22 C
Bangalore
September 24, 2018
Untitled

വേരുകൾ  തേടി…

അന്ന് , കുറേ   വർഷങ്ങൾക്കു  ശേഷം  അവൻ  അമ്പലത്തിൽ  പോകാൻ  തീരുമാനിച്ചു .

സ്വന്തമായി  വാഹനമുണ്ടെങ്കിലും  നടന്നു  പോകുന്നതിന്റെ  സുഖം  ഒന്ന്  വേറെയാണ് . ചിന്താധീനനായി  നടക്കുന്നതുകൊണ്ടു  അപകടമൊന്നും  സംഭവിക്കില്ലല്ലോ ?

യാത്ര  ആരംഭിച്ചു .മനസ്സിൽ  പതിഞ്ഞ  പല  ബിംബങ്ങളുടെയും  യാഥാർത്ഥരൂപം  ദർശിച്ചാണ്  യാത്ര .ആദ്യമായി  അവൻ  കണ്ട  ബിംബം  ഓവുപാലത്തിന്റേതാണ് . അതിനടിയിലൂടെ  നടക്കുമ്പോൾ  അവൻ  ഒന്ന്  പുഞ്ചിരിച്ചു . കുട്ടിക്കാലത്തു  പ്രതിധ്വനി  കേൾക്കാനായി  അതിനടിയിൽ  നിന്നും  ഈളിയിട്ടത്  അവൻ  ഓർത്തുകാണും !

അവൻ  നടത്തം  തുടർന്നു . ഇനി  ഒരു  കയറ്റമാണ് . ആ  വളവിന്റെ  ഒരു  വശത്തു  ഒരു  കുളമുണ്ടായിരുന്നു . അതിനു  സമീപത്തുള്ള  പാടത്തു  കുറേ  താറാവുകൾ  കൂട്ടമായി  നടക്കുമായിരുന്നു .അവ  വേഗത്തിൽ  പിന്നാലെ  ഓടിവന്നപ്പോൾ  താൻ  പേടിച്ചോടിയിരുന്നത്  ഇന്നത്തെ  ദൃശ്യം  എന്നപോലെ  അവൻ്റെ  മനസ്സിൽ  തെളിഞ്ഞു .കയറ്റം  കയറിക്കഴിഞ്ഞു . ഒരു  വശത്തു  ഒരു  പറമ്പു  കാണാം . അതിലൂടെയാണ്  പണ്ട്  സ്വാമിമാർ  മഠത്തിലേക്ക്  പോയിരുന്നത് .കുട്ടിക്കാലത്തു  അവിടെ  തൊഴാൻ  പോകുമ്പോൾ  ഒരു  കണ്ണ്  ദേവനിലും  മറു  കണ്ണ്  ചില്ലു  പാത്രത്തിലിട്ട  കൽക്കണ്ടത്തിലും  ആയിരുന്നു . അത്  കണ്ടു  ചിരിച്ചിരുന്ന  സ്വാമിമാർ  അവനു  കൽക്കണ്ടം  നൽകുമായിരുന്നു .

ഇന്ന്  ആധ്യാത്മികത  കച്ചവടവത്കരിക്കപ്പെട്ടപ്പോൾ  പല  വേഷങ്ങൾ  വന്നു  ചേർന്നു . സ്ഥാപനം  സാമ്പത്തികമായി  ഉയർന്നു . നഷ്ടം  ആധ്യാത്മികതക്ക്  മാത്രം !

ചിന്ത  മറ്റൊരു  വശത്തേക്ക്  വഴിയുടെ  വളവിനനുസരിച്ചു  തിരിഞ്ഞു .തീരെ  താത്പര്യമുണ്ടായിട്ടല്ല  അവൻ  ഇപ്പോൾ  അമ്പലത്തിൽ  പോകുന്നത് . മറ്റാർക്കും  പോകാൻ  നിവൃത്തിയില്ലാത്തതു  കൊണ്ടാണ് .കേരളം  തമിഴ്‌നാട്  ശൈലിയിലേക്ക്  മാറിയിരിക്കുന്നു . അവിടെ  കൂടുതൽ  പണം  നൽകിയാൽ  കൂടുതൽ  അടുത്ത്  നിന്ന്  തൊഴാം . ഒരു  പക്ഷേ , നല്ലൊരു  തുക  കൊടുത്താൽ  ദൈവത്തെത്തന്നെ  കയ്യിൽ  തന്നെന്നും  വരും ! ദൈവം  ഇപ്പോൾ  ഓൺലൈനിലും  അനുഗ്രഹം  നല്കാൻ  തുടങ്ങിയെന്നത്  മുഖപുസ്തകത്തിൽ  കണ്ടു ! ദൈവവും  സ്മാർട്ടായി !

അപ്പോൾ  ധനികനല്ലാത്ത  തൻ്റെ  പ്രാർത്ഥന  ദൈവം  കേൾക്കുമോ ?കോടികളുടെ  കുലുക്കത്തിൽ  ചില്ലറക്കാരനെ  മറക്കുമോ ?

അവൻ  തിരികെ  നടന്നു . ദൈവത്തിന്റെ  വേരുകൾ  എല്ലാവരുടെയും  മനസ്സിനുള്ളിലാണ് . അവൻ  സ്വയം  പറഞ്ഞു :

“എനിക്ക്  എൻ്റെ  മനസ്സിലെ  ദൈവത്തെ  തൊഴുതാൽ  മതി !”

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.