21 C
Bangalore
September 23, 2018
Untitled
  • Home
  • Malayalam
  • “ഇതും  ഒരു  ജീവിതമോ ?”
Malayalam Novels

“ഇതും  ഒരു  ജീവിതമോ ?”

ഭാഗം -1

“തീർത്ഥം  വേണ്ടേ ?”

ശാന്തിക്കാരന്റെ  ചോദ്യം  ചന്ദ്രനെ  യാഥാർഥ്യ  ലോകത്തേക്ക്  തിരികെ  കൊണ്ടുവന്നു .

അവൻ  തീർത്ഥം  സേവിച്ചു  പ്രസാദം  ഏറ്റുവാങ്ങി .

ദൈവത്തിനു  മുമ്പിൽ  കൈകൂപ്പി  വണങ്ങുമ്പോഴും  മനസ്സ്  അസ്വസ്ഥമായതെന്തേ ?

പ്രാർത്ഥന . മനസ്സിനെ  ശാന്തമാക്കാനുള്ള  ഔഷധം . പ്രാർത്ഥിക്കാൻ  പോലും  തോന്നാത്തതെന്തേ ?

അവൻ  വിഗ്രഹത്തെ  നോക്കി .

മണ്ണിലും  വിണ്ണിലും  തൂണിലും  തുരുമ്പിലും  കുടികൊള്ളുന്ന  അതേ  ചൈതന്യം  തന്നെയല്ലേ  ഈ  ശിലയിലുമുണ്ടെന്നു  വിശ്വസിക്കപ്പെടുന്നത് ?

എന്നിട്ടും , ആ  സാന്നിധ്യമെന്തേ  തൻ്റെ  മനസ്സിൽ  ഭക്തിയുടെ  തീർത്ഥം  ഒഴുക്കി  ശാന്തതയുടെ  സാഗരത്തിലേക്കു  തന്നെ  നയിക്കാത്തത് ?

മനസ്സെന്താ  ഇപ്പോഴും  അജ്ഞാതമായ  താഴ്വരകളിൽ  അലഞ്ഞു  നടക്കുന്നത് ?

അവൻ  മതിലിന്  പുറത്തു  കടന്നു .

ഇനി  എങ്ങോട്ട് ?

ആൽത്തറയും  മുതുമുത്തശ്ശൻ  ആലും  മനസ്സിന്  എന്തോ  ഒരു  ഉണർവുണ്ടാക്കുന്നുവോ ?

അല്പസമയം  അവിടെ  ഇരിക്കാനായി  ആൽമരം  തന്നെ  വിളിക്കുന്നുവോ ?

അവനു  മനസ്സിന്റെ  ആ  വിളിയെ  തടുക്കാനായില്ല !

ഈ  നാട്ടിൽത്തന്നെ  ജനിച്ചു  വളർന്നവനാണ് . പക്ഷേ , ഇന്നാരും  തന്നെ  തിരിച്ചറിയില്ല ! അത്രയ്ക്ക്  കാലം  തൻ്റെ  മുഖത്തെ  മാറ്റിയിട്ടുണ്ട് .

ആൽമരത്തറയിൽ  അവൻ  ഇരുന്നു .

മന്ദമാരുതൻ  തന്നെ  നിദ്രയുടെ  ലോകത്തേക്ക്  മാടിവിളിക്കുന്നുവോ ?

അവൻ  കണ്ണുകളടച്ചു .

അതാ  സ്വപ്നത്തിൽ  തെളിയുന്നൂ  ചോര  പുരണ്ട  ആ  കഠാര !

ഒരു  വിറയലോടെ  അവൻ  ഞെട്ടിയെഴുന്നേറ്റു .

ശരീരം  മുഴുവൻ  വിയർത്തു  കുളിക്കുന്നുണ്ട് !

ശ്വാസം  തിങ്ങുന്നു …

നന്മ -തിന്മകളുടെ  കണക്കെടുപ്പ്  ആരംഭിച്ചുവോ ?

ഭാഗം -2

ഓർമ്മകൾ  മരിക്കുമോ ?

അവൻ്റെ  മനസ്സിലേക്ക്  ബാല്യകാലം  ഒരു  വസന്തം  പോലെ  കടന്നു  വന്നു .

വള്ളിനിക്കറുമിട്ടു  അലസമായി  കോതി  ഒതുക്കിയ  കുട്ടി ! മൂക്കിൽ  നിന്നും  എപ്പോഴും  വെള്ളം  ഒലിക്കുമായിരുന്നു .

ചേരിയിലെ  ചളികൾ  നിറഞ്ഞു  വൃത്തിക്കേടായ  ഒരു  ചെറിയ  കുടിലിലായിരുന്നു  താമസം .

സ്നേഹമുള്ള  മാതാപിതാക്കൾ  കൂടെയുള്ളപ്പോൾ  മറ്റു  സൗകര്യങ്ങൾ  എന്തിന് ?

എന്നിട്ടും  പലപ്പോഴും  നഗരവാസികളുടെ  സൗകര്യങ്ങൾ  കണ്ടു  കൊതിച്ചു .

കിട്ടാത്തത്  ആശിച്ചു  നിരാശനാകരുത്  എന്ന  പാഠം  മനസ്സിലുറച്ചതിനാൽ  മനസ്സ്  ഒരിക്കലും തളർന്നിരുന്നില്ല .

ആ  ദിവസം  അവൻ്റെ  ജീവിതത്തിലെ  ഒരു  വഴിത്തിരിവായിരുന്നു .

അന്ന്  അവനും  അച്ഛനും  കൂടി  ചന്തയിൽ  പോയി . ആദ്യമായിട്ടാണ്  അവൻ  ചന്തയിൽ  പോകുന്നത് . അന്ന്  കാലിച്ചന്ത  ഉള്ള  ദിവസമായിരുന്നു .

“ഇതെന്തിനാ  ഇത്ര  കന്നുകാലികള് ?”- അവൻ  ചോദിച്ചു .

“അവരെ  വിൽക്കാൻ  കൊണ്ടുവന്നതാണ്  മോനേ !”

“എന്തിന് ?”

“ചിലർക്ക്  പാലിനായി  പശുവിനെ  വാങ്ങണം ! ചിലർക്ക്  ഇറച്ചിക്കായി  പോത്തിനെ  വേണം ! ചിലർക്ക്  നിലമുഴാനായി  കാളകളെ  വേണം !”

“പാവങ്ങൾ !”- അവൻ  മൂക്കുനീർ  മൂക്കിനുള്ളിലേക്കു  നീട്ടിവിളിച്ചു .

ചന്തയിൽ  നിന്നും  അവശ്യവസ്തുക്കൾ  വാങ്ങി  അവർ  തിരികെ  നടക്കുകയായിരുന്നു . അപ്പോഴാണ്  ഒരു  ജീപ്പ്  അവരുടെ  അടുത്ത്  വന്ന്  നിന്നത് .

“ഗോകുലാ ,നിന്നോട്  നടേശൻ  മുതലാളി  ഒന്ന്  കാണണമെന്ന്  പറയാൻ  പറഞ്ഞിട്ടുണ്ട് !”- ഒരു  തടിമാടൻ  ജീപ്പിൽ  നിന്ന്  വിളിച്ചു  പറഞ്ഞു

“എന്തിന് ?”

“അറിയില്ല !”

“ഞാൻ  വന്നേക്കാം . നിങ്ങൾ  പൊയ്‌ക്കൊള്ളൂ !”

അങ്ങനെ  അവനെ  വീട്ടിൽ  കൊണ്ട്  ചെന്നാക്കി  ഗോകുലൻ  എന്നെന്നേക്കുമായി  വിടവാങ്ങിയതെന്നു  ചന്ദ്രൻ  എന്ന  അവൻ  അപ്പോൾ  മനസ്സിലാക്കിയിരുന്നില്ല !

ഭാഗം -3  


“ഇതെന്താ  ഒരാഴ്ച്ച  കഴിഞ്ഞിട്ടും  അച്ഛൻ  വരാത്തത് ?”- ചന്ദ്രൻ  അമ്മയോട്  ചോദിച്ചു .

“നമുക്ക്  നടേശൻ  മുതലാളിയോട്  തന്നെ  ചോദിക്കാം !”- അമ്മ  പറഞ്ഞു .

അവർ  നടേശൻ  മുതലാളിയുടെ  വീട്ടിലേക്കു  നടന്നു .

നടേശൻ  മുതലാളിയുടെ  വീട് .

അവർ  ഗെയ്റ്റിന്റെ  മുന്നിലെത്തി . കൊട്ടാരം  പോലെയുള്ള  ആ  വീട്  കണ്ടു  അവർ  അന്തം  വിട്ടു  നിന്നു .

