നമ്മളോരോരുത്തരും ഒരു ജിഗ്‌സോ പസിലിൻറെ മുറിഞ്ഞ കഷ്ണങ്ങളാണ്. ഒപ്പം ചേരുന്ന കഷ്ണങ്ങളെ പെറുക്കി എടുത്തു വേണ്ട വിധം ചേർത്ത് കഴിഞ്ഞാൽ മാത്രം തെളിമ നില നിർത്തുന്ന ഒരു വ്യക്തിയാണ് ഓരോ മനുഷ്യനും..

പത്തു വർഷം മുൻപ് മലയാളത്തിലെ എഴുത്തും വായനയും സിനിമയും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി ഞങ്ങളുണ്ടാക്കിയ വാക്ക് , സോഷ്യൽ നെറ്റ് വർക്ക് സൈറ്റിനപ്പുറം ഒരു വീടായിരുന്നു. ഒരേ ചിന്താഗതിയുള്ള ഒരു പറ്റം മനുഷ്യർ ഒരുമിച്ച് ചേക്കേറിയ ഒരു മരം. വാക്കിന്റെ ഓരോ ഇലകളും എഴുത്തിലും സിനിമയും ഒക്കെ വലിയ മരങ്ങളാവുന്നത് സ്വന്തം നേട്ടം പോലെ സന്തോഷം തരുന്നുണ്ട്.

നമ്മളറിയാത്ത കുറേ ജീവിതങ്ങൾ കടലിലൊഴുകുന്ന പോലെ പലയാനത്തിന്റെ ,ഭീതിയുടെ പല മുഖങ്ങളെ നമുക്ക് മുന്നിൽ തുറന്നു വെക്കുന്ന ഒരു പുസ്തകമാണ് രാജേഷ് ചിത്തിരയുടെ ജിഗ്‌സാ പസിൽ . കഥകൾക്ക് അതിർത്തികൾ വരയ്ക്കാതെ എത്ര മനോഹരമായാണ് ഓരോ കഥയും നമുക്കുള്ളിലേയ്ക്ക് കയറി വരുന്നത് എന്നതാണ് വായനയ്ക്ക് ശേഷം ഞാൻ ഓർത്തത്.

എത്ര ധീരനാണ് എന്ന് പറയുമ്പോളും ഓരോ മനുഷ്യനും എന്തിനോടെങ്കിലും ഒരു ഭയം ഉണ്ടാവും. ചില ഭയങ്ങളെ നമ്മൾ തിരിച്ചറിയുമ്പോൾ ചിലത് തിരിച്ചറിയപ്പെടാതെ പോവുന്നുണ്ട് . ജലത്തോടുള്ള ഭയം പറയുന്ന ഭയോപനിഷത്തിൽ തുടങ്ങുന്ന കഥകൾ വായനക്കാരനെ വല്ലാത്തൊരു അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. സമകാലീന ലോകത്തെ വിപ്ലവങ്ങളും സംഘർഷങ്ങളും നമ്മുടെ കൂടെ യാത്ര ചെയ്യുന്ന അവസ്ഥ ഉണ്ടാക്കുന്ന കഥയാണ് 16 Tir .

ഇതുപോലെ എല്ലാ കഥകളും മനുഷ്യമനസ്സിന്റെ സങ്കീർണതകളെ , രാജ്യത്തിനകത്തും പുറത്തുമുള്ള സ്ഥിതികളെ തുറന്നു കാണിക്കുന്നുണ്ട്.

കലാപങ്ങളും പലായനങ്ങളും നടക്കുമ്പോൾ ആക്രമിക്കപ്പെടുന്നത് എന്നും ദുർബലരാണ്. അതിർത്തി കടക്കാൻ ഉടലെന്ന സ്വത്ത് അതിർത്തിക്കപ്പുറത്തെ ദല്ലാളൻമാർക്ക് കൈമാറ്റം ചെയ്ത അമ്മയുടെയും ,നിസ്സഹായതയുടെ ഉടുപ്പിട്ട പെൺകുട്ടിയുടെയും കഥയായ ജിഗ്സ്സ പസ്സൽ ഇന്നിന്റെ കഥയാണ്. കഥാകാരൻ കാലത്തിനൊപ്പം സഞ്ചരിക്കുന്നതിന്റെ തെളിവുകളാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.

അവസാന സിപ്പിൽ പ്രണയ ശുദ്ധതയുടെ വിഷക്കൂട്ടു നിറച്ചു കാമുകനു പാരിതോഷികം നൽകിയ അരാന്ത (അരാന്തയുടെ ആത്മഹത്യാ വൃത്താന്തം) ഇപ്പോൾ നമ്മൾ വായിച്ചു കൊണ്ടിരിക്കുന്ന കാലത്തിന്റെ കാമുകിയാണ്.

നൊസ്റ്റാൾജിയയും പ്രണയവും മാത്രമല്ല എഴുത്ത്. സങ്കീർണതകളുടെ ഭാണ്ഡം പേറുന്ന ജീവിതങ്ങളെ ഇന്നത്തെ കാലഘട്ടത്തോടൊപ്പം ചേർത്തെഴുതുമ്പോൾ അത് വായിക്കപ്പെടേണ്ടവ തന്നെയാണ്.

Anjali Chandran
Entrepreneur and writer, Founder @ Impresa

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.