23.7 C
Bengaluru
June 11, 2020
Untitled

കണ്ണീരുറവകള്‍

പിറകുവശത്തെ ഡോറില്‍ തൂങ്ങിയാടാന്‍ ഇന്നിനി ആരും മുതിരില്ല. എല്ലാവരും യുണിഫോമിന്‍റെ ബലത്തില്‍ പേടിച്ചു ഒതുങ്ങുന്ന പാവം പോലീസുകാരന്‍ രാജന്‍ സര്‍ ഡ്യൂട്ടി കഴിഞ്ഞ് ബസ്സിലേക്ക്. അന്നത്തെ സാമാന്യം തിരക്ക് നിറഞ്ഞ ഡ്യൂട്ടി കഴിഞ്ഞ് ബസ്സില്‍ കേറിപ്പറ്റുമ്പോള്‍ ഒരേ ഒരു ആഗ്രഹമേ ഉള്ളൂ. ബസ്‌ സ്റ്റാന്‍ഡില്‍ എത്തും വരേ സുഖമായി ഉറങ്ങണം. 2 ദിവസത്തെ അടിപ്പിച്ചുള്ള മന്ത്രിമാരുടെ വരവും പോക്കും പിന്നെ കുറെ നൂലാമാലകളും ആയി ഉറക്കം കയാലപ്പുറത്തെ തേങ്ങ പോലെ ആയിരുന്നു.

രാഷ്ട്രീയ പിന്ബലം ഇല്ലാത്തതുകൊണ്ടും, ആരുടേയും ഏറാന്മൂളി ആവാന്‍ കഴിയാത്തത് കൊണ്ടും വകുപ്പ് തല ടെന്നീസ് ടൂര്‍ണമെന്റ്റില്‍ പെട്ട് അവസാനം ആറാമത്തെ സ്ഥലത്ത്,അല്പം കൂടെ ഭേദപെട്ട തൃശൂര്‍ ടൌണില്‍ കിട്ടിയിട്ട് ആഴ്ച ഒന്ന് തികയുന്നെ ഉള്ളൂ. ഇന്സ്പെക്ടര്‍ ഭരതന്‍ സാറിന്‍റെ വാക്കില്‍ പറഞ്ഞാല്‍ “ എടോ ഈ ഓണംകേറാമൂലകളാ മ്മക്ക് പറ്റ്യേ സ്ഥലം. ടൌണിലായാ റിസ്ക്‌ ജാസ്ത്യാ. ച്ചിരി മിണ്ണുങ്ങാന്‍ കൂടെ ടൈം കിട്ടില്ല…”

ജലസേവയെക്കുറിച്ചാണ് വിദ്വാന്‍ പറയുന്നത് എന്ന് കരുതി ചിരിച്ചു നടന്നു നീങ്ങിയപ്പോളും ഇങ്ങനെ ഉണ്ണാവ്രതം എടുക്കേണ്ടി വരും എന്ന് കരുതിയില്ല. 2 ദിവസം അടുപ്പിച്ചു ഡ്യൂട്ടി. ആകെ ഭക്ഷണം രാവിലെ കഴിച്ച ബ്രേക്ക്‌ഫാസ്റ്റ് പിന്നെ ഒരു സമാധാനത്തിനു കാലിച്ചായയും ബിസ്ക്കറ്റും 2-3 മണിക്കൂര്‍ കൂടുമ്പോ..

സ്ത്രീകളുടെ മുന്കാല പ്രാബല്യമുള്ള സീറ്റുകള്‍ കഴിഞ്ഞ് പിന്നെ കണ്ട ഒഴിഞ്ഞ സീറ്റില്‍ അങ്ങ് ഇരുപ്പുറപ്പിച്ചു. കണ്ടക്ടര്‍ ഇടം കണ്ണിട്ട് നോക്കുന്നുണ്ട്. 2 ദിവസത്തെ ഇടവേളക്ക് ശേഷം ആണലോ കാണുന്നത്. അതായിരിക്കാം. അല്ലെങ്കില്‍ ഇനി പൈസ കിട്ടിയില്ലെങ്കിലോ എന്ന ശങ്കയും കാണും. അയാള്‍ വേഗം പേഴ്സില്‍ നിന്ന് ഒരു 20 രൂപാ നോട്ടെടുത്ത് കൈയില്‍ പിടിച്ചു. ഇളിഞ്ഞ മുഖവുമായി കണ്ടക്ടര്‍ അതാ ഹാജര്‍. കാശ് വാങ്ങിയിട്ട് ബാക്കി നല്കി അയാള്‍ വീണ്ടും അപ്രത്യക്ഷനായി.

കൂട് വിട്ടു കൂട് മാറല്‍ തുടങ്ങിയിട്ട് വര്ഷം 10 ആവുന്നു. കുടുംബം എന്ന സോ കോള്‍ഡ് ചട്ടകൂട്ടിലേക്ക് സിന്ധു വന്നിട്ട് 6 വര്ഷമായി. പരിഭവം ഇല്ലാതെ അമ്മക്ക് ഒപ്പം അവള്‍ നാട്ടില്‍. ഏതൊരു ഒഴിവുകാലവും കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കാന്‍ പറയുന്നു ഒരു കുഞ്ഞുടുപ്പു തുന്നാന്‍.. മരുന്നുകള്‍.. യാത്രകള്‍.. വഴിപ്പാടുകള്‍ … എല്ലാം.. മുറ തെറ്റാതെ ചെയ്തിട്ടും.. ഫലമില്ലാതെ.. ഒടുക്കം ഒരു
നിര്‍വികാരതയുടെ പുതപ്പിട്ടു ഉറക്കം നടിക്കുന്നു.