“എന്താ  വന്നത് ?”- വാച്ച്മാൻ  ചോദിച്ചു .

“മുതലാളിയെ  ഒന്ന്  കാണണം !”- അമ്മ  പറഞ്ഞു .

“പിച്ചക്കാശിനു  വന്നതാണെങ്കിൽ  ഇവിടെത്തന്നെ  നിന്നാൽ  മതി !ഞാൻ  മേടിച്ചു  കൊണ്ട്  വന്നു  തരാം !”

“അല്ല ! മുതലാളിയെ  ഒന്ന്  കാണണം ! എൻ്റെ  കെട്ടിയോനെ  കൊറച്ചു  ദെവസായി  കാണാനില്യ !”

“അതിനു  പോലീസ്  സ്റ്റേഷനിൽ  അല്ലേ  പോയി  പറയേണ്ടത് ? മുതലാളിയോട്  പറഞ്ഞിട്ടെന്താ  കാര്യം ?”

“മുതലാളി  വിളിച്ചിട്ടാണ്  അദ്ദേഹം  ഇവിടേയ്ക്ക്  വന്നത് . അതിനു  ശേഷമാണ്  കാണാതായത് !”

“ഞാൻ  അകത്തുപോയി  അനുവാദം  ചോദിച്ചിട്ടു  വരാം !” വാച്ച്മാൻ  അകത്തുകയറി  ഗേറ്റടച്ചു .

അല്പസമയം  കടന്നുപോയി . അയാൾ  തിരികെ  വന്നു  ഗേറ്റ്  തുറന്നു  പുറത്തുവന്നു .

“ചെല്ലാൻ  പറഞ്ഞു !”-

അവർ  അകത്തു  കടന്നു .

വീടിൻ്റെ  പൂമുഖം . ഒരു  വലിയ  സെറ്റിയിൽ  കാലിന്മേൽ  കാലും  കേറ്റിയിരി ക്കുകയാണ്  നടേശൻ  മുതലാളി . കുറേ  തടിമാടന്മാർ  ചുറ്റും  നിൽക്കുന്നുണ്ട് .

ചന്ദ്രനും  അമ്മയും  തൊഴുതുകൊണ്ടു  അയാളുടെ  മുന്നിൽ നിന്നു .

“ഉം ! എന്തിനാ  വന്നത് ?” ഗൗരവമാർന്ന  സ്വരം .

“എൻ്റെ  കെട്ട്യോൻ  ഇവിടേയ്ക്ക്  വന്നിട്ട്  തിരികെവന്നിട്ടില്യ !”

“ആരാ  നിന്റെ  കെട്ട്യോൻ ?”

“ചേരിയിലുള്ള  ഗോകുലൻ !”

“ഓഹോ ! ഗോകുലനെ  ഞാനൊരിടം  വരെ പറഞ്ഞയച്ചിരിക്കുകയാണ് !”

“അങ്ങയുടെ  ഇഷ്ടം ! പക്ഷേ , ഒരാഴ്ചയായി  ഞങ്ങളുടെ  അടുപ്പ്  പുകഞ്ഞിട്ട് …”

നടേശൻ  മുതലാളി  ഒരു  തടിമാടന്റെ  നേരെ  തിരിഞ്ഞിട്ടു  പറഞ്ഞു .

“സൈമൺ , നീ  പീടികയിൽപ്പോയി  കുറച്ചു  സാംബ്രാണിയും  തീപ്പെട്ടികളും  വാങ്ങിക്കൊട് ! അവരുടെ  അടുപ്പു  ഒന്ന്  പുകഞ്ഞോട്ടെ !”

അയാളും  ഗുണ്ടകളും  ആർത്തുചിരിച്ചു ..

“എങ്ങോട്ടാ  അദ്ദേഹത്തെ  പറഞ്ഞയച്ചിരിക്കുന്നത് ?”- അമ്മ  ചോദിച്ചു .

“ജയിലിലേക്ക് !”

“അതിനു  അദ്ദേഹം  തെറ്റൊന്നും  ചെയ്തില്ലാലോ ?”

“അല്ലാ , അപ്പോൾ  നിങ്ങൾക്കൊന്നും  അറിയില്ല  അല്ലേ ? മുതലാളിമാര്

കുറ്റം  ചെയ്താൽ  ജെയിലിൽ  പോയി  കിടക്കാനൊക്കെ  പറ്റുമോ ? അതിനല്ലേ

ചേരിയിലെ  ജനങ്ങളൊക്കെ ?”

“അപ്പോൾ  ഞങ്ങളെങ്ങനെ  ജീവിക്കും ?”-തേങ്ങിക്കൊണ്ടു  അമ്മ  ചോദിച്ചു .

“അതിനു  ഞാൻ  പണം  കൊടുത്തയച്ചിരുന്നല്ലോ ?നീ  കൊടുത്തില്ലേ  സൈമൺ ?”-നടേശൻ  മുതലാളി  സൈമണെ  നോക്കി  കണ്ണിറുക്കിക്കാണിച്ചു .

“അത്  അറിയാതെ  എൻ്റെ  കൈയ്യിൽ  നിന്നും  ഓടയിലേക്കു  വീണുപോയി ! എന്താ  ചെയ്യാ !”- മുഖത്തു  ഒരു  ദുഃഖഭാവം  വരുത്തിക്കൊണ്ട്  സൈമൺ  പറഞ്ഞു .

“അതേയ് , കൊടുക്കാനുള്ളതൊക്കെ  ഞാൻ  കൊടുത്തിട്ടുണ്ട് . അവൻ്റെ  കൈയ്യിൽ  നിന്ന്  പോയതിനു  ഞാൻ  ഉത്തരവാദിയല്ലല്ലോ ?” അയാൾ  കൈ  മലർത്തി .

“ഞങ്ങള്  പാവങ്ങളാണ് ….” അമ്മ  തേങ്ങിത്തേങ്ങിക്കരഞ്ഞു .

“പാവങ്ങളെ  മുഴുവൻ  സഹായിക്കാൻ  നിന്നാൽ  ഞങ്ങള്  പാവങ്ങളായിപ്പോവില്ലേ ?ഹല്ല , പിന്നെ !”-മുതലാളിയും  കൂട്ടരും വീണ്ടും

പൊട്ടിച്ചിരിച്ചു .

ചന്ദ്രനും  അമ്മയും  തേങ്ങിക്കൊണ്ടു  തിരികെ  നടന്നു .

ഭാഗം -4

നഗരം . വാഹനങ്ങളുടെ  ചീറിപ്പാച്ചിൽ  കണ്ടു  ചന്ദ്രനും  അമ്മയും  അത്ഭുതപ്പെട്ടുനിന്നു . ഏതായാലും  നഗരനിർമ്മാണത്തിനു  വേണ്ടി  കൊണ്ട്  വെച്ച  ഒരു  വലിയ  പൈപ്പിനുള്ളിൽ  അവസാനം  അവർ  അഭയം  കണ്ടെത്തി . അപ്പോഴേക്കും  സമയം  സന്ധ്യയായിക്കഴിഞ്ഞിരുന്നു .

അവൻ  കൈകാലുകൾ  തളർന്നു  ക്ഷീണിച്ചു  കിടക്കുകയാണ് .ഒരാഴ്ചയായി  വല്ലതും  കഴിച്ചിട്ട് ! ഇവിടെവരെ  നടന്നെത്തിയത്  തന്നെ  ദൈവത്തിന്റെ  കാരുണ്യം  കൊണ്ട്  മാത്രമാണ് .

“വിശക്കുന്നമ്മാ …” വയറു  തലോടിക്കൊണ്ട്  അവൻ  പറഞ്ഞു .

മക്കൾ  കരയുമ്പോൾ  ഏതമ്മയും  ക്ഷീണം  മറക്കും !

അമ്മ  ഇഴഞ്ഞിഴഞ്ഞു  പൈപ്പിന്  പുറത്തു  കടന്നു . ആരോ  വലിച്ചെറിഞ്ഞതുപോലെ  അടുത്തതാ  ഒരു  തുരുമ്പു  പിടിച്ച  ഇരുമ്പുവടി  കിടക്കുന്നു ! പൈപ്പിലും  വടിയിലും  താങ്ങി  എഴുന്നേറ്റു  അവർ  മുടന്തി  നടക്കാൻ  തുടങ്ങി .

അവൻ  പുറത്തേക്കു  നോക്കി . കൂരാക്കൂരിരുട്ട് .

വയറു  തടവിത്തടവി  അവൻ  ക്രമേണ  നിദ്രയിലേക്ക്  വഴുതിവീണു .

