25 C
Bangalore
December 17, 2018
Untitled

ഫുട്ബാളിൽ നിന്ന് പഠിക്കാൻ എട്ട് സംരംഭക പാഠങ്ങൾ

Varun chandran corporate 360

ചിലർ പറയും, “ഫുട്ബോൾ ഒരു കളി മാത്രമാണെന്ന്”. എന്നാൽ പന്തുകളി ലോകത്തിലെ ഏറ്റവും മനോഹരമായ ഗെയിം എന്ന് വാഴ്ത്തപ്പെടുന്നത് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം കൊണ്ടു മാത്രമല്ല, സ്റ്റേഡിയത്തിനു പുറത്ത് സമൂഹത്തിലാകെ പ്രചോദനങ്ങൾ സൃഷ്ടിക്കപ്പെടുന്നത് കൊണ്ടു കൂടിയാണ്. ജീവിത പാഠങ്ങൾ പറഞ്ഞു തരുന്ന ഒരു സ്രോതസ്സായാണ് പന്തു കളി അനുഭവപ്പെട്ടിട്ടുള്ളത്. ഒരു ദേശീയ ഫുട്ബോൾ കളിക്കാരനിൽ നിന്ന് യാദൃശ്ചികമായി സംരംഭകനായി മാറിയപ്പോ, ഫുട്ബോൾ പരിശീലനങ്ങളിൽ നിന്നും മത്സരങ്ങളിൽ നിന്നുമൊക്കെ ലഭിച്ച അമൂല്യമായ ജീവിത പാഠങ്ങളും ഓർമ്മകളും സഹായകമാവുന്നു.

ഒരു ഫുട്ബോൾ താരമായി വളർന്ന് നാട്ടിൽ ഒരു ജോലി നേടണമെന്ന തീവ്രമായ ആഗ്രഹവുമായായിരുന്നു സ്‌കൂൾ കോളേജ് വിദ്യാഭ്യാസം. യൂണിവേഴ്സിറ്റി, സംസ്ഥാന, ദേശീയ യൂത്ത് തലത്തിൽ ഇന്ത്യയിൽ 5 വർഷം ഫുട്ബോൾ കളിച്ചു. കഠിനാധ്വാനവും അച്ചടക്കവും സ്ഥിരോത്സാഹവും എല്ലായ്‌പ്പോഴും അതിന്റെ ഫലം തരുമെന്ന് ഫുട്ബോൾ ദിനങ്ങൾ പഠിപ്പിച്ചു. ജീവിതത്തിന്റെ ആദ്യകാലങ്ങൾ ദുർഘടകരമായിരുന്നു. എന്നാൽ, ഫുട്ബോളർ ജീവിതം ഏറ്റവും ആത്മാർഥമായ സുഹൃദ്ബന്ധങ്ങൾ സമ്മാനിച്ചു. ടീം വർക്ക്, ശാരീരിക ശക്തി, മനക്കരുത്ത്, ബുദ്ധിമുട്ടുകളിലൂടെ പോരാടാനുള്ള ആത്മവിശ്വാസം, കഠിനാധ്വാനം ചെയ്യാനുള്ള താത്പര്യം എന്നിവയൊക്കെ പന്തുകളിക്കാരന്റെ ജീവിത ശൈലിയിൽ നിന്നും ലഭിക്കുന്ന ഗുണങ്ങളാണ്. ഏർപ്പെടുന്ന ഏതു കാര്യങ്ങളിലും ആത്മാർഥമായി ഏറ്റവും മികച്ച രീതിയിൽ പരിശ്രമിക്കാനുള്ള പ്രേരണാ മനോഭാവം ലഭിച്ചു. ഫുട്ബാളിൽ നിന്നുള്ള വിലപ്പെട്ട പാഠങ്ങൾ ജീവിതത്തെ മികച്ചതാക്കാൻ നിരന്തരം സഹായകമാവുന്നു.

