20 C
Bangalore
March 26, 2019
Untitled

കവിതയും വായനയും

ജനിതക രഹസ്യം തേടി
വയറു തുരന്ന പാട്ടുകാരാ, ശബ്ദം,
നിശബ്ദമായൊരു കലയാണ് ഒറ്റവരിയിലേയ്ക്ക്
നമ്മെ കോർത്തിടുന്ന ബിംബം.
ചീവിടു മൂളലിലും ശംഖധ്വനികളിലും നമ്മളൊഴുകി നടക്കുമ്പോൾ
ജീവന്റെ വൈരുദ്ധ്യങ്ങൾ ഊതി നിറച്ച ജീവന കല.
മൺവെട്ടിത്തുമ്പിലൂടെ
ഊർന്നു വീഴുന്ന ജല മുകുളങ്ങൾ
മഴച്ചിലമ്പലിലേയ്ക്ക്
വീണു ലയിക്കുമ്പോൾ ഞാനൊരാസ്വാദകനാണ് . . . .
പ്രപഞ്ച താളത്തിന്റെ ലയ ചാതുരിയിലേയ്ക്ക്
നനഞ്ഞിറങ്ങുന്ന
ഏകാകിയായ ഭിക്ഷു .
ഒച്ചിഴയുന്ന സമതലങ്ങളൊരു ദൃശ്യമാണ്
ശബ്ദതരംഗ രേഖകളുടെ നേർ ചിത്രം.
ഉടൽ വരമ്പുകളുടെ ഭൗതികതയിൽ
ശബ്ദമെന്ന മിഥ്യ തിരയരുത്.
ഭാരമൊഴിഞ്ഞ് പരസ്പരമുടയുന്ന
നിശബ്ദതയിലെ സ്ഫോടനമാണ് ശബ്ദം.
ചെവി കൂർപ്പിക്കുക
സൂക്ഷ്മതയുടെ സൂചിമുനകളിരമ്പുന്ന കടലൊഴുക്കുകളറിയുക
ഇടറി വീഴുമിലയ്ക്കും
ഞാന്നു താഴുന്ന പുഴു വേഗത്തിനുമിടയിൽ നേർത്തൊരു ശ്രുതിയുണ്ട്.
ഉടൽ മറന്ന് നീയറിയുക,
നമ്മളറിയാതെ പോവുന്ന
നിശ്ചലതകളിലെ ചലനങ്ങളാണ്
ശബ്ദമെന്ന തംബുരു .

കവി : ശ്രീ. സജി കല്യാണി.

ഒരെഴുത്തുകാരൻ ജീവിതത്തിലേയ്ക്ക് നോക്കുന്ന നോട്ടം എഴുത്തിലേയ്ക്ക് തിരിച്ചു വിടുമ്പോൾ ഭാവനയുടെ വാതായനങ്ങൾ അതിൽ ചിലപ്പോൾ അതിശയോക്തി കലർത്തിയെന്നു വരാം. അങ്ങനെ സംഭവിച്ചിട്ടുണ്ട് സംഭവിക്കുകയും ചെയ്യും. അവിടെയാണ് വൈക്കം മുഹമ്മദ് ബഷീറെന്ന കുലപതിയുടെ പ്രസക്തി.