സൂര്യപ്രകാശം  പൈപ്പിനുള്ളിൽ  കയറുന്നുണ്ടെന്നു  തോന്നിയപ്പോഴാണ്  അവൻ  മയക്കത്തിൽ  നിന്നുണർന്നത് .

“അമ്മ  ഇനിയും  വന്നില്ലേ ?”- ആരോടെന്നില്ലാതെ  അവൻ  ചോദിച്ചു .

ഇഴഞ്ഞിഴഞ്ഞു  അവൻ  പൈപ്പിൽ  നിന്നും  പുറത്തിറങ്ങി .

തലകറങ്ങുന്നുണ്ട് ! താഴേക്ക്  നോക്കി  നടക്കാനും  പറ്റാത്ത  അവസ്ഥയാണ് !

രണ്ടുമൂന്നു  അടിയേ  അവൻ  നടന്നുള്ളൂ . എന്തോ  തടഞ്ഞു  അവൻ  തട്ടിത്തടഞ്ഞു  വീണു . നന്നായി  മിഴിയാത്ത  കണ്ണുകൊണ്ടാണെങ്കിലും  അമ്മയുടെ  സാരി  അവൻ  തിരിച്ചറിഞ്ഞു .അവൻ  ആ  ശരീരം  പിടിച്ചു  എഴുന്നേറ്റിരുന്നു . അമ്മയുടെ  സാരി  കീറിപ്പറിഞ്ഞിരിക്കുന്നു ! ശരീരം  മുഴുവൻ  ചോര  പുരണ്ടു  കാണുന്നു ! സാരിയിലും  ചോരയുണ്ട് ! അപ്പോഴും  അവരുടെ  കൈയ്യിൽ  ഒരു  ബൺ  മുറുകെപ്പിടിച്ചിട്ടുണ്ടായിരുന്നു .

അമ്മയോ  ഭക്ഷണമോ  വലുത് ? അവൻ  അമ്മയേയും  ഭക്ഷണത്തെയും  മാറിമാറിനോക്കി !

ഭാഗം -5 


അമ്മയില്ലാതെ  എങ്ങനെ  കഴിച്ചു  കൂട്ടും ?

ജോലിയെടുക്കാനുള്ള  പ്രായമായിട്ടില്ല !

പക്ഷേ , ശരീരം  ഉള്ളിടത്തോളം  കാലം  ജീവിച്ചേ  പറ്റൂ !

ചന്ദ്രൻ  ഇഴഞ്ഞിഴഞ്ഞു  മുന്നോട്ടു  നീങ്ങി .

ഇപ്പോൾ  ഒരു  ഹോട്ടലിന്റെ  പിന്നിലാണെന്ന്  തോന്നുന്നു .

ഭക്ഷണത്തിന്റെ  ഗന്ധം  നാസികയെ  കീഴടക്കുന്നു !

വല്ലതും  കഴിക്കാനായി  വയറു  തുടിക്കുന്നു .

അതാ  അങ്ങകലെ  ഭക്ഷണക്കൂമ്പാരം !

എങ്ങനെയാണു  ജനങ്ങൾക്ക്  ഇത്ര  ഭക്ഷണം  വെറുതെക്കളയാൻ  കഴിയുന്നത് ?

തെരുവുനായ്ക്കളും  കാക്കകളും  അവിടെ  സമ്മേളനം  നടത്തുകയാണോ ?

ഭക്ഷണം  കണ്ടതുതന്നെ  തൻ്റെ  ഇഴച്ചിലിനു  വേഗം  കൂട്ടിയോ ?

അതാ  അവൻ  ആ  കൂമ്പാരത്തിന്റെ  അടുത്തെത്തി .

നായ്ക്കൾ  അവനെ  രൂക്ഷമായി  ഒന്ന്  നോക്കി  അവിടെനിന്നും  ഓടിപ്പോയി .

കാക്കകളോടൊപ്പമായിരുന്നു  അവൻ്റെ  അന്നത്തെ  പ്രാതൽ !

ഭക്ഷണം  കഴിച്ചു  കഴിഞ്ഞ  അവൻ  കൈ  വള്ളിട്രൗസറിൽ  തുടച്ചു .

എങ്ങനെയോ  അവൻ  എഴുന്നേറ്റു  നിന്നു .

വീണ്ടും  അലക്ഷ്യമായ  നടത്തം .

അമ്മയുടെ  ശരീരത്തെ  എന്തെങ്കിലും  ചെയ്യണം !

ഈ  തെരുവുതെണ്ടിയെ  ആര്  സഹായിക്കും ?

കാലുകൾ  വീണ്ടും  തളരാൻ  തുടങ്ങി .

സൂര്യൻ  അതിൻ്റെ  ഉച്ചസ്ഥായിയിൽ  എത്തിയിട്ടുണ്ടായിരിക്കും !

ആകെ  ഒരു  തളർച്ച !

അവൻ  നടപ്പാതയിൽ  തളർന്നിരുന്നു  മയങ്ങിപ്പോയി .

സമയം  കടന്നുപോയി .

അവൻ  കണ്ണു  തുറന്നു .

എന്താ  കൺമുന്നിൽ  കുറച്ചു  അഴികൾ ?

ങ്ഹേ ! പോലീസുകാരല്ലേ  അഴിക്കപ്പുറത്തു  നിൽക്കുന്നത് ?

“ഞാനൊരു  തെറ്റും  ചെയ്തില്ല ! എന്നെ  ഒന്നും  ചെയ്യല്ലേ !”- അവൻ  ഏങ്ങലടിച്ചു  കരയാൻ  തുടങ്ങി .

കരച്ചിൽ  കേട്ട്  ഒരു  പോലീസ്  ഉദ്യോഗസ്ഥൻ  വന്നു  സെല്ല്  തുറന്നു  അവൻ്റെ  കൈ  പിടിച്ചു  പുറത്തേക്കു  കൊണ്ടു  വന്നു .

“മോനേ , കരയേണ്ട ! ഞങ്ങൾ  ഒന്നും  ചെയ്യില്ല . നീ  ഭിക്ഷയെടുക്കാൻ  ഇരുന്നതാണെന്നു  കരുതി  ഇങ്ങോട്ടു  കൂട്ടിക്കൊണ്ടു  വന്നതാണ് . ഈ  നഗരത്തിൽ  ഭിക്ഷയെടുക്കാൻ  പാടില്ല !”

അയാൾ  അവൻ്റെ  കണ്ണീർ  തുടച്ചു . അവൻ  കരച്ചിൽ  നിർത്തി  അത്ഭുതത്തോടെ  അയാളെ  നോക്കി .

ഇങ്ങനേയും  പോലീസുകാരോ ?

അയാൾ  അവൻ്റെ  കണ്ണുകളിലേക്കു  നോക്കി  ചോദിച്ചു :

“മോന്  വിശക്കുന്നുണ്ടോ ?”

“ഉം !”- അവൻ മൂളി .

അയാൾ  അവിടെ  നിന്നും  പോയി  തൻ്റെ  ചോറ്റുംപാത്രവുമായി  തിരികെ  വന്നു .

“മോൻ  ഇത്  കഴിച്ചോ !”

അയാൾ  ചോറ്റുംപാത്രം  തുറന്നു  നിലത്തു  വെച്ചു .

ചോറും  സമ്മന്തിയും  ഉപ്പേരിയും  മാത്രം !

ഒന്നുമില്ലാത്തവന്  ഇത്  രാജാവിന്റെ  ഭക്ഷണമാണ് !

അവൻ  ചമ്രം  പടഞ്ഞിരുന്നു  ആർത്തിയോടെ  അത്  കഴിക്കുന്നത്  അയാൾ

നോക്കി  നിന്നു  എന്തിനെന്നറിയാതെ  കണ്ണീർ  പൊഴിച്ചു .

അയാൾ  അവനെ  കൈ  കഴുകിച്ചു  തിരികെ  സെല്ലിലേക്ക്  കൊണ്ടു  വന്നു .

അവനും  അയാളും  നിലത്തിരുന്നു .

“മോനെങ്ങനെയാ  ഇവിടെ  വന്നത് ? എന്തിനാണ്  ഈ  നഗരത്തിൽ  വന്നത് ?”

അവൻ   തൻ്റെ   കഥ  തേങ്ങലോടെ  അയാളുടെ  മുന്നിൽ  അവതരിപ്പിച്ചു .

വീണ്ടും  ആ  പോലീസുകാരൻ  അവനെ  ആശ്വസിപ്പിച്ചു .

“വാ ! നമുക്ക്  അമ്മയെ  കണ്ടെത്താം !”

അവർ  സെല്ലിൽ  നിന്നും  പുറത്തിറങ്ങി .

