27.1 C
Bengaluru
January 17, 2020
Untitled

ദുരഭിമാനക്കൊലകളും കേരളവും

ആതിരയുടെ ദാരുണമായ കൊലപാതകം സംബന്ധിച്ച് ഇവിടെ നടക്കുന്ന ചർച്ചകളില്‍ കേരള സമൂഹത്തിന്റെ ഭൂതകാലത്തെയും സമകാലികാവസ്ഥയെയും കുറിച്ച് പല അബദ്ധധാരണളും പ്രകടമാകുന്നുണ്ട്.

അതിലൊന്ന് ഇത് കേരളത്തിലെ ആദ്യ ദുരഭിമാനക്കൊല ആണെന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഫ്യൂഡല്‍ കാലം മുതല്‍ ഇവിടെ നടന്നിരുന്നു. പുതുതായുള്ളത് കൊലയുടെ രീതിയും പേരുമാണ്. ചവിട്ടിക്കൊന്ന് കെട്ടിത്തൂക്കുകയോ ചേറില്‍ താഴ്ത്തുകയൊ ആയിരുന്നു പരമ്പരാഗത രീതി. അത് ചെയ്തവർ‍ പ്രതാപശാലികളായതുകൊണ്ട് പോലീസ് നടപടിയുണ്ടായില്ല. പത്രങ്ങളില്‍ വാർത്തയുമുണ്ടായില്ല. പക്ഷെ നാട്ടുകാർ‍ക്കൊക്കെ അറിവുണ്ടായിരുന്നു.

സംഭവത്തിന് ദുരഭിമാനക്കൊല എന്ന പേർ വീണിട്ടു ഒന്നൊ രണ്ടോ കൊല്ലത്തിലധികമാകില്ല. അത് കണ്ടെത്തിയത് മാധ്യമങ്ങളാണ്. വടക്കേ ഇന്ത്യയില്‍ നടന്ന സംഭവങ്ങളുടെ ഇംഗ്ലീഷിലുള്ള റിപ്പോർ‍ട്ടുകളിലെ honour killing എന്ന വിശേഷണത്തിന്റെ പരിഭാഷയായാണ് അത് വന്നത്.

ശ്രീനാരായണ സ്വാധീനത്തില്‍ വലിയ സാമൂഹികമാറ്റം കണ്ട ഒന്നാണ് ഈഴവസമുദായം. ഗുരുവിന്റെ കാലത്തുതന്നെ സമുദായാംഗങ്ങള്‍ കടുത്ത ദലിത് വിരുദ്ധത പ്രകടിപ്പിച്ച അവസരങ്ങളുണ്ടായിരുന്നു. ദലിത് കുട്ടികളെ സർക്കാർ‍ പള്ളിക്കൂടങ്ങളില്‍ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂർ‍ സർക്കാർ‍ ഉത്തരവിട്ടപ്പോള്‍ നായർ‍ പ്രമാണികള്‍ക്കൊപ്പം ചേർന്ന് ‍ ഈഴവ പ്രമാണികളും അതിനെ എതിർക്കുകയുണ്ടായി. ഗുരുവിനെ ധിക്കരിച്ചുകൊണ്ട് അദ്ദേഹം പ്രതിഷ്ഠ നടത്തിയ അമ്പലങ്ങളില്‍ ദലിതർ‍ പ്രവേശിക്കുന്നതിനെ എതിർത്തവരുണ്ട്. തന്റെ അദ്ധ്യക്ഷതയില്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി. യോഗം ജാത്യാഭിമാനം വളർത്തുന്നതായി കണ്ടതുകൊണ്ടാണ് അദ്ദേഹം അതുമായുള്ള ബന്ധം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് അവസാനിപ്പിച്ചതുതന്നെ.

അതേസമയം നവോത്ഥാനകാലത്ത് കേരളത്തില്‍ എറ്റവുമധികം മിശ്രവിവാഹങ്ങള്‍ നടന്നത് ഈഴവ സമുദായത്തിലാകണം. അതില്‍ ഗുരുവിന്റെ സ്വാധീനം നിഷേധിക്കാവുന്നതല്ല. വീട്ടുകാരുടെ അനുഗ്രഹത്തോടെയൊ അല്ലാതെയോ ദലിതരുള്‍പ്പെടെയുള്ള അന്യജാതിക്കാരെയോ അന്യമതസ്ഥരെയോ വിവാഹം കഴിച്ച ധാരാളം പേർ‍ സമുദായത്തിന്റെ വിവിധ തലങ്ങളിലുണ്ട്.

ഹാദിയായുടെയും ആതിരയുടെയും അനുഭവങ്ങള്‍ ആ ഘട്ടം അവസാനിച്ചിരിക്കുന്നെന്ന സന്ദേശമാണ് നല്കുന്നത്. ഇതിനു രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, കേരള സമൂഹത്തിനു നവോത്ഥാന മൂല്യങ്ങള്‍ നഷ്ടമായിരിക്കുന്നു എന്നതാണ്. ഇതിന് ഉത്തരവാദികള്‍ പലരാണ്. നവോത്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ കൂട്ടാക്കാതിരുന്ന രാഷ്ട്രീയ നേതാക്കളാണ് ഒരു കൂട്ടർ‍. ഗുരുവിനെ തിരുത്തി ജാതി പറയുകയും ചോദിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന എസ്.എന്‍.ഡി.പി യോഗം നേതാക്കളാണ് മറ്റൊരു കൂട്ടർ‍. യോഗത്തെപ്പോലെ ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഇപ്പോള്‍ ജാതിമേധാവിത്വം പുന:സ്ഥാപിക്കാന്‍ ശ്രമിക്കന്നവരുമായി ബാന്ധവത്തിലാണ്. അവരെ നയിക്കുന്നത് പൊതുസമൂഹത്തിന്റെയോ സ്വന്തം സമുദായത്തിന്റെ പോലുമോ താല്പർയങ്ങളല്ല, കേവലം സ്വകാർയ താല്പർയങ്ങളാണ്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.