Untitled

സിനിമക്കെതിരെ ജോൺ സിനിമയായി..

malayalam-director-of-all-time-john-abraham

വ്യക്തിപരമായി എന്നിൽ സിനിമ ശക്തമായ മാധ്യമമാക്കിയത് ജോൺ എബ്രഹാം എന്ന സംവിധായകനാണ്. കൃത്യമായി പറയുകയാണെങ്കിൽ 86 ലോ 87 ലോ ആണ് ജോണിലേക്ക് ഞാൻ എത്തിയത് ഏറെ കൗതുകത്തോടെ, ആരാധനയോടെ. കൊണ്ടാടപെടുന്ന ആഭിചാര രാഷ്ട്രീയം കൊണ്ടാടി അനുഭവിച്ചുമടുത്ത് ക്യാംപസിൽ അലയുമ്പോൾ രാഷ്ട്രീയം തീവ്രമായി ചിന്തിക്കുന്ന പ്രവർത്തിക്കുന്ന ഗ്രൂപ്പിൽ സ്വാഭാവികമായും ഞാനും എത്തിപ്പെട്ടു. ഭാഗ്യമെന്നു പറയട്ടെ രാഷ്ട്രീയമാവുന്നതിനേക്കാൾ സാംസ്കാരികമായിരുന്നു ഇന്നത്തെ പോലെ അന്നും. അന്ന് ഗുരുവായൂരപ്പൻ കോളേജിൽ രാഷ്ട്രീയമായും സാംസ്കാരികമായും തീവ്രമായി ചിന്തിച്ചവരുടെ മുൻകൈയിൽ രൂപപ്പെട്ട സംസ്കാര ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യാൻ എത്തിയത് ജോൺ എബ്രഹാം ആണ്. ജോണിനെ ക്യാംപസിൽ കൊണ്ടുവന്നത് അന്നും ഇന്നും ഉള്ള ശോഭീന്ദ്രൻ മാഷിൻറെ ആ പച്ച എൻഫീൽഡ് ബുള്ളറ്റിൽ. ജോണിന് സ്റ്റേജിൽ കയറുന്നതിന് മുമ്പ് ചാരായം വേണം, ശോഭിമാഷ് എന്റെ കീശയിൽ കാശു തിരുകികൊണ്ട് പറഞ്ഞു പൊക്കുന്നിൽ പോയി പട്ടചാരായം വാങ്ങണം എന്ന്. ആരുടെയൊ ബൈക്കിനു പിന്നിൽ ഞാൻ പട്ടക്കു പോയി . കൊണ്ടു വന്ന 350 മില്ലിയുടെ ആ ബോട്ടിൽ പാതി വിഴുങ്ങി ഒരു സിഗരറ്റ് കത്തിച്ചു ആ പുകയിൽ ജോൺ മൈക്കിനു നേരെ. സദസ് അമ്പരന്നു നിന്നു. മൊട്ടുസൂചി വീണാൽ കേൾക്കാം എന്ന നില. അനന്തരം ഒറ്റ വാക്കിന്റെ വിസ്താരം ആയിരുന്നു അര മണിക്കൂർ നീണ്ട ആ പ്രസംഗം. responsibility യെ ഇത്ര സൂക്ഷ്മമായി മറ്റാരും എതിരിട്ടില്ല. കമ്യു പോലും സ്വന്തം ലേഖനത്തിൽ. ആ വാക്ക് കൊണ്ട് ജോൺ അവിടെ സ്വന്തം ജീവിതത്തെ നേരിട്ടു. വിദ്യാർത്ഥികളുടെ മുന്നിൽ അവരുടെ ജീവിതം നിർത്തി responsibility യെ വിചാരണ ചെയ്തു. അങ്ങനെയങ്ങനെ ജോണിനോടുള്ള ഇഷ്ടത്തെ പിന്തുടർന്ന് ഞാൻ ഒഡേസ തേടി പോയി. അങ്ങനെ ഒരിക്കൽ ഫറൂക്ക് സോമേട്ടൻറെ നിർദേശം,നിനക്ക് ആഴ്ചയിൽ രണ്ടു​ മണിക്കൂർ മാഷായികൂടേ. ഞാനെന്തുമാവുന്ന പരുവത്തിലായിരുന്നു. അങ്ങനെ ഫറൂക്ക് ആർട്സ് കോളേജിൽ (ഒഡേസ ഹെഡ്ക്വാർട്ടേഴ്സ്) ഇംഗ്ലീഷ് നോൺ ഡീറ്റെയിൽസ് മാഷായി. അതൊരു നിയോഗമായിരുന്നു. അമ്മത്ക്ക എന്ന വലിയ മനുഷ്യനിലേക്കും ആ യാത്ര തുടർന്നു.


