27.1 C
Bengaluru
January 17, 2020
Untitled

കണ്ണുകൾ

അന്തിചോപ്പു പടർന്ന മാനത്തു കൂടണയാൻ പറക്കുന്ന പറവകളെ നോക്കി അവൾ ആഞ്ഞു നടന്നു . വേഗമെത്തണം. ഇന്നിത്തിരി വൈകിയിരിക്കുന്നു. മാറോടടക്കിപ്പിടിച്ച പുസ്തകങ്ങളോടവൾ പറഞ്ഞു, ഇനിയൊരിക്കൽ കണ്ടുമുട്ടാമെന്ന്.6 മണിക്ക് വായനശാല അടച്ചാൽ പിന്നീടൊരു സൂര്യോദയം കാക്കണം പുതിയൊരു പുസ്തകം കിട്ടാൻ. കൂട്ടിനൊരു എഴുത്തുകാരനില്ലാത്ത രാത്രി.. അതോർക്കാൻ കൂടി വയ്യ. തീവ്രപ്രണയമാണത്. വീട്ടുകാരെ ധിക്കരിച്ചു , മച്ചിലൂടെ തട്ടിന്പുറത്തു വലിഞ്ഞു കയറി , കോണി മുകളിലേക്ക് വലിച്ചു വെച്ച് , പുറത്തുനിന്നു വരുന്ന വിളികളെയും പിന്നീട് കിട്ടുന്ന അടികളെയും എല്ലാം വിസ്മരിച്ചുകൊണ്ടുള്ള പ്രണയം. അവരുടെ ഓരോ വാക്കും പൂമഴയായും , കണ്ണീരായും , നെടുവീർപ്പുകളായും ആ മഞ്ഞ ബൾബിനു കീഴിലിരുന്നു സ്വന്തമാക്കുമ്പോൾ ഉണ്ടാകുന്ന ആത്മസംതൃപ്തി…
രാധച്ചേച്ചി വായനശാല അടക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ഉന്മാദം കൊള്ളിക്കുന്ന ആ പുസ്തകങ്ങളുടെ പഴയ ഗന്ധം ആവാഹിച്ചുകൊണ്ടു അലമാരയിൽ തൻറെ പ്രിയപെട്ടവരെ അവൾ തിരഞ്ഞു..പ്രണയിച്ചുപേക്ഷിച്ച പഴയ കാമുകന്മാർ വീണ്ടും പ്രലോഭിപ്പിക്കുന്നുണ്ടെങ്കിലും, പുതിയ ഒരാളെ തേടി അവൾ പരതി . അവളുടെ പ്രണയത്തിന്റെ തീവ്രത അറിയാവുന്ന രാധച്ചേച്ചി അവൾക്കുമാത്രം മൂന്നുപുസ്തകങ്ങൾ നൽകാറുണ്ട്, നിയമവിധേയമല്ലെങ്കിലും. ഒടുവിൽ, തിരഞ്ഞെടുത്തവരെ തടിച്ച പുസ്തകത്തിൽ രേഖപെടുത്തി പുറത്തേക്കു നടക്കുമ്പോൾ, ആകാംക്ഷ അടക്കാനാവാതെ തുടക്കവും ഒടുക്കവും മറിച്ചു നോക്കി അവൾ നടന്നു.
