ഹൃദയപുസ്തകം ഇതൾ വിടർന്നപ്പോൾ
ഇടയിലായൊരു കുഞ്ഞു മയിൽ‌പീലി –
നിറവിലെവിടെയോ ഒരുചെറു കണ്ണുനീർ
അടരുവാനായി വെമ്പി നിൽക്കുന്നുവോ

അകലെയെവിടെയോ അലയടിക്കുന്ന
വിജനതീരത്തെ ഓർമ്മതൻ സാഗരം
കരയിലെത്തിച്ച ഒരുപിടി ഓർമകൾ !
ഒരുനിലാവാലയയാതിന്നൊരു,ചെറുമണൽത്തരികളെ
പുളകിതയാക്കുന്നു

മൃദുലമാംസത്തിൽ ആഴ്ന്നുചൂഴ്ന്നാണ്ടൊരാ
ചെറുമണൽത്തരി നോവിച്ചുവെങ്കിലും
സുഖദമാകുമ വേദന പിന്നീടാ
മണല്തരിയെയന്നൊരുമുത്തായ്‌ മാറ്റവെ

അറിഞ്ഞവൾ അന്നാ മുത്തിന്നുമാത്രമായ്
ഹൃദയവീചികൾ വീണമീട്ടുന്നതും
തരള തന്ത്രികൾ താളമിടുന്നതും..
അനഘമോഹന ചിത്രങ്ങൾ തീർത്തതും

ചെറിയചെപ്പിലടച്ചൊരാ മുത്തന്നു
വെളിയിലെത്തുവാൻ വെറുതെ മോഹിക്കവെ
നിറയെചെപ്പുകൾ തീർത്തവളതിനായി
ഒരുശവമഞ്ചമെന്നേ പണിഞ്ഞുപോൽ

മുകളിയായിട്ട മണ്ണിൽ കിളുർത്തൊരു
പുതിയപൂവിനെ അറിയാതെയെങ്കിലും
അകമറിഞ്ഞന്നു സ്നേഹിച്ചുലാളിച്ചു
തളിരുകൾക്കായി നിമിഷങ്ങൾ തീർക്കവേ

തരളമെങ്കിലും, പല,ചില വേളയിൽ
മുത്തു ചെപ്പിൽനിന്നെത്തിനോക്കാറുണ്ട്
ഒരുനിമിഷത്തിൽ അറിയാതെയെങ്കിലും
ഹൃദയം ധ്യാനത്താൽ ധന്യമാകാറുണ്ട്
ഉറഞ്ഞുകൂടിയ മൗനത്തിൻ തന്ത്രികൾ
ഗഹനമോഹന ഗാനമാകാറുണ്ട്

അടഞ്ഞുപോകുന്ന അവസാന മിഴികളിൽ
ഉറഞ്ഞുകൂടുന്ന ഒരു കണ്ണീർതുള്ളിയിൽ
പ്രതിഫലിക്കുന്ന മയില്പീലിതുണ്ടിനും
അടച്ചുസൂക്ഷിച്ച ഒരുചെറുമുത്തിനും
ചിതറിവീണൊരാ പൂക്കൾക്കുവേണ്ടിയും
ഒരു കുഞ്ഞുസ്നേഹകണം തുടിച്ചുനിൽപ്പുണ്ടാവാം…..

രതി അരുൺ

Rathi Arun
Who loves letters and its beauty and lives in the world of fascinating literature to view it, to conquer it and to be blended into it.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.