27.5 C
Bengaluru
January 17, 2020
Untitled

ഇന്ത്യ ഒരാഗോളശക്തിയായി മാറുന്നതിൽ അഭിമാനമേള്ളു.. പക്ഷെ?.

floods

ഇന്ത്യ ഒരു വികസിത രാജ്യമായി മാറികൊണ്ടിരിക്കുകായാണ്‌. ഐക്യരാഷ്രസഭയിൽ വീറ്റോ പവ്വർ പോലും ലഭ്യമാകാൻ പാകത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞിരിക്കുന്നു. അതിനാൽ ഇന്ത്യ വിദേശ രാജ്യങ്ങളുടെ സഹായം പ്രളയ കെടുതിക്കായി സ്വീകരിക്കുന്നത് അന്തസ്സിന് നിരക്കാത്തതാണ് എന്നുള്ള വാദഗതിയാണല്ലോ പ്രളയത്താൽ വീർപ്പുമുട്ടി കഴിയുന്ന കേരളത്തെ സഹായിക്കാനുള്ള ചില വിദേശ രാജ്യങ്ങളുടെ സന്മനസ്സിനെ നിരാകരിക്കാൻ കേന്ദ്ര ഗവര്മെന്റെ മുന്നോട്ടു വെക്കുന്ന പ്രധാനവാദഗതി. ഇന്ത്യ ഒരു ആഗോളശക്തിയായി നിലയുറപ്പിച്ചു കാണുന്നതിൽ അഭിമാനിക്കാത്ത ഇന്ത്യക്കാരുണ്ടാകുമോ? പക്ഷെ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളർച്ച അടയാളപ്പെടുത്തുന്നതിന്റെ അടിസ്ഥാന മാനദണ്ഡമെന്താണ്?. അതിനനുസരിച്ചുള്ള ‘സമഗ്രമായവളർച്ച’ ഇന്ത്യ കൈവൈരിച്ചു കഴിഞ്ഞിട്ടുണ്ടോ? ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ ഒരു വികസിത രാജ്യമായി ഉയർത്തിക്കാണിക്കാൻ പാകത്തിൽ ഇന്ത്യ വളർന്നു കഴിഞ്ഞുവോ?.അതോ വെറും പൊള്ളയായ ചില മധ്യവർഗ്ഗ ജാഡകളുടെ പൊറംപൂച്ചിൽ പഴയ തറവാടിത്ത കാരണവന്മാരുടെ ഗീർവാണത്തേക്കാളുപരി വല്ല സത്യവും അതിലുണ്ടോ? ഇല്ലെന്നുള്ളതാണ് ഇന്ത്യയിൽ വർഷം തോറും നടക്കുന്ന കർഷക ആത്മഹത്യകളും പോഷഹാര കുറവുമൂലം നടക്കുന്ന മരണനിരക്കും കാണിക്കുന്നത്.

2014-നും 2015-നുമിടയിൽ കർഷക ആത്മഹത്യയിൽ 40 ശതമാനം വാർദ്ധനവാണ് രാജ്യത്തുണ്ടായത്. കർണ്ണടകത്തിലാണ് കർഷക ആത്മഹത്യ കുത്തനെ ഉയർന്നത്; 2014-ലെ 321-ൽ നിന്നും 2015-ൽ 1300-ലേറെയായി. ഏറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്തത് മഹാരാഷ്ട്രയിലാണ്; 2014-ൽ 2568; 2015-ൽ 3030, 18 ശതമാനം വര്ദ്ധനവ്. തെലങ്കാനയാണ് അടുത്ത സംസ്ഥാനം. 2014-ൽ 898 കർഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയതെങ്കിൽ 2015-ൽ അത് 1350 ആയി. തുടർച്ചയായ രണ്ടു വര്ഷങ്ങളിൽ 2014-ലും 2015-ലും രാജ്യത്തു കടുത്ത വരൾച്ച നേരിട്ടു. മദ്ധ്യേന്ത്യൻ സംസ്ഥാനങ്ങളെയായിരുന്നു ഇതേറ്റവും കൂടുതൽ ബാധിച്ചത്. 2015-ലും വരൾച്ച തുടര്ന്നതോടെ കഴിഞ്ഞ വരൾച്ചയുടെ ആഘാതത്തിൽനിന്നും കരകയറാൻ കർഷകർക്ക് കഴിഞ്ഞില്ല. കർണ്ണടകത്തിൽ 2015-ൽ 176 താലൂക്കുകളില് 140 എണ്ണവും വരൾച്ച ബാധിതമായി പ്രഖ്യാപിക്കേണ്ടിവന്നു. ഇതോടൊപ്പം പെരുകുന്ന കടഭാരവും ആത്മഹത്യ ചെയ്യുന്ന കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ധനസഹായം വര്ദ്ധിപ്പിച്ചതും സംസ്ഥാനത്തെ കർഷക ആത്മഹത്യകൾ വർദ്ധിക്കാൻ കാരണമായി പലരും പറയുന്നു.