ഫുട്ബോളിനും സംരംഭകത്വത്തിനും നിരവധി സ്വാഭാവിക പരസ്പരബന്ധങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. പന്തു കളിയിൽ നിന്ന് ലഭിച്ച ചില അടിസ്ഥാന സംരംഭക പാഠങ്ങൾ പങ്കു വെക്കുന്നു.

varun chandran corporate 360

  • ഗോൾ സെറ്റിങ് / ലക്ഷ്യം – ജീവിതത്തിൽ എല്ലായ്‌പ്പോഴും ലക്ഷ്യബോധമുണ്ടാവണമെന്ന് മുതിർന്നവർ ഉപദേശിക്കാറുണ്ട്. ഫുട്ബോളിൽ ഓരോ കളി ജയിക്കുന്നതിനും ആത്യന്തികമായി ഒരു ചാമ്പ്യൻഷിപ്പ് വിജയത്തിലേക്ക് നയിക്കുന്നതിനും ഗോൾ നേടിയേ തീരൂ. നിശ്ചിത സമയത്തിനുള്ളിൽ ഒരു സെക്കന്റ് പോലും പാഴാക്കാതെ ഗോൾ നേടാനുള്ള ഫുട്ബാൾ ഗെയിമിലെ തീവ്രമായ പോരാട്ട രീതി മികച്ച സംരംഭകത്വ സ്വഭാവ രുപീകരണത്തിന് സഹായകമാവുന്നു. ഒരു സംരംഭകൻ ഹ്രസ്വ കാല – മധ്യ കാല – ദീർഘ കാല (short term – mid term – long term goals) ബിസിനസ്സ് ലക്ഷ്യങ്ങൾ തയ്യാറാക്കി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ബിസിനസ്സിൽ പല വിഭാഗങ്ങളുണ്ടാവാം. ഓരോ ലക്ഷ്യങ്ങൾക്കും സമയക്രമം തയ്യാറാക്കി പടിപടിയായുള്ള പുരോഗമനങ്ങൾ വിലയിരുത്തി, ലക്ഷ്യങ്ങൾ നേടി, പുതിയ ലക്ഷ്യങ്ങൾ നിശ്ചയിച്ച്  മുന്നേറാം.

 

  • അച്ചടക്കം / നിഷ്ക്കർഷത – ഒരു ഫുട്ബോളർ  അച്ചടക്കമുള്ള ജീവിത ശൈലി നയിക്കേണ്ടത് ഒഴിച്ചു കൂടാനാവാത്ത സംഗതിയാണ്. കളി മികവ് നില നിർത്താനും, വൈദഗ്ദ്ധ്യം മെച്ചപ്പെടുത്താനുമുള്ള കഠിനമായ സ്ഥിര പരിശീലനം, ആവശ്യമായ വിശ്രമം, ആരോഗ്യകരമായ ആഹാര ക്രമങ്ങൾ, മാനസിക പാകപ്പെടൽ, ഏകാഗ്രത, അപ്രധാനമായ ബാഹ്യ ഭ്രമങ്ങളോടുള്ള വിമുഖത, ചിട്ടയായ സമയ ക്രമീകരണം എന്നിവയൊക്കെ കർക്കശമായി പന്തു കളിക്കാർ പാലിക്കുന്നു. ഒരു സംരംഭകനും ഇത്തരത്തിലുള്ള നിരന്തരമായ പരിശീലനം, ഫോക്കസ്, ആത്മ സമർപ്പണം എന്നിവയുടെ ഫലമായി ഒരു മികച്ച വ്യക്തിത്വത്തിനും, ബിസിനസ് ഉടമയാവാനും സാധ്യമാവും.

 

  • സ്ട്രാറ്റജി / തന്ത്രവൈദഗ്‌ദ്ധ്യം – ഫുട്ബോൾ ഗെയിമിൽ ടീം രൂപീകരണം, കളിക്കാരുടെ തിരഞ്ഞെടുപ്പ്, പരിശീലന മുറകൾ, എതിരാളിയുടെ വിശകലനം, ഗെയിം പ്ലാൻ എന്നിവ ഉൾപ്പെടുന്നു. ഓരോ മത്സരങ്ങളിലും എതിർ ടീമിന്റെ കളി ശൈലി, കളിക്കാരുടെ പരിക്ക്, കളിക്കാർക്ക് ലഭിച്ച കാർഡ് / സസ്‌പെൻഷൻ, പോയിന്റ് നില, സ്‌കോർ നില, മത്സര ഗതി  തുടങ്ങിയ നിർണായക സാഹചര്യങ്ങൾ വിലയിരുത്തി കളി രീതിയിൽ സന്ദർഭോചിതമായ മാറ്റം വരുത്തുന്നു. അതു പോലെ തന്നെ സംരംഭകർ വ്യവസായ തന്ത്രങ്ങൾ, ഉദ്യോഗാർത്ഥികളുടെ നിയമനം, മത്സരാധിഷ്ഠിത വിശകലനങ്ങൾ തുടങ്ങിയവയിൽ നൂതനവും കൃത്യവും ആകണം. കാലാനുസൃതമായി മാറി വരുന്ന മാർക്കറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് ഉചിതമായ ബിസിനസ്സ് പ്ലാൻ  മാറ്റങ്ങൾ വരുത്തി മുന്നേറാം.