അവസാനം  നഗരം  മുഴുവൻ  പോലീസ്  ജീപ്പിൽ  ചുറ്റിക്കറങ്ങി  അമ്മ  മരിച്ചു  കിടക്കുന്ന  സ്ഥലത്തെത്തി .

അമ്മയുടെ  ശരീരം  മുഴുവൻ  അതാ  ഉറുമ്പരിച്ചു  കിടക്കുന്നു .

പോലീസുകാരൻ  ആർക്കോ വയർലെസ്സ് ഫോൺ  ചെയ്തു .

അധികം  വൈകാതെ  ഒരു  ആംബുലെൻസ്  അവിടെയെത്തിച്ചേർന്നു .

ആംബുലെൻസിലെ  ആൾക്കാർ  ശവം  അതിൽ  കേറ്റി .

ചന്ദ്രനും  പോലീസുകാരനും  അവരോടൊപ്പം  ആംബുലൻസിൽ  കയറി .

അവസാനം  ഒരു  കെട്ടിടത്തിന്റെ  മുന്നിൽ  വണ്ടി  നിർത്തി .

മനസ്സിൽ  ഒരു  ഞെട്ടലോടെ  ചന്ദ്രൻ  അടുത്തുള്ള  ബോർഡ്  വായിച്ചു .

“പൊതു  ശ്മശാനം !”

ഭാഗം -6


നിളാ  തീരം . പോലീസുകാരുടെ  അകമ്പടിയോടെ  ചന്ദ്രൻ  അമ്മയ്ക്കായി  കർമ്മങ്ങൾ  ചെയ്തു . ചാരം  നദിയിലൊഴുക്കി .

“ഇനി  എന്ത്  ചെയ്യണം  മോനേ ? ചേരിയിലേക്കു  തിരിച്ചു  പോകണോ ?”- ഇൻസ്‌പെക്ടർ  ചോദിച്ചു .

“വേണം ! അച്ഛനെങ്ങാനും  തിരികെ  വന്നാൽ  എന്നെ  അന്വേഷിക്കില്ലേ ?”

അങ്ങനെ  അവൻ  പോലീസുകാരോടൊപ്പം  താൻ  ഓടിക്കളിച്ചിരുന്ന  ആ  ചേരിയിലേക്കു  തിരിച്ചെത്തി .

പോലീസുകാരെക്കണ്ടു  ചേരിനിവാസികളെല്ലാം  അങ്ങോട്ട്  ഓടിവന്നു .

ഇൻസ്‌പെക്ടർ  ചന്ദ്രന്റെ  ജീവിതത്തിൽ  സംഭവിച്ച  കാര്യങ്ങൾ  അവരോടു

വിവരിച്ചു .

“ഇവന്റെ  വിധി  ഇനി  ആർക്കും  ഉണ്ടാകരുത് ! എല്ലാവരും  ഇവന്  താങ്ങും

തണലുമാകണം !”

“ഞങ്ങൾ  തെയ്യാർ !” ചേരിനിവാസികൾ  ഒന്നടങ്കം  പറഞ്ഞു .

പോലീസുകാരും  മറ്റു  ജനങ്ങളും  തിരിച്ചു  നടക്കാൻ  തുടങ്ങി . പക്ഷേ ,

ഒരാൾ  മാത്രം  അവിടെ  നിന്നു .അയാൾ  ചന്ദ്രന്റെ  നേരെ  നടന്നടുത്തു .

“ഞാൻ  മുസ്തഫ ! അന്റെ  അച്ഛന്റെ  ദോസ്തായിരുന്നു . കൊറച്ചു  കാലം  നാട്ടിലുണ്ടായിരുന്നില്ല ! ബിവരം  അറിഞ്ഞു  ബന്നപ്പോ  ബൈകിപ്പോയി . മോനേ  ഇജ്ജ്   ഞമ്മടെ  കൂടെ  ബാ ! ചേരീത്തന്നെ  താമസിച്ചാല്  അന്റെ  ജീവിതവും  ബെടക്കായിപ്പോകും !”

അപ്പോഴേക്കും  ചേരിനിവാസികൾ  അവിടെയെത്തി .

“ഇങ്ങക്കെല്ലാം  ഞമ്മളെ  അറിയാലോ ?മോനെ  ഞമ്മള്  നോക്കിക്കോളാ ! ഗോകുലൻ  ബരുമ്പോ  ഓനെ  ഞമ്മടെ  ബീട്ടിലേക്കു  പറഞ്ഞു  ബിട്ടാമതി !”

അയാൾ  അവൻ്റെ  കൈ  പിടിച്ചു  ചേരിയുടെ  പുറത്തേക്കു  നടന്നു .

മുസ്തഫയുടെ  വീട് .

“പാത്തുമോ , പാത്തുമോ !”- മുസ്തഫ  നീട്ടിവിളിച്ചു .

പാത്തുമ്മ  വന്ന് വാതിൽ  തുറന്നു .

“അല്ല ! ഇതാര്   ഗോകുലന്റെ  മോനല്ലേ  ഇത് ? അന്നെ  വാവയാവുമ്പോ  കണ്ടതാ ! ഇപ്പൊ  സ്ക്കൂളില്  പോണ  ചെക്കനായി !”

“ഇജ്ജ്  ഓന്ക്ക്  തിന്നാനും  കുടിക്കാനും  എടുത്തു  ബെക്ക് !ഓനെ  നോക്കി

ബലർത്താൻ  ഇപ്പൊ  ആരും  പക്കത്തില്ല !”

ചന്ദ്രൻ  നിസ്സഹായതയോടെ  മുസ്തഫയുടെ  നേരെ  നോക്കി .

“മോന്റെ  അച്ഛനുമമ്മയും  എവിടെപ്പോയി  മോനേ ?”

“ഇജ്ജ്  ഓനോടൊന്നും  ചോദിക്കേണ്ട ! ഞമ്മള്  പിന്നീട്  പറഞ്ഞു  തെര ! ഇജ്ജ്   ഓനെ  കൂട്ടിക്കൊണ്ടു  പോ !”

രാത്രിസമയം .ചന്ദ്രൻ  വേറെ  മുറിയിലാണ്  കിടക്കുന്നത് .

മുസ്തഫ  പാത്തുമ്മയോടു  ചന്ദ്രന്റെ  കാര്യങ്ങൾ  പറഞ്ഞു .കട്ടിലിൽ  ഇരിക്കുകയാണ്  അവർ  രണ്ടുപേരും .

“അപ്പൊ  ഓനെ  ബലർത്തണംന്നാണ്  ഇങ്ങടെ  പൂതി !കുഞ്ഞാള്  ഇല്ലാത്ത  ഞമ്മക്ക്  പെരുത്ത്  സന്തോഷേള്ളൂ .ഉസ്താദുമാര്  അതിന്  സമ്മതിക്കോ ?ഓന്റെ  ജാതിക്കാരും  ലഹള  ഉണ്ടാക്കൂലേ ?”

“ചേരിക്കാരെ  ഏതു  പാർട്ടിക്കാരാ  നോക്കാ ?ഓല്  ചത്താലും  ജീവിച്ചാലും  ആരുമൊന്നും  അറീല !”

“നാളെ  ഓനോടെന്നെ  ചോദിക്കാം  എന്താ  ബേണ്ടെന്നു !”

അവർ  കിടന്നു .

നേരം  പുലർന്നു .

അവർ  ചന്ദ്രനെ  വിളിപ്പിച്ചു .

“മോനെ , അനക്ക്  ചന്ദ്രനായി  ജീവിക്കണോ  അതോ  ഞമ്മന്റെ  മോനായി  ഇസ്ലാമാകുന്നോ ?”

“എന്തായാലും  പട്ടിണിയില്ലാതിരുന്നാൽ  മതി !”

“പാവം !ഈ  ലോകത്തെക്കുറിച്ചെന്തറിയാം ?”- പാത്തുമ്മ  പ റഞ്ഞു .

ഭാഗം -7 


അർദ്ധരാത്രി .

ആരോ  വാതിലിൽ  ആഞ്ഞു  മുട്ടുന്നു .

ആരായിരിക്കും  അത് ?

കള്ളന്മാരാണോ ?

പേടിച്ചു  വിറച്ചു  കൊണ്ട്  മുസ്തഫയും  പാത്തുമ്മയും  ചേർന്ന്  വാതിൽ  തുറന്നു .

ഉമ്മറത്തെ  വെളിച്ചത്തിൽ  ചോരയിറ്റുന്ന  കഠാര  പിടിച്ച  ഒരു  കൈ  മാത്രം  അവർ  കണ്ടു .

