27.5 C
Bengaluru
January 17, 2020
Untitled

എപ്പോഴും

ഡിസംബറിലെ   മഞ്ഞുനിറഞ്ഞ  ഒരു  പ്രഭാതം .

ഇരുവശത്തും  മഞ്ഞ  ലൈറ്റുമിട്ട്  ഒരു  കാർ  മുന്നോട്ടു  നീങ്ങുന്നു .

സാധാരണയായി  നിരപ്പായ  സ്ഥലങ്ങളിലേക്കാണ്  വാഹനം  ഓടിച്ചു  പോകാൻ  എല്ലാവരും  ഇഷ്ടപ്പെടുക .

പക്ഷേ …

ആ  കാർ  കയറിപ്പോകുന്നത്  പാറകൾ  നിറഞ്ഞ  ഒരു  കുന്നിൻ  മുകളിലേക്കാണ് .

പാറയുടെ  അടുത്തെത്തിയപ്പോൾ  കാർ  നിന്നു . പക്ഷെ  മഞ്ഞ  ലൈറ്റുകൾ  ഓഫ്  ചെയ്തിട്ടില്ല .

ഡ്രൈവർ  പുറത്തിറങ്ങി  പിന്നിലെ  ഡോർ  തുറന്നു .

“വരൂ , പുറത്തേക്കിറങ്ങൂ .”

ആദ്യം  ഒരു  ഊന്നുവടി  പുറത്തേക്കു  വന്നു . പതുക്കെ  പതുക്കെ  ഒരു  വൃദ്ധന്റെ  രൂപം  കാറിൽ  നിന്നും  പുറത്തിറങ്ങി .

രണ്ടുപേരും  വളരെ  ശ്രദ്ധിച്ചു  നടന്ന്  പാറയുടെ  മുകളിൽ  കയറി  ഇരുന്നു .

‘എന്തിനാ  ഈ  വയസ്സുകാലത്തു  മഞ്ഞുകൊള്ളാനായി  എന്നെ  നിർബന്ധിച്ചു  ഇവിടെ  കൊണ്ടുവന്നത് ?”

“നോക്കൂ , ഒന്ന്  കാൽ  തെറ്റിയാൽ  മതി . മരണം  സുനിശ്ചിതം  അല്ലേ ?”

“അതെ , എന്നെക്കൊല്ലാൻ  ആരെങ്കിലും  നിന്നോട്  പറഞ്ഞിട്ടുണ്ടോ ? ഞാൻ  എപ്പോഴേ  തെയ്യാർ . അനാഥനായ  എനിക്ക്  ജീവിതവും  മരണവും  ഒരു  പോലെയാണ് .”

“നിങ്ങളെ  കൊല്ലാനാണെങ്കിൽ  എനിക്ക്  വീട്ടിൽ  വെച്ച്  തന്നെ  ആകാമായിരുന്നു . പത്തിരുപതു  കൊല്ലമായില്ലേ  ഡ്രൈവർ  ആയി  കൂടെ  നിൽക്കാൻ  തുടങ്ങിയിട്ട് ?”

“നോക്കൂ , ഒരു  വലിയ  ബിസിനെസ്സുകാരൻ  ആണ്  ഞാൻ . ഒരുപാടു  ഞാൻ  സമ്പാദിച്ചു . അവകാശികളില്ല . എന്നെ  കൊന്നാൽ  കോടിക്കണക്കിനു  സ്വത്തിനു  നീ  അവകാശിയാകും . ആരും  നിന്നെ  ചോദ്യം  ചെയ്യില്ല .”

“ഞാൻ  ഒരു  പ്രാരാബ്ധക്കാരനാണ് . പക്ഷേ  എനിക്ക്  ആവശ്യമുള്ളപ്പോളെല്ലാം  അങ്ങ്  അളവില്ലാതെ  സഹായിച്ചിട്ടുണ്ട് .”

“പിന്നെ എന്താണ്  നിന്റെ  പ്രശ്‍നം ?’

“പ്രശ്‍നം  എനിക്കല്ല  മുതലാളിക്കാണ് .”

ആ  വൃദ്ധൻ  പരിഹാസരൂപേണ  ഒന്ന്  ചിരിച്ചു

“കുഴിയിലേക്ക്  കാൽ  നീട്ടിയിരിക്കുന്ന  എനിക്ക്  എന്ത്  പ്രശ്‍നം  വരാനാണ് ?”

“ഇന്നലെ ഒരു  ചെറുപ്പക്കാരൻ  കയ്യിൽ  കത്തിയുമായി  വന്നിരുന്നു .”

“എന്തിന് ?”

“അറിയില്ല .”