ഓര്‍മ്മകള്‍ എല്ലാം കോരിയെടുത്തു ഒരു ഒഴുക്കില്‍ തള്ളിവിട്ട അയാള്‍ പിന്നെ കണ്ണ് തുറന്നത് മൊബൈല്‍ഫോണ്‍ വൈബ്രെഷന്‍ മൂലമാണ്. സിന്ധു വിളിക്കുന്നു. കാള്‍ ബട്ടണ്‍ അമര്ത്തി ഫോണ്‍ ചെവിയോടു ചേര്ത്തു പിടിച്ചു. സീറ്റുകള്‍ കസേരകളിയിലെന്നപോലെ മാറി മറിയുന്ന ലോക്കല്‍ ബസില്‍ മുന്സീറ്റിലെ കോളേജ് കുമാരികള്‍ റീപ്ലേസ്ഡ്. പകരം മോണ കാട്ടി ചിരിക്കുന്ന ഒരു കുഞ്ഞും അവളുടെ അമ്മയും.
“രാജേട്ടാ……..ഇങ്ങള്‍ എവട്യ? ഡ്യൂട്ടി കഴിഞ്ഞാ?” ഇത്തിരി പതം വന്ന സ്വരം. “ഉവ്വ്…. ഞാന്‍ ബസ്സിലാ ..ന്ത്യെ?” ഉറക്കം തളര്ത്തിയ നാവുമായി അയാള്‍ മൊഴിഞ്ഞു.
“അത്യേ..ഒരു സന്തോഷവാര്ത്തായിണ്ട്. ഇത്രേം നേരം കാത്തിരിക്കാര്‍ന്നു ”
“എന്താ ത്രക്ക് സന്തോഷം? നിനക്ക് ലോട്ടറിയടിച്ചോ?”

മുന്സീ്റ്റിലെ കുഞ്ഞു അമ്മയുടെ തോളത്ത് കിടന്നു രാജന്‍ സാറിന്‍റെ ചുണ്ടനക്കങ്ങള്‍ ശ്രദ്ധിച്ചിരുപ്പാണ്. അവള്‍ ഒരു കൈ കൊണ്ട് സീറ്റിന്റെ കമ്പിയില്‍ മുറുക്കെ പിടിച്ചിരിക്കയാണ്‌. ചെറിയ പുഞ്ചിരിയോടെ രാജന്‍ സര്‍ അതിനടുത്തു പിടിച്ചു. കാന്തികത ആണോ അറിയില്ല,ആ കുഞ്ഞ്, കൈ രാജന്‍ സാറിന്‍റെ കൈയുടെ മുകളില്‍ വെച്ചു.
“ലോട്ടറി ആയി കൂട്ടിക്കോ.. ഇന്നേ ഞാനൊന്നു വയ്യാണ്ട് വീണുവേ.. റേഷന്കടടേടെ അവടെ വെച്ച്.. സീമ കൂടെയിണ്ടാര്ന്നു .. അവരെല്ലാരും കൂടെ ന്നെ ആശുത്രിയില്‍ കൊണ്ടോയി..” പരിഭ്രാന്തിയോടെ അയാള്‍ കൈ എടുത്തുമാറ്റി. അദേഹത്തെ സാകൂതം വീക്ഷിക്കുന്ന കുഞ്ഞാകട്ടെ പെട്ടന്നുള്ള ഭാവമാറ്റത്തില്‍ അല്പം നീരസത്തോടെ രാജന്‍ സാറിനെ നോക്കി.

“ഇയ്യൊന്നു തെളിച്ചു പറയുണ്ടോ സിന്ധോ.. ന്താ ഇണ്ടായേ.. ഞാന്‍ അങ്ങട് വരണോ?” അയാള്‍ വെപ്പ്രാളപെട്ട് ചോദിച്ചു.
“ഇത്ര പറഞ്ഞിട്ടും മനസിലായില്ലേ? ഇങ്ങള്‍ അച്ഛന്‍ ആവാന്‍ പോവാ.. മ്മടെ ദുഖം ഒക്കെ ദൈവം എടുത്തു ഏട്ടാ.. ഇത്തിരികൂടെ ശ്രദ്ധിച്ചാല്‍ കുഞ്ഞിനെ ഭദ്രായി കൈയീ തരാന്നാ ഡോക്ടര്‍ പറേണേ…”

അവള്‍ പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു. ആ കുഞ്ഞ് കൈകൊണ്ട് കാറ്റിനെ പിടിക്കുംപോലെ തന്നെ മാടി വിളിക്കുന്നു. ആദ്യമൊന്നു മടിച്ചെങ്കിലും മെല്ലെ മുഖം മുന്നോട്ടാഞ്ഞു. ആ മൃദുലമായ കുഞ്ഞികൈയാല്‍ അവള്‍ അയാളുടെ മീശ പിടിച്ചു. നിറഞ്ഞ പുഞ്ചിരി അവരിലിരുവരിലും. ഒരാളുടെ കണ്ണ്‍ നിറഞ്ഞു തുളുമ്പുന്നു. മറ്റൊരാള്‍ സന്തോഷംകൊണ്ട് ഉമിനീരെല്ലാം പാലരുവിപോലെ ഒഴുക്കി.

കുഞ്ഞികരങ്ങള്‍ അയാളില്‍ നിന്ന് അടര്ത്തി മാറ്റപെട്ടത് അയാള്‍ അറിഞ്ഞില്ല. ഭാര്യയുടെ സന്തോഷം നിറഞ്ഞ മുഖവും ഓര്ത്തയാള്‍ സീറ്റിലേക്ക് ചേര്ന്നിരുന്നു. നിര്‍വൃതിയോടെ നിശ്വസിച്ചു.അപ്പോഴും കണ്ണിരുറവകള്‍ വറ്റിയിരുന്നില്ല.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.