തെരഞ്ഞെടുപ്പിൽ​ ജയിക്കുന്ന കക്ഷി തോൽക്കുന്ന കക്ഷിയോട് പുലർത്തുന്ന കരുതലാണ് ജനാധിപത്യത്തിന്റെ കരുത്ത്. തോൽക്കുന്ന കക്ഷിയിൽ പെട്ടവരെ വേട്ടയാടുമ്പോൾ, അടിച്ചോടിക്കുമ്പോൾ, പിന്തുടർന്ന് കൊല്ലുമ്പോൾ ഫാഷിസമാണ് പ്രവർത്തിക്കുന്നത്. ജനാധിപത്യമല്ല ഇവർ ആഘോഷിക്കുന്നത്.
ജനാധിപത്യത്തിൽ ഒരു വിശ്വാസവും ഇല്ലാത്തവർ ജനാധിപത്യത്തിൽ ഇടപെടുന്നതിൻറെ ദുരന്തമാണിത്. ഒരിക്കൽ വിജയം എങ്ങനെയാണോ ആഘോഷിക്കുന് നത് അതുപോലെ മറ്റൊരിക്കൽ പരാജയം ദുരന്തമായി ഏറ്റുവാങ്ങേണ്ടിവരുന്ന അവസ്ഥ.
പരാജയത്തിനുള്ളതുപോലെ വിസമ്മതത്തിനും ഇടമുണ്ടാവുമ്പോഴാണ് ജനാധിപത്യം ലക്ഷ്യം നേടുന്നത്. മറ്റുള്ളവർക്കുള്ള കരുതൽ കൂടിയാണ് ജനാധിപത്യവ്യവസ്ഥ. ജനാധിപത്യത്തിൽ യാതൊരു വിശ്വാസവും ഇല്ലാത്തവർ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുമ്പോൾ ജനാധിപത്യത്തിന്റെ പൊതു സത്ത റദ്ദാവുന്നു. ആയതിനാൽ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനകളിൽ നിന്ന് ജനങ്ങൾ പൗരബോധത്തോടെ വിടുതലാവുകയാണ് ജനാധിപത്യം സംരക്ഷിക്കാനുള്ള പോംവഴി. ഒരേ സമയം ജനാധിപത്യവാദിയും ഫാഷിസ്റ്റും ആയി നിൽക്കാനുള്ള ഓപ്ഷൻ ജനാധിപത്യത്തിൽ ഇല്ല. തലയിൽ ആളനക്കം ഇല്ലാത്ത അണികളും ക്രിമിനൽ സംഘങ്ങളെയും മാഫിയാ സംഘങ്ങളെയും പോറ്റി വളർത്തുന്ന, പ്രോത്സാഹിപ്പിക്കുന്ന നേതൃത്വങ്ങളും ജനാധിപത്യത്തിന്റെ ശത്രുക്കളാണ്. ഇവരുടെ കണക്കുതീർക്കലിൽ ജനാധിപത്യത്തിന് എന്തിന് പിഴ. അത്രയെളുപ്പമല്ല ജനാധിപത്യവാദിയാവുക എന്നത് എന്ന് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്ത് പലയിടങ്ങളിൽ തെരഞ്ഞെടുപ്പുകൾ നടക്കുന്നു. ഒരിടത്തും തോറ്റവരെ ഹിംസാത്മകമായി നേരിടാറില്ല.
തോൽവികൾക്കും ഉള്ളടക്കം ഉണ്ടാവുമ്പോഴാണ് ജനാധിപത്യത്തിൽ വിജയങ്ങൾക്ക് അന്തസ്സേറെ. വിജയങ്ങളിൽ അന്തസ്സ് നഷ്ടപെടുമ്പോൾ ജനാധിപത്യത്തിൽ ശുഭസൂചനകളില്ല. കാരണം ഫാഷിസത്തിന്റെ ജീനുണ്ട് ജനാധിപത്യത്തിന്റെ ആത്മാവിൽ. എല്ലാ ഫാഷിസ്റ്റ് വ്യവസ്ഥകളും സ്വയം അവകാശപ്പെടുന്നത് ജനാധിപത്യം ആണെന്നാണ്. അത്രയെളുപ്പമല്ല ജനാധിപത്യവാദിയാവുക എന്നത്. . . .

Pk Genesan
Film critic, Writer, Blogger

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.