എന്ത് കൊണ്ടാണന്നറിയില്ല ഇബ്രാഹിമിന്റെ ചിന്തകളിപ്പോൾ അങ്ങനെയാണ്…… എന്നും ബലിപെരുന്നാൾ സ്മരണകൾ തിടംവെച്ച് ഇബ്രാഹിം നബിയുടെ ത്യഗോജ്ജലമായ പുത്രകാമനകൾ അയാളെ വല്ലാതെ അലട്ടികൊണ്ടിരിക്കും.ഉച്ചിയിലൂടെ മുഖത്തേക്ക് ഒഴുകിയ വിയർപ്പുകണങ്ങൾ തൂവാലഴെടുത്ത് തുടച്ച അയാൾ വിദൂരതയിലേക്ക് കണ്ണ് പായിച്ചു. മരുഭൂമിയിലെ നട്ടുച്ചവെയിലിന്റെ തീഷ്ണതയിൽ വിനാശകാലത്തിന്റെ പെരുമ്പറയെന്നോണം വിവിധ യന്ത്രങ്ങളുടെ ശബ്ദകൊലഹലങ്ങൾക്കിടയിലും അയാൾക്കുള്ളിലൂടെ പ്രതീക്ഷയുടെ സംസം നീരുറവ പ്രവഹിക്കാനൊരു വിഫലശ്രമം നടത്തുന്നുണ്ടായിരുന്നു.

പൊലിമ വറ്റിയ കിനാവുകൾക്കും നിസ്സഹായത പടരുന്ന ജീവിതങ്ങളുടെ ഉയിർപ്പിനുംവേണ്ടി ബാലിയർപ്പി തനായി മരുഭൂമിയിലേക്ക് പുറപ്പട്ടവനാണല്ലോ താനും.അയാൾക്കുള്ളിൽ പ്രവാചക ശ്രേഷ്ടനായ ഇബ്രാഹിമും മകൻ ഇസ്മയിലും മാറിമാറി സല്ലപിക്കുകയും ചിരിച്ചുല്ലസിക്കുകയും പരിഭവിച്ചു മുഖം വീർപ്പിക്കുകയും ചെയ്തു കൊണ്ടിരുന്നു. പൊടുന്നനവെയാണ് ഒരു കൊടും കിടിലത്തിന്റെ വാഗ്മയശബ്ദം തൊട്ടു പിറകിൽ തിളച്ചു തുകിയത്.. “ഇടിയറ്റു നീ.. നിന്റെ ഊണിലും ഉറക്കത്തിലും എന്തിനധികം നിന്റെ സ്വപ്നത്തിൽപോലും ചിന്തിക്കേണ്ടത് കമ്പനിയെക്കുറിച്ചായിരിക്കണം കമ്പനിയുടെ വളർച്ചയെക്കുറിച്ചായിരിക്കണം.യൂ നോ ഇബ്രാഹിം? എന്റെ മകളുടെ പാന്റ്സിന്റെ നീളം അല്പം കൂടി പോയന്നക്ഷേപിച്ച സ്കൂൾ അധികൃതർ ഒരാഴ്ചയായി എന്നെ കാണണമെന്നവിശ്യപെട്ടിട്ടും എനിക്ക് ഇന്നേവരെ അവിടെവരെ പോകാനോ മകളോടുള്ള ആ കടമ നിറവേറ്റാനോ സാധിച്ചിട്ടില്ല വൈ …? ദാറ്റിസ് മൈ കമ്മിറ്റ് മെന്റ് ഓഫ് വർക്ക്‌ …യൂ അണ്ടര് സ്റാണ്ട് ? ബ്ലഡി… …….’’’’

ഇബ്രഹിമിന്റെ കേൾവിയുടെ ജാലകപാളികൾ താനെ അടഞ്ഞുതുടങ്ങി. ഇപ്പോൾ അങ്ങനെയാണ് ഉദ്ദീപനങ്ങൾക്കനുസ്സരിച്ചുള്ള പ്രതികരണം അയാളിൽ നിന്നും പ്രകടമാകാതെ പോവുകുന്നുണ്ട്.സ്വാഭാവികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പരിണാമമാണിത്.മരുഭൂമിയിൽ അത് അസ്വാഭാവികമായ ഒന്നല്ലെന്ന് പലരും പറഞ്ഞയാൾ കേട്ടിട്ടുണ്ട്.പുതിയ ലോകത്തിന്റെ ഗതിവിഗതികൾ നിഴ്ചയിക്കുന്ന ചെറുപ്പക്കാരനായ ദൈവം തന്റെ ഭാരിച്ച ശരീരത്തിലേക്ക് കൊട്ട് വാരികൊരിയിട്ടതിന് ശേഷം ടൈ ഒന്നുകൂടി പാകപ്പടുത്തി തന്റെ കീഴ്ജീവനക്കാരനായ ഇബ്രഹിമിലെക്ക് ഉത്തരവാദിത്വത്തിന്റെ പുത്തൻ മുതലാളിത്തചാലുകൾ കീറുകയാണ്.

ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്റെ തീഷ്ണതയിൽ തൊണ്ടയിൽ കുരുങ്ങിയ തേങ്ങലുകൾ ഒരു ഇരമ്പലാകാതെ ഇബ്രാഹിം താണുവണങ്ങി പ്രതിവചിച്ചു “ശരിയാണ് സാറ് പറയുന്നത് … എന്നെയും അലട്ടുന്ന അനവധി പ്രശ്നങ്ങളിൽ ഒന്നാണിത്. അത്പക്ഷെ മകളുടെ പാൻറ്സിന്റെ നീളം കൂടി പോയത് കൊണ്ടല്ല മറിച്ചു അത് നാൾക്കുനാൾ ചെറുതായിവരുന്നു എന്ന ഉത്കണ്ഠകൊണ്ടാണെന്ന് മാത്രം”.

നെഞ്ച് കലങ്ങിയപ്പോയ അയാൾക്കുള്ളിൽ മടക്കുമടക്കുകളായി വിദുരതയിലെക്ക് വിരിച്ചിട്ട മണൽക്കാടുകൾക്കപ്പുറം പ്രാരാബ്ദങ്ങക്കിടയിൽ നെട്ടോട്ടമോടുന്ന പ്രിയ പത്നിയുടെയും വിവാഹപ്രായത്തിലേക്ക് കാലടുത്ത് വെക്കാൻ വെമ്പുന്ന തന്റെ ഓമനകളായ പെണ്മക്കളുടെയും,കടക്കെണിക്കാരുടെയും മുഖങ്ങൾ ഒരു തിരശ്ശീലയിലെന്നപോലെ മാറിമാറി കടന്നുപോയി കൊണ്ടിരുന്നു….

Soman Pookkad
Document Controller,Drama artist and Columnist .....

1 Comment

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: