ആ വീടിനു മുന്നിലൂടെ

പോകുമ്പോഴൊക്കെ

കുറ്റബോധമാണ്……….

കൊന്നത് കൊണ്ടോ

കൊല്ലിച്ചതു കൊണ്ടോ അല്ല

കൊന്നവനും കൊല്ലിച്ചവനും

ഉൾപ്പെടുന്ന സമൂഹത്തിൽ

പ്രതികരിക്കാതെ ജീവിക്കുന്നു

എന്നതുകൊണ്ട്

ഒരു പക്ഷേ,മരിച്ചവനോട്

ഒരിക്കലെങ്കിലും നീതി –

പുലർത്താത്തതു കൊണ്ടാകും

പ്രതികരിച്ചു എന്നുവരുത്തി

ആരൊക്കെയോ ഉണ്ടായിരുന്നു

അവരെ ആരെയും ഇന്ന്

പകൽവെളിച്ചത്തിൽ

കാണാതെ ആയിരിക്കുന്നു ….

കൊന്നവനും കൊല്ലിച്ചവനും

പീടിക വരാന്തയിൽ

കൂടിയിരുന്നു ചിരിയും

ചീട്ടുകളിയും …………..

അവർ ചിരിക്കുന്നു

എല്ലാവരും ,തിരിച്ചും

ചിരിക്കുന്നു………

എല്ലാവർക്കും സന്തോഷം

കൊല്ലപ്പെട്ടവനെ

മറന്നിരിക്കുന്നു, ഒരു പക്ഷേ

സൗകര്യപൂർവ്വം മറന്നതാകാം

മറക്കാത്ത ഒരാൾ ……

ഒരേ ഒരാൾ ……ആ ഒരമ്മ

ആരോടെന്നറിയാതെ

ഓർമകളോട് കലഹിക്കുകയാണ്

ആരോടും പരിഭവമില്ലാതെ

ആരോടും പരാതിയില്ലാതെ ……

Anju K Kumar
Writer Malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.