27.1 C
Bengaluru
January 17, 2020
Untitled

സെക്സ് സിമ്പോളിക്കുകൾ ഉള്ളിലേക്ക് തുറക്കുന്ന ഒന്നാന്തരം ഉപകരണങ്ങളാണ്

Grihalakshmi

അമ്മ കുഞ്ഞിന് മുലയൂട്ടുന്നത് തുറിച്ചുനോക്കാൻ മാത്രം അധഃപതിച്ചൊരു പുരുഷസമൂഹമാണ് കേരളത്തിലുള്ളതെന്ന ഗൃഹലക്ഷ്മിയുടെയും ചില സ്ത്രീകളുടെയും നിരീക്ഷണം ഏതായാലും മുഖവിലക്കെടുക്കാനാകില്ല. ഇത് ഫെമിനിസമാണെന്ന് ആരെങ്കിലും വാദിച്ചാലും ഒട്ടും അംഗീകരിക്കാനാകില്ല. ഓളത്തിലെ ഒതളങ്ങപോലെ ചില വാർത്തകളും ആശയങ്ങളും കൊണ്ടുവന്നു ഗൗരവമായ ചില വിഷയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ വേണ്ടി ചിലർ ഒരുക്കുന്ന ഗിമ്മിക്‌സുകളെന്നല്ലാതെ അമിതശ്രദ്ധ ഇക്കാര്യത്തിൽ പുലർത്തേണ്ടതുണ്ട് എന്നെനിക്ക് തോന്നുന്നില്ല. വാസ്തവത്തിൽ ഫെമിനിസം എന്ന ഗൗരവമായൊരു യാഥാർഥ്യത്തെ പൊതുജങ്ങങ്ങൾക്കുമുമ്പിൽ നിസ്സാരവൽക്കരിച്ച് കളയാൻ ഇത്തരം ചില നിലപാടുകൾമൂലം ഇടയാക്കുമോ എന്നാണ് ആശങ്കപ്പെടേണ്ടത്. . ഗൃഹലക്ഷ്മിയുടെ മുഖചിത്രവും പുരുഷ വിദ്വേഷപരമായ ടൈറ്റിലും വ്യാപകമായ ചർച്ചക്ക് സ്കോപ്പുള്ള ഒന്നാകുമെന്നു പലരും കരുതിക്കാണണം. അമ്മമാർ കുഞ്ഞുങ്ങളെ മുലകൊടുക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. മാതൃത്വം അങ്ങേയറ്റം ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമായൊരു അവസ്ഥയാണ്. അതിനെ തുറിച്ചുനോട്ടം കൊണ്ട് ആരെങ്കിലും കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതൊരു ഒറ്റപ്പെട്ട സംഭവമാകാനേ തരമുള്ളു . അല്ലാതെ കേരളത്തിലെ മുഴുവൻ പുരുഷന്മാരും സ്ത്രീകൾ കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നത് ഉറ്റുനോക്കി ആസ്വദിച്ച് വെള്ളമിറക്കുകയാണ് പതിവ് എന്നൊക്കെ അങ്ങ് അടച്ച് ആക്ഷേപിച്ചു പറഞ്ഞാൽ സർക്കുലേഷൻ വർദ്ധിപ്പിക്കാമെന്നല്ലാതെ യാഥാർഥ്യവുമായതിന് ബന്ധമുണ്ടാകുമെന്ന് നോന്നുന്നില്ല. അതിനെ അന്ധമായി ന്യായികരിച്ച്‌ ഫെമിനിസം വിളമ്പുന്നവരോട് യോജിക്കാനും സാധിക്കില്ല.