മനയ്ക്കലെ പടിക്കലെത്തിയപ്പോൾ പതിവുപോലെ അറിയാതെ നടത്തം പതുക്കെയായി. അവിടെ എന്നും കാത്തുനിൽക്കുന്ന രണ്ടു കണ്ണുകളുണ്ട്. തീവ്ര പ്രണയം മുറ്റിനിൽക്കുന്നവ. എന്നും കാണാറുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ടതായി ഭാവിച്ചിട്ടില്ല.വൈകിയായാലും നേരത്തേയായാലും ആ കണ്ണുകൾ അവിടെ ഉണ്ടാകും. ആകസ്മികമായി നേരിൽ കാണുമ്പോൾ അവളാ കണ്ണുകളിലേക്കു ഉറ്റു നോക്കാറുണ്ട്. എന്നാൽ ഒരിക്കൽ പോലും അവളുടെ കണ്ണുകളെ നേരിടാനുള്ള ശക്തി അവന്റെ കണ്ണുകൾക്കുണ്ടായിരുന്നില്ല. കോളേജിലും ഇത്തരം കണ്ണുകൾ അവൾ കാണാറുണ്ട്. അവയ്ക്കും അവളുടെ കണ്ണുകളെ തോൽപ്പിക്കാൻ ശക്തി ഉണ്ടായിരുന്നില്ല. കൂട്ടുകാരായ ആൺകുട്ടികൾ അവളുടെ കണ്ണുകളിലെ തീക്ഷ്ണതയെ പറ്റി കളിയാക്കാറുണ്ട്. എന്നാൽ കുസൃതി നിറഞ്ഞ ചിരിയോടെ അവൾ ആ കണ്ണുകളെയെല്ലാം എന്നുമെന്നും തോൽപ്പിച്ചു കൊണ്ടിരുന്നു. നേർത്ത അഹങ്കാരത്തോടെ അവളതു തന്റെ പ്രിയപ്പെട്ട മനസ്സിനോട് പറഞ്ഞു ചിരിച്ചു.
ഇന്നും അവനവിടെയുണ്ട്. ഇടംകണ്ണിട്ടു നോക്കിയപ്പോൾ തന്നെമാത്രം നോക്കി പരിസരം മറന്നു നിൽക്കുന്ന അവനെ കണ്ടപ്പോൾ അവൾക്കു ചിരി വന്നു. ‘അപ്പൂ ‘ സുമിത്രേടത്തി ഉച്ചത്തിൽ വിളിക്കുന്നത് കേട്ട് . ബദ്ധപ്പെട്ടു, നഷ്ടബോധത്തോടെ ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കി പോവുന്ന അവനെ ഒരു ചെറുചിരിയോടെ അവൾ നോക്കിനിന്നു.
പുസ്തകങ്ങൾ മേശപ്പുറത്തു വെച്ച് വേഗം മേൽക്കഴുകൻ പോവുമ്പോഴും, ഇതിലെന്തായിരിക്കും കാത്തിരിക്കുന്നുണ്ടാവുക എന്ന ചിന്ത വീണ്ടും നാലഞ്ചു താളുകൾ കൂടി മറിച്ചുനോക്കാൻ അവളേ പ്രേരിപ്പിച്ചു. വൈകിട്ട്, അമ്പലത്തിലെ ദീപാരാധന തൊഴുതു നിൽക്കുമ്പോൾ ഇടം കണ്ണിലൂടെ വീണ്ടും അവൾ ആ കണ്ണുകൾ കണ്ടു. തുറന്നുപറയാൻ ധൈര്യമില്ലാത്ത പ്രണയങ്ങളെ പുച്ഛ മായിരുന്നു അവൾക്ക്. തീവ്രനോട്ടംകൊണ്ടു തോൽപ്പിക്കുമ്പോൾ ഒരു ഭീരുവിനെ നേരിട്ട് തോൽപ്പിക്കുന്ന വാശിയായിരുന്നു. കൽ വിളക്കുകൾ നിറഞ്ഞ പ്രദക്ഷിണ വഴിയിൽ വീണ്ടും ആ കണ്ണുകളെ അവൾ നേരിട്ടു .