 

  • ടീം പ്ലേ / ഒത്തൊരുമ  –  വ്യക്തിഗത കഴിവുള്ളവരെല്ലാം  ഒരു ടീം എന്ന നിലയിൽ സ്വയമേവ വിജയിക്കും എന്നത് ഒരു മിഥ്യയാണ്. ടീമിന് തിളങ്ങാനും പരസ്പരം പ്രചോദനം നൽകാനും ഒത്തൊരുമ സുപ്രധാനമാണ്.  റൊണാൾഡോയും, മെസ്സിയും മികച്ച വ്യക്തിഗത കളിക്കാരാണ്. എന്നാൽ മികച്ച കളിക്കാരുള്ള ടീമുകൾ അവരുടെ കഴിവുകളെ പരമാവധി പ്രയോജനപ്പെടുത്തും വിധം ഒത്തിണങ്ങി കളിക്കുമ്പോഴാണ് മെച്ചപ്പെട്ട പ്രകടനം സാധ്യമാകുന്നത്. ഒരു സംരംഭകൻ തന്റെ ടീമംഗങ്ങളുടെ കഴിവുകൾ പരിപോഷിപ്പിച്ച്, അവർക്ക് ചുമതലകൾ നൽകി, പരസ്‌പര സഹകരണത്തോടെയുള്ള ജോലി സംസ്‌കാരം വികസിപ്പിക്കണം. ശക്തമായ നേതൃത്വം നൽകുന്നതോടൊപ്പം ടീം അംഗങ്ങളിൽ ഒരാളായി പ്രവർത്തിക്കണം.

 

  • യഥാസമയ തീരുമാനമെടുക്കൽ – മിക്ക തീരുമാനവും യഥാസമയം ഗ്രൗണ്ടിൽ എടുക്കേണ്ടിവരുന്ന ഒരു കളിയാണ് ഫുട്ബോൾ. പെട്ടെന്നുള്ള അപ്രതീക്ഷിതമായ സാഹചര്യങ്ങൾ, ഗെയിം പ്ലാൻ മാറ്റങ്ങൾ, അവസാന നിമിഷ തിരിച്ചടികൾ തുടങ്ങിയവയൊക്കെ ഉണ്ടാകാം. ഒരു പാസ് ലഭിക്കുമ്പോഴാണ് അടുത്ത നീക്കത്തെ പറ്റി തത്സമയ തീരുമാനം കളിക്കാർ കൈക്കൊള്ളുന്നത്. സമാനമായ അപ്രതീക്ഷിത ചുറ്റുപാടുകളും സാഹചര്യങ്ങളും ബിസിനസ്സ് പരിസ്ഥിതിയിലും കാണാൻ സാധിക്കും. ജോലിക്കാരുടെ രാജി, കോൺട്രാക്ട് നഷ്ടപ്പെടൽ, സാമ്പത്തിക മാന്ദ്യം എന്നിവയൊക്കെ ചില ഉദാഹരണങ്ങളാണ്. യഥാ സമയത്ത് നിർണായക തീരുമാനങ്ങൾ എടുക്കാനും ബിസിനസ്സ് മുന്നോട്ടുകൊണ്ടുപോകാനും സർഗാത്മകമായ അടവുകൾ ഉപയോഗിക്കുക എന്നതാണ് പ്രധാന മാർഗം.