“എനിക്കെഴുതാൻ ആഖ്യയും ആഖ്യാ തവും വേണ്ടാ അനുഭവങ്ങളുള്ളിടത്തോളം ” എന്ന അദ്ദേഹത്തിന്റെ അഭിപ്രായം എഴുത്തിലെ അതിശയോക്തിയെക്കാറ്റിൽപ്പറത്തുന്നു. പി. കുഞ്ഞിരാമൻ നായർ കവിതയിൽ ക്കൊണ്ടാടിയ വസന്തോത്സവവും കക്കാടൊരുക്കിയ ഭ്രമാത്മകമല്ലാത്ത ഭാവനയും ജീവിതത്തോടടുത്തു നിൽക്കുമ്പോഴും നോവു തിന്നുനൊന്തെഴുതി നോവിച്ചു വായിപ്പിച്ച ഏ. അയ്യപ്പൻ ഏകാകിയാകുന്നു. അനുഭവങ്ങളിൽ ജീവിതവും ജീവിതത്തിലെ അനുഭവങ്ങളും തുല്യം ചാർത്തിച്ചേർത്തെടുത്തു എല്ലാക്കവിതകളും മലർക്കെത്തുറന്ന മനസ്സുമായി ഇരുകരങ്ങളും നീട്ടിത്തന്നെയാണ് മലയാളം സ്വീകരിച്ചത് . നവ മലയാള കവിതയുടെ നാലതിരുകൾക്കുള്ളിൽ ജീവിത തീക്ഷ്ണതയുടെ അക്ഷരപ്പെരുക്കങ്ങൾ ധാരാളമുണ്ട്. അനുഭവം അതിന് ജന്മ സിദ്ധമായ മാർച്ചട്ട പോലെയാണ്. കണ്ടറിഞ്ഞ് അനുഭവിച്ചു വേർതിരിച്ച് ആത്മാവിനെ അലകടലുപോലെ മേയാനയച്ച് അതിൽ ഉടലെടുക്കുന്ന തോന്നലുകൾ അതായത്;ജീവിതത്തിന്റെ തനതായ പരുക്കൻ യാഥാർത്ഥ്യങ്ങളെ മെരുക്കിയെടുക്കാനുള്ള അത്യദ്ധ്വാനത്തിന്റെ ഇട നിമിഷങ്ങളിലെ ഉറവ പൊട്ടിയ തെളി നീരെന്നു തോന്നിപ്പിക്കുന്ന വിയർപ്പു ചാലുകളിലെ വർണ്ണക്കണ്ണാടിയിൽ തെളിയുന്ന നേരുകളിൽ നിന്നും കവിതയൊരുക്കുന്നൊരു കവിയുണ്ടിവിടെ !!!
അവൻ മണ്ണിൽ നിന്നു മാറി നിൽക്കാത്തവൻ
അല്ലെങ്കിൽ അതിന് സാധിക്കാത്തവൻ.
ജീവിതം നേരേ നിർത്തുന്നതിനായി ഭൂമി ഉറയൂറുന്നതുവരെ തുരന്നിറങ്ങി തിരിച്ചു മുകൾപ്പരപ്പിലെത്തി പുറത്തുവിടുന്ന നിശ്വാസത്തിന്റെ നേർത്ത ശബ്ദ വിന്യാസത്തിലൂടെപ്പോലും സ്വന്തം ജീവിതത്തിന്റെ അനുഭവ സാക്ഷ്യങ്ങളുടെ കവിത കുറിക്കുന്നവൻ . . . . . .
അവൻ . . . . . അവനാണ് . . . സജി കല്യാണി.
‘ശ്രുതി രഹസ്യം ‘ എന്ന കവിത വസ്തു നിഷ്ഠമായിപ്പറഞ്ഞാൽ ഒരു നൈരന്തര്യമാണ്. ശബ്ദം എന്ന സ്ഥായി അതിന്റെ ഏറ്റവും സൂക്ഷ്മ രൂപാവസ്ഥ മുതൽ പല രൂപങ്ങളിലും അതിന്റെ ആവൃത്തി കേൾപ്പിക്കുന്നുണ്ടിതിൽ. ഇവിടെ ശബ്ദം ആദ്യമെത്തുന്നത് ഒരു കലയായാണ്. അതും നിശബ്ദമായൊരു കലയായി. ഇവിടെ നിശബ്ദ കലയെന്നത് വിശപ്പാണ്. ഈ നിശബ്ദതയെ ശബ്ദായ മാനമാക്കുന്നുണ്ട് കവി. അതും ഒരു പാട്ടുകാരനിലൂടെ. പാട്ടുകാരൻ വെറും പാട്ടുകാരനല്ല. ജനിതക രഹസ്യം തേടി വയറു തുരന്ന പാട്ടുകാരൻ. ഈച്ചിത്രത്തിൽ ഏത് നിശബ്ദതയാണ് ശബ്ദമാകാത്തത്. ചീവിടു മൂളലും ശംഖധ്വനിയും മാനുഷികതയുടെ ഏതവസ്ഥയിലാണ് മാറ്റി നിർത്താനാവുക. ഉഷ സന്ധ്യയും രാത്രിയും കവി കലാപരമായ ശബ്ദമുള്ള ചിത്രമായി വരച്ചു ചേർത്തു.
