27.5 C
Bengaluru
January 17, 2020
Untitled

ഈന്തപ്പഴത്തിൻ്റെ നിറമുള്ള കാൽമടമ്പുള്ളവർ

പകൽനേര വ്രതങ്ങൾക്കുമേൽ ഉഷ്ണാകാശത്തിൽ ബാങ്കുവിളിയുടെ ദൈവസാന്നിധ്യം പെയ്യുമ്പോൾ തനിച്ചു നടക്കുകയായിരുന്നു. ആ നടത്തത്തിലാകേയും ഞാനോർത്തത് പണ്ടു ഞാൻ ചെന്നിരുന്ന സമൂഹ നോമ്പുതുറകളിലാണ്. (ഇപ്പോൾ അവർ എന്നെ വിളിക്കാറില്ല. എളുപ്പത്തിൽ വഴങ്ങുന്ന കളിപ്പാട്ടങ്ങളോടാവാം കുഞ്ഞുങ്ങൾക്ക് പ്രിയം) അത്തരം നോമ്പുതുറകളുടെ മുന്നോടികളിലെ ഒരു പ്രസംഗങ്ങളിലും ഞാൻ ബോധപൂർവ്വം സദസ്സിനെ അഭിസംബോധന ചെയ്തിരുന്നില്ല, അവസരമുണ്ടായിരുന്നിട്ടുകൂടി.

വിശപ്പറിയുക എന്നത് ഒരു ധ്യാനവും പ്രാർത്ഥനയും കൂടിയാണെന്ന് പഴയപാഠപുസ്തകത്തിലെ ഖലീഫാ ഉമ്മറാണ് പഠിപ്പിച്ചത്. മക്കൾ തളർന്നുവീണ് ഉറങ്ങുന്നതുവരെ ഒരു ഉമ്മഅടുപ്പത്തെ വെറും ജലത്തിൽ തവിയിട്ടിളക്കിക്കൊണ്ടിരിക്കുകയും, അതേ ഉമ്മയുടെ വീട്ടുവാതിലിൽ ഒലീവെണ്ണയും ഈത്തപ്പഴവുമായി ഒരു പ്രവാചകൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നൂവെങ്കിൽ അതാണ് എന്റെ ദൈവം എന്ന് പലയാവർത്തി എന്റെ പട്ടിണിയിൽ തൊട്ടു സത്യം ചെയ്തവനാണ് ഞാൻ. പഠിച്ചു പിന്നിട്ട പാഠപുസ്തങ്ങളിലെ ക്വാണ്ടം തിയറിയാണ് എനിക്കത്.

അമ്മ പറഞ്ഞുതന്ന കഥകളിൽ എനിക്ക് പതിനായിരത്തി എട്ട് ദൈവങ്ങളില്ലാഞ്ഞിട്ടല്ല, ഞാനീ അപരദൈവത്തേ പ്രാപിച്ചത്! അതിലുമേറേയാണ് എനിക്ക് ജീസസ്. അപരനുവേണ്ടി കരയുക എന്നതിൽ നിന്നും ജോസെഫ് കാണിച്ച താവഴികളിലൂടെയാണ് ഞാൻ എന്റെ രാഷ്ട്രീയം രൂപപ്പെടുത്തിയത്. നീ ഇതു വായിക്കൂ എന്ന് നാലരമണിക്കൂർ സഹയാത്രക്കുശേഷം തീവണ്ടിയിൽ നിന്നും ഇറങ്ങിപ്പോകുമ്പോൾ സിസ്റ്റർ മരിയ നീട്ടിയ ലഘു ബൈബിൾ ഒരത്ഭുതമായിരുന്നു. കൗമാരത്തിന്റെ ഡിക്ടക്ടീവ് നോവൽപോലെ വായനയിൽ അത്രക്ക് ആവേശിച്ച മറ്റൊരു വായന ബൈബിൾ മാത്രമാണെനിക്ക്.

‘കാപ്പി’ എന്ന എന്റെ നോവൽ വായിച്ച്, എഴുത്തുകാരനുമായി സംസാരിക്കാൻ കൊതിച്ചുനടക്കുകയാണ് അനിതേച്ചി എന്നു മെൻഷൻ ചെയ്യപ്പെട്ട ഒരു പോസ്റ്റിൽ അവരുടെ നമ്പർ തേടിപ്പിടിച്ച് സംസാരിക്കുമ്പോൾ ഇന്നലെ, ഞാനതറിഞ്ഞു എത്ര പാമരനാണ് ഞാനെന്ന്! കാപ്പിയിലെ എന്റെ മാർക്കോസേട്ടൻ ജീസസ്സാണെന്നു പറഞ്ഞപ്പോൾ ഏറെ നേരം അപ്പുറത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. ഒടുവിൽ അവർ പറഞ്ഞത് ഇത്രമാത്രം. ഞാൻ കരയുകയായിരുന്നു! എനിക്കും കരയാൻ തോന്നി അന്നേരം. കരച്ചിലുകൾക്ക് കാലമില്ല. യുക്തിപോലുമില്ലെന്ന് ഞാനിതുവരെ കാണാത്ത അനിതേച്ചി ഇന്നലെ പഠിപ്പിച്ചു.