“ആരാ  അത് ….?”- വിറച്ചു  കൊണ്ട്  മുസ്തഫ   ചോദിച്ചു .

ആ  രൂപം  അവരുടെ  മുന്നിലേക്ക്  വന്നു .

ചോരയൊലിപ്പിച്ച  മുണ്ടും  ഷർട്ടുമായി  കൈയ്യിൽ  കഠാരയുമായി  അതാ

നിൽക്കുന്നു  ഗോകുലൻ !

“ഗോകുലാ …. നീ ….?”

“ഞാൻ  ജെയിൽ  ചാടി ! നടേശൻ  മുതലാളിക്ക്  വേണ്ടി  ജീവിതം  ഹോമിച്ച  പലരേയും  ഞാൻ  അവിടെ  വെച്ചു  കണ്ടു . ആ  ചതിക്കഥകൾ  കേട്ടപ്പോൾ  എന്നേയും  ചതിച്ചതാണെന്നു  തോന്നി  ജെയിൽചാടി ! അവസാനം … ചതിയുടെ   ഇരയാണെന്നു  ബോദ്ധ്യം  വന്നപ്പോൾ …. അയാളെ …. അയാളെ .. ഞാൻ … ഞാൻ … തീർത്തെടാ ! ഇനി  മോനെ  എനിക്ക്  കാണാൻ  പറ്റുമെന്ന്  തോന്നുന്നില്ല ! അവനെയൊന്ന്  വിളിക്ക് !”

“ഈ  കോലത്തില്  ഓനെ  കാണണോ ? ഓൻ  പേടിച്ചു  ബെറക്കില്ലേ ?”

“എന്നാലും .. ഇനി  … പറ്റില്യങ്കിലോ ?”

“മോനേ ! മോന്റെ  അച്ഛൻ  വന്നിരിക്കുന്നു ! വേഗം  വാ !”

കോവണിപ്പടികളിലൂടെ  അവൻ  ഓടിയിറങ്ങുന്ന  ശബ്ദം  ആ  അച്ഛൻ  കേട്ടു .

ചന്ദ്രൻ  അവൻ്റെ  അച്ഛനെക്കണ്ടു  പേടിച്ചു  കരയാൻ  തുടങ്ങി .

ഗോകുലൻ  മകന്റെ  അടുത്തേക്ക്  നടന്നു . ചന്ദ്രൻ  പേടിച്ചു  പിറകോട്ടു

നടക്കാൻ  തുടങ്ങി .

പെട്ടെന്നാണ്  കുറേ  ആൾക്കാർ  ഓടിവരുന്ന  ശബ്ദം  അവർ  കേട്ടത് !

അതേ ! അതവരായിരുന്നു  നടേശൻ  മുതലാളിയുടെ  ഗുണ്ടകൾ !

മുസ്തഫയും  ഗോകുലനും  അവനെ  നേരിട്ടു . പക്ഷേ , ഗുണ്ടകളോട്  പൊരുതാൻ  സാധാരണക്കാരനാകുമോ ?

രണ്ടുപേരും  കുത്തേറ്റു  വീണു . അവരുടെ  പിടച്ചിൽ  കണ്ടു  ഗുണ്ടകൾ  ഓടി  രക്ഷപ്പെട്ടു .

“മോനേ … വേദനിക്കുന്നെടാ … കത്തി  വലിച്ചു  ഊരെടാ !”

അവർ  ചന്ദ്രനോടായി  യാചിച്ചു .

“ഞാൻ … ഞാൻ …”- അവൻ  പരിഭ്രമിച്ചു  നിന്നു .

അവസാനം  കണ്ണുകൾ  ഇറുക്കിയടച്ചു  അവൻ  ആ  കത്തികൾ  വലിച്ചൂരി  തേങ്ങിത്തേങ്ങി  കരയാൻ  തുടങ്ങി .

അപ്പോഴേക്കും  ഒരു  പോലീസ്  ജീപ്പ്  അവിടെയെത്തി . പാത്തുമ്മ  പേടിച്ചു  അവിടെ  നിന്നും  ഓടിപ്പോയി .

പോലീസ്  സ്റ്റേഷൻ .

ചന്ദ്രൻ  ഒരു  മൂലയിൽ  ഇരിക്കുകയാണ് . ഇൻസ്‌പെക്ടർ  അവൻ്റെ അടുത്ത്  വന്നു  ഇരുന്നു  തോളിൽത്തട്ടി  ആശ്വസിപ്പിച്ചുകൊണ്ടു  ചോദിച്ചു :

“മോനൊന്നു  കൊണ്ടും  പേടിക്കേണ്ട ! എല്ലാം  തുറന്നു  പറ ! മോനെന്തിനാ

അവരെ  കൊന്നത് /”

“ഞാനാരേയും  കൊന്നിട്ടില്ല !”- അവൻ  നടന്നതെല്ലാം  ഇൻസ്പെക്ടറോട്‌  പറഞ്ഞു .

“ഏതായാലും  നിന്നെ  നാളെ  കോടതിയിൽ  ഹാജരാക്കും . അതിനു  മുമ്പ്

ഞാനൊരു  വക്കീലിനെ  കാണട്ടെ ! നിന്നെ  ദുർഗുണപരിഹാര  പാഠശാലയിലേക്കു  അയക്കാതിരിക്കാൻ  മാർഗ്ഗമുണ്ടാകുമോ  എന്ന്  നോക്കട്ടെ !”

ഇൻസ്‌പെക്ടർ  അവിടെ  നിന്നും  പുറത്തിറങ്ങി .

അവൻ  ചിന്തയിൽ  മുഴുകി .

ആരുമില്ലാത്തവൻ  എവിടെപ്പോയാലെന്താ ?

അകത്തായാലും  പുറത്തായാലും  ജീവൻ  നിലനിർത്താൻ  വല്ലതും  തിന്നാൻ  കിട്ടിയാൽ  മതി !

“രണ്ടെണ്ണത്തിനെ  തട്ടിയവനാ  ആ  ഇരിക്കുന്നത് !”- ഒരു  പോലീസുകാരന്റെ

കമെന്റ് .

“ഇവനൊക്കെ  ഇനി  എന്താകുമോ  എന്തോ ?”- മറ്റൊരു  പോലീസുകാരൻ  അഭിപ്രായപ്പെട്ടു .

എന്തായിരിക്കും  അവൻ്റെ  വിധി ?

വാഴുമോ  വീഴുമോ ?

ഭാഗം -8

കോടതി മുറി .

“…… അതിനാൽ  സാഹചര്യത്തിന്റെ  സ്വഭാവം  കണക്കിലെടുത്തു  ചന്ദ്രൻ  എന്ന  ഈ  കുട്ടിയെ  നിരുപാധികം  വിട്ടയക്കാൻ  കോടതി   തീരുമാനിച്ചിരിക്കുന്നു !”- ന്യായാധിപൻ  വിധി  പ്രഖ്യാപിച്ചു .

അങ്ങനെ  വീണ്ടും  അവൻ  പോലീസുകാരോടൊപ്പം  ചേരിയിൽ  തിരിച്ചെത്തി . പോലീസുകാർ  തിരിച്ചു  പോകുന്നത്  വരെ  ചേരിവാസികൾ  നിശ്ശബ്ദരായി  നിന്നു . അവർ  പോയിക്കഴിഞ്ഞപ്പോൾ  ഒരു  വൃദ്ധൻ  അവൻ്റെ  അടുത്തേക്ക്  വന്നു .

“മോനേ , ഞങ്ങൾ ,ഈ  ചേരിക്കാർ  നല്ലവരൊന്നുമല്ല ! കള്ളക്കടത്തും  ഗുണ്ടാപ്പണിയുമൊക്കെ  ചെയ്യുന്നവരാണ് . പക്ഷേ , വിശ്വസിക്കുന്നവരെയും

സഹായിക്കുന്നവരെയും  കുത്തിക്കൊള്ളുന്നവരല്ല ! സ്വന്തം  അച്ഛനേയും  നിന്നെ  സഹായിക്കാൻ  വന്നവരേയും  കുത്തിക്കൊന്ന  നിന്നെ  ഞങ്ങളുടെ  കൂട്ടത്തിൽ    ചേർക്കാൻ  ബുദ്ധിമുട്ടുണ്ട് . നീ  ഇവിടെ  നിന്നും  പോകണം !”

ചന്ദ്രൻ  പൊട്ടിക്കരയാൻ  തുടങ്ങി . അപ്പോഴേക്കും  പൊലീസുകാരെ  യാത്രയാക്കി  മറ്റു  ചേരിവാസികൾ   അവിടെത്തി .