ഏറ്റവും കൂടുതൽ കർഷക ആത്മഹത്യകൾ കണ്ട മഹാരാഷ്ട്രയിൽ മറാത്ത്വാഡ മേഖലയിലാണ് വരൾച്ച ഏറെ ബാധിച്ചത്. 2016-ലെ ആദ്യ 4 മാസക്കാലത്ത് ഈ പ്രദേശത്ത് 400 കർഷകർ ആത്മഹത്യ ചെയ്തു. 2015-ൽ മറാത്ത്വാഡയിലെ 8 ജില്ലകളിൽ 1130 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഏതാണ്ട്, ദിവസം മൂന്നു പേര് എന്ന കണക്കിൽ. മറാത്ത്വാഡയിൽ വലിയതോതിൽ വെള്ളം ആവശ്യമുള്ള കരിമ്പ് പോലുള്ള കൃഷികൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കി. സംസ്ഥാന, കേന്ദ്ര സര്ക്കാരുകൾ കർഷകരോട് ആവശ്യപ്പെടുന്നത് ഭക്ഷ്യവിളകളിലേക്ക് മാറാനാണ്.
2014-ൽ രാജ്യത്തു 5650 കർഷക ആത്മഹത്യകളാണ് രേഖപ്പെടുത്തിയതെങ്കിൽ 2015-ൽ അത് 8,000-മായി ഉയര്ന്നെന്ന് സർക്കാർ തന്നെ സമ്മതിക്കുന്നു. 2015-ൽ നൂറിലേറെ കർഷകര് ആത്മഹത്യ ചെയ്ത സംസ്ഥാനങ്ങൾ മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ്. ബിഹാര്, ഝാര്ഖണ്ട്, പശ്ചിമ ബംഗാള്, ചില വടക്കുകിഴക്കന് സംസ്ഥാനങ്ങൾ എന്നിവടങ്ങളിൽ ഈ വര്ഷം കർഷക ആത്മഹത്യകൾ ഉണ്ടായിട്ടില്ല. (അഴിമുഖത്തോടു കടപ്പാട്)

