25 C
Bangalore
December 17, 2018
Untitled

മാധ്യമ പ്രവർത്തകരും മനുഷ്യരാണ്

സാംസ്ക്കാരിക കേരളം മാധ്യമ പ്രവർത്തകരുടെ മരണത്തിൽ പ്രതികരിക്കുന്ന രീതി കണ്ട വിഷമത്തിലാണ് ഇത് എഴുതുന്നത്. എത്ര പെട്ടെന്നാണ് മരണത്തിലും ഔചിത്യം മറന്നു കൊണ്ട് ചിരിക്കുന്ന ഇമോജികളും അറയ്ക്കുന്ന കമെന്റുകളുമായി ജോലിക്കിടയിൽ വിട പറഞ്ഞ രണ്ടു പേരെ നമ്മളിൽ ചിലർ അധിക്ഷേപിക്കുന്നത്. ജോലിക്കിടയിൽ നമ്മളെ വിട്ടു പോയ ലിനി സിസ്റ്റർ മാലാഖയായും തായ് ലാൻഡ് ഓപ്പറേഷനിലെ സമാൻ കുനാൻ വീരനായും വാഴ്ത്തപ്പെട്ട അതേ സോഷ്യൽ മീഡിയ ഈ വിഷയത്തിൽ പ്രതികരിച്ച രീതി വളരെ മോശമായി എന്ന് പറയാതെ വയ്യ. ഒറ്റപ്പെട്ട ഒരു തുരുത്തിലെ ജീവിതങ്ങളെ പുറം ലോകത്തിനു കാണിച്ചു കൊടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് സജിയും ബിപിനും ഈ ലോകത്തോട് വിട പറഞ്ഞത്.

പഠന കാലത്തോ ജോലി ചെയ്ത സമയത്തോ അധികം അടുത്ത് ഇടപഴകാൻ അവസരം കിട്ടാത്ത ഒരു വിഭാഗമാണ് മാധ്യമ പ്രവർത്തകർ. കഴിഞ്ഞ നാലു വർഷത്തെ impresa ജീവിതമാണ് അവരെ അടുത്തറിയാൻ സഹായിച്ചത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അത് വരെ വെള്ളി വെളിച്ചത്തിൽ ജീവിക്കുന്ന ഇവർക്കു നല്ല സുഖമാണ് എന്ന എന്റെ ചിന്ത മാറി എന്നതാണ് സത്യം. ഓഫ് ദിവസങ്ങളിലും നമ്മൾ എല്ലാം കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഓണത്തിനും വിഷുവിനും ക്രിസ്മസ്നും ബ്യുറോയിലും ചാനൽ ചർച്ചകളിലും മാത്രം സ്വന്തം ആഘോഷങ്ങൾ ഒതുങ്ങി പോവുന്നവരെ കണ്ടു വിഷമം തോന്നിയിട്ടുണ്ട്. എത്ര വയ്യെങ്കിലും പാരസെറ്റമോളും വിഴുങ്ങി വാർത്ത വായിക്കാൻ പോവുകയാണ് എന്ന് പറയുന്ന, ഭർത്താവു വരുന്ന വരെ മോനെ അടുത്ത ഫ്‌ളാറ്റിലാക്കി ഡ്യൂട്ടിയ്ക്ക് കേറാൻ പോവുന്ന ചങ്ങാതിമാരെ കണ്ടിട്ടുണ്ട്. ജേർണലിസം പഠിക്കാത്ത എന്റെ വിഷമം നിങ്ങളുടെ നെട്ടോട്ടം കണ്ടതോടെ മറന്നു എന്നത് വിളിക്കുമ്പോൾ ഒക്കെ ഞാൻ പറഞ്ഞു കൊണ്ടിരിക്കുന്ന അടുത്ത സുഹൃത്തുക്കളുണ്ട്. ട്രോളുകൾ അയച്ചു കൊടുത്തിട്ട് മറുപടി ഒന്നും കാണാത്തപ്പോൾ ഉരുൾ പൊട്ടലിൽ ഒരു കുടുംബം മൊത്തം ഈ ഭൂമിയിൽ നിന്നും തുടച്ചു മാറ്റപ്പെട്ട ആഘാതം അതെ പോലെ നമുക്കു മുന്നിൽ പകർത്തി നെഞ്ചു പൊട്ടാറായി എന്ന് മാത്രം മെസ്സേജ് തന്ന മറ്റൊരാൾ. അങ്ങനെ ഒരുപാട് പേരുണ്ട്. സോഷ്യൽ മീഡിയ മാധ്യമ മലരുകൾ എന്ന ഓമനപ്പേരിൽ ആഘോഷിക്കുമ്പോളും ഇവരും നമ്മളെ പോലെ മജ്ജയും മാംസവും ഉള്ളവരാണ് എന്നത് എന്ത് കൊണ്ടാണ് നമ്മൾ മറന്നു പോവുന്നത്. മഴയും വെള്ളപ്പൊക്കവുമൊക്കെ വീട്ടിലിരുന്നു കൊണ്ട് ചാനലുകളിൽ മാറ്റി മാറ്റി കാണുന്നതിന് അപ്പുറം , റിപ്പോർട്ട് ചെയ്യാൻ പോയവർ സ്വയ സുരക്ഷ പോലുമില്ലാതെയാണ് ഇത് ചെയ്യുന്നത് എന്ന് നമ്മൾ ഓർക്കാറുണ്ടോ? മാധ്യമ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും സ്വയ സുരക്ഷ മാത്രം നോക്കിയിരുന്നെങ്കിൽ പല ദുരിതാശ്വാസ ക്യാമ്പുകളുടെയും അവസ്ഥ എന്താവുമായിരുന്നു എന്ന് വിമർശിക്കുന്നവർ ഒന്ന് ഓർക്കുന്നത് നല്ലതാണ് .നിപ്പ കാലത്തെ മാധ്യമ ജാഗ്രത കോഴിക്കോട്ടുകാർ എങ്കിലും മറന്നിട്ടുണ്ടാവില്ല എന്ന് കരുതട്ടെ.