“ഞാൻ  ആരേയും  കൊന്നിട്ടില്ല !”- അവൻ  തേങ്ങിത്തേങ്ങി  സംഭവിച്ച  കാര്യങ്ങൾ  വിവരിച്ചു .

“മോനേ , കാര്യം  മനസ്സിലാകാതെ  നിന്നോട്  പറഞ്ഞ  വാക്കുകൾ  നീ  മറക്കണം ! ഈ  ലോകം  തളരുന്നവർക്കുള്ളതല്ല ! താഴ്ന്നു   നിൽക്കുന്നവനെ , ക്ഷമിക്കുന്നവനെ  ചവിട്ടിത്തേക്കുന്ന  കാലമാണ് . തട്ടിക്കയറുന്നവനോട്  ക്ഷമിക്കുന്നത് മൂഢത്വമാണ്‌ ! എങ്ങനെ  മോശമായി  പെരുമാറണം  എന്നാണ്  ഇന്ന്  ജീവിച്ചു  മുന്നോട്ടു  പോണമെങ്കിൽ  അറിയേണ്ട  കാര്യം ! അല്ലെങ്കിൽ  ലോകത്തിന്റെ  മുന്നിൽ  നിന്നെ  ഒരു  വിഡ്ഢിയായി  ചിത്രീകരിക്കും ! ദയയുടെ  കണിക  പോലും  മനസ്സിൽ  നിന്നും  തൂത്തെറിയുക !”

വൃദ്ധൻ  അവൻ്റെ  കൈ  പിടിച്ചു  തൻ്റെ  വീട്ടിലേക്കു  നടന്നു .

ചന്ദ്രൻ  ഒരു  മൃഗമാകാനുള്ള  പഠനം  ആരംഭിച്ചു !

വർഷങ്ങൾ  കടന്നു  പോയി .

ഇന്ന്  ചന്ദ്രൻ  അറിയപ്പെടുന്ന  ഒരു  ഗുണ്ടയാണ്‌ !

പോലീസുകാർക്ക്  പോലും  അവനെ  ഭയമാണ് !

അങ്ങനെയിരിക്കെ  ഒരു  ദിവസം  ചേരിയിൽ  ഒരു  പോലീസ്  ജീപ്പ്  വന്നു

നിന്നു .

“ആരാണെടാ  ഈ  ചന്ദ്രൻ ?  ആണൊരുത്തനെ  അവൻ  കണ്ടിട്ടുണ്ടാവില്ല ! ഈ ജയന്തനോട്  ഏറ്റു  മുട്ടാൻ  ചങ്കുറപ്പുണ്ടെങ്കിൽ  ഇറങ്ങി  വരട്ടെ !”

പെട്ടെന്ന്  സൈക്കിൾ  ചെയിൻ  വീശുന്ന  ശബ്ദം  അവിടെ  മുഴങ്ങിക്കേട്ടു .

അതാ  മീശ  പിരിച്ചു  കൊണ്ട്  അയാളുടെ  മുന്നിൽ  അവൻ !

“സാറേ , തടി  കേടാക്കേണ്ടെങ്കിൽ  പോ !’

“ആരുടെതെന്ന്  നമുക്ക്  നോക്കാം !”

അവർ  പരസ്പരം  കൂടുതൽ  കൂടുതൽ  അടുത്തേക്ക്  വന്നു .

ചെയിൻ  ചുഴറ്റുന്ന  ശബ്ദം  അപ്പോഴും  കേൾക്കുന്നുണ്ടായിരുന്നു .

ചെയിൻ  ജയന്തന്റെ  തലക്കു  നേരെ നീങ്ങി . പെട്ടെന്ന്  ജയന്തൻ  അത്  പിടിച്ചു  വലിച്ചു  ചന്ദ്രനെ  തള്ളിയിട്ടു .

മണ്ണ്  തട്ടിക്കുടഞ്ഞു  ചന്ദ്രൻ  എഴുന്നേറ്റു  തല  കൊണ്ട്  ജയന്തന്റെ  വയറ്റിനു  കുത്തി .

ജയന്തൻ  വേദന  കടിച്ചമർത്തി  ചന്ദ്രന്റെ  നേരെ  കുതിച്ചു .

പിന്നീട്  ആരു  ജയിക്കുമെന്ന്  പറയാനാകാത്ത  ഒരു  സംഘട്ടനം  അവിടെ

നടന്നു .

അവസാനം  ചന്ദ്രൻ  അയാളുടെ  നെഞ്ചിൽ  കയറിയിരുന്നു  ചെയിൻ  കൊണ്ട്  അയാളുടെ  കഴുത്തു  ഞെരിക്കാനൊരുങ്ങി .

പെട്ടെന്നാണൊരു  വെടിയൊച്ച  അവിടെ  മുഴങ്ങിയത് !

ചന്ദ്രന്റെ.കൈക്ക്  വെടിയേറ്റിരിക്കുന്നു !

ജയന്തൻ  പെട്ടെന്ന്  അവനെ  തള്ളി  മാറ്റി .

അതാ  കുറച്ചു  പോലീസുകാർ  ചന്ദ്രന്  നേരെ  കുതിക്കുന്നു !

നിമിഷങ്ങൾക്കകം  അവൻ്റെ  കൈകളിൽ  വിലങ്ങുവീണു !

അതാ  അവനെ  വലിച്ചിഴച്ചു  ജയന്തൻ  ജീപ്പിൽ  കയറ്റുന്നു !

കത്തുന്ന  കണ്ണുകളുമായി  മുറിവേറ്റ  ഒരു  സിംഹം !

ഭാഗം -9 

ജെയിൽ . രോഷാകുലനായി  അങ്ങോട്ടുമിങ്ങോട്ടും  ജെയിലിനുള്ളിൽ  നടക്കുകയാണ്  ചന്ദ്രൻ .

ഒരു  പോലീസുകാരൻ  വന്നു  സെല്ല്  തുറന്നു .

“വാടോ  പ്രാതൽ  കഴിക്കാം !”

“വന്നില്ലെങ്കിലോ ?”- കത്തുന്ന  നോട്ടം .

“നീ  എന്ന  ആനയെ  പിടിച്ച  പാപ്പാൻ  ഞാനാണ് ! മെരുക്കാനും  എനിക്കറിയാം !”

ഇൻസ്‌പെക്ടർ  ജയന്തനായിരുന്നു  അത് !

“നിങ്ങൾ  പൊയ്ക്കൊള്ളൂ ! സെല്ല്  പൂട്ടി  അവനേയും കൊണ്ട്  ഞാൻ  വരാം !”

അയാൾ  പോയി .

“ഞാൻ  വരില്ല !” അഴികളിൽ  മുറുകെപ്പിടിച്ചു  കൊണ്ട്  ചന്ദ്രൻ  നിന്നു .

ജയന്തൻ  പുഞ്ചിരിച്ചു .

“നിന്നെ  ഇപ്പോൾ  തൂക്കിയെടുത്തു  കൊണ്ടുപോകാൻ  നിഷ്പ്രയാസം  എനിക്ക്  കഴിയും ! റൗഡിസം  കഴിയുന്നത്ര  ഒഴിവാക്കാനാണ്  ഞാൻ  ആഗ്രഹിക്കുന്നത് ! നോക്കൂ , എത്ര  ആൾക്കാരുടെ  ശാപം  നിങ്ങൾ  ഏറ്റു  വാങ്ങിക്കാണും ? എത്ര  പേർ  നിന്റെ  പതനം  ആഗ്രഹിച്ചിട്ടുണ്ടാകും ?”

“പതനവും  ശാപവും ! ആര്  അതൊക്കെ  ചിന്തിക്കുന്നു . എനിക്കറിയാം  എന്നെപ്പോലെയുള്ള  എല്ലാ  ഗുണ്ടകളും  ഒരിക്കൽ  പരാജയപ്പെടുമെന്ന് !

പിന്നെ  ശാപം ! പണമുള്ളിടത്തോളം  കാലം  ഒരു  ശാപവും  എനിക്കേൽക്കില്ല !”

“ഹും ! പണവും  ശാരീരിക  ശക്തിയും  ഇപ്പോൾ  നിന്റെ  രക്ഷക്കെത്തിയില്ലല്ലോ ? രക്തക്കറ  പുരണ്ട  മനസ്സുമായി  നിനക്ക്  സമാധാനത്തോടെ  ഉറങ്ങാൻ  പറ്റാറുണ്ടോ ?”

“നിങ്ങൾ  പറഞ്ഞത്  ഒന്ന്  ശരിയാണ് ! മനഃസ്സമാധാനമായി  ഉറങ്ങിയിട്ട്

വർഷങ്ങളായി !”

