27.5 C
Bengaluru
January 17, 2020
Untitled

കണ്ടനും  നീലിയും 

“രണ്ടു  കാളേനീം  വിറ്റു . ട്രാക്ടറോ  അതുപോലുള്ള  എന്തെങ്കിലും  വാങ്ങിക്കാനോ  കഴിവൂല്യ . എങ്ങന്യാ  ജീവിക്യാ ?”-കണ്ടൻ  നീലിയോട് ചോദിച്ചു .

“ദൈവം  എന്തേലും  കണ്ടിട്ടുണ്ടാവും “- അവൾ  ആശ്വസിപ്പിച്ചു .

“ഏതായാലും  ഒന്ന്  പൊറത്തു പോയിട്ട്  വരാ .” കണ്ടാണ് പുറത്തിറങ്ങി .

കറുത്തിരുണ്ട  നീണ്ടു  മെലിഞ്ഞ  ശരീരം . കണ്ടാൽ  വെറുമൊരു എല്ലിൻകൂട് . അതാണ്  കണ്ടൻ !ഇതുവരെ  കണ്ടം  ഉഴുതുമറിക്കലായിരുന്നു  പണി . എപ്പോഴും  കണ്ടത്തിലായതിനാൽ  ആരോ  കണ്ടനെന്നു  വിളിച്ചു . പിന്നെ  അത്  സ്ഥിരമായി . അയാൾ  ഇപ്പോൾ  സ്വന്തം  പേര്  പോലും  മറന്ന  മട്ടാണ് !ഇപ്പൊ  ട്രാക്ടർ  വന്നപ്പോൾ  ആർക്കും  കാളേക്കൊണ്ട്  ഉഴേണ്ട  ആവശ്യമില്ല . തൂമ്പാപ്പണിപോലും  ആരും  തരുന്നില്ല !അതും  ബംഗാളികള്  കൊണ്ടുപോയി !

        കണ്ടൻ  പാടത്തെ  വരമ്പിലൂടെ  നടക്കുകയാണ് . മഴ പെയ്തതിനാൽ  നല്ല  വഴുക്കലാണ് ;ശ്രദ്ധിച്ചു  നടന്നില്ലെങ്കിൽ  ചളിയിൽ  വീഴും !

” അല്ല ! എന്തായീ  പറേണത് ? ചളീൽ   തന്നല്ലേ  ജീവിതം ?ഈ  ചളീം  മണ്ണും  തന്ന്യല്ലേ  ചോറ്  തന്നത് ?”

        എന്തോ  വിചാരിച്ചു  പെട്ടെന്ന്  അവൻ  കുനിഞ്ഞു  അല്പം  ചളിയെടുത്തു  ചന്ദനം പോലെ  നെറ്റിയിൽ ചാർത്തി .ആ  ചുണ്ടുകൾ  മന്ത്രിച്ചു .

           “എന്റമ്മേ ! ഭൂമിദേവീ !”

       എന്നും വെറും  തോർത്തുമുണ്ട്  മാത്രമാണ്  കണ്ടന്റെ  വേഷം . ഷർട്ട്  ഇടാൻ  തെയ്യാറല്ല ! ഇന്നും  അതുതന്നെയാണ്  വേഷം !

       അങ്ങനെ  പാടത്തുനിന്നും റോഡിലേക്ക്  കയറി . പതിവുപോലെ  ചില  ചുള്ളന്മാർ  കൂക്കിവിളിച്ചു . ഈ  പരിഹസിക്കുന്ന  പലർക്കും  ആ  ആരോഗ്യം  കിട്ടിയത്  ഇങ്ങനെയുള്ളവരുടെ  വിയർപ്പിൽനിന്നാണെന്നു  ബോധമില്ലാത്ത  ഒരു  കാലം !

        കണ്ടൻ  ചന്തയിലെത്തി ഒരു  പീടികയുടെ  നേരെ  നടന്നു .

“ഇന്നും  എന്റെയില്  പൈസല്യ ! കൊറച്ചു  അരി ബേണം !”

” സാരല്യ ! ഇങ്ങള്  ഞമ്മടെ  ബാപ്പാന്റെ  ചങ്ങായി ആയതോണ്ട്  എപ്പ  എന്ത്  ബേണങ്കിലും തെര .എങ്കിലും  എപ്പോ  ഇങ്ങക്ക്  പൈസ  തരാൻ  പറ്റും ?’

   “ഇയ്യ്‌  ക്ഷമിക്കിൻ !ഉയിര്  പോണേനു  മുമ്പ്  തരാൻ  നോക്ക .”

അയാൾ  കുറച്ചു  അരി  സഞ്ചിയിലാക്കി കൊടുത്തു .

കണ്ടൻ  തിരിച്ചുനടന്നു .

“ഇങ്ങളല്ലാതെ  ആരെങ്കിലും  അയാൾക്ക്‌  കൊടുക്വോ ?” ഒരാൾ  പീടികക്കാരനോട്  ചോദിച്ചു .