എല്ലാവരും ഒരു വരൾച്ച ഇഷ്ട പ്പെടുകയാണ്.”എന്ന സായിനാഥ്ന്റെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 9% വരൾച്ച നിരക്കും ഐ ടി കമ്പനികളുടെ കുതിച്ചു ചാട്ടവും മഹത്തായ മദ്ധ്വര്ഗ്ഗവും ഇന്ത്യയെ നാളത്തെ ലോക ശക്തിയാക്കുമെന്നു വീമ്പളക്കുന്നവർ അറിയുക. ഇന്ത്യ പാവങ്ങളുടെ നാടാണ്. ഒരു നേരത്തെ കഞ്ഞി കുടിക്കാൻ വകയില്ലത്തവരുടെ നാട്. പോഷക മൂല്യമുള്ള ആഹാരം ലഭിക്കത്തവരുടെ നാട്. കപട രാഷ്ട്രിയക്കാരും ബ്യുറോക്രാറ്റുകളും നിരന്തരം ഊറ്റി കുടിച്ചു വൃണിത മാക്കപ്പെട്ടവരുടെ നാട്. കോടിശ്വരന്മാരുടെ കാര്യത്തിൽ ലോകത്ത് 4 സ്ഥാനമുള്ള ഇന്ത്യ മാനുഷ്യക വികസന സൂചികയുടെ കാര്യത്തിൽ 134 സ്ഥാനമാണലങ്കരിക്കുന്നത്. വിഭവ സമ്പത്ത് ഇല്ലങ്കിലും ദാരിദ്ര്യ നിര്മ്മാര്ജ്ജനം നടപ്പിലാക്കുന്ന കാര്യത്തിൽ ശുഷ്കാന്തി പുലര്ത്തുന്ന ശ്രീലങ്കക്ക് ഇന്ത്യയേക്കാൾ 20 പോയിന്റ് കൂടുതലാണ് എന്നോർക്കുക. അതുപോലെ ബൊളിവിയ, നിക്ക്വരാഗോ തുടങ്ങി നിരന്തരം അഭ്യന്തര സംഘർഷങ്ങൾ നേരിടുന്ന പല ആഫ്രിക്കാൻ രാജ്യങ്ങളും ഇക്കാര്യത്തിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലാണ്. പോഷക മൂല്യമില്ലാത്ത കുട്ടികളുടെ കാര്യത്തിൽ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ. 5 വയസ്സിനു താഴെയുള്ള 46% കുട്ടികൾക്കും പോഷകാഹാരം ലഭിക്കുന്നില്ലന്നാണ് നഷേണൽ ഫാമിലി ഹെൽത്ത് സർവേ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ ജീവിത ചെലവ് മൂന്നോ നാലോ ഇരട്ടിയായി വർദ്ധിച്ചെങ്കിലും വരുമാനം അതിനനുസൃതമായി വർദ്ധിക്കാത്താതിനാൽ സാധാരണക്കാരെ സമ്പന്ധിച്ചടുത്തോളം ദാരിദ്ര്യം പതിൻമടങ്ങ് വര്ദ്ധിച്ചു. ഇന്ത്യയിലെ 16% മദ്ധ്യവർഗം 15 വർഷങ്ങൾക്കു മുൻപു ഭാവനയിൽ പോലും കാണാത്തവിധം സമൃദ്ധമായി ജീവിക്കുമ്പോൾ 40% ജനങ്ങൾ അവർ പ്രതീക്ഷിച്ചതിലും പതിന്മടുങ്ങു ദുരിതത്തിലായി തീർന്നു. പാളിപ്പോയ വികസന നയത്തിന്റെ ദൃഷ്ടാന്തമാണിത്. ഗൾഫ് പണവും രാഷ്ട്രിയ വിവേചനബോധവും ഇല്ലായിരുന്നെങ്കിൽ നമ്മുടെ കേരളം എന്തായി തീരുമായിരുന്നു എന്ന് വായനക്കാർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ബ്രിട്ടിഷ്കർ ഇന്ത്യയെ ചൂഷണം ചെയ്ത് അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരുന്നു എന്നത് നേരാണ്. എന്നാൽ 1996 ലെ കൊണ്ഗ്രെസ്സിന്റെ ആവഡി സമ്മേളനത്തിൽ എടുത്ത സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെ ഫലമായി 1950 മുതൽ 1980 വരെയുള്ള കാലത്ത് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഒരു പരിതിവരെയെങ്കിലും കുറഞ്ഞു വന്നിരുന്നുവെങ്കിൽ അതിനു ശേഷമുള്ള കാലയളവിൽ ഈ അസന്തുലിതാവസ്ഥ ക്രമേണെ വളുരുകയും 1990 കളിലെ ആഗോളവൽക്കരണ നടപടിയിലൂടെ വൻകിട കോർപ്പറേറ്റുകളുടെ കടന്നു വരവോടെ സ്ഥിതിഗതികൾ തകിടം മറിഞ്ഞു. വൻകിട കോർപ്പറേറ്റ്ഭീമൻമാർ ഇന്ത്യയുടെ വികസന നയം നിശ്ചയിക്കാൻ ആരംഭിച്ചത് അക്കാലത്താണ്. അംബാനിമാർക്ക് വേണ്ടി പർലിമെന്റിൽ 2 ദിവസം പ്രത്യേക ചർച്ച നടത്തിയപ്പോൾ അതിൽ ഒരു ദിനം കൂടി കർഷകർക്കായി മാറ്റി വെച്ചില്ലന്നതാണ് വിരോധാഭാസം. ഇന്ന് അംബാനിക്ക് പകരം അദാനിയടങ്ങുന്ന മറ്റാര്ക്കൊക്കയോ വേണ്ടി അത് തുടരുന്നു എന്നതാണ് പുതിയ ഭരണ മാറ്റത്തിന്റെ സവിശേഷത.

