മൂന്നുനാലു ദിവസത്തേക്കുള്ള വസ്ത്രങ്ങളും മൊബൈലും ക്യാമറയും ചാർജ്ജറുകളും പെട്ടിയിലാക്കിക്കൊണ്ട് ഞങ്ങൾ അളിയനെയും മകളെയും കൂട്ടി, കാലത്ത് ഒമ്പതുമണിയായപ്പോൾ യാത്ര തുടങ്ങി. പൂക്കാട്ടുപടിവഴി ചെമ്പറക്കിയിലെത്തി, പെരുമ്പാവൂർവഴി പോയി, നേര്യമംഗലംപാലം കടന്നപ്പോൾ, അവിടെവിടെയോ ഒരു തൂക്കുപാലമുണ്ടെന്ന് അളിയൻ പറഞ്ഞതനുസരിച്ച് വണ്ടി അങ്ങോട്ടു വിട്ടു. കാടിനകത്തുകൂടെയുള്ള സഞ്ചാരമായിരുന്നു. വഴിനീളെ ഇരുവശത്തും കരിയിലകൾ കത്തിക്കിടക്കുന്നു ! ഈ ഉണക്കുസമയത്ത് ആരാണീ അക്രമം ചെയ്യുന്നതെന്നൊക്കെ ചിന്തിച്ച് പേടിച്ചുപേടിച്ച് ഞങ്ങൾ മുന്നോട്ടുപോയി. കഴിഞ്ഞയാഴ്ച കുരങ്ങിണിമലയിൽ തമിഴ്നാട്ടിൽനിന്നുള്ള പത്തുപന്ത്രണ്ടുപേർ കാട്ടുതീയിൽപ്പെട്ടുമരിച്ചത് ഓർമ്മവന്നു. കുറെ ചെന്നപ്പോൾ അതാ……ഫോറസ്റ്റ്-അധികൃതർതന്നെയാണ് തീയിടുന്നതെന്നു മനസ്സിലായി !! തീയുണ്ടായാൽ പടർന്നുപിടിക്കാതിരിക്കാനുള്ള മുൻകരുതലായിട്ടാണ് ഈ ചെറുതീകത്തിക്കൽ.

magulam

വഴി നല്ല രീതിയിൽ പുതുതായി, ടാർചെയ്തിരിക്കുന്നു. പതിനഞ്ചു മിനിറ്റിനുള്ളിൽ അവിടെയെത്തി. പ്രധാനവീഥിയിൽനിന്ന് എട്ടു കിലോമീറ്ററേയുള്ളൂ. പുഴയിൽനിന്ന് നൂറു മീറ്റർ അകലെയായി തൂക്കുപാലത്തിന്റെ ഉരുക്കുവടങ്ങൾ ഇരുകരകളിലും സിമന്റ് ചട്ടക്കൂട്ടിൽ ഉറപ്പിച്ചിരിക്കുന്നു. ഞങ്ങൾ പാലത്തിലേക്കു കയറിനടന്നു. കേരളത്തിലെ ഏറ്റവും നീളം കൂടിയ (181 മീറ്റർ) നടപ്പാലമാണിത്. പുഴയുടെ ഇരുവശത്തും പണിതിട്ടുള്ള ഉരുക്കുഗോപുരങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള ഉരുക്കുവടങ്ങളിൽ തൂക്കിയിട്ട രീതിയിൽ പെരിയാറിനു കുറുകെയാണിത് നിർമ്മിച്ചിരിക്കുന്നത്. അവിടെ സഞ്ചാരികൾക്കു കയാക്കിങ് നടത്താനുള്ള സൗകര്യമുണ്ട്. ഞങ്ങളുടെ ലക്‌ഷ്യം അതല്ലാത്തതിനാൽ അതിനൊന്നും പോയില്ല. അപ്പുറത്തെത്തിയപ്പോൾ രണ്ടു പേർ പ്രത്യേകതരത്തിലുള്ള ഒരു കുട പിടിച്ചുകൊണ്ട്, സംസാരിച്ചുകൊണ്ടുവരുന്നു. അതിലൊരാൾ ഇടയ്ക്കിടെ മൈക്രോഫോണിലൂടെ എന്തൊക്കെയോ പറയുന്നുണ്ട്. എന്നെയും അദ്ദേഹം ഇന്റർവ്യൂ ചെയ്തു. എവിടെനിന്നു വരുന്നു, എങ്ങോട്ടു പോകുന്നു എന്നൊക്കെ ചോദിച്ചു. അവസാനമാണ് അദ്ദേഹം റേഡിയോ മംഗോയുടെ ജോക്കിയാണെന്നു മനസ്സിലായത്. പാലത്തിന്നടിയിൽ വല വീശിക്കൊണ്ടിരുന്ന ഒരാളെയും അവർ ഇന്റർവ്യൂ ചെയ്യുന്നുണ്ടായിരുന്നു.

magulam yathra

അങ്ങോട്ടു പോകുമ്പോൾത്തന്നെ വഴിയരികിൽ ഒരു മുനിയറ ശ്രദ്ധയിൽപ്പെട്ടിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പേ അവിടെ ജീവിച്ചിരുന്ന ആദിവാസികളുടെ ശവകുടീരമാണത്. തിരികെപ്പോരുമ്പോൾ അവിടെയിറങ്ങി, അതിന്റെ ചിത്രം പകർത്തി. ആകെ ഒരെണ്ണമേ കണ്ടുള്ളൂ. മറയൂർ ചെന്നപ്പോൾ ഇതുപോലെയുള്ള അനേകം കല്ലറകൾ കണ്ടിരുന്നു. അതൊക്കെ ആനകൾ നശിപ്പിക്കുന്നുണ്ട്. ഈവക പൈതൃകങ്ങളൊക്കെ അനാഥമായി ഇവിടെക്കിടക്കുമ്പോൾ വിദേശരാജ്യങ്ങൾ വളരെ കരുതലോടെ അവയെ സംരക്ഷിക്കുന്നു. ബ്രിട്ടനിൽ STONE HENGE എന്നൊരു നിർമ്മിതി ഇതുപോലെയുണ്ട്. എത്ര കാര്യമായിട്ടാണ് അവ സംരക്ഷിച്ചിരിക്കുന്നതെന്നോ !

muniyara

വഴിയുടെ എതിർവശത്തുള്ള വിശാലമായ പാറയിൽ എന്തൊക്കെയോ ഉണക്കാൻവേണ്ടി അരിഞ്ഞിട്ടിരിക്കുന്നു. വിവരങ്ങൾ കൂലിക്കാരോടന്വേഷിച്ചപ്പോൾ അവരൊന്നും മലയാളികളല്ല ! മഞ്ഞളും കൂവയും ആണെന്ന് കഷ്ടപ്പെട്ട് മനസ്സിലാക്കി. തിരികെ വീണ്ടും NH 49 ൽ കയറി മാങ്കുളം ലക്ഷ്യമാക്കി, പ്രയാണമാരംഭിച്ചു.

mangulam

Joseph Boby
Malayalam Writer

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: