27.5 C
Bengaluru
January 17, 2020
Untitled

കണ്മഷി പാടുകള്‍

ഒരു ഉച്ചമയക്കത്തിന്റെ പകുതിയില്‍ ഇരിക്കെയാണ് അറ്റന്‍ഡര്‍ പിഷാരടി വന്നുണര്‍ത്തുന്നത്.
പാതി അടഞ്ഞ കണ്ണിലെ ഉറക്കം വിടാതെ ഡോ:അലക്സ് തല ഉയര്‍ത്തി നോക്കി.

“സാര്‍ ..ഇന്നലെ വിളിച്ച ടീം വന്നിട്ടുണ്ട്.”

“ഞാന്‍ വരാം പിഷാരടി നടന്നൊ.”

മേശപുറത്തു വെച്ച കണ്ണട തപ്പി എടുക്കുന്നതിനിടെ ഡോക്ടര്‍ പറഞ്ഞു.
പുറത്ത് നിര്‍ത്തിയിട്ട ടാക്സിക്കരികിലാ
യി ഒരു കാരണവര്‍ നില്‍ക്കുന്നുണ്ട്.പിഷാരടി അയാളടുത്തേക്ക് ചെന്നു.

“ഡോക്ടറിപ്പൊ വരും.നിങ്ങള് ആ വരാന്തയിലേക്ക് കേറി നിന്നോളു.”

അതും പറഞ്ഞ് നടക്കാന് തുടങ്ങവെ പിഷാരടി ഒരിട തിരിഞ്ഞ് ചോദിച്ചു.

“ആരാ കക്ഷി??”

കാരണവര്‍ ഒന്നും മിണ്ടാതെ ടാക്സിയുടെ പിന്‍ സീറ്റിലേക്ക് നോക്കി. പുറകില്‍ ഒരു പ്രായം ചെന്ന സ്ത്രീ ഇരിക്കുന്നു.പുളിയില കരയുള്ള ഒരയഞ്ഞ സാരി.എെശ്വര്യമുള്ള മുഖം.
സ്ത്രീയുടെ തോളില് തല വെച്ച് ഒരു യുവാവ്.ഒരു 30 നടുത്ത് പ്രായം കാണും.സ്ത്രീയുടെ മകനാണെന്ന് ഒറ്റ നോട്ടത്തില് പറയും. യുവാവിന്റെ കവിളത്ത് കണ്മഷികൊണ്ടൊരു കുത്തുണ്ട്.! അതിനു മീതെ ഇട്ട പൗഡര്‍ മായാതെ കിടക്കുന്നു..കണ്മഷി കൊണ്ട് കണ്ണെഴുതാന്‍ ശ്രമം നടത്തിയിട്ടുണ്ട
ണ്ടെങ്കിലും ആകപ്പാടെ പരന്ന അവസ്ഥയാണ്.!
പിഷാരടി അതും നോക്കി ഒന്നിരുത്തി ചിരിച്ച് നടന്നു.

“ഡോക്ടര്‍ വന്ന്ണ്ട്.നമ്മക്കങ്ങട് നടക്കാം.ലക്ഷിമികുട്ട്യേ……”

കാരണവര്‍ കാറിലേക്ക് തല നീട്ടി വിളിച്ചു.
സ്ത്രീ കണ്ണു തുറന്ന് തോളില് തലചായ്ച്ചുറങ്ങുന്ന മകനെ ഉണര്‍ത്തി.

“ഉണ്ണീ…..എണീക്ക്….മോനേ…”

“ആയില്ലമ്മേ….കുറച്ചു നേരൂടീ കിടന്നോട്ടെ ഞാന്‍”

ഉണ്ണി ഒന്നൂടെ തോളിലേക്ക് പറ്റികിടന്നു.

“എന്താ ഈ കുട്ടി കാണിക്കണേ…വേഗം
ഡോക്ടറെ കണ്ട് പോണ്ടെ മ്മക്ക്..?”

കാരണവര്‍ പുറത്തു നിന്ന് കാറിനകത്തേക്ക് വീണ്ടും തലനീട്ടി ഉണ്ണിയെ ഗൗരവത്തോടെ നോക്കി.

“ഉണ്ണീ… ഈ നേരത്ത് നീ ഇങ്ങനായാ കൊറച്ച് കഷ്ടണ്ട്.”

കാരണവര്‍ കാറിന്റെ ഡോര്‍ തുറന്നപ്പോള്‍ മറുത്തൊന്നും പറയാതെ അവന് അമ്മയുടെ കൂടെ ഇറങ്ങി.
കാറില്‍ നിന്നിറങ്ങിയ പാടെ ഉണ്ണിയുടെ കയ്യിലിരുന്ന പാല്‍കുപ്പി ലക്ഷ്മിയമ്മ വാങ്ങിച്ചു.

