ലയണ്‍സ് ഹാളില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉത്സവാന്തരീക്ഷം. സിംഹികള്‍ക്ക് ഉടുത്തൊരുങ്ങാനും പൂവിടാനും രാവിലെ സമയം കിട്ടിയില്ലെങ്കിലോ എന്ന് കരുതി പൂക്കളം തലേന്ന് രാത്രി തന്നെ ഒരുക്കിവെച്ചിരുന്നു. ഇനി രാവിലെ മലയാളി മങ്കമാരായി പൂക്കളത്തിനു ചുറ്റും നിന്നും ഇരുന്നും പടം പിടിച്ചാല്‍ മാത്രം മതി.
ഉദ്ഘാടനത്തിനു കലക്ടര്‍ വരുമെന്നൊക്കെ പറഞ്ഞിരുന്നു. പക്ഷേ അദ്ധേഹത്തിനു വരാന്‍ സാധിച്ചില്ല. ഉദ്ഘാടനം വിളക്കുകൊളുത്തി ശ്ലോകത്തില്‍ കഴിച്ചു. കലാപരിപാടികളുടെ അയ്യരുകളിയായിരുന്നു. ദോഷം പറയരുതല്ലോ. നാടന്‍പാട്ടും, തിരുവാതിരക്കളിയും സംഘഗാനവും ചലചിത്രഗാനവും എല്ലാം ഒന്നിനൊന്നു മെച്ചം.
തലതിരിഞ്ഞ പേരുള്ള സിംഹിക്ക് ഗാനകോകിലം അവാര്‍ഡും ഒരൊറ്റ അച്ചടി തെറ്റില്ലാതെ ലയണ്‍ ബുള്ളറ്റിനും മറ്റു രേഖകളും അച്ചടിക്കുന്ന ലയണ്‍സ് പ്രസാദിന് ഗുണ്ടര്‍ട്ട് സായിപ്പിന്റെ പേരിലുള്ള അവാര്‍ഡും നരസിംഹറാവുവിന്റെ മുഖവും പ്രകൃതവും ഉള്ള സദാ കോപിഷ്ടനായ ലയണ്‍ നായര്‍ക്ക് ദുര്വാസാ അവാര്‍ഡും സമ്മാനിച്ചപ്പോള്‍ ലയണ്‍സ് ഹാള്‍ അടിമുടി കോരിത്തരിച്ചുപോയി. എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. സ്റ്റാന്റിംഗ് ഒവേഷന്‍!!
ഭക്ഷണവണ്ടി വന്നു. എല്ലാവര്ക്കും ഒന്നിച്ചു ഊണു കഴിക്കാന്‍ സ്ഥലമില്ല. ഹാളിലിരിക്കുന്നവരെ മുഷിപ്പിക്കാതെ നോക്കണമെന്ന് നമ്പീശന് മാഷുടെ ചെവിയില്‍ പ്രസിഡന്റ് പറഞ്ഞു.
പിന്നെ ക്വിസ് പ്രോഗ്രാം ആയിരുന്നു. കഠിനമായതും ലളിതമായതുമായ ചോദ്യങ്ങള്‍. ആദ്യം ഉത്തരം പറഞ്ഞയാള്‍ക്ക്, അല്ലെങ്കില്‍ ശ്രീകൃഷ്ണന്റെ കണ്ണില്‍ അര്ജുനന് പെട്ടതുപോലെ നമ്പീശൻ മാഷുടെ കണ്ണിൽ ആദ്യം പെട്ടയാൾക്ക് കണ്ണഞ്ചിപ്പിക്കുന്ന നിറത്തിൽ ഒരു മിഠായിപ്പൊതി സമ്മാനം.
ഒരു ചോദ്യം ഇതായിരുന്നു. മഹാബലിയുടെ പിതാവ് ആരായിരുന്നു തല നരച്ച, ഡൈ ചെയ്യാത്ത, ആദ്ധ്യാത്മികതയുടേയും, ആത്മീയതയുടേയും പുരാണവിജ്ഞാനത്തിന്റെയും അവസാനവാക്ക് താൻ ആണ് എന്നഹങ്കരിക്കുന്ന ഒരു സിംഹി പറഞ്ഞു.- പ്രഹ്ളാദന്. അല്പസ്വല്പം തലയ്ക്ക് പിടിച്ച ഒരു സിംഹം പുറകില്‍ ഇരുന്ന് ഗര്‍ജിച്ചു. “അതങ്ങ് പള്ളീപ്പോയിട്ട് പറഞ്ഞാമതി, മഹാബലിയുടെ ഗ്രാന്ഡ്ഫാദറാ പ്രഹ്ളാദന്.”
നമ്പീശൻ മാഷ് കുറേശെ വിയര്‍ക്കാന്‍ തുടങ്ങി. കാരണം അദ്ധേഹത്തിനു ഉത്തരം അറിയില്ലായിരുന്നു. മാഷ് ഓരോരുത്തരുടെ അടുത്തേയ്ക്ക് മൈക്ക് കൊണ്ടുപോയി.