ഇന്ത്യയുടെ ഹൃദയം ഗ്രാമങ്ങളിലാണന്നും കർഷകരാണ് ഇന്ത്യയുടെ യഥാർത്ഥ പ്രജകളെന്നും ഉത്ഘോഷിച്ച ഗാന്ധിജിക്ക് പകരം ഗോട്സയെ പകരം വെക്കുന്നത് കേവലമൊരു പകരം വെപ്പെല്ലന്നു നാം തിരിച്ചറിയേണ്ടതുണ്ട്. യഥാർത്ഥ്യം ഇതൊക്കെയാണന്നിരിക്കെ കര്ഷകരുടെ ഉന്നമനം ലക്ഷ്യമിട്ടന്നെ തെറ്റായ വാർത്ത സൃഷ്ടിച്ചു മാധ്യമങ്ങള്ക്ക് മുമ്പിൽ പൊറാട്ട് നാടകം കളിക്കുന്ന കൂട്ടി നേതാക്കളും യോഗകൊണ്ട് ആത്മാവും ശരീരം സംരക്ഷിച്ചു കളയാം എന്നാഹ്വാനം ചെയ്യുന്ന മോഡി സര്ക്കാരും ഭാരതത്തിന്റെ യഥാർത്ഥ ചിത്രം എന്തെന്ന് മനസ്സിലാക്കുകയും അതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുകയുമാണു വേണ്ടത്. ഭരണാധികാരികൾ സ്വന്തം കീശ വീർപ്പിക്കുന്നതിടയിൽ മറന്നു പോയത് പട്ടിണിപ്പവങ്ങളായ കോടിക്കണക്കിനു ജനങ്ങളെയാണ്. അവരുടെ നികുതിപ്പണം കൊണ്ട് കോട്ട കൊത്തളങ്ങൾ കെട്ടി സുഖിച്ചപ്പോൾ ഇല്ലാതായി പോയത് പാവപ്പെട്ടവരുടെ ജീവിക്കാനുള്ള അവകാശങ്ങളാണ്. ഒരു അർത്ഥത്തിൽ വിദേശികളായ കൊള്ളക്കാരെക്കൾ സ്വദേശികളായ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമാണി കളുമാണ് സാധാരണക്കാരുടെ സ്വപ്നങ്ങൾ തകർത്തു തരിപ്പണമാക്കിയത്. അത് ഗാന്ധിജിയുടെ നിലപാടുകൾക്കും ഇന്ത്യയുടെ യാഥാർഥ്യത്തിനും എല്ക്കുന്ന തിരിച്ചടായാണ്. ഇന്ത്യയുടെ യാഥാർഥ്യത്തെ ഗ്രാമങ്ങളിൽ നിന്നും പറിച്ചെടുത്ത് നഗരങ്ങളിൽ സ്ഥാപിക്കാനുള്ള ആഗോളികരണ സ്വപ്നപദ്ധതികൾ കോർപ്പറേറ്റുകളുടെ അജണ്ടയുടെ ഭാഗമാണ്. അത് കോടിക്കണക്കായ ഇന്ത്യക്കാരുടെ ദീനരോദനങ്ങളുടെ കണ്ണീരിന്റെ കഥകളാകും പില്ക്കാലത്ത് എഴുതിച്ചേർക്കപ്പെടുക എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.