“അതിങ്ങു തന്നോളു ഞാന്‍ പിടിച്ചോളാം.”

കാരണവര്‍ അവരുമായി ഡോക്ടറുടെ റൂമിലേക്കു നടന്നു.

“ഇരിക്കൂ..”

സ്തെതസ്കോപ്പ് തോളിലിട്ട് മുന്നിലെ ചെയറിലേക്ക് ചൂണ്ടി ഡോക്ടര്‍ പറഞ്ഞു.
ലക്ഷ്മിയേയും ഉണ്ണിയേയും കസേരയില്‍ ഇരുത്തിയ ശേഷം കാരണവര്‍ അടുത്തുള്ള കസേരയിലേക്ക് ഇരിപ്പുറപ്പിച്ചു.

“കാര്യങ്ങളൊക്കെ വിളിച്ച് പറഞ്ഞീര്ന്നല്ലോ….”

കാരണവരുടെ വാക്കുകള്‍ക്ക് ഒരു മൂളല്‍ മാത്രം മറുപടി ആയി നല്കി ഡോക്ടര്‍ യുവാവിനെ നോക്കി.അമ്മയേയും.
അയാള്‍ഡോക്ടര്‍ക്ക് മുഖം കൊടുക്കാതെ തലതാഴ്ത്തി ഇരിക്കുകയാണ്.

“ഇവന് ഒന്നൂല്ല്യ ഡോക്ടറെ വാശ്യാണ്.പിടി വാശി.കുളി കഴിഞ്ഞാ ഉടനെ കണ്ണെഴുതണം.ഇല്ലേല് വഴക്കുണ്ടാക്കും .അതു കഴിഞ്ഞാ പാലു വേണം .ഇല്ലേല് ഉറക്കെ നിലവിളിക്കും.”

ലക്ഷ്മിയമ്മ ഉണ്ണിയുടെ മുടിയില് വിരലോടിച്ചു കൊണ്ട് പറഞ്ഞു.

“അതൊന്നും സാരല്ല്യ..മാറിക്കോളും.ഇതുപോലെ പിടിവാശിള്ള ഒത്തിരിപേരുണ്ടിവടെ.നമ്മുക്ക് പതിയെ മാറ്റിട്ക്കാം.”

ലക്ഷ്മിയമ്മ സമാധാനത്തില്‍ കാരണവരെ നോക്കി.

“കൊറച്ച് ദിവസം ഇവിടെ നില്‍ക്കേണ്ടി വരും.മാറീട്ടു പോകാം”

“അതിനിവന് സമ്മതിക്കുംന്ന് തോന്നണില്ല്യ ഡോക്ടറെ.എന്നെ കാണാണ്ട് ഒരു നേരംപോലും നില്‍ക്കില്ല്യ.എനിക്കൂടെ ഇവന്റെ കൂടിവടെ നിക്കാന്‍ പറ്റ്വൊ??”

“അതിനെന്താ …നമ്മുക്ക് വഴിണ്ടാക്കാം.”

ലക്ഷ്മിയമ്മയുടെ മുഖത്തെ ആശ്വാസ ഭാവം കണ്ട് കാരണവര്‍ പതിയെ തല കുനിച്ചു.
ഡോക്ടര്‍ പിഷാരടിയെ വിളിച്ചു.

“20ആം വാര്‍ഡിലെ മുറി ഒഴിഞ്ഞു കിടക്കല്ലെ പിഷാരടീ…? ഇവരെ അങ്ങോട്ട് കൊണ്ടോയ്കോളൂ…”

പിഷാരടി കാരണവരെയും യുവാവിനെയും നോക്കി പുറത്തേക്കു നടന്നു.
ഇടുങ്ങിയ വരാന്തയിലൂടെ പിഷാരടിയുടെ പിറകെ നടക്കവെ വരാന്തക്കരികിലെ സെല്ലുകളില് നിന്നു കൈ പുറത്തേക്കിട്ട് എന്തൊക്കെയോ പുലമ്പികൊണ്ടിരുന്ന മനോരോഗികളില്‍ കണ്ണുപാകികൊണ്ട് ലക്ഷ്മി പറഞ്ഞു.

“ഇവട്യാണോ ശങ്കരേട്ടാ നമ്മടുണ്ണിയെ ചികില്സിക്കണേ..??!”

“നീ ഒന്ന് മിണ്ടാണ്ട് നടക്ക് ലക്ഷ്മി കുട്ട്യേ…”

പിഷാരടി ഒഴിഞ്ഞു കിടന്ന ഒരു സെല്ലു തുറന്നു.