 

  • ദൃഢനിശ്ചയം – വിജയങ്ങൾ ആസ്വദിക്കുവാനും, പരാജയങ്ങൾ സ്വീകരിക്കുവാനും ഒരിക്കലും തളരാതെ പൂർണ്ണ പ്രസരിപ്പോടെ വീണ്ടും പോരാടാനും ഫുട്ബോൾ നമ്മെ പഠിപ്പിക്കുന്നു. വേൾഡ് കപ്പിലെ മത്സരങ്ങളിൽ ജപ്പാനെതിരെയും, ഇംഗ്ലണ്ടിനെതിരെയും പിന്നിലായ ശേഷം അവസാന നിമിഷം വരെ പോരാടി ബെൽജിയം വിജയിച്ചത് ജയിക്കാനുള്ള ദൃഢനിശ്ചയമാണ് കാട്ടി തന്നത്.  ഒരു സംരംഭകൻ  എല്ലായ്പോഴും പൊരുതാൻ തയ്യാറായിരിക്കണം. ശക്തവും കൂടുതൽ ദൃഡവുമായി ഉയർന്നു വരാൻ ഇത് സഹായിക്കും. വ്യവസായ സംരംഭകർ ഉയർച്ച താഴ്ചയിലൂടെ  പോകേണ്ടി വരുന്നത് സാധാരണമാണ്. തോൽവികളിൽ നിന്നും തിരിച്ചടികളിൽ നിന്നും  പിന്മാറാതെ, അത് വീണ്ടും മുന്നേറാനുള്ള അവസരമായി കണ്ട്  പരിശ്രമങ്ങൾ തുടരണം. വിജയങ്ങളിൽ ആലസ്യരാവാതെ കൂടുതൽ വിജയങ്ങൾക്കായി പരിശ്രമിക്കുക. പ്രായോഗിക ബോധത്തോടെയുള്ള ആത്മവിശ്വാസം പ്രതിസന്ധികളെ തരണം ചെയ്യാൻ  സഹായിക്കും. ലോകകപ്പിലെ വിവിധ ടീമുകളിൽ കളിച്ച ദരിദ്ര കുടിയേറ്റ കുടുംബങ്ങളിൽ നിന്നുള്ള കളിക്കാരായ ലുക്കാക്കു, പോഗ്ബ, എംബാപേ, മോഡ്രിച്ച് തുടങ്ങിയവർ  അവസരങ്ങളുടെ അഭാവവും , ദീർഘകാലത്തെ വംശീയ മുൻവിധികളും മറികടക്കാൻ സാധ്യമാക്കുമെന്ന് കാണിച്ചുകൊടുത്തിരിക്കുന്നു, ഇത് ഓരോ ചെറുപ്പക്കാർക്കും അവന്റെ അല്ലെങ്കിൽ അവളുടെ ശക്തി വികസിപ്പിക്കുന്നതിൽ പ്രോത്സാഹനവും പിന്തുണയും നൽകുന്നു.

 

  • പെർഫോർമൻസ് സംസ്കാരം – ഫുട്ബാളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന കളിക്കാരും, ടീമും വാഴ്ത്തപ്പെടുന്നു. കുഞ്ഞൻ രാജ്യമായ ക്രൊയേഷ്യ മികച്ച പ്രകടനം നടത്തി ലോകമെമ്പാടും ആരാധിക്കപ്പെടുമ്പോൾ അടിസ്ഥാന സൗകര്യങ്ങളാൽ നിബിഢമായ സിംഗപ്പൂർ പോലുള്ള രാജ്യങ്ങൾ പ്രകടന മികവിൽ വളരെ പിന്നോക്കം നിൽക്കുന്നു. കളി മികവും, മൈതാനത്തിലെ പ്രകടന മികവും, ടീമിന്റെ ജയങ്ങളും മാത്രമാണ് പൊതുവെ അംഗീകരിക്കപ്പെടുന്ന ഫുട്ബോൾ സംസ്‌കാരം. അതെ പോലെ സംരംഭകത്വം പ്രകടനശേഷി സംസ്കാരത്തെ പിന്തുണയ്ക്കുന്നു. ഒരു സംരംഭം പടുത്തുയുർത്തുമ്പോൾ ഉപഭോക്താക്കൾക്ക് ഉപയോഗപ്രദമാകുന്ന നൂതനമായ പ്രോഡക്റ്റുകളും, ഉദ്യോഗാർത്ഥികളുടെ പെർഫോർമൻസ് മികവും അടിസ്ഥാനമാക്കിയാവണം തൊഴിൽ സംസ്‌കാരം.