തുടക്കത്തിൽ പറഞ്ഞതുപോലെ നടക്കുകയായിരുന്നു. പിന്നിൽനിന്ന് തൊട്ടത് രവി. കൃശഗാത്രൻ. ആന്ധ്രയിൽ നിന്ന് വന്നവർ. റംസാൻ കാലത്ത് എന്റെ തൊഴിലിടത്തിൽ പാർട് ടൈം ജോലിചെയ്യാൻ വന്നവൻ. കഴിഞ്ഞ ഏതോ പകലറുതിയിൽ രവി എന്നാണ് പേര് എന്ന ഓർമ്മയിൽ ഞാനവനോട് ചോദിച്ചിരുന്നു. നീ ഭക്ഷണം കഴിച്ചോ? ആവശ്യമുള്ളവർക്ക് ഭക്ഷണംകഴിക്കാനുളുള്ള സൗകര്യം കമ്പനിയിലുണ്ട്.

അവൻ പറഞ്ഞു: ഇല്ല സാർ. സാധ്യമായ ഒരു പൊതിനീട്ടി ഞാനവനോടു പറഞ്ഞു കഴിച്ചോളൂ.
അവൻ പറഞ്ഞു വേണ്ട സാർ. പല തിരക്കുകൾക്കു ശേഷം ഞാനവനെ കാണുകയാണ്. ഈ സായാഹ്നത്തിൽ.

അവൻ പറഞ്ഞു: എന്റെ വീടുവരേയൊന്ന് വരാമോ സാർ. ഇവിടെ അടുത്താണ്. അവനൊപ്പം ഞാൻ നടന്നു. അത്രവേഗമല്ല അവന്റെ കാൽവെപ്പുകൾ. നമ്മുടേതല്ലാത്ത വേഗത്തിലൂടെ സഞ്ചരിക്കുക എന്നതാണ് തീരേ അപരിചിതനായ മറ്റൊരാളുടെ ആത്മകഥ വായിക്കുക എന്നത്.

ചെറുതെങ്കിലും വൃത്തിയുള്ളൊരു മുറി. അതിന്റെ ഇത്തിരി വെട്ടത്തിലേക്ക് ഒരു പെൺകൊടി പ്രത്യക്ഷയായി. കയ്യിൽ നാരങ്ങാ നീര്. അതുവാങ്ങി കുടിക്കുമ്പോൾ
രവി പറഞ്ഞു: ‘പട്ടിണി സഹിയാതെ അപ്പൻ ജോസഫ് ആയി. എന്നിട്ടും ദളിതത വിട്ടുപോയില്ല. അപ്പൻ പലപല കുരിശുകൾ മാറിമാറി ചുമന്നു. കൈതച്ചക്ക കൃഷിയിൽ നിന്ന് മീൻ പിടുത്തം വരെ. രക്ഷപ്പെട്ടില്ല സാർ’.
അവന്റെ കണ്ണുകളോളം ആഴം ഒരു സമുദ്രത്തിനുമില്ലെന്ന് അന്നേരം അവൻ സാക്ഷ്യം നിന്നു.

നാരങ്ങാനീരുമായി വന്ന പെൺപാതി മറ്റൊരു മെഴുകുതിരി! ശ്രീലങ്കയിൽ നിന്ന്. ഞെട്ടിപ്പിച്ചത് സിംഹളയെന്ന അവിടുത്തെ ജീവിത സാധ്യതകളുടെ വർഗ്ഗീകരണത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക് ചുവടുമാറിയവൾ. അവൾ പറഞ്ഞു: ‘അവർ കൊല്ലുന്നത് ഞാൻ കണ്ടു’.

അത്രമാത്രമേ അവൾ പറഞ്ഞുള്ളൂ… ‘നൂറാ നീയെന്നെ വല്ലാതെ നിരായുധയാക്കി’ എന്നാവും എന്റെ ഇന്നത്തെ ഡയറിക്കുറിപ്പ്.

ഇരുട്ടാണ് പുറത്ത്. ‘നൂറ’ എന്നാൽ പ്രകാശം പരത്തുന്നവൾ എന്നാണ്. തിരിഞ്ഞുനോക്കുമ്പോൾ അവരുടെ ജാലകത്തിനുമാത്രം എന്തു പ്രകാശമാണ്!

‘വെള്ളം കിട്ടാത്ത ഈ നാട്ടിൽ ഞാനൊഴിക്കുന്ന മൂത്രം തന്നെ,
ജഡിലമായ ഒരു പ്രക്രിയയിലൂടെ ശുദ്ധീകരിച്ചെടുത്തത്‌’. എന്ന യഹൂദ അമിഹായിയുടെ ഈ വരിയും ഇതേ രാത്രിയുടെ എന്റെ വായനയാണ്!

നെറ്റിയിൽ തഴമ്പുള്ളവനല്ല കാൽമടമ്പുകളിൽ വീണ്ടുകീറിയ വടുക്കളുള്ളവനാണ് എനിക്ക് പ്രിയപ്പെട്ടവൻ.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.