27.5 C
Bengaluru
January 17, 2020
Untitled

ലയനം

ലയനം

അന്ന്  ഒരു  ഞായറാഴ്ചയായിരുന്നു . വൈകി  എഴുന്നേൽക്കാം  എന്ന്  വിചാരിച്ചു  അവൻ  കുറച്ചുകൂടി  നേരം  കിടക്കയിൽ  കിടന്നു . വീണ്ടും  അവൻ  മയങ്ങിപ്പോയി .
സ്വപ്നം .നമ്മുടെ  ചിന്തകൾ  സഫലീകരിക്കുന്ന  ഒരു  അനുഭവം .മയക്കം  അവനെ  ഒരു  സ്വപ്നത്തിലേക്ക്  ആനയിച്ചു .
രംഗം  സെൻട്രൽ  ജെയിൽ .അവിടെ  ഒരു  സെല്ലിൽ  ജയിൽപുള്ളിയുടെ  വേഷത്തിൽ  അവൻ  ഇരിക്കുകയാണ് .പെട്ടെന്ന്  കുറേ  ബൂട്ടുകളുടെ  ശബ്ദം  അവൻ  കേട്ടു .നിമിഷങ്ങൾക്കകം  കുറേ  പോലീസ്  ഉദ്യോഗസ്ഥന്മാർ  അവൻ്റെ  സെല്ലിന്  മുന്നിലെത്തി . സെൽ  തുറന്നു .
“പുറത്തു  വരൂ !”
അവൻ  സംശയഭാവത്തിൽ  പുറത്തുവന്നു .
“ഞങ്ങളുടെ  കൂടെ  ഓഫീസിലേക്ക്  വരൂ!”‘
അവൻ  അവരെ  പിന്തുടർന്നു .
അവർ  അവനെ  ഒരു  മുറിയിലാക്കി . വാതിൽ  അടച്ചില്ല .ആ  മുറിയിലേക്ക്  മറ്റൊരാൾ  കടന്നു  വന്നു . രണ്ടുപേരും  മുറിയിലെ  കസേരകളിൽ  ഇരിക്കുകയാണ് .
“രവീന്ദ്രാ ,ഞാൻ  പറയുന്നത്  ക്ഷമയോടെ  കേൾക്കണം . ഇത്  പറയുന്നതിൽ  ഞങ്ങൾക്ക്  ഖേദമുണ്ട് .”
“പറയൂ “
“ഇന്നാണ്  നിങ്ങളെ  തൂക്കിക്കൊല്ലാനുള്ള  ഉത്തരവിന്റെ  കടലാസ്  ഞങ്ങൾക്ക്  കിട്ടിയത് .ഇന്ന്  വൈകുന്നേരം  സൂര്യാസ്തമനം അന്തിമമായിരിക്കും .”
രവീന്ദ്രൻ  പുഞ്ചിരിച്ചു .
“എന്ത് !നിങ്ങൾക്ക്  യാതൊരു  ഭയവുമില്ലെന്നോ ?”
“എന്തിനു  ഭയക്കണം , സർ ? ജനിച്ചാൽ  ഒരിക്കൽ  മരിക്കണം .നിർജ്ജീവമായ  മനസ്സുകൾക്ക്  മരണം  ഒരു  അനുഗ്രഹമായിരിക്കും .”
“നിങ്ങൾക്ക്  എന്തെങ്കിലും  ആഗ്രഹമുണ്ടോ ? ഏതെങ്കിലും  ഭക്ഷണം  കഴിക്കണമെന്നു  തോന്നുന്നുണ്ടോ ?”
പുഞ്ചിരിച്ചു  കൊണ്ട്  രവീന്ദ്രൻ  തുടർന്നു :”തൻ്റെ ലോകം  അവസാനിക്കുകയാണെന്നു  ബോധ്യമുള്ള  ഒരാൾക്ക്  ശരീരത്തിന്റെ  ഭക്ഷണത്തേക്കാൾ മനസ്സിന്റെ  ഭക്ഷണത്തിനാണ്  വിശപ്പുണ്ടാവുക .എന്നെ  ഇനിയുള്ള  നിമിഷങ്ങളിൽ  ഈ  മുറിയിൽ  കഴിയാൻ  അനുവദിക്കണം .എനിക്ക്  പ്രാർത്ഥനയിലും  എന്റേതായ  മനോവിചാരങ്ങളിലും  മുഴുകണം . ദയവായി  ഒറ്റക്കിരിക്കാൻ  എന്നെ  അനുവദിക്കണം .”