രാത്രിമുഴുവൻ വായനയും , വായിച്ചുതീർത്ത കഥാപാത്രങ്ങൾക്കൊപ്പമുള്ള സ്വപ്നസഞ്ചാരവും കഴിഞ്ഞാൽ എന്നും വൈകും ഉണരാൻ. അമ്മമ്മയുടെ പിറുപിറുക്കൽ അടുക്കളയിൽ നിന്നും ഉച്ചസ്ഥായിയിലായപ്പോൾ കിടക്ക വിട്ടെണീറ്റു. വായിച്ച പുസ്തകം ഭദ്രമായി തിരിച്ചുവെച്ചു വായിക്കാത്തത് കോളേജുബാഗിലേക്കു വെച്ച്, കോസറി മടക്കിവെച്ചു കുളിമുറിയിലേക്കോടി. ധൃതിയിൽ വേഷം മാറി, ഒരു കുഞ്ഞുപൊട്ടുതൊട്ടു, മുടി ഒന്ന് കുളിപ്പിന്നലിട്ടെത്തിയപ്പോളേക്കും അമ്മമ്മ ദോശയും ചട്ണിയുമായി പിന്നാലെ കൂടി. വായിൽ വച്ചുതരുന്ന ഓരോ ദോശകഷ്ത്തോണത്തോടൊപ്പം ഒരുപാടു പരിഭവങ്ങളും… തന്നെ കാത്ത് ഉമ്മറത്ത് നിക്കുന്ന ദേവൂനോടവൾ കണ്ണിറുക്കി. ദേവ് ഇന്നും നന്നായി അണിഞ്ഞൊരുങ്ങീട്ടുണ്ട്. മുടി ഭംഗിയായി പിന്നി, കണ്ണെഴുതി, പൗഡറിട്ടു, സ്റ്റിക്കർ പൊട്ടുതൊട്ടു സുന്ദരിയായി… നിനക്കൊന്നും മനുഷ്യകോലത്തിൽ നടന്നൂടെ എന്ന അമ്മമ്മേടെ ചോദ്യത്തെ ഒരു ചിരികൊണ്ടു അവഗണിച്ചു തോൾസഞ്ചിയും തൂക്കി ദേവൂനൊപ്പം നടന്നു തുടങ്ങി അവൾ.
വഴിയോരത്തു വേലിക്കൽ കൂത്താടിയും കോളാമ്പിയുമെല്ലാം ഉലഞ്ഞാടുന്നുണ്ട്. ‘ഒരുനിമിഷം’ ദേവൂനോടവൾ പറഞ്ഞു. വേലിക്കലെ ഒരു കോളാമ്പിപ്പൂവിലേക്കവൾ ചെവിയോർത്തു. ഇന്നലെ വൈകിട്ട് അതിലൊരു വലിയ മണിയനീച്ച കുടുങ്ങീരുന്നു. എപ്പോഴോ,തേനുണ്ട് മയങ്ങീതാ , പൂ താനെ കൂമ്പിയപ്പോ ഉള്ളിൽപെട്ടു. ഇല്ല, അവൻ പോയി..നന്നായി എന്തായാലും.. ‘നിനക്ക് വട്ടാ’ ദേവു കളിയാക്കി.
ആലിമാപ്ളേടെ കട കടന്നുപോവുമ്പോൾ ആ കണ്ണുകൾ അവിടെയും. ദേവൂനെന്തോ ഒരു നാണം. ‘ ഞാൻ നിന്നോടൊരു കാര്യം പറ യട്ടെ’ അവൾ മൂളി. ‘ മനയ്ക്കലെ സുമിത്രേടത്തീടെ അപ്പൂല്ല്യേ , അവനെന്നോടെന്തോ പ്രത്യേകതണ്ട് , എന്നും നമ്മൾ പോവുമ്പോ ഈ കടേടെ മുന്നിലും വൈകിട്ട് ബസ്സ്റ്റോപ്പിന്റ്റെടുത്തും അവൻ എന്നെ കാത്തുനിക്കാറുണ്ട്. ചിലപ്പോ കൂറ്റനാട് വരെ ബസിലും പിന്നാലെ വരും ന്നിട്ട് ഇങ്ങനെ നോക്കിയിരിക്കും. എന്നോട് പ്രേമന്നാ തോന്നണേ.’ അവളുറക്കെ ചിരിച്ചു ,ശരിയെന്നപോലെ. പിന്നീടെന്നും ദേവൂന്റെ വാക്കുകളിൽ അവനായിരുന്നു. അവനോടൊപ്പമുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും. എനിക്കൊരു പുതുമയും തോന്നിയില്ല. ഇതുപോലെ ഒരുപാടു പേരെ പറ്റി അവൾ പ്രതീക്ഷിച്ചിരുന്നു പലപ്പോഴും. ഈ അമ്മമ്മക്കറീ ല്ലല്ലോ ദേവു അണിഞ്ഞൊരുങ്ങുന്നതു പല അപ്പുമാരെ കാണിക്കാനാണെന്ന് .