 

  • സൗഹൃദം – ഫുട്ബോൾ താരങ്ങളുടെ സൗഹൃദപരമായ ജീവിത ശൈലി ആവേശജനകമാണ്. മൈതാനത്തെ ഏതു മാനസിക പിരിമുറുക്കമുള്ള സാഹചര്യങ്ങളിലും അവർ സ്പോർട്സ്മാൻ സ്പിരിറ്റോടെ പെരുമാറുന്നു. തെറ്റുകൾ തിരുത്തിയും, വൈരാഗ്യ ബുദ്ധിയില്ലാതെയും പെരുമാറുന്നു. എതിരാളികളെ ബഹുമാനിച്ചു കൊണ്ടുള്ള വിജയാഘോഷങ്ങളും, പരസ്‌പരം അംഗീകരിച്ചും, ആടിയും പാടിയും അവർ സൗഹൃദ ആഘോഷങ്ങൾ നടത്തുന്നു. ഒരു ലീഡർ, മാർഗദർശി, സഹപ്രവർത്തകൻ, സുഹൃത്ത് എന്ന നിലയിൽ സംരംഭകർ ജീവനക്കാരോട് പ്രഫഷണലായുള്ള അർപ്പണബോധവും പ്രതിബദ്ധതയും കാണിക്കേണ്ടതാണ്. ടീമിനെ ഏകീകരിച്ച്, ആനന്ദദായകമായ ജോലിസ്ഥലം ക്രമീകരിക്കാൻ ശ്രദ്ധിക്കണം.

varun chandran corporate 360

ഒരു ഫുട്ബോളർ എന്ന നിലയിലുള്ള അനുഭവങ്ങൾ ബിസിനസിൽ ധാരാളം സഹായകമാവുന്നുണ്ട്. ജീവനക്കാരെ ഫുട്ബോൾ പോലുള്ള ടീം സ്പോർട്സിൽ പ്രേരിതരാക്കുന്നതും അവസരങ്ങൾ ഒരുക്കുന്നതും നല്ല ടീം ബിൽഡിങ് പ്രവർത്തിയാണ്. ഒരു ടീമായി ഒത്തിണങ്ങി പ്രവർത്തിച്ച്  മേൽപ്പറഞ്ഞ പല തൊഴിൽ സവിശേഷതകൾ പരോക്ഷമായി പരിചയിച്ച് മികച്ച ടീം പ്ലെയർ ആകാനും ആരോഗ്യവാരാവാനും അവർക്ക് സാധിക്കും.

കേരളത്തിലെ ഫുട്ബോൾ അസോസിയേഷൻ മേധാവികളും, സർക്കാരും വളരെ ലളിതമായ കാര്യങ്ങൾ ചെയ്‌താൽ നാട്ടിലെ ഫുട്ബോൾ മെച്ചപ്പെടും. 1. എല്ലാ പഞ്ചായത്തുകളിലും, സ്‌കൂളുകളിലെയും ഗ്രൗണ്ടുകളുടെ സൗകര്യം മെച്ചപ്പെടുത്തുക. 2. മൈതാനങ്ങൾ നന്നായി പരിപാലിക്കുക. 3. മികച്ച ഫുട്ബോൾ പരിശീലകരെ എല്ലാ പഞ്ചായത്തിലും നിയോഗിക്കുക. 4. ഇതിന് ഒരു തുക കായിക മേഖലയിൽ വകയിരുത്തുക. (കോടികൾ മുടക്കി കായിക മാമാങ്കങ്ങൾക്ക് സ്റ്റേഡിയങ്ങൾ നവീകരിച്ച്, അത് പരിപാലിക്കാതെ നശിക്കപ്പെടുന്നത് കേരളത്തിലെ സ്ഥിരം കാഴ്ചയാണ്). നല്ല പുൽ മൈതാനങ്ങളും, യോഗ്യരായ പരിശീലകരും എല്ലാ പ്രദേശങ്ങളിലും ലഭ്യമായാൽ കുട്ടികളും രക്ഷകർത്താക്കളും ആകർഷിക്കപ്പെടും. പരിശീലനവും, മത്സരങ്ങളും പൊതുവായി നടത്തപ്പെടും. കാണികളും, ക്ലബുകളും പുനർജ്ജനിക്കും. സംസ്ഥാന ദേശീയ രംഗത്തേക്ക് കളിക്കാർ വളർന്നു വരും.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.