“ഞമ്മന്റെ  ബാപ്പ  ജോലി  തേടി  വന്നപ്പോ  ജോലി  കിട്ടണ  വരെ തീറ്റിപ്പോറ്റിയ  ആളാണ് ആ പോണത് ! ഉയിര്‌പോയാലും സഹായിച്ചോരെ  മറക്കാൻ  പാടില്ല !”

കണ്ടൻ  എന്തൊക്കെയോ  ചിന്തിച്ചു  കൊണ്ടാണ്  നടക്കുന്നത് .

“വല്യ വല്യ  ആൾക്കാര്  പറഞ്ഞിട്ടുണ്ട്  ഞങ്ങളെപ്പോലെള്ള  ആൾക്കാരാണ്  ഈ നാടിന്റെ  നട്ടെല്ലെന്ന് !പക്ഷേ , ഇന്ന്  നട്ടെല്ല് നീർത്തി  നടക്കാൻ പറ്റാത്തവര്  ഞങ്ങള്  മാത്രം !പണ്ടത്തെ  ഓരോ  ശീലങ്ങളേയ് !വൈന്നേരായാൽ  അല്പം  മോന്തണം . എന്നിട്ടിപ്പോ  എന്തായി ?കരള്  കേടുവന്നൂന്നാ ഡാക്കിട്ടര് പറഞ്ഞത് .രണ്ടു  പ്രാവശ്യം  നെഞ്ചുവേദന  വന്നു . ഇനി  വന്നാ  മേപ്പോട്ടാണെന്നും  കേട്ടു .ആ ! പാടം  എത്തി . ആലോചിച്ചുനടന്നില്ലേ  ബൈക്കി  വീയും ”

     അയാൾ  ശ്രദ്ധിച്ചു  നടക്കാൻ  തുടങ്ങി .

  “ചങ്കിനൊരു  വേദന ! ഓള്  ഒറ്റക്കാവോ ?”

 നെഞ്ചിൽ  കൈവെച്ചു  പതുക്കെ  നടന്നു  വീട്ടുമുറ്റത്തെത്തി .

     “നീലിയെ , ഇത്  എടുത്തുവെച്ചോ . ഞാൻ  ഒന്ന്  കിടക്കട്ടെ !”

   സഞ്ചി  നിലത്തുവെച്ചു  ചാണകം  മെഴുകിയ  ആ  തറയിൽ  അയാൾ  കിടന്നു .

    “നീലിയേ , ഞാൻ  പോവ്വാ !”

രണ്ടുമൂന്നു  ദീർഘനിശ്വാസം . എല്ലാം  കഴിഞ്ഞു !

നീലി  ഓടിവന്നു .

 നീലിയുടെ  കരച്ചിൽ  കേട്ട്  അയൽക്കാർ  ഓടിക്കൂടി .

“ആരാപ്പോ  കുയി  കുത്വ ? ബംഗാളികളാരും  ഇല്യലോ ?”

“ബേണ്ട ! ഞാൻ  തന്നെ  ചെയ്യാ !” നീലി  കണ്ണീർ  തുടച്ചു  തൂമ്പയുമെടുത്തു വീട്ടുമുറ്റത്തുതന്നെ കിളക്കാൻതുടങ്ങി .

കുറേസമയം  കടന്നുപോയി . നാട്ടുകാര്  ഇനിയും പോയിട്ടില്ല .

“എന്തിനാ ഇങ്ങള്  രണ്ടാൾടെ  ആയത്തില് കുയി കുത്തുന്നത് ?”

“ഞാനും  ഇനി  കുയീലാ !എന്നേയും  എല്ലാരും  മണ്ണിട്ട്  മൂടണം !”

“ഇല്ല !” നാട്ടുകാർ ഒരേ സ്വരത്തിൽ  പറഞ്ഞു .

“ഇല്യേങ്കിൽ  ഇങ്ങള്  പൊയ്‌ക്കോളി !”

എല്ലാവരും പിരിഞ്ഞുപോയി .

നീലി  കുടിലിനുള്ളിൽ  കയറി  കണ്ടനെ  ഉരുട്ടി  ഉരുട്ടി  കുഴിയിൽ  തള്ളിയിട്ടു . ശേഷം  അവളും  അതിൽചാടി .

“ഇങ്ങളെവിടയോ  അവിടെയാ  ഞാനും ! തിന്നാനും ബേണ്ട !കുടിക്കാനും ബേണ്ട !മയയാവട്ടെ , ബെയിലാകട്ടെ, ശ്വാസം  നിക്കണവരെ  ഇങ്ങടെ  കൂടെ  ഞാനൂണ്ട് !”

പ്രകൃതിക്കുപോലും  ആ  സ്നേഹത്തെ  തടയാനായില്ല !അന്ന്  പെയ്ത  കനത്തമഴ  ആ  കുഴിയെ  വെള്ളം കൊണ്ടും  മണ്ണുകൊണ്ടും നിറച്ചു . കുറച്ചുനേരം ആ വെള്ളത്തിൽനിന്നു കുമിളകൾ പുറത്തുവന്നു . പിന്നീട്  അതും നിലച്ചു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.