മാതൃത്വം എന്നത് പ്രസവിച്ചുതന്നെ ഉണ്ടാകേണ്ട ഒരു വികാരമല്ല. പ്രസവിക്കാതെയും സ്ത്രീയുടെ ഉള്ളിന്റെയുള്ളിൽ പാലിൽ വെണ്ണയെന്നപോലെ അലിഞ്ഞുചേർന്നിരിക്കുന്നൊരു ബോധമാണ് മാതൃത്വവും മുലയൂട്ടുക എന്ന അതിന്റെ പ്രത്യക്ഷ പ്രക്രിയയും.
രാമായണത്തിലൊരു കഥയുണ്ട്. എല്ലാവർക്കുമറിയാവുന്ന കഥയാണെങ്കിലും ചില സന്ദര്ഭങ്ങളിൽ ചില ഓർമ്മപ്പെടുത്തലുകൾക്ക് സാധ്യതയും പ്രസക്തിയും ഏറുമല്ലോ?. രാമായണത്തിൽ ചുരന്നുവരുന്നൊരു മുലപ്പാലിന്റെ കഥയുണ്ട്. മുലയില്ലാത്ത ഒരു സ്ത്രീയുടെ നെഞ്ചകം കി നിഞ്ഞു ഒഴുകിവരുന്ന അമൃതിന്റെകഥ. ആ കഥ ഏതാണ്ട് ഇങ്ങനെ ചുരുക്കിപ്പറയാം. രാവണ നിർദ്ദേശാനുസ്സരണം സീതാപഹണത്തിനായി നിയുക്തയായ സൂർപ്പണഖയുടെ മൂക്കും മുലയും രാമസഹോദരനായ ലക്ഷ്മണ ൻ ഛേദിച്ചുകളയുന്നു. ഒരു പ്രാണാഭ്യർത്ഥനയുടെ ഫലയമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അങ്ങനെ അപമാനിതയായി ലങ്കയിൽ തിരിച്ചെത്തിയ രാക്ഷസി കുറേക്കാലം ദുഃഖിതയും അപമാനബോധത്താൽ തലകുനിക്കപ്പെട്ടവളുമായി കഴിഞ്ഞുകൂടി. അവരുടെ മനസ്സിൽ സ്വസഹോദരനും ലങ്കാധിപനുമായ രാവണനോട് തീർത്താൽത്തീരത്ത പക നാൾക്കുനാൾ നുരച്ച്‌ പതയുന്നുണ്ടായിരുന്നു. രാവണനോട് പ്രതികാരം ചെയ്യാനുള്ള കെൽപ്പു തനിക്കില്ലെന്നും സൂർപ്പണക്കറിയാം ഒരവസരത്തിനായി അവൾ കാത്തിരുന്നു. ഒരവസരത്തിൽ ആളില്ലാത്ത തക്കം നോക്കി രാവണപുത്രനായ മേഘനാഥനെ അവർ തഞ്ചത്തിൽ കൈക്കിലാക്കി കൊല്ലാനായി കൊട്ടാരം വിട്ടിറങ്ങി. പകയായിരുന്നു അവരുടെ മനസ്സുനിറയെ. രാവണനോടത് സാധ്യമല്ലാത്തതുകൊണ്ടു അദ്ദേഹത്തിന്റെ കുഞ്ഞു മകനായ മേഘനാഥനെ പാറയിൽ തലതല്ലി കൊല്ലുകയായിരുന്നു അവരുടെ ഉദ്ദേശ്യം. ഇതൊന്നുമറിയാതെ രാക്ഷസിയുടെ മാറിൽപ്പറ്റികിടന്നു അവരെനോക്കി ആ പിഞ്ചു കുഞ്ഞു പുഞ്ചിരിച്ചുകൊണ്ടിരുന്നു. ഇതൊന്നും ക്രുദ്ധയായ ആ രാക്ഷസിയുടെ മനസ്സിളക്കിയില്ല. അവർ വൈരാഗ്യത്തോടെ ആ കുഞ്ഞിനെ തലതല്ലി കൊല്ലാ ൻ പറ്റിയ ഒരു പാറതേടി ഓടുകയായിരുന്നു. എന്നാൽ ആ ഓട്ടം അധികനേരം തുടരാനവർക്കായില്ല. മേഘനാഥന്റെ കുഞ്ഞു കൈകാലുകൾക്കൊണ്ടുള്ള കുസൃതികളും നിറഞ്ഞ പൊട്ടിച്ചിരിയും സൂർപ്പണകയെന്ന രാക്ഷസിയുടെ പാറപോലെ കരുത്തുള്ള നെഞ്ചിൽ വാത്സല്യത്തിന്റെയും മാതൃത്വത്തിന്റെയും ഉറവ പൊട്ടിക്കുക തന്നെ ചെയ്തു. അവർ മാറുകയായിരുന്നു. കഠിനഹൃദയയും കോപാഗ്നി ജ്വലിക്കുന്ന രാക്ഷസിയിൽ നിന്നും ഹൃദയ നർമ്മല്യം ചുരത്തുന്നൊരു അമ്മയായി അവർ രൂപാന്തരപ്പെടുകയും നെഞ്ചിൽ നിന്നും മുലപ്പാൽ കിനിഞ്ഞൊഴുകുകയും ചെയ്തു. കൊല്ലാനായി കൊണ്ടുപോയ മേഘനാഥനെ സ്വന്തം പുത്രനെപ്പോലെ വാത്സല്യത്തോടെ അവർ കൊട്ടാരത്തിൽ തിരിച്ചെത്തിച്ചു എന്നാണ് കഥ. സൂ ർപ്പണഖ എന്ന രാക്ഷസി പ്രസവിക്കാതെ ഒരമ്മയായി മാറിയെന്നർത്ഥം. മുല ഇല്ലെങ്കിലും മാതൃത്വം മനസ്സിൽ ഊറിയാൽ പാൽ താനെ ചുരത്തും . അതിന് മാംസളമായ ആരും നോക്കി കൊതിച്ചു നിൽക്കാൻ പ്രേരിപ്പിക്കുന്ന ആ ആഡംബര സഞ്ചി വേണമെന്നില്ല.