“ഉണ്ണീടെ ചികിത്സ ഇവിടല്ല.അപ്പുറത്താ..ഇത് കൂടെ നില്കുന്നോര്ക്ക് ഉള്ളതാ…ആരാ കൂടെ നില്കുന്നേച്ചാ ഇവിടിരിക്ക്യാം.”

കാരണവര്‍ നിശബ്ദനായി. ഉണ്ണി താഴ്ത്തി പിടിച്ച തല ഒന്നുയര്‍ത്തി അമ്മയെ നോക്കി.

“ഞാന്‍ നിന്നോളാം.അല്ലേലും എന്നെ കാണാണ്ടായാല് നിലവിളി കൂട്ടില്ലേ നീയ്.എല്ലാം ഭേദായ്ട്ട് നമ്മക്കൊര്മ്മിച്ച് പോവാം തറവാട്ടില്ക്ക്.”

ലക്ഷ്മിയമ്മ നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടെ അകത്തേക്കുകയറി.
പിഷാരടി സെല്ല് താഴിട്ടു പൂട്ടി.

“ഇതിപ്പെന്തിനാ പൂട്ടണേ..??”

ലക്ഷിയമ്മയുടെ ചോദ്യം ഇടുങ്ങിയ ചില ചുമരുകളില്‍ തട്ടി ഇല്ലാതായി.

“ഉണ്ണീടെ അസുഖം മാറണവരെ തറവാട് പൊളിക്കല്ലേന്ന് പറയണേ ശങ്കരേട്ടാ…ഞങ്ങള് വന്നേനേഷം അത് എല്ലാര്ടേം ഇഷ്ടംപോലെ റിസോര്‍ട്ടോ ഹോട്ടലോ എന്താച്ചാ ആക്കാം.”

കാരണവര്‍ ഒന്നും മിണ്ടിയില്ല .ചെറിയ നിശബ്ദതക്ക് ശേഷം അല്‍പം ഇടറിയ ശബ്ദത്തോടെ അയാള്‍ പറഞ്ഞു..

“എല്ലാം അവടെണ്ടാവും..എല്ലാം.”

ഒരുപാട് വേദനയും കണ്ണീരും കണ്ട് മരവിച്ച പിഷാരടി ഭാവ വ്യത്യാസമൊന്നും കൂടാതെ വരാന്തയിലൂടെ നടന്നു.
സെല്ലിനു വിടവിലൂടെ കൈ പുറത്തേക്കിട്ട് ലക്ഷിയമ്മ ഉണ്ണിയുടെ കണ്മഷി പുരണ്ട കവിളില്‍ ഒന്നു തലോടി.

“ഡോക്ടറു പറേണത് അന്സരിക്കണംട്ടൊ കുട്ട്യേ…വികൃതി കാട്ടര്ത്.ഇതു വെച്ചോ…”

ലക്ഷിയമ്മ നീട്ടിയ പാലിന്റെ ബോട്ടിലിലേക്ക്
ഒന്നു നോക്കിയശേഷം ഉണ്ണി തലതാഴ്ത്തി വരാന്തയിലൂടെ നിശബ്ദനായി നടന്നു.

“ഉണ്ണീ…”

പിറകില്‍ നിന്നുള്ള അമ്മയുടെ വിളിക്ക് അവന്‍ കാതുകൊടുത്തില്ല.

“എപ്പഴാ തൊടങ്ങ്യേ…???”

നടന്നു നീങ്ങുന്നതിനിടെ പിഷാരടി കാരണവരോട് ചോദിച്ചു.

“അച്ഛന് കൃഷ്യാര്ന്നു ..കടം കേറ്യപ്പോ ദുരഭിമാനം താങ്ങാനാവാണ്ട് ഉത്തരത്തില് കെട്ടി തൂങ്ങി.!ആകെള്ള മകനാ ഇവന്‍ .എന്‍റെ അനന്തിരവനാ..തറവാട് എറ്ണാകുളത്ത്ള്ള ഒര് കമ്പനി ഏറ്റെട്ത്തു.മന്ഷ്യന്റെ മനസ്സല്ലേ..എല്ലാംകൂടെ താങ്ങാന് പറ്റീണ്ടാവില്ല്യ ആ പാവത്തിന്. ഇവന്‍റെ അച്ഛന്‍ മരിച്ചേ പിന്നെ അവളിങ്ങനാ…ഇവനെ ഒരു ചെറ്യ കുട്ട്യേ പോലാ..അവള്‍..”

