20.3 C
Bangalore
November 19, 2018
Untitled

ഹാഫ് എ സെക്കൻഡ്

ഇതും ചേർത്ത്‌,
കീറിക്കളഞ്ഞ എഴുത്തുകൾ
കൂട്ടിയിട്ട് കത്തിച്ചാൽ..,
ഒരു നേരത്തെ
കാപ്പിയനത്താനുള്ള
കടലാസ് കാണും…

സ്വതന്ത്രമായി
ചിന്തിച്ചെഴുതിയാലും,
കഷ്ടത കണ്ടിരുന്നെഴുതിയാലും,
ചിരിപ്പിച്ചു കൊല്ലാൻ നോക്കിയാലും,
കഥയോട് ചേർത്ത് വായിക്കപ്പെടാൻ,
ഒരാളും ഇഷ്ടപ്പെടില്ല..!

ഓരോരുത്തരിലും
ഒളിഞ്ഞിരിക്കുന്ന തല്പരകക്ഷികളെയാണ്
എനിക്കറപ്പ്…!
ചവിട്ടിയാൽത്തെന്നുന്ന
അലക്കുകല്ലിനും കാണും,
അവന്റേതായൊരു
അഭിമാനബോധം..
ആ വ്യക്തിബോധം, അവനെക്കൊണ്ട്
അടിയറവ് വെപ്പിച്ച കുറെയിഷ്ടങ്ങളുമുണ്ട് പിന്നിൽ..
അതൊക്കെയൊന്ന്
പെറുക്കിക്കൂട്ടിയാൽ,
ഈ തരംതിരിവുകളൊക്കെ
മനസ്സീന്ന് പുറത്താക്കപ്പെട്ടോളും…

സഹജീവിയെ തള്ളിപ്പറഞ്ഞുകൊണ്ട്
ചേർത്തുപിടിക്കുന്ന
സ്വാർത്ഥ താൽപര്യങ്ങൾ,
മറ്റുള്ളവർക്കൂടി അണിഞ്ഞു കാണുന്നതിലെ വികൃതച്ചിരി
എന്നെയൊട്ടും രസിപ്പിക്കുന്നില്ല…!

ഇവിടെ തോറ്റുപോവുന്നത്
കലാകാരന്റെ ഭാഷയാണ്..
ആരും വന്ന് ഉജാല കലക്കാത്ത, തിരുത്താനും,
ഒഴിവാക്കാനും നിർബന്ധിക്കാത്ത,
കറുപ്പ് പതിയാൻ ഇഷ്ടപ്പെടുന്ന ഒരു വെളുത്ത പ്രതലം ഇന്നേവരെ
കാണാനായിട്ടേയില്ല..!
അപ്പോഴൊക്കെ തോന്നാറുണ്ട്;
ജീവനില്ലാത്തവയുടെ
ആത്മനൊമ്പരങ്ങളാണ്
എഴുത്തിന്റെ നിലനിൽപ്പിന്
നല്ലതെന്ന്..
(ജീവികളെല്ലാം
എന്തിനെയൊക്കെയോ
പേടിക്കുന്നു…)

നോവും ചിരിയും
ചേർന്നൊഴുകുന്ന
ശ്വാസം ഉള്ളൊരെഴുത്തിൽ
ഓർമ്മിക്കപ്പെടാൻ
ആരാണ് കൊതിക്കാത്തത്.?

ആരുടെയെങ്കിലും
ഓർമ്മക്കുറിപ്പിൽ
ഞാനൊരിക്കലും ഇതുപോലെ
ജീവിച്ചിട്ടില്ല….!!
സത്യം….

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.