“മൺവെട്ടിത്തുമ്പിലൂടെ ഊർന്നു വീഴുന്ന ജല മുകുളങ്ങൾ
മഴച്ചിലമ്പലിലേയ്ക്ക് വീണു ലയിക്കുമ്പോൾ ഞാനൊരസ്വാദകനാണ് ”
എന്ന വരികൾ എന്തെല്ലാം സാധ്യതകളാണ് ‘ശ്രുതി രഹസ്യം ‘ എന്ന കവിതയ്ക്ക് നൽകുന്നത്. ഒരു ദിവസത്തെ മൂന്നായി വിഭജിച്ച് ശംഖ ധ്വനി ഒന്നാം പാദവും ചീവീടു മൂളൽ അവസാന പാദവുമാക്കിയാൽ ഇടയിൽ വരുന്ന മദ്ധ്യപാദം എന്ന അദ്ധ്വാനിക്കുന്ന സമയത്തെ എത്ര കാവ്യാത്മകവും ലോകോത്തര സാഹിത്യത്തിന്റെ ഏത് ശ്രേണിയിലേയ്ക്കും എടുത്തു വയ്ക്കാവുന്നതുമായ രൂപക സൗന്ദര്യവുമായാണ് സജി കല്യാണി
” മൺവെട്ടിത്തുമ്പിലൂടെ ഊർന്നു വീണ ജല മുകുളങ്ങൾ ”
എന്ന കുഞ്ഞു വരിയിലൂടെ കൊരുത്തു കെട്ടിയത്. വിയർപ്പ് എന്ന ഒറ്റവാക്കിന് വിവരണാത്മകവും സചേതനവുമായ ഒരു രീതിശാസ്ത്രം നവ കവിതയുടെ ഭാവുകത്വ പരിണാമം എന്നൊക്കെ വിളിച്ചാലും അതൊന്നും അധികമാവില്ല. ” ജല മുകുളങ്ങൾ ” “മഴച്ചിലമ്പൽ ” തുടങ്ങി പ്രയോഗ സൗന്ദര്യങ്ങൾ. അദ്ധ്വാന ഭാരം ഘനീഭവിച്ച് ശരീര മഴ പെയ്യുമ്പോൾ അതിനു മുകളിലേയ്ക്കു വീഴുന്ന പ്രകൃതി മഴയിൽ ആശ്വാസം കണ്ടെത്തുന്നവനെ ആസ്വാദകനായിക്കാണുന്ന അപാരമായ കവിത്വ സിദ്ധി തുടങ്ങി എണ്ണം പറഞ്ഞ സാധ്യതകൾ. മഴയുടെ ശ്രുതി രഹസ്യം ശ്രീ രാഗമാണെന്ന ഭർതൃഹരിയുടെ വചനത്തിന്റെ കൃത്യമായ സാധൂകരണമാണ് സജി കല്യാണിയുടെ ‘ശ്രുതി രഹസ്യം ‘അതു കൊണ്ടാണ് കവി;
“പ്രപഞ്ച താളത്തിന്റെ ലയ ചാതുരിയിലേയ്ക്ക്
നനഞ്ഞിറങ്ങുന്ന ഏകാകിയായ ഭിക്ഷു ”
ആകുന്നത്. ഇവിടെ ശബ്ദം പരിണാമ ദശകൾ പലതു കടന്നു പോകുന്നുണ്ട്. ശബ്ദമില്ലാത്ത സ്ഥലങ്ങളിലൂടെ വരെ. ഭാരമൊഴിഞ്ഞ് പരസ്പരമുടയുന്ന നിശബ്ദതയിലെ സ്ഫോടന മാകുമ്പോൾ ശബ്ദം പൊട്ടിത്തെറിക്കുന്നതാകുന്നു. ” സൂക്ഷ്മതയിലെ സൂചിമുന “യിലെത്തുമ്പോൾ കവി ഫ്യൂച്ചറി സ്റ്റാവുന്നു. അതായത്; സൂക്ഷ്മതയെന്ന അമൂർത്തതയെ സൂചി മുന കൊണ്ട് ( സൂചിമുന പോലെയുള്ള കാറ്റ് എന്ന് കെ . പി . നിർമ്മൽ കുമാർ) മൂർത്തമാക്കുന്നു. കടലിന്റെ ശബ്ദം ഒഴുക്കാണ് കവിതയിൽ. ഇടറി വീഴുന്ന ഇലയുടെയും പുഴയുടെയും ശബ്ദം ശ്രുതിയാണ്. നിശ്ചലതയിൽ ഇക്ക വിക്ക് ശബ്ദം ചലനമാണ്.
ഉറപ്പിച്ചു കൊള്ളുക നവ കവിതയുടെ ഭാവുകത്വ പരിണാമം സജി കല്യാണിയിലൂടെയും. അഭിമാനിക്കാം നമുക്ക് ഇക്കവിയെ യോർത്ത്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.