പെരുമണ്ണയിലെ നാരായണൻ മാഷായിരുന്നു പ്രിൻസിപാൾ. നാരായണൻ മാഷെ കാണാൻ കെ. ഇ. എൻ വന്നുപോവുമായിരുന്നു അന്ന് അവിടെ. വൈകിട്ട് ഫിലിം പെട്ടിയുമായി പലയിടത്തും. കൂടെ പലപ്പോഴും എ. കെ.
ഇപ്പോഴും എ. കെ യുടെ മരിക്കാത്ത പാട്ടുകൾ കാതുകളിൽ. ബാബുരാജിൻറെ പാട്ടുകൾ എ കെ പാടുമ്പോൾ അതിനൊരു വേറെ ജീവനായിരുന്നു. അങ്ങനെ പല രാത്രികൾ.
പയ്യന്നൂരിലെ ബസ്സ്റ്റാൻഡിൽ അഗ്രഹാരത്തിലെ കഴുതയുടെ ഫിലിം പെട്ടിയും കെട്ടി പിടിച്ചു തണുത്തുറഞ്ഞ ആ രാത്രി. . .


ആ കാലത്തിൻറെ ശിഷ്ടം പകർന്നു നൽകിയ ഊർജ്ജത്തിലാണ് എന്റെ ഇപ്പോഴത്തെയും സിനിമയോട് ഒട്ടിനിൽക്കുന്ന ഇഷ്ടജീവിതം. സിനിമയിൽ പുതിയ അനക്കം ഉള്ളിടത്ത് എന്നിലിപ്പോഴും ഒരാൻറിന പ്രവർത്തിക്കാൻ സഹായിച്ചത് അക്കാലമാണ്. പിന്നെയെത്രയെത്ര സിനിമകളിൽ അങ്ങനെ കണ്ണും നട്ട്!


എന്നിൽ സിനിമയെ നട്ടുവളർത്തിയ ജോണിനെയോ ഒഡേസയോ മറന്ന് എനിക്ക് ഒരു സാംസ്കാരിക ജീവിതം ഇല്ല.
ആ ഓർമ്മയിൽ ഞാൻ ഇപ്പോഴും പുതിയ സിനിമകൾ കാണുന്നു. ഒരു പെരുന്തച്ചന്റെ ഉളി കയ്യേൽക്കാതെ പ്രേക്ഷകനായി സിനിമയുടെ മുന്നിൽ ഞാനുണ്ട്. സിനിമയുടെ പിന്നിലേക്ക് എന്നെ ക്ഷണിച്ചപ്പോഴൊക്കെ സദയം പിൻവലിഞ്ഞു മുന്നിൽ കണ്ടു നിൽക്കുന്ന പ്രേക്ഷകനായി. . . . .
പ്രിയ ജോൺ,
നിങ്ങൾ ഒരിക്കലും എന്നിൽ അശ്ലീലമാവില്ല.
എന്തെന്നാൽ ഈ 2017 ലും നിങ്ങളുടെ അമ്മ അറിയാൻ എന്ന ക്രൗഡ് ഫണ്ടിംഗ് സിനിമയുടെ പുതിയ വെർഷൻ ഞാൻ കണ്ടു. അതുകൊണ്ട് നിങ്ങൾ എന്നിൽ പഴഞ്ചനാവില്ല. . . . . .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.