27.5 C
Bengaluru
January 17, 2020
Untitled

മക്കൾ 

ചളികൾ  നിറഞ്ഞ  ആ  വഴികളിലൂടെ  നടന്ന് ആ  മാധ്യമസംഘം  ഒരു  ആട്ടിന്കൂടിന്റെ  മുന്നിലെത്തി .

ആട്ടിൻകൂട്  ഉള്ളിൽ  നിന്നും  തുറക്കപ്പെട്ടു . വരകൾ  നിറഞ്ഞ , വെളുത്ത  മുടിയുമുള്ള  ഒരു  വൃദ്ധ  കൂട്ടിൽ  നിന്നും  ഇഴഞ്ഞു  പുറത്തിറങ്ങി .

“നിങ്ങളാണോ  ചിരുത ?”

“അതെ .”

“നിങ്ങൾ  ഇവിടെത്തന്നെയാണോ  താമസം ?”

“ഞാൻ  എൻ്റെ  മക്കളുടെ  കൂടെയാണ്  താമസം .”

“മക്കളെവിടെ ?”

ചിരുത  ആട്ടിൻകൂട്ടിലേക്കു  വിരൽ ചൂണ്ടി .

“അതെന്താ  വീടില്ലാത്തത് ?”

“സർക്കാരിന്റെ  കണക്കിൽ  ഇത്രയും  ആടുകളുള്ള  ഞാൻ  ദാരിദ്ര്യരേഖക്ക്  മുകളിലാണ് .കൂടാതെ  എനിക്ക്  സ്വന്തമായി  സ്ഥലമില്ല . ഇതുതന്നെ  ചില  അയൽവാസികളുടെ  സഹായമാണ് .”

“ഈ  കൂട്ടിൽ  അഞ്ച്  ആടുകളുണ്ടല്ലോ ? അതിന്റെ  പാൽ  പോരെ  അത്യാവശ്യം  ജീവിക്കാൻ ?”

“ഇല്ല  മോനെ , അവർ  എൻ്റെ  മക്കളാണ് .പേരക്കുട്ടികൾക്ക്  അവകാശപ്പെട്ടത്  ഒരു  മുത്തശ്ശിക്ക്  എങ്ങനെ  തട്ടിയെടുക്കാൻ  കഴിയും ?”

“ആയ  കാലത്തു  എന്തുകൊണ്ട്  കുടുംബജീവിതം  വേണ്ടെന്ന്  വെച്ചു ?”

“വിരൂപിയായ , വികലാംഗ  ആയ  ഒരു  നിർധനയെ  വിവാഹം  ചെയ്യാൻ  ആര്  തെയ്യാറാകും ?എന്താണ്  ഇന്നത്തെ  കുടുംബജീവിതങ്ങൾ ?നന്മയുള്ള  കുടുംബബന്ധങ്ങൾ  ഇന്ന്  വൃദ്ധരിൽ  മാത്രമല്ലേ  കാണാൻ  കഴിയൂ ?ചെറുപ്പക്കാർ  ജീവിതത്തിൽ  സ്നേഹമുള്ളവരായി  കുടുംബത്തിൽ  തകർത്തു  അഭിനയിക്കുകയല്ലേ ?യഥാർത്ഥ  സ്നേഹത്തിന്റെ  ഒരു  കണമെങ്കിലും  അവരുടെ  മനസ്സിലുണ്ടോ ?ധനമില്ലാത്ത  ഭർത്താവിനെ  അപമാനിക്കാത്ത  എത്ര  ഭാര്യമാരുണ്ട് ?ധനമില്ലാതെ  വിവാഹം  മുടങ്ങിയ  എത്ര  പെൺകുട്ടികളുണ്ട് ?പിന്നെ  മക്കൾ ! മരുമകനോ  മരുമകളോ  വന്നാൽ  വീടിനു  പുറത്തല്ലേ  മാതാപിതാക്കളുടെ  സ്ഥാനം ?”

“നിങ്ങൾ  പറയുന്നത്  ശരിയാണ് !”

ഉള്ളിലേക്ക്  ചൂണ്ടിക്കൊണ്ട്  ചിരുത  തുടർന്നു .

“നോക്കൂ ,നിഷ്‌കളങ്കമായ  മുഖമുള്ള  ആ  മൃഗങ്ങളെ  നോക്കൂ ! അവരാണോ  യഥാർഥത്തിൽ  മൃഗങ്ങൾ  എന്ന  പേര്  അർഹിക്കുന്നത് ?നമ്മൾ  മൃഗങ്ങൾ  എന്ന്  വിളിക്കുന്ന അവയുടെ  ആത്മാർത്ഥത  മനുഷ്യർക്കുണ്ടോ ?’

ഒരു  ആട്ടിൻകുട്ടി  ഓടിവന്ന്  ചിരുതയുടെ  കവിളിൽ  അതിന്റെ  ചുണ്ടുകൾ  മുട്ടിച്ചു . അപ്പോഴേക്കും  മറ്റു  ആടുകളും  അവിടെയെത്തി .

“വരുമാനമില്ലാതെ  ഇവയ്ക്കു  എങ്ങനെ  തീറ്റ  കൊടുക്കും ?”

“ദൈവാനുഗ്രഹം  കൊണ്ട്  എനിക്ക്  നല്ല  അയൽക്കാരുണ്ട് . അവർ  കുറേ  കഞ്ഞി  തരും . എൻ്റെ  മക്കൾ  കുടിച്ചു  കഴിഞ്ഞു  ബാക്കി  ഞാൻ  കുടിക്കും .ഇവർക്ക്  എന്നോട്  വളരേ  സ്നേഹമാണ് . കുറച്ചെങ്കിലും  അവർ ബാക്കിവെക്കും .”

ആ  കണ്ണുകൾ  നിറഞ്ഞുവോ ?

“ഞങ്ങൾ  ഇറങ്ങുകയാണ് . ഞങ്ങളുടെ  ഈ  വാർത്താക്കുറിപ്പ്  മറ്റുള്ളവർ നിങ്ങളെ  സഹായിക്കാൻ  കാരണമാകട്ടെ !”

അവർ  നടന്നകന്നു .

“മക്കളേ  നമ്മൾക്ക്  വീട്ടിൽപോകാം ,അല്ലേ ?” ചിരുത  അവരെ  ചേർത്ത്  പിടിച്ചുകൊണ്ടു  ചോദിച്ചു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.