മനുഷ്യ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ ഒന്നോ അതിലധികമോ കർമ്മങ്ങളുണ്ട്. ഓരോ സന്ദർഭത്തിലും ഔചിത്യമനസ്സറിച്ച് വേറിട്ട ഉപയോഗങ്ങളുണ്ട് . ചിലർ എല്ലാം സെക്സിന്റെ സിംബലായി മാത്രംകാണുകയും ഉപയോഗിക്കുകയും ചെയ്യുന്നു. അനവസരത്തിൽ അതിൽ സെക്സ് കണ്ടത്താനുള്ള ശ്രമവും നോട്ടവും ഔചിത്യമല്ലെന്ന് പലരും തിരിച്ചറിയുന്നില്ല. മുലനഷ്ടപ്പെട്ടിരുന്നെങ്കിലും മുലപ്പാൽ ചുരത്താനുള്ള മാനസികവും ശാരീരികവുമായ വികാസം ഒരു രാക്ഷസിക്കുണ്ടെങ്കിൽ എന്തുകൊണ്ടാണ് മനുഷ്യർക്കിടയിൽ അത് ഇല്ലാതെപോകുന്നത് ?. തന്റെ മുലകൾ പറിച്ചെറിഞ്ഞു പാണ്ഡ്യാ കൊട്ടാര സൗധം അഗ്നിക്കിരയാക്കിയ ചിലപ്പതികാരത്തിലെ കണ്ണകി മുലകൾ പ്രതിഷേധത്തിന്റെ അഗ്നിയാണ് ഉയർത്തികാണിച്ചത്. മുലക്കരത്തിനെതിരായുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മുലയറുത്തെറിഞ്ഞു അധികാരത്തെ ചോദ്യം ചെയ്തൊരു കഥ കേരളത്തിന്റെ ചരിത്ര ഏടുകളിലും പതിഞ്ഞിരിപ്പുണ്ട്. അവിടെയൊന്നും സ്ത്രീ ശരീരത്തിലെ ഈ അവയവം വെറളിമൂത്ത കാമത്തിന്റെ അടയാളം മാത്രമായല്ല പ്രത്യക്ഷപ്പെടുന്നത്. സ്ത്രീ ശരീരമെന്നാൽ പുരുഷന്റെ കാമ പൂർത്തീകരണത്തിനുള്ള ഒരു ഉപകരണം മാത്രമാണോ?. എല്ലാം ലൈംഗിക കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ടാൽ നമ്മുടെ സമൂഹം എവിടെ ചെന്ന് നിൽക്കും?. വിറ്റു കാശാക്കാൻ മുതലിത്വത്തിന് എന്നും നല്ല ജാഗ്രതയാണ്. നാളെ അവർ മറ്റേത് അമിട്ടാണ് തിരികൊളുത്തുക എന്ന് മുൻകൂട്ടി പറയാനും സാധ്യമല്ല. കരുതിയിരിക്കേണ്ടത് നമ്മളാണ്.

മലയാളികളുടെ ശ്രദ്ധ എത്രവേഗമാണ് തീക്ഷണമായ ഒരു വിശപ്പിൽ നിന്നും മറ്റൊരു വിശപ്പിലേക്ക്,സ്ത്രീശരീരത്തിലെ ഒരവയവത്തിലേക്ക് എടുത്തെറിയപ്പെട്ടത്. മാധ്യമങ്ങൾക്ക് പണമാണ് ആവശ്യം അതിനായവർ മുലപ്പാലുവരെ വാണിജ്ജ്യവൽക്കരിക്കും. ഇടശ്ശേരിയുടെ പൂതപ്പാട്ടു വായിക്കാത്തവർ ഉണ്ടാകാം എന്നാലും ആ കഥ കേൽക്കാത്തവർ വിരളമായിരിക്കും. മലയാളി സ്ത്രീകളിൽ ബഹുഭൂരിപക്ഷവും മാറു മറക്കാൻ ആരംഭിച്ചിട്ട് അധികകാലമായില്ല. മാതൃത്വത്തിന്റെ മഹനീയത തിരിച്ചറിയാതെ പുരുഷന്മാരുടെ കണ്ണുകൾ എന്ന്മുതലാണ് ഔചിത്യമില്ലാതെ പരക്കം പാഞ്ഞുതുടങ്ങിയത്?. ഗൗരമായ രാഷ്ട്രീയ പ്രശ്നങ്ങളിൽനിന്നും പൊതുബോധം തിരിച്ചുവിടാൻ പണ്ടും ഇത്തരത്തിലുള്ള ചില ഗൂഢതന്ത്രങ്ങൾ തല്പര കക്ഷികൾ പയറ്റിനോക്കിയിട്ടുണ്ട്. അതിന് സെക്സ് സിംബലുകൾ ഒന്നാന്തരം ഇൻസ്‌ട്രുമെന്റാണ്. ഉള്ളിലേക്ക് തുറക്കുന്ന ഒന്നാന്തരം ഉപകരണം.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.