“എന്തിനാണെങ്കിലും  എൻ്റെ  അടുത്തേക്ക്  പറഞ്ഞു  വിട്ടു  കൂടായിരുന്നോ ?

എന്തായാലും  ഒരിക്കൽ  മരിക്കണം . അത്  കുറച്ചു  നേരത്തെ  ആകും  എന്നല്ലേ ഉള്ളൂ ,”

“അങ്ങനെ  എളുപ്പത്തിലൊന്നും മരണത്തിനു  വിട്ടു കൊടുക്കാൻ  ഞാൻ  തെയ്യാറല്ല . നിങ്ങൾ  മനം  നൊന്തു  മരിക്കണം .” ഡ്രൈവറുടെ  മുഖം  വലിഞ്ഞു  മുറുകി .

വൃദ്ധൻ  പുഞ്ചിരിച്ചു .

“യഥാർത്ഥത്തിൽ  ഞാൻ  ഡ്രൈവറായി  വന്നത്  പ്രതികാരം  ചെയ്യാനാണ് . പക്ഷേ  അതിൻ്റെ  പേരിൽ  ജെയിലിൽ  കിടക്കാൻ  ഞാൻ  തെയ്യാറല്ല !”

വൃദ്ധൻ  വീണ്ടും  പുഞ്ചിരിച്ചു .

“നീ  എന്ത്   വേണമെങ്കിലും  ചെയ്തു  കൊള്ളൂ . പക്ഷേ , മരിക്കുന്നതിന്  മുമ്പ്  എന്താണ്  നിനക്ക്  എന്നോടുള്ള  വിരോധം  എന്നറിയണം .”

“നിങ്ങൾക്ക്  ഒരു  പ്രണയമുണ്ടായിരുന്നു . ഓർക്കുന്നുണ്ടോ ?”

വൃദ്ധന്റെ  പുഞ്ചിരി  മാഞ്ഞു .

“നീ  ആരാണ് ?”

“പേടിക്കേണ്ട ! ഞാൻ  ഞാൻ  നിങ്ങളുടെ  കാമുകിയുടെ  മകനല്ല . എൻ്റെ  അച്ഛന്റെ സഹോദരിയായിരുന്നു  അവർ .”

“അവരിപ്പോൾ  എവിടെയുണ്ട് ?”

“ഇന്നലെ  അവർ  ഈ  ലോകത്തോട്  വിട  പറഞ്ഞു.ഞാൻ  ഇടക്ക്  കുറച്ചു  ദിവസം  വരാതിരുന്നില്ലേ ? അവരെ  കാണാനായി  ആശുപത്രിയിൽ  പോയതായിരുന്നു .”

“നീ  കരുതുന്നതുപോലെ  ഞാൻ  അവരെ  ചതിച്ചിട്ടില്ല . ഇഷ്ടപ്പെട്ടിരുന്ന  കാലത്തുപോലും  രണ്ടു  വീട്ടുകാർക്കും  സമ്മതമാണെങ്കിൽ  മാത്രമേ  ഒന്നിക്കൂ  എന്ന്  തീരുമാനിച്ചിരുന്നു . പക്ഷേ  രണ്ടു  കൂട്ടർക്കും  എതിർപ്പായിരുന്നു . പഴയ  കാലമല്ലേ ? സ്നേഹിക്കുന്നത്  വലിയ  തെറ്റല്ലേ ?

അങ്ങനെ  ഞാൻ  നിത്യ  ബ്രഹ്മചാരിയായി .”

“അവരും  അങ്ങനെത്തന്നെയാണ്  ജീവിച്ചത് .”

“അപ്പോൾ  ആ  ചെറുപ്പക്കാരൻ  നിന്റെ  സാങ്കല്പിക സൃഷ്ടിയാണല്ലേ ?”

“ഉം !” താഴ്ന്ന  സ്വരത്തിൽ  അയാൾ  മൂളി .

“ഇനി  ഞാൻ  എന്താണ്  ചെയ്യേണ്ടത് ?” നിർവികാരമായ  സ്വരത്തിൽ  വൃദ്ധൻ  ചോദിച്ചു .

“എനിക്ക് പ്രതികാരം  ചെയ്യണം .”

“ചെയ്തു  കൊള്ളൂ .ഞാൻ  എപ്പോഴേ  തെയ്യാർ .”

“എൻ്റെ  പ്രതികാരം  ശാരീരികമല്ല . എനിക്ക്  നിങ്ങളെക്കൊണ്ട്  ആ  കുഴിമാടത്തിൽ അല്പം റോസാപുഷ്പങ്ങൾ  അർപ്പിക്കണം . നിങ്ങളുടെ  വരണ്ടുണങ്ങിയ മനസ്സിൽ  തീർത്ഥമായി  ആ  പഴയ  സ്നേഹത്തെ  കൊണ്ടുവരണം . റോസാപ്പൂക്കൾ  എൻ്റെ  കയ്യിലുണ്ട് .”