ആ കണ്ണുകൾ.. അതെന്നും പിന്തുടർന്നുകൊണ്ടേയിരുന്നു. നേരിൽവന്നാൽ പതറുന്ന. എന്തോ പറയാനാഞ്ഞു പണിപ്പെട്ടു നിയന്ത്രിക്കുന്ന ചുണ്ടുകൾ.. ആ മുഖം എന്നും അവളിൽ ചിരിയുണർത്തി..അവളപ്പൊഴും പുസ്തകങ്ങളെ പ്രണയിച്ചു. പിന്നീടെപ്പോഴോക്കെയോ ആ നോട്ടം ശക്തമാവാൻ തുടങ്ങുന്നതും തന്റെ നോട്ടത്തിനെ ശക്തി കുറയുന്നതും അവളറിയാൻ തുടങ്ങി. തൃക്കയിലെ കൃഷ്ണനോടാവൾ പരിഭവിക്കാൻ തുടങ്ങി. ഒന്നും ചോദിക്കാതിരുന്നിരുന്ന അവൾ യാചിക്കാൻ തുടങ്ങി..’എന്നെ വിട്ടുകൊടുക്കല്ലേ. നിയന്ത്രിക്കണെ’ പുസ്തക വായനക്ക് പതിവിലേറെ സമയമെടുക്കാൻ തുടങ്ങിയപ്പോൾ ഒരുൾക്കിടിലത്തോടെ അവളറിഞ്ഞു , ‘ഞാൻ മാറുന്നു ‘
അന്നൊരു ഞായറാഴ്ചയായിരുന്നു. ഉണർന്നതേ വൈകി. പുറത്തു അയൽക്കാരും അമ്മമ്മയും കൂടി പതുങ്ങിയ പതുങ്ങിയ ശബ്ദത്തിൽ എന്തോ ചർച്ചയാണ്. ഇന്നമ്മയും .ഉണ്ട്.ലീവാണല്ലോ.വെറുതെ ചെവിയോർത്തു.’സുമിത്രേടെ കാര്യമാണ് കഷ്ടം . ഒന്നേണ്ടാർന്നുള്ളു. ഇന്നലെ ദീപാരാധനക്കു മുന്നേ അമ്പലക്കുളത്തിൽ കുളിക്കാനിറങ്ങീതത്രെ. ആരും അറിഞ്ഞില്ല്യ. അപസ്മാരയിരുന്നൂന്നു തോന്നുന്നു.രാത്രിമുഴുവൻ എല്ലാടത്തും തിരഞ്ഞൂത്രേ..ഇതാര് നിരീക്കാനാ. രാവിലെ കണാരൻ കുളിക്കാനിറങ്ങീപ്പോ പൊന്തിക്കിടക്കണതാണത്രെ കണ്ടത്.കഷ്ട്ടായിപ്പോയി….
മനസ്സിലെവിടെയോ ഇരുട്ട് നിറയുന്നതും കണ്ണിന്റെ തീഷ്ണത കണ്ണീരിനാൽ കെട്ടണയുന്നതും… അതിലെവിടെയോ ആ നോട്ടം തെളിഞ്ഞു വരുന്നതും അവൾ കണ്ടു..തൃക്കയിലെ കൃഷ്ണൻ അപ്പോൾ ഊറിച്ചിരിക്കുന്നുണ്ടായിരുന്നു
~രതി അരുൺ

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.