ഇന്നലെ ഉറങ്ങാൻ കിടക്കുമ്പോൾ പോലും ഞാൻ ഇന്ന് വരെ കാണാത്ത ആ രണ്ടു പേരെ കണ്ടു കിട്ടുന്ന ഒരു വാർത്ത ആണ് പ്രതീക്ഷിച്ചത്. വെള്ളത്തിൽ വീണു പോയാൽ പത്തു മിനിറ്റ് കഴിഞ്ഞാൽ രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ് എന്ന പ്രായോഗിക പാഠം അറിഞ്ഞു കൊണ്ട് തന്നെ അവരു തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാനായിരുന്നു ഞാൻ എന്റെ മനസിനെ പഠിപ്പിച്ചത്. വർഷങ്ങൾക്കു മുൻപ് വെണ്ണിയാനിയിലെ ഉരുൾ പൊട്ടലിൽ വിക്ടർ ജോർജ് നമ്മളെ വിട്ടു പോയതാണ്. ഇനിയും നമുക്കു മുൻപിൽ കാഴ്ചയുടെ ഒരുപാട് ഫ്രെയിമുകൾ ബാക്കി വെച്ച്. ഇനിയെങ്കിലും ഇത് പോലൊരു വാർത്ത നമ്മളെ തേടി വരാതിരിക്കട്ടെ.

സ്വയം സുരക്ഷയ്ക്കുള്ള എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് കൊണ്ട് മാത്രം ഇത്തരം സ്ഥലങ്ങളിലേക്ക് മാധ്യമ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും ജോലി ചെയ്യാൻ വരുന്ന ഒരു നാളെ നമുക്കുണ്ടാവണം.

A press photojournalist is holding a camera with a zoom lens and is photographing war and conflict.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.