“ശരി , ഞാൻ  പോകുന്നു . ഞാൻ  കണ്ട  വ്യത്യസ്തനായ  ഒരു  വ്യക്തിയാണ്  നിങ്ങൾ . ഇത്തരം  വാർത്ത  ഒരാളെ  പരിഭ്രമിപ്പിക്കുകയാണ്  ചെയ്യുക . നിങ്ങൾ  മനസ്സിനെ  പാകപ്പെടുത്തിയത്  എന്നെ  അത്ഭുതപ്പെടുത്തുന്നു .”
“ശരീരമെന്ന  നശ്വരമായ  വസ്തുവിന്  മാത്രമല്ലേ  വ്യത്യാസം  സംഭവിക്കുന്നുള്ളൂ ! ആത്മാവ്  എന്നും  അനശ്വരം  എന്നല്ലേ  മതങ്ങൾ  പഠിപ്പിക്കുന്നത് ?”
“നിങ്ങൾ  ഒരു  തത്വചിന്തകൻ  ആണല്ലോ ?”ചിരിച്ചുകൊണ്ട്  അയാൾ  വിടവാങ്ങി .
രവീന്ദ്രൻ  ഇപ്പോൾ  മുറിയിൽ  ഒറ്റയ്ക്കാണ് .
“ദൈവമേ ! ഞാനിപ്പോൾ  അവിടുത്തെ  സന്നിധിയിലേക്ക്  വരികയാണ് . എല്ലാവരെയും  പോലെ പാപപുണ്യ  കണക്കെടുപ്പുകളിൽ  എനിക്ക് വിശ്വാസമില്ല . എൻ്റെ  ഈ പ്രാർത്ഥന  ജയിലെന്ന  ഈ  ലോകത്തിനു പുറത്തുള്ളവർക്ക് വേണ്ടിയാണ് .മനുഷ്യർ  പരസ്പരം  ദ്രോഹങ്ങൾ  ചെയ്യാതിരിക്കാനുള്ള  ഒരു  മനസ്ഥിതി കൈവരേണമേ !ആർക്കു വേണ്ടിയാണോ ഞാൻ  ഈ  ശിക്ഷ ഏറ്റുവാങ്ങിയത് അവർക്കു നന്മകൾ വരുത്തേണമേ !എൻ്റെ വിടവാങ്ങൽ തിന്മയുടെ അന്ത്യമായി മാറിടട്ടെ !മനസ്സാകുന്ന  കോടതിയിൽ പശ്ചാത്താപം എന്ന ശിക്ഷ സ്വീകരിച്ചു എല്ലാവരും സ്വയം മാറുന്ന  കാലം വന്നുചേരാൻ അനുഗ്രഹിക്കേണമേ !”
“നിങ്ങൾ  തെയ്യാറായോ ?”-പുറത്തുനിന്നും  ഒരു  വിളി .
“ഞാനിതാ  വരുന്നു !”
വിധി  നടപ്പാക്കുന്നതിന്  മുമ്പുള്ള  ആരോഗ്യപരിശോധന  നടന്നു .
ഇപ്പോൾ  അവൻ  കൊലമരത്തിന്റെ  അടുത്ത്  നിൽക്കുകയാണ് .അവൻ്റെ  കൈകൾ പിറകിലേക്ക് കെട്ടിയിട്ടുണ്ട്.ആരാച്ചാർ കറുത്ത തുണി അവൻ്റെ
മുഖത്തേക്ക്  വെക്കാൻ  നോക്കുകയാണ് .
“വേണ്ട , എനിക്ക്  കണ്ണ്  തുറന്നു  ഇതു  നേരിടണം !”
“നിങ്ങളുടെ  ഇഷ്ടം !”ആരാച്ചാർ  തുണി  മാറ്റിവെച്ചു  അവൻ്റെ  കഴുത്തിൽ  കുരുക്കിട്ടു .
ലിവർ  വലിച്ചു !
ശ്വാസം  തിങ്ങുന്നു !
അവൻ  ഉണർന്നു .
സ്വപ്നത്തിൽ  മാത്രമല്ല , യഥാർത്ഥത്തിൽ  അവനു  ശ്വാസം  തിങ്ങുന്നുണ്ട് .
അനാഥനായ  തനിക്കുവേണ്ടി  കരയാൻ ആരുണ്ട് ?
അനാഥനായി ജനിച്ചു .അനാഥനായി വളർന്നു .മനസ്സുകൊണ്ട് സനാഥനായി തിരിച്ചു പോകുന്നു .
അവൻ്റെ ശരീരത്തിൽ നിന്നും  ഒരു വെള്ളരിപ്രാവ്‌  പറന്നുപോയി .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.