25 C
Bangalore
December 17, 2018
Untitled

ഫാദർ ഡാമിയനും ലിനിയും രക്തസാക്ഷികളായത് ആർക്കുവേണ്ടിയായിരുന്നു?

nipah virus transmission

മരണവാർത്തകളൊന്നും തന്നെ ഞട്ടിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന ഒരുകാലത്തിലൂടെയല്ല നാം കടന്നുപോയികൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. പത്രങ്ങളിലെ ചരമ കോളങ്ങൾ കണ്ടും സ്ക്രോളിംഗ് ന്യുസുകൾ വായിച്ചും മരണം ശ്വസിച്ചു തണുത്തുഉറഞ്ഞുപോയാരു മനസ്സുമായാണ് പലരുമിന്ന് ജീവിക്കുന്നത്. യഥാർത്ഥത്തിൽ ആരാണ് മരിച്ചത് ആരാണ് ജീവിക്കുന്നത് എന്ന് സംശയിച്ചു പോകുന്ന അവസ്ഥ. ശവശരീരം ഒരു നേരം കഴിഞ്ഞാൽ ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുകയും പരിസരമാകെ മനുഷ്യ വാസയോഗ്യമല്ലാതായി തീരുകയും ചെയ്യും. എന്നാൽ ജീവിച്ചിരിക്കുന്ന ചില ശവങ്ങളുടെ അനവസരത്തിലുള്ള നിലപാടുകൾ മൂലവും വാദഗതികൾ മൂലവും ദുസ്സഹമായ ദുർഗ്ഗന്ധം ഏറ്റുവാങ്ങി തലച്ചോറ് മരവിക്കുന്ന അവസ്ഥയിലാണ് പലരുമിന്ന്. വാസ്തവത്തിൽ മരണത്തേക്കാൾ ഏറ്റവും വലിയ ദുരന്തവും ഇതത്രെ. ഇത്തരമൊരു സാഹചര്യത്തിലാണ് അപൂർവ്വവും മാരകമായ ഒരു പകർച്ച വ്യാധി നേരിടാനായി ഗവര്മെന്റും മെഡിക്കൽ സയൻസും കൊണ്ടുപിടിച്ചു ശ്രമിക്കുന്നതിനിടയിൽ അതിനെ നിസ്സാരമാക്കി പൊതു ജനങ്ങളുടെ മുമ്പിൽ പ്രചരിപ്പിച്ച്‌ ആയുർവേദമാണോ അലോപ്പതിയാണോ അതോ യുനാനിയാണോ മികച്ചതെന്നുള്ള വാദഗതിയുമായി ചില ശവങ്ങൾ രംഗത്ത് വരുന്നത്. കാറ്റുള്ളപ്പോൾ തൂറ്റികളയാമെന്നു കരുതി സമൂഹം ഭയപ്പാടോടെയും ആശങ്കയോടെയും ജാഗ്രതയോടെയും നാളുകൾ എണ്ണി നീക്കുന്ന സമയത്ത് അതിനെ തുരങ്കംവെച്ച് തങ്ങളുടെ നിക്ഷിപ്ത താൽപ്പര്യം സംരക്ഷിക്കാൻവേണ്ടി ഒരു കൂട്ടായ പ്രവർത്തനത്തിന് തുരങ്കം വെക്കാനായി ചിലർ മുന്നിട്ടിറങ്ങിയത് അത്ആരായാലും അവർ ജനാധിപത്യവിരുദ്ധരും സാമൂഹ്യദ്രോഹികളുമാണ്. ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഏതൊരാൾക്കും തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പ്രകടിപ്പിക്കുവാൻ അവകാശമുണ്ട്. എന്നാൽ അത് മീഡിയ വഴി പ്രകടിപ്പിച്ചു മറ്റുള്ളവരെയും സ്വാധിനിപ്പിക്കുവാൻ ശ്രമിക്കുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ പോക്രിത്തരമാണ്. ആധുനിക മെഡിക്കൽ സയൻസ് പൂർണ്ണമായും ശരിയാണ് എന്നോ അവർക്ക് തെറ്റുപറ്റാറില്ല എന്നോ ഇതിനർത്ഥമില്ല. പക്ഷെ അവർ വിശ്രമമില്ലാതെ ഗവേഷണ നിരീക്ഷണങ്ങളിലാണ്. ഒരു കാലത്ത് ലക്ഷക്കണക്കായ ആളുകളെ കാലപുരിക്കയച്ച ക്ഷയവും കോളറയും മസൂരിയും എബോളയും ഇന്ന് ഏതാണ്ട് വൈദ്യ ശാസ്ത്രത്തിന്റെ വരുതിയിലാണ്. കാലം മാറുന്നതിനസ്സരിച്ചു പുതിയ രോഗങ്ങൾ പുതിയ രൂപത്തിലും ഭാവത്തിലും മനുഷ്യ രാശിയെ കൊന്നൊടുക്കാനായി രംഗപ്രവേശം ചെയ്യും. അതിനെതിരെ പ്രതിവിധി കണ്ടത്തി വൈദ്യ ശാസ്ത്രവും പിന്നെലെ ഉണ്ടാകും. ചരിത്രം നൽകുന്ന പാഠം അതാണെന്നിരിക്കെ അതെല്ലാം വിസ്മരിച്ചു പൊതു ജനങ്ങളെ വഴിതെറ്റിക്കാൻ ആര് ശ്രമിച്ചാലും അവർ കുറ്റവാളികളാണ്. ശിക്ഷാർഹരാണ്‌. കെട്ടിപ്പിടിച്ചും നൂല് മന്ത്രിച്ചു കെട്ടിയും അല്ലൊലൂയ്യ പാടിയും രോഗ ശാന്തിവരുത്തുന്നവരും ഇവരും തമ്മിൽ എന്താണ് വ്യത്യാസം ?. കുട്ടികൾക്ക് പ്രതിരോധ മരുന്ന് നൽകുന്നതിൽ നിന്നും വിലക്കിയ കൈകൾ ശുദ്ധമല്ല. അതുപോലെ തന്നെയാണ് ലാട വൈദ്യന്മാരുടെ ഗിരിപ്രഭാഷണങ്ങളും. രോഗത്തെ പ്രതിരോധിക്കാൻ തക്കതായ മരുന്ന് കഴിക്കണം. അതിനു പര്യാപ്തമായ മരുന്ന് നിലവിലില്ലെങ്കിൽ അതുകണ്ടത്താന് വൈദ്യലോകം കൂട്ടായി പരിശ്രമിക്കണം. വൈദ്യ ശാസ്ത്രം നിപ്പോ വൈറസ്സിനെയും വരുതിയിലാക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. രോഗവും അതിന്റെ കാരണഭൂതരായ രോഗാണുക്കളും പുതിയ രൂപത്തിലും ഭാവത്തിലും മനുഷ്യരാശിയെ എന്നും വേട്ടയായാടിയിട്ടുണ്ട് അതിനെതിരെ ശാസ്ത്രം നിതാന്ത ജാഗ്രത പുലർത്തുകയും മനുഷ്യന്റെ അതിരുകളില്ലാത്ത ബുദ്ധിയും ശാസ്ത്രാഭിരുചിയും അന്വേഷണ തൃഷ്‌ണയിലൂടെയും അതിനെ മറികടക്കാനും ശ്രമിച്ചിട്ടുണ്ട്. രോഗത്തിന് മേൽ പരിപൂർണ്ണ ആധിപത്യവും സ്ഥാപിക്കാറുണ്ട്. നിപ്പോ വൈറസും നാളെ ശാസ്ത്രത്തിന്റെ മുമ്പിൽ അടിയറ പറയുക തന്നെ ചെയ്യും. പക്ഷെ അതിനിടയിൽ ലാടവൈദ്യന്മാർക്കു വലിയ റോളുകളൊന്നും ആരും ഉണ്ടാക്കികൊടുക്കേണ്ടതില്ല.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.