27.5 C
Bengaluru
January 17, 2020
Untitled

ജരാനരകള്‍ക്കപ്പുറം

kozhikode beach
കോഴിക്കോട് കടപ്പുറത്തെ ദ്രവിച്ചു തുടങ്ങിയ ഒരുചാരുബെഞ്ചിലിരുന്ന്സൂര്യന്‍ കുങ്കുമ വര്‍ണ്ണമണിയുന്നത് ആസ്വദിച്ചിരുന്ന വൈകുന്നേരമാണ് ഞാനെന്‍റെ പഴയ കാമുകിയെ കണ്ടത്..!! ഇന്നലെ കണ്ട് പിരിഞ്ഞതു പോലെ പുഞ്ചിരിച്ചു കൊണ്ട് അവള്‍ എന്‍റെയടുത്ത് വന്നിരുന്നു. അവളുടെ മുടിയിഴകള്‍ക്ക് നിലാവിന്‍റെ നിറമാണെന്നെനിക്കു തോന്നി. കോളേജ് ജീവിതം കഴിഞ്ഞിട്ട് വര്‍ഷം പത്തുനാല്‍പ്പത് കഴിഞ്ഞില്ലേ..? ജരാനരകള്‍ മാറ്റി ഞങ്ങള്‍ പുഞ്ചിരിച്ചു.. വാക്കിംഗ് സ്റ്റിക്കില്‍ തെരുപ്പിടിപ്പിച്ച് തടിച്ച ഫ്രെയ്മുളള കണ്ണട ചൂണ്ടുവിരല്‍ കൊണ്ട് ഒന്നുയര്‍ത്തി നേരയാക്കി ഞാന്‍ ബെഞ്ചിലേക്കു ചാരി..  മുന്നില്‍ തീരം കവരാന്‍ തിരകള്‍ പാഞ്ഞടുക്കുന്നു. സഫലമാകാതെ തിരിഞ്ഞോടുന്നു. നാലഞ്ചു കുട്ടികള്‍ പൂഴിമണലില്‍ ‘കടലമ്മ മൂരാച്ചി’ എന്നെഴുതിത്തീരുമ്പോഴേക്കും തിര ദേഷ്യം പിടിച്ചതു പോലെ പിന്നെയും പാഞ്ഞടുക്കുന്നു.. സൂര്യന്‍ ചുവന്ന കുപ്പായമിട്ട് കടലില്‍ ചാടാനൊരുങ്ങുകയാണ്. ഉളളുകിടുക്കുന്ന ഒരു കാറ്റ് ദേഹം പുണര്‍ന്നപ്പോള്‍ ഞാനവളുടെ കൈ കവര്‍ന്നു. അത് ചുളിഞ്ഞ കട്ടിക്കടലാസു പോലെ തോന്നിച്ചു.. ”ഓര്‍ക്കുന്നോ നീ, ആ കാലം..?” ആര്‍ദ്രതയോടെ ഞാനവളുടെ കണ്ണുകളിലേയ്ക്കു നോക്കി. അത് എന്നോ കെട്ടു പോയ കല്‍വിളക്കിനെ ഓര്‍മ്മിപ്പിച്ചു. ”പിന്നേ…” ആ കണ്ണുകളിലിപ്പോള്‍ ഒരു ചെരാത് തെളിഞ്ഞു. ചവോക്ക് മരച്ചില്ലകള്‍ തലയാട്ടുന്ന കോളേജ് മുറ്റത്തേയ്ക്ക് മുടി രണ്ടായി മെടഞ്ഞിട്ട ഒരു പാവടക്കാരി നടന്നു വരുന്നുണ്ട്. മാറോടണക്കിപ്പിടിച്ച പുസ്തകത്തോടൊപ്പം ചോറ്റുപാത്രത്തിന്‍റെ തിളക്കം വരാന്തയില്‍ നിന്നു തന്നെ കണ്ടു.. ഹിപ്പിസ്റ്റൈലില്‍ മുടി കോതിമിനുക്കി, ഇടുങ്ങിയ ഷര്‍ട്ടിന്‍റ രണ്ടു ബട്ടനഴിച്ചിട്ട ഒരു ബെല്‍ബോട്ടം പാന്‍റുകാരന്‍ കാമ്പസിനു പുറത്തെമരത്തണലിലിരുന്നു ചാര്‍മിനാര്‍ പുകയ്ക്കുന്നുണ്ട്.. ”ആ ക്ളാസ് മുറികളില്‍ എത്രയോ വട്ടം ഞാന്‍ പോയി വന്നു. നമ്മളിരിക്കാറുണ്ടായിരുന്ന ആ ലാസ്റ്റ് ബെഞ്ച്…” ഞാനവളെ തലതിരിച്ചു നോക്കി. അകലെ ചക്രവാളസീമയില്‍ സൂര്യന്‍ മുഖം മറക്കുന്നത് ഉറ്റു നോക്കുകയാണെന്നു തോന്നി അവള്‍.. വെളുത്ത പഞ്ഞിപോലുളള മുടിയിഴകള്‍ നേര്‍ത്ത കാറ്റില്‍ അവളുടെ മുഖത്തേയ്ക്കു പാറി വീണു. അവള്‍ ധരിച്ച വെളളയില്‍ വയലറ്റു പൂക്കളുളള സാരി കാറ്റിന്‍റെ കുസൃതിക്കൈകളില്‍ കൊഞ്ചിക്കുഴഞ്ഞു… നോട്ടം പിന്‍വലിച്ച് അവളെന്നെ കാതരയായി നോക്കി. അന്നത്തെ അതേ നോട്ടം! അവളുടെ ചുളിഞ്ഞ കൈ എന്‍റെ കൈവെളളയില്‍ വിറച്ചു. ”ഞാന്‍ പോന്നോട്ടേ, ഈ കൂടെ….?!!!” അവളെന്‍റെ കണ്ണുകളിലേയ്ക്ക് ആഴ്ന്നിറങ്ങി.. സൂര്യന്‍ നീരാടാന്‍ പോയ കറുത്ത കടല്‍ എന്‍റെ നെഞ്ചിലേയ്ക്കു തിരയടിച്ചു കയറി.. കടലോരത്തെ ചുവന്ന വെളിച്ചത്തില്‍ ഞങ്ങള്‍ തനിച്ചായി. ”അയ്യേ.. ഞാനെന്തൊക്കയാ പറയണേ..ഈ വയസ്സാം കാലത്ത് എനിക്കിതെന്തിന്‍റെ കേടാ..! ശ്ശോ..” അവള്‍ അന്നത്തെ പത്തൊന്‍പതുകാരിയുടെ നാണത്തോടെ ചെറുവിരലിന്‍റെ നഖം കടിച്ച് കൈ കുടഞ്ഞു. ആരോ ഉപേക്ഷിച്ചു പോയ ഇളംചുവപ്പുളള ഒരു ലൗ ബലൂണ്‍ കാറ്റ് കൊണ്ടു വന്ന് എന്‍റെ മടിയിലിട്ടു.. ഇടതു കയ്യില്‍ പിടിച്ച് ഞാനതിലേയ്ക്കു ഉറ്റു നോക്കി. ശരിയാണ്. അല്ലെങ്കിലും ഇനിയെന്തുണ്ടീ ജീവിതത്തില്‍ ബാക്കി..? പിളളേരുടെ കയ്യില്‍ നിന്ന് ഗംഗാജലവും കുടിച്ച് അങ്ങ് കണ്ണടക്കണം. പിന്നെഅവര്‍ ഗംഭീരമായി സഞ്ചയനംനടത്തും, അടിയന്തിരം ആഘോഷിക്കും, ആണ്ടോടാണ്ട് ചാത്തമൂട്ടും. അത്രയൊക്കെയേയുളളു.! ”പോവാം..” വാക്കിംഗ്സ്റ്റിക്കില്‍ ബലം കൊടുത്ത് എഴുന്നേറ്റപ്പോള്‍ കാലൊന്നിടറി. ‘അയ്യോ..’ എന്ന് പറഞ്ഞ് അവളുടെ കൈകളെന്നെ അറിയാതെ ചുറ്റി. ആ കൈകള്‍ പിന്നെ അവളെടുത്തില്ല. ഞാന്‍ പറഞ്ഞുമില്ല. കടലോരത്തെ മനോഹരമായ വിളക്കുകാലുകളുടെ അരണ്ട വെളിച്ചത്തിലൂടെ ഞങ്ങളങ്ങനെ നടന്നു… വിദൂരതയിലേയ്ക്ക്.. ഭൂമിയുടെ അറ്റത്തേയ്ക്ക്…

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.