വിസര്‍ജ്യഗന്ധമുള്ള
തീവണ്ടിപ്പാച്ചിലും, ചൂളം വിളികളും
നിന്റെ
പ്രണയത്തിന്റെ
ഒളിയിടങ്ങളാകുന്നു.
എല്ലുന്തിയ നെഞ്ചിന്‍കൂടും
അഴുകിമണക്കുന്ന അമ്മക്കുപ്പായങ്ങളും
തുന്നിക്കെട്ടിയ തുകല്‍പ്പാട്ടയിലെ കൊട്ടും
തീവണ്ടിമുറിയിലെ
പ്രണയച്ചൂടിന്റെ സാക്ഷ്യങ്ങളാവുന്നു.
ആള്‍മറവുകളില്‍
നിങ്ങള്‍
പരസ്പരം ചുംബിക്കുന്നു.
കീശയിലെ
അഞ്ചുരൂപാത്തുട്ടു തിരയാന്‍ പോലും
നിങ്ങളുടെ,
വിരലുകള്‍ക്ക്
വിടുതല്‍ സ്വാതന്ത്ര്യമില്ലാതാവുന്നു.
ഇടയ്ക്ക്
അവളുടെ കമ്മലുകളില്‍ കുരുങ്ങി
നിന്റെ മുടിയിഴകള്‍ക്ക്
നോവുന്നുണ്ടാവും.
നിങ്ങളുടെ
പ്രണയം കണ്ട്
അടുത്തിരുന്നവര്‍ക്ക്
കൂവാന്‍ തോന്നുന്നു.
രണ്ടു കൂവലുകളാല്
വഴിതെറ്റിപ്പോവുന്ന
തീവണ്ടിയെയോര്ത്ത്
അവരുടെ ശബ്ദം,
വായിലെത്തും മുമ്പേ മരിക്കുന്നു.
ആള്‍ത്തിരക്കില്ലാത്ത
അടുത്ത ബോഗിയിലേക്ക്
മാറുമ്പോള്‍,
അഴിഞ്ഞുപോയേക്കാവുന്ന
തീവണ്ടിക്കൊളുത്തുകളെയോര്ത്ത്,
അത്രമേല്‍ ഭയത്തോടെ,
കൈകോര്‍ത്ത് പിടിക്കുകയാണ് നിങ്ങള്‍.
ഒരുമിച്ചിരിക്കുമ്പോള്‍
ഒരു കൂവലിനെ
എപ്പോഴും കരുതിവയ്ക്കുന്നുണ്ട്,
ഓരോ പ്രണയവും