ഓണാഘോഷത്തിൻ്റെ ഭാഗമായി ടിക്കറ്റ്‌ പ്രിന്റിങ്ങിനു കൊടുത്തിട്ട്‌ രണ്ടു നാളായിരുന്നു… ഇന്നലെ വൈകുന്നേരത്തിനുള്ളിൽ എല്ലാം തീർത്തുതരാം എന്ന ഉറപ്പിന്മേലാണു ആ പ്രസ്സിൽ തന്നെ കൊടുക്കാൻ ഞങ്ങൾ തീരുമാനിച്ചത്‌. നിർഭാഗ്യവശാൽ അവർക്ക്‌ ഇന്നലെ പകുതിയോളം പോലും തീർക്കാൻ സാധിച്ചില്ല. കിട്ടിയ ടിക്കറ്റ്‌ എല്ലാം ചൂടപ്പം പോലെ വിറ്റഴിഞ്ഞു. മുൻകൂട്ടി ബുക്ക്‌ ചെയ്തവർക്കെല്ലാം കൊടുത്തു തീർക്കാൻ സാധിച്ചെങ്കിലും ആവശ്യക്കാർ ഏറെയായിരുന്നു. ഇന്നു രാവിലെ എല്ലാം തീർത്തു തരാം എന്ന് അവർ ഒരിക്കൽ കൂടി ഉറപ്പ്‌ തന്നു. പക്ഷെ രാവിലെ അവിടെ എത്തിയപ്പോൾ ഷട്ടർ അടഞ്ഞു കിടക്കുന്നു.. ജോലിക്കാരൻ കണ്ണട വെച്ച അണ്ണൻ – രാംദാസ്‌, അയാൾ സ്വയം പരിചയപ്പെടുത്തി – ഷട്ടെറിനു ഇടതുവശത്തു നിൽപ്പുണ്ട്‌, പ്രിന്റിംഗ്‌ തീർന്നെന്നും നമ്പർ ഇടുന്ന ജോലി ബാക്കിയുണ്ടെന്നും അയാളെന്നോടു പറഞ്ഞു. അത്‌ നാളെയെ തീരു എന്ന് പറയാതെ പറഞ്ഞതോടെ എനിക്ക്‌ സമനില തെറ്റി. മുതലാളിയമ്മയെ ഫോണിൽ വിളിച്ച്‌ ഞനെ എല്ലാം ഇന്നു തന്നെ കിട്ടണം എന്ന് കട്ടായം പറഞ്ഞു. അവരത്‌ സമ്മതിച്ചില്ല എന്ന് മാത്രമല്ല കയർത്തു സംസാരിക്കുകയും ചെയ്തു. ഇതു കേട്ടുകൊണ്ടിരുന്ന ‘അണ്ണൻ’ പറഞ്ഞു.. “ജാൻ ചെയാം നീ 2 മണി നേരം കലിച്ച്‌ വാ….”
പറഞ്ഞതു പോലെ ഞാൻ രണ്ടു മണിക്കൂർ കഴിഞ്ഞു ചെന്നു. അയാൾ ടിക്കറ്റ്‌ അടുക്കി വെക്കുന്ന തിരക്കിലായിരുന്നു.. ഇടയിൽ അയാൾ സംസാരിച്ചുകൊണ്ടിരുന്നു.. താൻ സേലം സ്വദേശിയാണെന്നും മലയാളികളെ ഏറെ ഇഷ്ടമാണെന്നും അയാൾ പറഞ്ഞു. പെട്ടന്നു തന്നെ ടിക്കറ്റ്‌ എല്ലാം കെട്ടുകളാക്കി എന്റെ കയ്യിൽ ഏൽപിച്ചു. ആവശ്യം അറിഞ്ഞു പെട്ടന്നു തന്നെ എല്ലാം ശെരിയാക്കിത്തന്നതിന്റെ നന്ദി സൂചകമായി ഞാനയാൾക്ക്‌ കുറച്ചു പണം വച്ചു നീട്ടി. എന്റെ മുഖത്തേക്ക്‌ കുറച്ചു നേരം നോക്കിക്കൊണ്ടു അയാൾ ചോദിച്ചു.. “നാൻ എന്ന ഹോട്ടൽ വെയിറ്റർ നെനച്ചിയാ?? പന്റ്ര വേലക്ക്‌ എനക്ക്‌ സാലറി കെടൈക്കുത്‌ ഇന്ത മാതിരി കുടുത്ത്‌ താൻ നമ്മ നാടു ഇന്ദ നിളമയിലെ ഇരുക്ക്‌… നീ പടിച്ചവൻ താനെ !   ഇപ്പടിയെല്ലാം പണ്ണക്കൂടാത്‌.. ”

അൽപം ജാള്യതയോടെ അയാൾക്ക്‌ സലാം പറഞ്ഞ്‌ അവിടെ നിന്നും ഇറങ്ങി. ഓഫിസിലേക്കുള്ള വഴിയിൽ അതു തന്നെയായിരുന്നു എന്റെ മനസ്സിൽ..
കൈക്കൂലിയോ സൗജന്യമോ വാങ്ങുന്നവൻ മാത്രമല്ല കൊടുക്കുന്നവനും തെറ്റു ചെയ്യുന്നു.. ഈ സംസ്കാരം വളർത്തുന്നത്‌ നാം തന്നെയല്ലെ??

Leave a Reply