കോഴിക്കോട് പ്രത്യേകിച്ചും കല്ലായി വീണ്ടും മലയാള സിനിമയുടെ കഥാപാശ്ചാത്തലമായി എത്തിയതാണ് കല്ലായ് എഫ്.എം. മരവ്യവസായം കൊണ്ട് ചരിത്രപരമായി തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയതാണ് കല്ലായി. മരമുരുളുകളും മില്ലുകളും ആടയാഭരണങ്ങളായ കല്ലായിയിൽ സംഗീത ചക്രവർത്തി സാക്ഷാൽ മുഹമ്മദ് റാഫിയെ ഭ്രാന്തമായി ആരാധിക്കുന്ന ബാപ്പുവുണ്ടായിരുന്നുവെന്നതാണ് ലോകം അറിയാൻ പോകുന്ന കല്ലായി കഥ. അതെ സിലോൺ ബാപ്പുവിന്റെ സംഭവ ബഹുലമായ റഫിഭ്രമ കഥയാണ് കല്ലായ് എഫ്.എം. എന്ന് ചുരുക്കി പറയാം.
റഫി ആവേശിച്ച ബാപ്പു തന്റെ കല്ലായ് എഫ്.എം റേഡിയോ സ്വന്തം ആഗ്രഹ പൂർത്തീകരണത്തിനുള്ള ആയുധമാക്കുന്നു. റാഫി സംഗീതം മാത്രമല്ല കല്ലായിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും ബാപ്പുവിന്റെ ഹൃദയത്തെ മഥിക്കുന്നു. കലയെക്കുറിച്ചുള്ള ബാപ്പുവിന്റെ നിലപാട് വർത്തമാനകാല സാമൂഹിക സങ്കീർണ്ണതകൾക്ക് ഉത്തരമാകുന്നുവെന്നുത് ഈ ചലച്ചിത്രത്തിന്റെ സമകാലിക പ്രസക്തി വ്യക്തമാക്കുന്നു.
സംഗീതത്തോടൊപ്പം പ്രണയവും പരിസ്ഥിതിയും മുതലാളിത്ത വ്യാമോഹങ്ങളുമെല്ലാം ചേർത്ത് തിരക്കഥാകൃത്തുകൂടിയായ സംവിധായകൻ വിനീഷ് മില്ലേനിയം പ്രേക്ഷകർക്കു സമ്മാനിക്കുന്നു.
കഥാപാത്രമാകാൻ സവിശേഷ വിരുതുള്ള ശ്രീനിവാസൻ സിലോൺ ബാപ്പുവിനെയും ഗംഭീരമായി സാക്ഷാത്കരിച്ചു. മക്കളായ റഫി മുഹമ്മദ് (ശ്രീനാഥ് ഭാസി) സൈറ (പാർവ്വതി രതീഷ്), ഭാര്യയായ (കൃഷ്ണ പ്രഭ) സിനിമക്കുള്ളിലെ സിനിമ സംവിധായകനായ അനീഷ് ജി.മേനോനും കലാഭവൻ ഷാജോണും സുനിൽ സുഖദയും കോട്ടയം നസീറും വേഷങ്ങൾ മിഴിവുറ്റതാക്കി.
മുഹമ്മദ്റാഫിയായി അദ്ദേഹത്തിന്റെ മകൻ ഷഹീദ് റാഫിയെത്തുവെന്ന പ്രത്യേകതയുമുണ്ട് സിനിമയ്ക്ക്.
ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കഥയ്ക്കൊപ്പമിരുത്തുന്നതിൽ സജൻ കളത്തിലും വിജയിച്ചു.
റഫീഖ് അഹമ്മദിന്റെയും സുനീർ ഹംസയുടെയും വരികൾക്ക് സംഗീതം നൽകി ഗോപി സുന്ദർ ചിത്രം സംഗീത സാന്ദ്രമാക്കി.
ചിത്രത്തിന്റെ നിർമ്മാതാക്കൾ ടി.വി.സന്തോഷ് കുമാർ ഷാജഹാൻ ഒയാസിസ്.
പ്രിയ സുഹൃത്ത് വിനീഷ് മില്ലേനിയത്തിനും ടീം കല്ലായ് എഫ്.എം. നും വിജയാശംസകൾ.