കാരണവര്‍ ഒരു ദീര്‍ഘ നിശ്വാസത്തില്‍ എല്ലാം പറഞ്ഞു തീര്‍ത്തു.
കണ്ണീരില്‍ കുതിര്‍ന്ന് ഉണ്ണിയുടെ കവിളിലെ കണ്മഷി കലങ്ങിയിരുന്നു.
ടാക്സി ഹോസ്പിറ്റലില്‍ നിന്ന് പുറത്തേക്ക് നീങ്ങിതുടങ്ങിയപ്പോള്‍ ഇരുളിലെ അഴികള്‍ കണ്ണില്‍ നിന്നു മായുംവരെ അവന് തല നീട്ടി നിറ മിഴിയോടെ നോക്കി നിന്നു.
കവലയിലെത്തിയപ്പോള്‍ കാരണവര്‍ കാറില്‍ നിന്നിറങ്ങി.

“എല്ലാം വിധ്യാണെന്ന് കര്ത്വ കുട്ട്യേ…”

പിരിയാന്‍ നേരം ഉണ്ണിയുടെ കൈ പിടിച്ച് ആ വൃദ്ധന്‍ പറഞ്ഞു.
മരവിച്ച മനസ്സുമായാണ് ഉണ്ണി തറവാട്ടിലേക്ക് കയറി വന്നത്.
അകത്ത് ഭാര്യ പെട്ടികളില്‍ സാധനങ്ങള്‍ നിറയ്ക്കുന്ന തിരക്കിലാണ്.

“എന്തായീ..പോയ കാര്യങ്ങളൊക്കെ ശര്യായൊ..??”

ഭാര്യയുടെ ചോദ്യത്തിന് അയാള്‍ക്ക് മറുപടി ഇല്ലായിരുന്നു..

“ഇതല്ലാണ്ട് വേറെന്താ ചെയ്യാ…ഭ്രാന്തുള്ളോരെ അങ്ങോട്ട് കയറ്റി വിടില്ല്യാലോ…ഷാര്‍ജേന്ന് ഓപ്പോളും ചെറ്യച്ചനും വിളിച്ചിര്ന്നു.അവര് അവിടെ കാത്ത് നില്ക്കും.ഈ അവസ്ഥേല് അവരേലുണ്ടായല്ലോ ആശ്രയത്തിന്.ഭാഗ്യംന്ന് കര്ത്യാ മതി.”

ബാഗിന്റെ സിബ്ബ് വലിച്ചടച്ച് ഭാര്യ തല ചരിച്ച് ഉണ്ണിയെ നോക്കി.

“നിങ്ങളിത് വരെ ആ മുഖത്ത്ള്ളതൊന്നും
മായ്ച്ച് കളഞ്ഞില്ലേ…!! ഈ കോലത്തിലാണോ അവിടുന്നിങ്ങോട്ട് പോന്നത്.?? ദേ..ഞാനൊരു കാര്യം പറഞ്ഞേക്കാം കണ്ടോര്ടെ കാലു പിടിച്ചു വാങ്ങ്യ ജോല്യ…ജീവിക്കാനുള്ള അവസാനത്തെ കച്ചിതുരുമ്പ്.അ
ച്ചനെപോലാവാനാ ഉദ്ദേശെങ്കി…ഞാനെന്റെ പാട്ടിനു പോവും ”

ചൊടിച്ചുകൊണ്ട് റൂമുവിട്ടിറങ്ങിപ്പോയ ഭാര്യയെ നോക്കി ഉണ്ണി ചിന്തയിലാണ്ടിരുന്നു.
റൂമിലെ ഹാന്‍ഗറില്‍ കൊളുത്തിയിട്ട തോര്‍ത്തെടുത്ത് മുഖം തുടച്ചു.ചുളിവു വീണ തോര്‍ത്തിലെ അമ്മ വാരി തേച്ച കണ്മഷി പാടുകളിലേക്ക് നോക്കി .പിന്നെ പതിയെ പുറത്തേക്കു നടന്നു.
അമ്മ കിടക്കാറുള്ള മുറി അടച്ചിട്ടിരുന്നു.

ഉണ്ണീ……എവടെ നീയ്….
അമ്മയുടെ ശബ്ദം അതിനകത്ത് തങ്ങി നില്‍ക്കുന്ന പോലെ അയാള്‍ക്കു തോന്നി.
അവസാനമായി വാതില്‍ തുറന്ന് അവനകത്തു കടന്നു.
തറയില്‍ ചിതറി കിടക്കുന്ന കണ്മഷിക്കും പൗഡറിനുമരികിലായി അമ്മ ഓലകൊണ്ടുതീര്‍ത്തു വെച്ച കളിപ്പാട്ടങ്ങളില്‍ അയാളുടെ ബാല്യം ചിറകറ്റു കിടന്നിരുന്നു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.