ഇതിനിടയില്‍ ബിലോ ടെന്നിന്റെ കൂട്ടത്തില്‍ ഹോളിന്റെ മുമ്പില്‍ പുല്പായയില് ഇരുന്ന് പൂക്കളത്തിലെ പൂക്കള്‍ നുള്ളിപ്പറിക്കുകയായിരുന്നു ഇഷാന്. (ഇംഗ്ലീഷില്‍ എഴുതിയാല്‍ ഈശനെന്നും വായിക്കാം), പതുക്കെ എഴുന്നേറ്റ് ഹാള്‍ മുഴുവന്‍ കണ്ണോടിച്ചു. ലയണ്‍ നമ്പ്യാർ ദമ്പതികളുടെ പേരക്കുട്ടിയാണ് ഇഷാന്. ജനിച്ചതും, ഏഴുവയസ്സുവരെ വളര്‍ന്നതും ഇനി ശേഷിപ്പുള്ള ജീവിതകാലം കഴിക്കാന്‍ പോകുന്നതും അമേരിക്കയിലെ ഫ്ലോറിഡയിലാണ്. ആദ്യമായി നാട്ടിലേക്ക് വന്നതാണ്.
കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് അസുരവാദ്യത്തോടെ, താലപ്പൊലിയോടെ എതിരേറ്റ കിരീടം വെച്ച മഹാബലിയേയും പൂണൂലിട്ട ഓലക്കുട ചൂടിയ വാമനനേയും ഹാളില്‍ കാണാനില്ല. അവര്‍ വരാന്തയിലൂടെ ഓണസദ്യയും അതിനു മുമ്പുള്ളതും കഴിക്കാന്‍ തിരക്കിട്ട് നടക്കുകയായിരുന്നു. ഇഷാന് ഓടിപ്പോയി മഹാബലിയുടെ കൈപിടിച്ചു. എങ്ങനെ ചോദിക്കണം? കേരളത്തില്‍ വന്നപ്പോള്‍ തുടങ്ങി അവനു സംശയമാണ്. തന്റെ മലയാളം ആര്‍ക്കെങ്കിലും മനസിലാവുമോ എന്ന്. എങ്ങനെ സംശയിക്കാതിരിക്കും ? അച്ഛന്റെ നാടായ നെയ്യാറ്റിന്‍കരയില്‍, ഏറണാകുളത്തെ വല്യയമ്മയുടെ വീട്ടില്‍, തൃശ്ശൂരില്‍ ചെറിയച്ഛന്റെ വീട്ടില്‍, തിരുവണ്ണൂരില് അമ്മായിയുടെ വീട്ടില്‍, തലശ്ശേരി അമ്മയുടെ വീട്ടില്‍ എല്ലാം വേറെ വേറെ ഭാഷയാണ് സംസാരിക്കുന്നത്. അവന് വളരെ കുറച്ചേ മനസ്സിലായുള്ളു. “ അത്രയധികം മലയാളം സംസാരിക്കുകയൊന്നും വേണ്ട.” എന്ന് അമ്മയുടെ കഠിനമായ വിലക്കുമുണ്ട്. കൈപിടിയിലൊതുങ്ങിയ മഹാബലിയോട് രണ്ടും കല്‍പ്പിച്ച് ചോദിച്ചു. “യുവര്‍ ഫാദേഴ്സ് നെയിം.” ഒരു ചോദ്യഭാവത്തില്‍ കുട്ടിയെ നോക്കിയെങ്കിലും മഹാബലി പെട്ടെന്ന് ഉത്തരം പറഞ്ഞു.–“കുഞ്ഞമ്പു നായര്‍”. ശരം വിട്ടപോലെ ഓടിയ ഇഷാന് ഹാളില്‍ വന്ന് നമ്പീശന് മാഷുടെ ചെവിയില്‍ പറഞ്ഞു. “കുഞ്ഞമ്പു നായര്‍” സംഗതി പിടികിട്ടാതെ നമ്പീശന് മാഷ് അത് ഏറ്റുപറഞ്ഞത് മൈക്കിലൂടെ എല്ലാവരും കേട്ടു. അതിനിടയില്‍ ആരോ നെറ്റില്‍ നോക്കി ശരിയായ ഉത്തരം പറഞ്ഞു. ഇഷാന്റെ ഉത്തരം ഉയര്‍ത്തിവിട്ട കൂട്ടച്ചിരിയില്‍ അതാരും കേട്ടില്ല. തനിക്ക് അര്‍ഹതപെട്ട ബഹുവര്ണ്ണമിഠായിപ്പൊതിക്ക് വേണ്ടി കാത്തുനിന്ന് ഇഷാന് നിരാശനായി.
1 comment
Good work