമുറിയൻ ഏതാണ്ട് പാതി കാറ്റുപോയ അവസ്ഥയിലാണിപ്പോൾ.നാളെ നേരം വെളുക്കട്ടെ എല്ലാത്തിനുമൊരു പരിഹാരം ഉണ്ടാകുമല്ലോ ഞാൻ മുഖത്തെ ചന്ദ്രബിംബങ്ങൾ തടവിക്കൊണ്ട് ആശ്വസിച്ചു.അപ്പോഴാണ് വാതിലിൽ ആരോമുട്ടുന്നതുകേട്ടത്‌ വാതിൽ തുറക്കാൻ സഹമുറിയാൻതന്നെ ഓടി.മുന്നിൽ അതാ സാക്ഷാൽ ഹിംത്യസ് ബട്ട് ഞങ്ങളുടെ ഡ്രൈവർ കം മെസ്സഞ്ചർ ആണ്. പാക്കിസ്ഥാനി അതിർത്തികൾ ഭേദിച്ച് ഇന്ത്യൻ വെടിയുണ്ടകളെ ഭയക്കാതെ എന്നെ സ്വന്തം മുറിയിലേക്ക് ആനയിക്കാനുള്ള ഒരുക്കത്തിലായുള്ള വരവാണ്. പിന്നെ താമസമുണ്ടായില്ല എന്റെ കട്ടിലും കിടക്കയും അത്യാവശ്യം വേണ്ട സാമഗ്രികളുമായി ഞാൻ അദ്ദേഹത്തിന്റെ മുറിയിലേക്ക്പോയി.ഇപ്പോൾ ഞാനാണ് വാസ്തവത്തിൽ പ്രയാസത്തിലായത്. “ഹിംത്യസ് ഭായ് നിങ്ങൾക്ക് ഭയമില്ലേ?. പകരില്ലേ ഈ രോഗം ഞാൻ കാരണം ഒരു റിസ്ക് ഏറ്റെടുക്കേണ്ടിയിരുന്നോ?.അപ്പോൾ അദ്ദേഹം ഒന്നേ പറഞ്ഞുള്ളു “അല്ലാഹു അങ്ങനെയാണ് നിശ്ചയിച്ചതെങ്കിൽ അതാർക്കും തടയാനാകില്ല”. അതൊരു ഉറച്ച തീരുമാനമായിരുന്നു.അദ്ദേഹത്തിന്റെ വിശ്വാസത്തെക്കാളപ്പുറം മരുന്നിന്റെ ബലത്തിലായിരുന്നു ഞാൻ .അതോടെ എന്റെ ആശങ്കയും അവസാനിച്ചു.

പുറത്തിറങ്ങാതെ കാര്യമായി ആരുമായും ഇടപഴകാതെ കഞ്ഞിയും പയറും ഹിംത്യാസ് ബായി കൊണ്ടുവരുന്ന പഴങ്ങളും കഴിച്ചു നീണ്ട 17 ദിവസങ്ങളാണ് ആ മുറിയിൽ കഴിച്ചുകൂട്ടിയത്..ഓ വി വിജയൻറെ ‘ഖസാക്കിലെ ഇതിഹാസം’ എന്റെ മനസ്സിലൂടെയും നാസാരന്ത്രങ്ങളിലൂടെയും പലതവണ കടന്നുപോയികാണണം പക്ഷെ ആ ചിക്കൻ പോക്സ് ദിനങ്ങളെ എന്നും ഓർക്കാനെന്നവണ്ണം 2 കഥകളും ഞാൻ എഴുതിത്തീർത്തു.അതിന് ചില അവാർഡുകളും ലഭിക്കുകയുണ്ടായി. ക്രമേണെ മുഖത്തെ ചന്ദ്രബിംബങ്ങൾ മാഞ്ഞു കലകളായായി പരിണമിച്ചു. അതോടെ ഞാൻ ഊർജ്ജസ്വലനായി. ഓഫീസിൽ പോകാനുള്ള ഒരുക്കത്തിലായി.ഓഫീസിലെ ആദ്യദിനം ചില അസ്വസ്ഥതകളൊക്കെ ഉണ്ടാക്കിയെന്ന് പറയാതെവയ്യ.എന്നെ കണ്ടയുടെനെ ചില നൈൽ നദി നിവാസികൾ അടുത്തുള്ള ചില്ലു കൂടാരത്തിൽകയറി.ഇത് ഇന്ത്യക്കാരിൽ മാത്രം കാണുന്ന ഒരു അസുഖമാണോയെന്ന് ആശങ്ക പ്രകടിപ്പിച്ചു.എന്നാൽ മറ്റുള്ളവരൊന്നും അസാധാരണമായി ഒന്നും സംഭവിക്കാത്തപോലെയാണ് എന്നോട് പെരുമാറിയത്. ഹിംത്യാസ് ഭായ് പറഞ്ഞപോലെ അദ്ദേഹത്തിനെന്നല്ല മറ്റാർക്കും ആ രോഗം പകർന്നില്ല എന്നതും ആശസമായി.അതൊരു കഥയായി തന്നെയാണ് ഞാനിന്നും ഓർക്കാറുള്ളത്.ജ്യേഷ്ഠ സഹോദരനെപോലെയുള്ള ഹിമത്യാസ് ഭായ് ഇന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി ഒപ്പമുണ്ട്.മറ്റുള്ളപലരുടെ പ്രതികരണം തികച്ചും സ്വാഭാവിക ഒന്നായിരുന്നു.ആരെയും കുറ്റപ്പെടുത്താനാകില്ല.

പകർച്ച വ്യാധികൾ ഏതുമാകട്ടെ അതിനുള്ള മുൻകരുതലും ജാഗ്രതയും നാം പാലിച്ചേ മതിയാകൂ. പക്ഷേ അത് മനുഷ്യത്വപരമായിരിക്കണം എന്ന് മാത്രം. പേരാമ്പ്രയിൽ നിന്നും കേൾക്കുന്ന വാർത്തകളും അതുണ്ടാക്കിയ ഞടുക്കവും ഇനിയും വിട്ടുമാറിയിട്ടില്ല. രോഗം ബാധിച്ചവരും അവരെ ശിശ്രൂഷിക്കുന്നവരും ബന്ധുക്കളും എന്ന് വേണ്ട ഒരു ജില്ലതന്നെ മറ്റുള്ളവരുടെ ദൃഷ്ടിയിൽ ഭയപ്പാടോടെ കഴിയുകയാണ് പ്രതിവിധി ഇനിയും കണ്ടെത്താത്ത ഒരു മാരക രോഗത്തിന്റെ പ്രഹരമേറ്റുവാങ്ങി.രോഗം ബാധിച്ച പതിനേഴോളം പേര് ഇതിനകം തന്നെ രക്ത സാക്ഷികളായി.വൈദ്യ ശാസ്ത്രം അശ്രാന്തപരിശ്രമത്തിലാണ്.ജീവനോപാധി തേടി തൊഴിൽ മേഖലയിൽ വ്യാപൃതരായിട്ടുള്ളവരെ നാം ഇരു കയ്യും കൂപ്പി നമസ്കരിക്കേണ്ടതുണ്ട്.അവരാണ് ശരിക്കും ജീവൻ റിസ്ക് ഏറ്റെടുത്തിട്ടുള്ളത്.
ദയയും കാരുണ്യവും സഹായഹസ്തവും ജാഗ്രതയും ചികിത്സയോടപ്പം ഉണർന്നു പ്രവൃത്തിക്കേണ്ട സന്ദർഭമാണ്. മുൻകരുതലുകളോടപ്പം രോഗിയോടു കരുണകാണിക്കുക ശിശ്രൂഷകരോടും. ‘മാനവിക രസക്കൂട്ടുനിറച്ച ഹൃദയമുള്ളമനുഷ്യർ’ നിങ്ങൾക്ക് ചുറ്റുമുണ്ട്. വൈദ്യ ശാസ്ത്രത്തിന്റെ ദിഗ്‌വിജയ ശബ്ദം ഇന്നെല്ലെങ്കിൽ നാളെ നിപ്പാവൈറസ്സിനെതിരായും മുഴങ്ങാതിരിക്കില്ല.

ആരോഗ്യ രക്ഷാപ്രവർത്തകാരുടെ മുന്നറിയിപ്പ് സശ്രദ്ധം കേൾക്കുകയും അനുസരിക്കുകയും ചെയ്യുക.നിപ മറ്റൊരു പകർച്ചവ്യാധിപോലെയല്ല അത് അതിമാരകമാണ്‌.വിവേകത്തോടെയും ഗൗരവത്തോടെയും മാത്രമേ അതിനോട് സമീപിക്കാവു..

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.