“ഇതിൽ  നിന്നൊക്കെ  നിനക്കൊരു  മോചനം  വേണ്ടേ ? മനസ്സമാധാനത്തോടെ  ജീവിക്കണമെന്ന്  ആഗ്രഹമില്ലേ ?”

“ആഗ്രഹിച്ചിട്ടെന്തു  കാര്യം ? ചേരിയിൽ  വളർന്നവനെന്നും  ചെളിയിൽത്തന്നെ !”

“ആദ്യം  മനസ്സിലെ  ആ  ഇടുങ്ങിയ  ചിന്താഗതിയാകുന്ന  ചെളിയെ  കഴുകിക്കളയുക ! എല്ലാം  ശരിയാകും !”

“നല്ല  അവസ്ഥയിൽ  ജീവിച്ചു  വളർന്ന  സാറിനത്  പറയാം ! കഷ്ടപ്പാടിൽ

മാത്രം  വളർന്നവന്  തത്വചിന്തകൾ  ദഹിക്കില്ല !”

“ഇത്  തത്വചിന്തയല്ല ! പൊതുവായ  അവസ്ഥയാണ് !”

“ഒരു  ഗുണ്ടയായിരുന്ന  എനിക്ക്  നല്ല  ജീവിതം  സാദ്ധ്യമാകുമോ ? ഈ  സമൂഹം  ഒരിക്കൽ  തെറ്റ്  ചെയ്തവരെ  പിന്നീട്  നല്ലവരായി  അംഗീകരിക്കുമോ ?”

“തീർച്ചയായും ! പക്ഷേ , ഒരു  പാട്  കാലമെടുക്കും  എന്ന്  മാത്രം ! നിന്നെ  ഒരു  നല്ല  മനുഷ്യനാക്കുകയാണ്  എൻ്റെ  ലക്ഷ്യം !”

“നല്ലവനെന്നും  അപമാനിക്കപ്പെടുകയേയുള്ളൂ ! എന്തിനു  നല്ലവനായി  കഷ്ടപ്പാട്  മാത്രം  സഹിക്കണം ?”

“നീ  എന്നോട്  സഹകരിക്കുകയാണെങ്കിൽ  നിന്നെ  ഞാനൊരു  പുതിയ  മനുഷ്യനാക്കാം ! ജെയിലിൽ  നിന്നിറങ്ങിയാലും  അന്തസ്സായി  ജീവിക്കാനുള്ള  മാർഗ്ഗം  ഞാനുണ്ടാക്കിത്തരാം ! എന്ത്  പറയുന്നു ? ഇനിയെങ്കിലും  എൻ്റെ  കൂടെ  പ്രാതൽ  കഴിക്കാൻ  വന്നൂടെ ?”

“ശരീരമുള്ളിടത്തോളം  കാലം  ജീവിക്കേണ്ടതാണല്ലോ ? ഞാൻ  വരാം .

പക്ഷേ , സാറെനിക്ക്  വാക്കുതരണം , സർ  പറഞ്ഞതെല്ലാം  ആത്മാർഥമാണെന്ന് !”

“തീർച്ചയായും !”

അങ്ങനെ  ജയന്തന്റെ  കൂടെ  ജെയിൽപ്പുള്ളികൾ  പ്രാതൽ  കഴിക്കുന്ന

സ്ഥലത്തേക്ക്  അവൻ  നടന്നു .

കാലം  കടന്നു  പോയി .

ഇന്ന്  ചന്ദ്രന്റെ  മോചനത്തിനുള്ള  ദിവസമാണ് .

അവനിൽ  ഒരു  കനലായി  മനസ്സിലിരിക്കുന്ന  നല്ല  കാലത്തിന്റെ  പ്രതീക്ഷകൾ  സഫലമാകുമോ ?

ഭാഗം -10


നിയന്ത്രണങ്ങളുടെ  കൂരാക്കൂരിരുട്ടിൽ  നിന്ന്  അങ്ങനെ  ചന്ദ്രൻ  വീണ്ടും  സ്വാതന്ത്ര്യത്തിന്റെ  പ്രകാശത്തിലേക്ക്  കാലെടുത്തു  വെച്ചു .

ഇനിയാണ്  ജീവിതത്തിന്റെ  സങ്കീർണ്ണതകൾ  കൂടുതലായി  അനുഭവിക്കാനുള്ളത് !

എങ്ങനെ  ജീവിക്കും ?

വാഗ്‌ദാനം  സഫലമാകുമോ ?

എന്തായാലും  ഒരു  ജീവിതത്തിനായി  ആരുടെ  മുന്നിലും  കൈ  നീട്ടില്ല !

അലക്ഷ്യമായ  നടത്തം  അവനെ  അമ്പലനടയിൽ  എത്തിച്ചു .

ഇപ്പോഴിതാ  ഈ  കഴിഞ്ഞ  സംഭവങ്ങളെല്ലാം  മനസ്സിൽ  ഓർത്തു  ആൽച്ചുവട്ടിൽ  കിടക്കുന്നു !

എത്ര  ആളുകളെ  താൻ  കൊന്നു  തള്ളിയിട്ടുണ്ട് ?

എന്നിട്ടെന്തു  നേടി ?

പണം … പണം .. പണം ..

പണത്തിനു  തന്നെ  ജെയിലിൽ  നിന്നും  മോചിപ്പിക്കാനായില്ലല്ലോ ?

ഒരു  കണക്കിന്  ജെയിലിൽ  കഴിഞ്ഞത്  നന്നായി !

കുറച്ചെങ്കിലും  പാപഭാരം  മനസ്സിൽ  നിന്ന്  പോയല്ലോ !

ഇനി  സകല  ചരാചരങ്ങളെയും  സ്നേഹിക്കണം !

അതാണ്  ജീവിച്ചിരിക്കുമ്പോൾ  ഒരു  മനുഷ്യനു  കിട്ടുന്ന  ശാപമോക്ഷം !

അയാൾ  ആൽത്തറയിൽ  നിന്നിറങ്ങി  തൻ്റെ  അലക്ഷ്യമായ  നടത്തം  തുടർന്നു .

സമയം  രാത്രി .തെരുവിലെ  ഒരു  ഒഴിഞ്ഞ  പീടികത്തിണ്ണയിൽ  കിടക്കുകയാണ്  ചന്ദ്രൻ . ആകാശത്തിൽ  അവൻ്റെ  പേരുള്ള  ഒരാൾ  പുഞ്ചിരി  തൂകുന്നതിനാൽ  എല്ലാം  പകൽ  പോലെ  തെളിഞ്ഞു  കാണാം !

പെട്ടെന്നാണ്  അവൻ  ആ  കാഴ്ച  കണ്ടത് .ഒരു  വാൻ  വന്നു  റോഡിലേക്ക്  കൈയ്യും  കാലും  കെട്ടിയ  ഒരു  വൃദ്ധനെ  തള്ളിയിടുന്നു !

മുമ്പാണെങ്കിൽ  താൻ  മുഖം  തിരിച്ചു  നടന്നേനെ !

ഇന്ന് ..

വേദനിക്കുന്ന  ശരീരങ്ങൾ  തൻ്റെ  മനസ്സിനെ  നോവിക്കുന്നു .

വാൻ  അതിവേഗം  മുന്നോട്ടു  പോയി .

ചന്ദ്രൻ  അയാളുടെ  അടുത്തേക്ക്  ഓടിച്ചെന്നു . അയാളുടെ  വായ  മൂടിയ  പ്ലാസ്റ്റർ  മാറ്റി . കൈകാലുകളുടെ  കെട്ടുകളഴിച്ചു . വിക്രമാദിത്യൻ  വേതാളത്തെ  തൂക്കുന്നതു  പോലെ  അയാളെ  താങ്ങി  പീടികത്തിണ്ണയിലേക്കു  കൊണ്ടു  വന്നു .

പീടികത്തിണ്ണയിൽ  കിടത്തിക്കഴിഞ്ഞപ്പോഴാണ്  ആ  മുഖം  അവൻ  ശ്രദ്ധിച്ചത് !

ദൈവമേ ! ഇൻസ്‌പെക്ടർ  ജയന്തനല്ലേ  ഇത് ?

എങ്ങനെ  ആശുപത്രിയിലേക്ക്  കൊണ്ട്  പോകും ?

പെട്ടെന്നാണ്  ഒരു  ആംബുലെൻസ്  അത്  വഴി  വന്നത് !

എന്ത്  ചെയ്യണമെന്നറിയാതെ  ചന്ദ്രൻ  റോഡിൽ    നീണ്ടു  നിവർന്നു  കിടന്നു .

