കാൽ പന്തുകളിയോട് എപ്പോഴാണ് ഇഷ്ടം തോന്നിത്തുടങ്ങിയത് എന്ന് ചോദിച്ചാൽ അത് മറഡോണയോടുള്ള ആരാധനയോടുകൂടിയാണെന്ന് തുറന്നു പറയുന്നതിൽ ഒട്ടും മടിയില്ല. അപ്പോൾ ഫുട്ബോ്ളിനോടുള്ള പ്രിയം തുടങ്ങിയ കാലം ഏതാണ്ട് എല്ലാവർക്കും ഊഹിക്കാമല്ലോ? ദൈവത്തിന്റെ കൈതൊട്ടനുഗ്രഹിച്ച ഗോളുകളടക്കം ചതുരപ്പെട്ടിയുടെ മുന്നിലിരുന്നു അന്ന് ആവേശരവത്തോടെ കളി കണ്ടു രസിക്കാൻ ഫുട്ബാൾ ആരാധകരുടെ ഒരു ന്യുജനറേഷൻ കൂട്ടം തന്നെ എന്നോടപ്പം ഉണ്ടാകുമായിരുന്നു. . രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏതെങ്കിലുമൊരു വീട്ടിലെ ചതുരപ്പെട്ടിക്ക് മുമ്പിൽ ഞങ്ങൾ ഒത്തുകൂടി പന്തു വലചലിപ്പിക്കാതെ പുറത്തേക്ക് പായുമ്പോൾ നിരാശപ്പെട്ടും ഗോൾവല ചലിച്ചു ഗാലറികൾ ആഹ്ലാദ നൃത്തം ചവിട്ടുമ്പോൾ ആർപ്പുവിളിച്ചും ഞങ്ങൾ ആർജ്ജന്റീനയുടെയും മറഡോണയുടെയും നാട്ടുകാരും കൂട്ടുകാരുമായി മാറിയത് ഞങ്ങൾ പോലുമറിയാതെയായിരുന്നു എന്ന് പറയുന്നതാകും ശരി. പുൽമൈതാനങ്ങളിൽ മഞ്ഞയും ചുവപ്പും കറുപ്പും അങ്ങനെ പല വർണ്ണങ്ങളും നിറഞ്ഞാടിയെങ്കിലും ഞങ്ങളിൽ ഭൂരിഭാഗത്തിന്റെയും ശ്രദ്ധയും ലക്ഷ്യവും ആഗ്രഹവും ആകാശനീലിമയിൽ നീലവരകളുള്ള ആർജ്ജന്റീനക്ക് പിറകേയായിരുന്നു. കുറിയകാലുകൾകൊണ്ട് എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടി ഗോൾ വലലക്ഷ്യമാക്കി ഒരു വെടിയുണ്ടകണക്കെ ചീറിപാഞ്ഞടുക്കുന്ന ആ അത്ഭുത മനുഷ്യന്റെ ചടുല വേഗങ്ങളിലായിരുന്നു. അതോടെ അന്നേവരെ വോളിബോളിലും ക്രിക്കറ്റിലും പതഞ്ഞിരുന്ന ഞങ്ങളിൽ പലരുടെയും ഇഷ്ടവും ശ്രദ്ധയും പതുക്കെ പതുക്കെ ഫുട്ബോളിലും നുരഞ്ഞു പതയാൻ ആരംഭിച്ചു.