ഇന്ത്യ 90കളിലെ ആഗോളികരണത്തിന് മുമ്പും പിമ്പും എന്നിങ്ങനെ രണ്ടായി പകുത്തു പഠിക്കേണ്ടി വരുന്നൊരു കാലം വരാതിരിക്കില്ല. അത്രമാത്രം ദൂരവ്യാപകമായ ഫലങ്ങൾ സൃഷ്ടിച്ചിരുന്ന നടപടി ക്രമങ്ങളയിരുന്നു ഗാട്ട് കരാറും അതിനോടാനുബന്ധമായി ഒപ്പ് വെച്ച മറ്റനേകം ആഗോളകരാരുകളും. അത് നാമം മാത്രമായങ്കിലും നിലവിലുണ്ടായിരുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയെ തകർക്കുകയും പൂർണ്ണമായൊരു മുതലാളിത്വ പാതയിലേക്ക് ഇന്ത്യയെ കൊണ്ടാത്തിക്കുയും ചെയ്തു. അതിന്റെ ഗുണങ്ങലനുഭാവിച്ചത് ഒരു ചെറുന്യൂനപക്ഷവും ദുരിതങ്ങളാകട്ടെ ഒരു വലിയ ജനസഞ്ചയത്തിന്റെ സ്വപ്നങ്ങളിൽ പോലും തീ മഴ പെയ്യിക്കുന്നതുമായിരുന്നു.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണന്നും കർഷകരാണ് ഇന്ത്യയുടെ യഥാര്ത്വ അവകാശികളെന്നും ഗാന്ധിജി മനസ്സിലാക്കിയത് ഇന്ത്യയെകണ്ടറിഞ്ഞതിന് ശേഷമായിരുന്നു അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിലെ ശീതികരിച്ച മുറിയിലിരുന്നു മണ്ടൻമാരായ ഉപദേശികളുടെ വിവരണങ്ങളുടെ അടിസ്ഥനത്തിലയിരുന്നില്ല. നമുക്ക് അന്നം തന്നു കൊണ്ടിരിക്കുന്ന കർഷകർ നിരാലബരും ഒരു ചാൺ വയറു നിറക്കാൻ കെൽപ്പില്ലാതെ ഒരു മുഴം കയറിൻ തുമ്പിൽ തൂങ്ങിയാടാൻ വിധിക്കപ്പെട്ടവരായി തീർന്നത് ഭരണാധികാരികളുടെ പിടിപ്പു കേടുകൊണ്ട് തന്നെയാണ്. അല്ലാതെ അതൊരു ഫാഷനായി അവർ ആഘോഷിക്കുന്നത് കൊണ്ടല്ലെന്ന് ഇനിയും മനസ്സിക്കാൻ പറ്റിയില്ലെങ്കിൽ ഇന്ത്യ വികസിച്ചു കൊണ്ടേയിരിക്കുകയാണെന്ന മിഥ്യധാരണയിൽ ഇനിയും കഴിയേണ്ടിവരും.

കേരളം എന്നും വേറിട്ട് ചിന്തിക്കാനും സ്വന്തമായ ഒരു പാതയിലൂടെ ചരിക്കാനും ഇടയാക്കിയതിൽ രാഷ്രീയ സാമൂഹ്യ രംഗത്തെ വേറിട്ട കാഴ്ചപ്പാടും പ്രവാസപണത്തിന്റെ നിർലോഭമായ ഒഴുക്കുമാണെന്ന് തർക്കമറ്റ കാര്യമാണ്.അതിൻ മേലാണ് ഒരു ഇടിത്തീപോലെ പ്രളയ കെടുതി സംഭവിച്ചിരിക്കുന്നത്. പലരുടെയും നാളിതുവരെയുള്ള സമ്പാദ്യത്തിന്റെയും സ്വപ്നത്തിന്റെയും മേലാണ് പ്രളയജലം സംഹാരതാണ്ഡവമാടിയത്. അവിടെ കേവലമായ കക്ഷി രാഷ്ട്രീയ നിലപാടകൾ മറന്നു സഹായിക്കേണ്ട ചുമതല ജനാധിപത്യ ബോധമുള്ള എല്ലാവരുടെയും കടമയാണ് കർത്തവ്യമാണ്. മാറ്റാൻപറ്റാവുന്ന ചട്ടങ്ങൾ മാറ്റി എഴുതണം ഒരു ജനസമൂഹത്തിന്റെ ഉയിർപ്പിനായി. വിദേശ സഹായം അതൊരു വലിയ കൈത്താങ്ങാണ് കേരളത്തിന്. അതിന് അന്നം മുടക്കിയായി നിൽക്കുന്ന നിയമങ്ങൾ എന്തായാലും അത് തിരുത്തി എഴുതാൻ ബദ്ധപ്പെട്ടവർ തയ്യാറാകണം.രാഷ്രീയം വേറെ കടമയും കർത്തവ്യവും വേറെ. കരുണയും ദയയും കാണിക്കേണ്ട സമയത്ത് ‘മകൻ പോയാലും മരുമകളുടെ കണ്ണീരു കാണാമല്ലോ എന്ന് കരുതുന്ന അമ്മായി അമ്മയുടെ'(പഴയ ചൊല്ലണ് എന്റെ പെൺസുഹൃത്തുക്കൾ ക്ഷമിക്കുക) കുശുമ്പും കുന്നായ്മയും വൈര്യനിര്യാതനബുദ്ധിയും ഒഴുവാക്കി കേരളത്തിന്റെ കെടുകാര്യസ്ഥതയെ സഹായിക്കാനുള്ള കടമയും ഉത്തരവാദിത്വവും കേന്ദ്ര ഗവർമെന്റിനുണ്ട്.അതവർ ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്…..

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.