ഭാഗം -11 -ഇതും  ഒരു  ജീവിതമോ ?- എഴുതിയത് – രാജേഷ്  ആട്ടീരി – താനൂർ 

ഐ .സി .യു .

ഇൻസ്‌പെക്ടർ  ജയന്തന്  ബോധം  തെളിഞ്ഞു .

“ആരാ  എന്നെ  ഇവിടെ  കൊണ്ടുവന്നത് ?”

നേഴ്സിനോടായി  അയാൾ ചോദിച്ചു .

“ഞാനയാളെ  വിളിച്ചു  കൊണ്ട്  വരാം !”- നേഴ്സ്  പുറത്തേക്കു  നടന്നു .

ചുമരിൽ  ചാരി  എന്ത്  ചെയ്യണമെന്നറിയാതെ  ഒരു  കസേരയിൽ  ഇരിക്കുകയാണ്  ചന്ദ്രൻ .

“നിങ്ങൾ  കൊണ്ട്  വന്ന  ആൾക്ക്‌  ബോധം  വന്നു . നിങ്ങളെ  കാണണമെന്ന്  പറയുന്നുണ്ട് !” നേഴ്സ്  അറിയിച്ചു .

അവൻ  അകത്തു  കയറി .

“ഇത്  ഞാനാണ്  ജയന്തൻ  സാർ . നിങ്ങൾ  പരാജയപ്പെടുത്തിയ  ചന്ദ്രൻ !”

ജയന്തൻ  തേങ്ങിക്കരയാൻ  തുടങ്ങി .

“സാറെന്തിനാണ്  കരയുന്നത് ?”

“നീ  ജെയിലിൽ  നിന്നിറങ്ങിയാൽ  നിനക്ക്  ഒരു  ജീവിതമാർഗ്ഗം  ആക്കിത്തരുമെന്നു  ഞാൻ  പറഞ്ഞിരുന്നു . പക്ഷേ , നീ  ഇറങ്ങിയപ്പോഴേക്കും  ഞാൻ  ഒന്നുമില്ലാത്തവനായിപ്പോയല്ലോ ?”

“എന്ത്  പറ്റി  സർ ?”

“ഇത്രയും  കാലം  ആദർശം  പാലിച്ചു  ജീവിച്ചത്  കൊണ്ട്  എനിക്കൊന്നും

നേടാനായില്ല . ഞാൻ  വിരമിക്കുമ്പോൾ  എനിക്ക്  മുകളിലുള്ളയാൾ കൈക്കൂലിക്കാരനായിരുന്നു . അയാൾക്കെതിരെ  ഞാൻ  പരാതി  കൊടുത്തതിനാൽ  അയാൾ  എനിക്ക്  പെൻഷൻ  കിട്ടാനുള്ള  മാർഗ്ഗങ്ങളെല്ലാം  തടഞ്ഞു  വെച്ചു . വാക്ക്  പാലിക്കാൻ  കഴിയാത്ത  നട്ടെല്ലില്ലാത്തവനായി  പോയല്ലോ  ഞാൻ !”

“സാർ  കരയേണ്ട ! അന്ന്  സാർ  പറഞ്ഞപ്പോഴും  എനിക്ക്  വലിയ  പ്രതീക്ഷയൊന്നും  ഉണ്ടായിരുന്നില്ല ! എന്നാൽ , ഇന്ന് , ഒരു  നല്ല  ജീവിതം  നയിക്കാൻ  ഞാൻ  ആഗ്രഹിക്കുന്നു ! ആട്ടെ ! ആരാണ്  സാറിനെ  ഉപദ്രവിച്ചത് !”

“എൻ്റെ … മക്കൾ …”

“എന്തിന് ?”

“കാൽ  കാശിനു  പോലും  ഗതിയില്ലാതെ  ഒരു  അച്ഛനെ  സ്നേഹിക്കാൻ  ഇന്നത്തെ  മക്കൾക്കാകുമോ ? പണമില്ലാത്ത  ഭർത്താവിനെ  സ്നേഹിക്കാനും  പരിചരിക്കാനും  ഇന്ന്  ഏതെങ്കിലും  സ്ത്രീകൾ  തെയ്യാറാകുമോ ?”

“ഞാൻ  ഇന്ന്  പണത്തിന്റെ  അർത്ഥശൂന്യതയെ  കുറിച്ച്  തിരിച്ചറിഞ്ഞു മനുഷ്യനാകാൻ  ശ്രമിച്ചപ്പോൾ  എന്നെ  തിരുത്തിയ  അങ്ങ്  പണത്തിന്റെ  പ്രാധാന്യം  അറിയുന്നു . ഇനി  സാറിനെ  പുറത്തിറക്കാൻ  പണത്തിനായി  വീണ്ടും  ഞാൻ  ചോരയുടെ  പാതയിലേക്കിറങ്ങുന്നു ! നല്ലവരെ  വേണ്ടാത്ത  ഈ  ലോകത്ത്‌  എനിക്കും  നല്ലവനാകേണ്ട !”

ചന്ദ്രൻ  മുറിക്കു  പുറത്തിറങ്ങി .

മണിക്കൂറുകൾ  കടന്നു  പോയി . ജയന്തനെ  വീൽചെയറിൽ  ഉന്തിക്കൊണ്ടു  അതാ  ചന്ദ്രൻ  ആശുപത്രിക്കു  പുറത്തേക്കു  വരുന്നു .

“ചന്ദ്രാ , നീ  പണത്തിനായി  എന്ത്  ചെയ്തു ? ആരെയെങ്കിലും  കൊന്നോ ?”

“ഇല്ല , സാർ ! സാറിന്  അർഹതപ്പെട്ട  പണം  കൊണ്ട്  തന്നെ പ്രശ്‍നം  തീർത്തു !”

“എങ്ങനെ ? എനിക്ക്  അർഹതപ്പെട്ടതോ ?”

“ഞാൻ  സാറിന്റെ  വീട്ടിൽപ്പോയി  മക്കളെ  ഒരു  വിരട്ടു  വിരട്ടി . ആ  പേടിത്തൂറികൾ  പേടിച്ചു  കുറേ  പണം  തന്നു  എന്നെ  ഒഴിവാക്കി . നമുക്ക്  ഇനി  ഒരു  വാടക  വീട്ടിലേക്കു  പോകാം !”

അവർ  കാറിൽ  കയറാനായി  ഒരുങ്ങി .

“ചന്ദ്രനല്ലേ ?”- ആ  ചോദ്യം  കേട്ടു  അവൻ   തിരിഞ്ഞു  നോക്കി .

ഒരു  ചെറുപ്പക്കാരൻ !

“അതേ !” ജയന്തനെ  കാറിൽ  കയറ്റിയിരുത്തി  അയാൾ  അവൻ്റെ  അടുത്തേക്ക്  നടന്നു .

“നീ  ആരാ ? നിനക്കെന്നെ  എങ്ങനെ  അറിയാം ?”

“നിങ്ങളെ  ഞാൻ  ഓർത്തില്ലെങ്കിൽ  ജീവിച്ചിരുന്നിട്ട്  കാര്യമില്ലല്ലോ ? നിങ്ങൾ  പുറത്തിറങ്ങാനായി  കാത്തിരിക്കുകയായിരുന്നു  ഞാൻ . നിങ്ങൾ  കൊന്നു  തള്ളിയ  വേലായുധന്റെ  മകനാണെടാ  ഞാൻ !നിന്റെ  കുടലുമാല  വലിച്ചൂരിയാലേ  എൻ്റെ  അച്ഛന്റെ  ആത്മാവിനു  ശാന്തി  കിട്ടൂ !”

ചന്ദ്രൻ  പുഞ്ചിരിച്ചു .

“ഇപ്പോഴും  കത്തിയിൽ  നിന്ന്  ചോര  നക്കിയ  നിങ്ങളുടെ  മുഖം  എൻ്റെ  മനസ്സിനെ  വേട്ടയാടുന്നുണ്ട് . എനിക്കും  മനസ്സമാധാനം  വേണം !”

പെട്ടെന്നൊരു  കത്തി  ചന്ദ്രന്റെ  വയറ്റിൽ  കുത്തിക്കയറി .

“നീ … ഓടിപ്പോയിക്കോ  മോനെ .. ഇനിയും  ഗുണ്ടകൾ  സൃഷ്ടിക്കപ്പെടാതിരിക്കട്ടെ !”

വേദന  കടിച്ചമർത്തി  ചന്ദ്രൻ  തൻ്റെ  ശരീരത്തിലെ  കത്തി  വലിച്ചൂരി  പിടഞ്ഞുകൊണ്ടു  നിലത്തു  വീണു .

(അവസാനിച്ചു )

Related posts