“ഞാൻ  എവിടേക്കു  വേണമെങ്കിലും  വരാം .” വൃദ്ധനും  ഡ്രൈവറും  പാറയിൽ  നിന്നിറങ്ങി .

പൊതുശ്മശാനം . വൃദ്ധൻ  പതുക്കെ  മുന്നോട്ടു  നടന്നു  ആ  മൺകൂനയിൽ പൂക്കൾ  അർപ്പിച്ചു .അപ്പോഴും  മുഖത്ത്  നിർവികാരത  മാത്രം !

“നിങ്ങൾക്ക്  ഒരു  വിഷമവുമില്ലേ ?”

“തെറ്റ്  ചെയ്തവർക്കേ  വിഷമിക്കേണ്ട  കാര്യമുള്ളൂ . ഞാൻ  തെറ്റ്  ചെയ്തിട്ടില്ലെന്ന്  എനിക്കും  അവർക്കും  ബോധ്യമുണ്ട് . അതുമതി . ഇതാണോ

പ്രതികാരം ?”

“അവർ  ജീവിച്ചിരിക്കുമ്പോൾ  നിങ്ങളെ  ഒന്നിപ്പിക്കണമെന്നു  ഞാൻ  ആശിച്ചിരുന്നു . പക്ഷേ , ഇതുവരെ  നിങ്ങളോടു  ഇക്കാര്യം  പറയാനുള്ള  ധൈര്യമുണ്ടായിരുന്നില്ല .അവർ  വിടവാങ്ങിയപ്പോൾ  ഇത്രയെങ്കിലും  ചെയ്യണമെന്ന്  തോന്നി .”

“എനിക്ക്  മറ്റൊരു  പ്രതികാരമുണ്ട് .”

“എന്താണെങ്കിലും  അതും  ചെയ്തു  കൊള്ളൂ .”

“നിങ്ങളെ  ഒറ്റയ്ക്ക്  ജീവിക്കാൻ  ഞാൻ  അനുവദിക്കില്ല . നിങ്ങൾ  ബംഗ്ലാവിലേക്കു  തിരിച്ചു  പോകില്ല !”

“ശരി ! ഞാൻ  പ്രതികരിക്കുക  പോലും  ചെയ്യില്ല . നിനക്ക്  എന്ത്  വേണമെങ്കിലും  ചെയ്യാം .”

“സഹോദരിയുടെ  മരണത്തോടെ  എൻ്റെ  അച്ഛൻ  കിടപ്പിലായി . ഇനി  അവിടെ  വന്നു ജോലി  ചെയ്യാൻ  സാദ്ധ്യമല്ല . നിങ്ങളും  വൃദ്ധൻ , അച്ഛനും വൃദ്ധൻ . അത്‌കൊണ്ട്  ഞാൻ  നിങ്ങളെ  എൻ്റെ  വീട്ടിലേക്കു  കൂട്ടിക്കൊണ്ടു  പോകുകയാണ് .”

അവർ  കാറിൽ  കയറി .

കാർ  മുന്നോട്ടു  നീങ്ങി . വൃദ്ധൻ  തിരിഞ്ഞു  നോക്കിയോ ? ഇല്ല ! കഠിന  ഹൃദയൻ  തന്നെ !

ഡ്രൈവറുടെ  വീട് . കാർ  വീടിനു  മുന്നിലെത്തി . കാർ  നിർത്തി  ഡ്രൈവർ  പുറത്തിറങ്ങി  വൃദ്ധന്  ഇറങ്ങാനായി  വാതിൽ  തുറന്നു .

“വരൂ ”

വൃദ്ധൻ  അനങ്ങിയില്ല .

“എഴുന്നേൽക്കൂ .” അയാൾ  വൃദ്ധനെ  കുലുക്കി  വിളിച്ചു .

പക്ഷേ … അയാൾ  ഉണർന്നില്ല !

“ഇനിയും  ഒരു  യാത്ര . ഈ  യാത്രയിൽ  നിങ്ങൾക്ക്  യുവത്വം  വീണ്ടെടുക്കാം .പിരിഞ്ഞവരുമായി  ഒത്തുചേരാം .ഇനി ആരും   തടസ്സമായി  നിൽക്കില്ല . ഈ  സംഗമയാത്രയിലും  ഞാൻ  തന്നെ  സാരഥി .”

അയാൾ  കാർ  തിരിച്ചു .

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.