ക്രിക്കിറ്റിലെ ഗവാസ്കറേയും സച്ചിനേയുംപോലെ വോളിബോളിലെ ജന്മിജോർജിനെ പോലെ മറഡോണയും ഞങ്ങളുടെയെല്ലാം മനസ്സിലേക്ക് കടന്നുകയറി വന്നു പുതിയൊരിരിപ്പിടം ഉറപ്പിച്ചു. സോഷ്യലിസ്റ് നേതാവായ വെനിസ്വലൻ പ്രസിഡൻറ് ഷാവേസിൻറയും, കൃബൻ കമൃൂണിസ്ററ് നേതാവായ കാസ്ട്രോയുടെയും ചുമലിൽ കൈവെച്ചു നടക്കാറുള്ള മറഡോണയെ സാമ്രാജ്യത്വ ശക്തികൾക്ക് പോലും അത്ര സ്വീകാര്യനായിരുന്നില്ല എന്നത് കളിക്കളത്തിന് പുറത്തുള്ള കഥ. കളിയിലെന്നപോലെ വ്യക്തിജീവിതത്തിലും പീഢനങ്ങളുടെയും തിരസ്കാരങ്ങളുടെയും ദിനങ്ങളായിരുന്നു പിന്നീട്. മയക്ക് മരുന്നിന്റെ ദുരുപയോഗം മൂലമായുണ്ടായ ജീവിതാസക്തികളുടെ കഥകൾകൊണ്ടുള്ള വാർത്തകളും അന്താരാഷ്ര വാർത്താമാധ്യമങ്ങളിൽ മറൊഡോണയെ ഏറെ കാലം നിലനിർത്തി. ഒരു ഇടതുപക്ഷ സഹയാത്രികൻ എന്നനിലയിലും മറഡോണയോടു മറ്റു കളിക്കാരിൽനിന്നും വേറിട്ടൊരുഷ്ടം തോന്നിയതാകാം. പെലയാണോ മറഡോണയാണോ മികച്ചകളിക്കാരൻ എന്നുള്ള ചോദ്യത്തിന് അവിടെ ഒരു പ്രസക്തിയേയില്ല.

football-world-cup

മറഡോണയുടെ ഉയർച്ചതാഴ്ചകൾ കാണുകയും അർജന്റീന പലതവണ ലോകകപ്പിന്റെ ഫൈനൽ കാണാതെയും കണ്ടും പുറത്തുപോയപ്പോഴും ഞങ്ങളിൽ പലരുടെയും ഇഷ്ടം ആ നീലപ്പടയോടും ആ കുറിയ മനുഷ്യനോടും തന്നെയായിരുന്നു. പിന്നീട് മെസ്സിയെന്ന അത്ഭുത മനുഷ്യൻ തൽസ്ഥാനത്ത് വരികയും അദ്ദേഹം കാൽപന്തുകളിയുടെ ലോകത്ത് പുതിയ ചക്രവാളങ്ങൾ ഒന്നൊന്നായി സൃഷ്ടിക്കുകയും ചെയ്തപ്പോൾ ആർജ്ജന്റീനയോടും മറഡോണയോടുമുള്ള സ്നേഹവും ഇഷ്ടവും ഒന്നുകൂടി വർദ്ധിച്ചുവെന്ന് പറയാം.

വിപ്ലവത്തിന്റെ ഈറ്റില്ലമായ റഷ്യയിൽ വെച്ച് ഇത്തവണ ലോകകപ്പ് കളി ആരംഭിക്കാനിരിക്കെ എല്ലാവരെയും പോലെ എന്റെ കണ്ണുകളും കാതുകളും ഇഷ്ടവും ആഗ്രഹവും ആ നീലപ്പടക്കൊപ്പം തന്നെയാണ്. കഴിഞ്ഞ തവണത്തെ പെനാൽറ്റി കിക്ക് പാഴാക്കിയ മെസ്സിയുടെ കരഞ്ഞുകലങ്ങിയ മുഖം ലോകം ഇനിയും മറന്നുകാണില്ല. മെസ്സിയെന്ന ഫുട്ബാൾ മാന്ത്രികൻ ഇത്തവണ അതിന് പരിഹാരവും ഒപ്പം ട്രോഫിയും നേടുമെന്ന് തന്നെയാണ് ഞാനും മറ്റുള്ളവരെപ്പോലെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നത്. അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ ഇത്തവണത്തെ ലോകകപ്പ് ട്രോഫിയിൽ മെസ്സിയെന്ന കാൽപന്തുകളിയുടെ മിസ്സിഹ മുത്തമിടുമെന്ന് തന്നെയാണ് എന്റെ കണക്കുകൂട്ടലുകൾ

കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ആ സൗഭാഗ്യം ഇത്തവണ മറഡോണയുടെ നാട്ടിലേക്കെത്തുമോ എന്നാണ് ലോകം ആകാംഷാപൂർവം കാത്തിരിക്കുന്നത്. .

Soman Pookkad
Document Controller,Drama artist and Columnist .....

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.