നഗ്നതയുടെ വേലിയേറ്റങ്ങള്‍ നടക്കുന്ന ഒറ്റക്കല്‍ മണ്ഡപത്തിന്റെ തൂണുകള്‍ ശിശിരാന്ത്യത്തിലും തണുപ്പിന്റെ കറുത്ത പുതപ്പുകള്‍കൊണ്ട് മൂടിയിരിക്കുന്നു . തലയ്ക്കടിയേറ്റ അയാള്‍ പിറുപിറുത്തു …”ഞാന്‍ എഴുത്തുകാരനാണ്‌ , ഭാഷയില്ലാത്തവന്‍ ”
വായനയുടെ വാതായനങ്ങള്‍ തേടി മലകയറിയും മരംകയറിയും ഉപ്പൂറ്റുന്ന തീരങ്ങളില്‍ നഗ്നനായും നടന്നവന്‍, മറാത്തി ഹോസ്പിറ്റലിന്റെ പതിനാലാം വാര്‍ഡില്‍ തളര്‍ന്നു കിടക്കുന്നു . വിശപ്പില്ലാഞ്ഞിട്ടും കീശയിലെ കാശിന്റെ ഭാരം ഗ്ലൂക്കോസ് കുപ്പികള്‍ കൊണ്ടുപോവുന്നു .

എത്രയോ തവണ നടന്ന അതേ വഴിയിലൂടെ വേണ്ടും നടക്കാന്‍ അയാളെ പ്രേരിപ്പിച്ചത് എന്താവും ..? ഏതോ കഥാബീജം തേടിയാണ് മറാഠികളും, ബുദ്ധരും, മുസല്മാന്മാരും താമസിക്കുന്ന ചേരികള്‍ക്കിടയിലൂടെ വീണ്ടും നടന്നത് . പഴുത്ത പപ്പായ മുറിച്ചുവെച്ച തള്ളുവണ്ടിയും തോടുടയ്ക്കാത്ത നിലക്കടലപുഴുങ്ങിയതിന്റെ മണവും കടന്ന്, നേരമറിയാതെ കത്തിക്കൊണ്ടിരിക്കുന്ന തെരുവ് വിളക്കിന്റെ ചോടുവരെ എത്തിയതെ ഓര്‍മ്മയുള്ളൂ .. പിന്നില്‍ നിന്നുള്ള കനത്ത അടിയില്‍ അയാള്‍ ബോധരഹിതനായി .

അവളുടെ മാറിടത്തില്‍ അയാള്‍ തൊട്ടില്ല കാരണം വിയര്‍പ്പിന്റെ പുറംപാളികള്‍ക്കുള്ളില്‍ മുലഞരമ്പിന്റെ നിറഞ്ഞ തടിപ്പ് അയാളുടെ കണ്ണുകള്‍ തിരിച്ചറിഞ്ഞിരുന്നു. മൂന്നാമത്തെ തവണ അവളുടെ തകരഷീറ്റ് പാകിയ മേല്‍ക്കൂരയുടെ മുകളിലെ പതിഞ്ഞു നില്‍ക്കാത്ത ഇഷ്ടികയെ ഇളക്കുന്ന കാറ്റിന്റെ ശബ്ദംഅയാളുടെ കാതുകളില്‍ ചിലമ്പുമ്പോഴേക്കും , രതിയും അവളുടെ കഥയും പൂര്‍ണ്ണമായും അയാളുടെ തൂലികയ്ക്കുള്ളില്‍ നിറഞ്ഞു കഴിഞ്ഞിരുന്നു … ഇനിയൊരു കണ്ടുമുട്ടല്‍ ഇല്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോരുമ്പോള്‍ അയാളുടെ ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് പേമാരിപെയ്യിച്ചൊരു ചുംബനം അവള്‍ ബാക്കിവെച്ചിരുന്നു .. പറഞ്ഞു തീര്‍ന്ന കഥകള്‍ക്കൊപ്പം അവളിലെ വെളിച്ചമുള്ള കണ്ണുകള്‍ പുതിയൊരു കഥപറയലിന്റെ ആരംഭം കുറിച്ചിടുന്നു .

ബീഡിപ്പുകയുടെ ഗന്ധം പുറത്തു പോവാത്ത ഒറ്റമുറിക്കുള്ളിലിരുന്ന് അയാള്‍ അവളുടെ കഥകള്‍ മുഴുവനായി തിന്നുതീര്‍ത്തു. തിരിച്ചുപോക്കിനുള്ള ഭാണ്ഡവും മുറുക്കി, അവളിലെ ആദ്യത്തെ രതിഭാവങ്ങള്‍ക്ക്, മടിശീലയില്‍ ബാക്കിവന്ന ചുളിയാത്ത നോട്ടുകള്‍ അടുക്കിവെച്ച് തിരിച്ചുപോകണമെന്ന ആഗ്രഹമാണ് അയാളെ ആ തെരുവിലൂടെ വീണ്ടും നടത്തിച്ചത് . അതിനിടയിലാണ് കനലില്‍ കരിഞ്ഞ് പൊതിഞ്ഞുകൊടുത്ത പത്തുരൂപയുടെ കടലപ്പൊതിയില്‍ നിന്നൊരാള്‍ വിശുദ്ധഗ്രന്ഥത്തിലെ അക്ഷരങ്ങള്‍ വായിച്ചെടുത്ത് അവിടൊരു യുദ്ധക്കളം തീര്‍ത്തത്. കടലപൊതിഞ്ഞ വണ്ടിക്കാരനില്‍ തുടങ്ങിയ കലാപം, കഥകള്‍ തേടിയിറങ്ങിയ ഈ എഴുത്തുകാരന്റെ തലച്ചോറിനുള്ളില്‍ അവസാനിച്ചു.

മൂന്നാം ദിനം അയാള്‍ അവിടം വിട്ടിറങ്ങുമ്പോള്‍, വെളിച്ചം കടന്നുചെല്ലാത്ത മേല്‍ക്കൂരയ്ക്ക് കീഴെ കനലില്‍ പഴുപ്പിച്ചെടുത്ത റൊട്ടിയും ദാലുമായി പതിനാലാം നമ്പര്‍ വാര്‍ഡിന്റെ വരാന്തയില്‍ അയാളെയുംകാത്ത് അവള്‍ നില്‍പ്പുണ്ടായിരുന്നു ….

Saji Kalyani
Writer and poet in malayalam

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.