നമ്മളിലൊരാള്‍
പുറത്തേക്കിറങ്ങിപ്പോവുമ്പോള്‍
വീട്ടിലേക്ക് തിരിഞ്ഞുനോക്കി
എത്രവട്ടമാണ്
കൈവീശുന്നത്.

വാതിലടച്ച്
പുറത്തേക്കിറങ്ങുമ്പോള്‍,
വേലിയ്ക്കരികെ നിന്ന്,
പൂത്തുനില്‍ക്കുന്ന
ചെമ്പരത്തിക്കുള്ളിലൂടെ..
കാഴ്ച്ചതീരുന്ന
നടുറോഡില്‍ നിന്ന്.

അകത്ത്
ജനല്‍പ്പാളിയിക്കരികെ
ചേര്‍ന്നുനില്‍ക്കുന്നവരുടെ നൊമ്പരം
ഇറങ്ങിപ്പോവുന്നവരും
പങ്കിടുന്നു.
അത്,
അമ്മയാവാം..
അച്ഛനും മുത്തശ്ശനുമാവാം
മുത്തശ്ശിയും, മക്കളുമാവാം
ഭാര്യയും ഭര്‍ത്താവുമാവാം.

എല്ലാം കണ്ടുനില്‍ക്കുമ്പോള്‍,
തന്നോടാണെന്നു കരുതി
കാത്തിരിക്കുമെന്ന്
ഉറപ്പുതരുന്ന
വീടുമാവാം.

അമ്മയുടെ ഒക്കത്തിരുന്ന്,
ഇറങ്ങിപ്പോവുന്നവരോട്
കൈവീശിക്കരഞ്ഞ
അതേ നൊമ്പരമാണ്
അകത്തുനിന്നും
പുറത്തുനിന്നും
പരസ്പരം കൈവീശുന്നവരുടെ ഉള്ളില്‍
നുരഞ്ഞുപൊന്തുന്നത്.

കൈവീശലെന്നത്
ഉള്ളിലെ നോവുപങ്കിടുന്നവരുടെ
അടയാളമാണ്.

ആരുമില്ലെങ്കിലും
ഇറങ്ങിപ്പോവുമ്പോള്‍
വെറുതെയൊന്ന് കൈവീശുക.
വീട്, പലപ്പോഴും
ഒരമ്മയാണ്..!

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.