21 C
Bangalore
September 23, 2018
Untitled
  • Home
  • current affairs
  • ദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് പൗരന്മാരെ സജ്ജരാക്കാം
current affairs Malayalam

ദുരന്ത രക്ഷാപ്രവർത്തനങ്ങൾക്ക് പൗരന്മാരെ സജ്ജരാക്കാം

രക്ഷാ പ്രവർത്തനങ്ങൾക്ക് സാങ്കേതിക വിദ്യ ഉപയോഗിക്കാം  – ഫസ്റ്റ് റെസ്പോൻഡേഴ്‌സ് ആപ്പ്

ഫസ്റ്റ് റെസ്പോൻഡേഴ്‌സ് ആപ്പ് ഇന്നത്തെ കാലത്ത് മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും അനായാസമാക്കുന്നത് സാങ്കേതികവിദ്യയാണ്. നമ്മുടെ നാടിന്റെ ഭൂമിശാസ്ത്രമനുസരിച്ച് എല്ലാ പ്രദേശങ്ങളും ദുരന്ത നിവാരണ സഹായങ്ങൾ വേഗത്തിൽ എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് പരിമിതികളുണ്ട്. അത് കാലതാമസവുമുണ്ടാക്കും. ആയതിനാൽ ദുരന്തനിവാരണരംഗത്ത് സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തേണ്ടത് ആവശ്യമാണ്. ഇന്ന് പല വിദേശരാജ്യങ്ങളിലും രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ നിലവിലുണ്ട്. അത്തരത്തിലൊരു വോളണ്ടീയർ മൊബൈൽ ആപ്ലിക്കേഷൻ കേരളത്തിൽ ഉപയോഗിക്കാവുന്നതാണ്. ദുരന്ത സാധ്യതകളുടെ സമയോചിതമായ മുന്നറിയിപ്പുകളും, രക്ഷാപ്രവർത്തനങ്ങളും സർക്കാർ-പൊതുജന ഏകോപിപ്പോടെ നടപ്പാക്കാൻ സഹായകമാകുന്ന ഒരു മൊബൈൽ ആപ്പ് ഉപയോഗിക്കാം.

1. സാമൂഹിക സന്നദ്ധ ചിന്താഗതിയുള്ള പൗരന്മാർക്കും, സാമൂഹിക പ്രവർത്തകർക്കും വോളണ്ടീയർമാരായി രെജിസ്റ്റർ ചെയ്യാം.

2. പ്രകൃതി ദുരന്തമോ അപകടമോ ഉണ്ടാകുമ്പോൾ ആ പ്രദേശത്തെ സന്നദ്ധസേവകർ, അടിയന്തര സംഘം, പാരാമെഡിക്കൽ, അധികാരികൾ, ആ മേഖലയിൽ നിന്നുള്ള പൊതു സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് മുന്നറിയിപ്പ് നൽകാനും, അതിവേഗ രക്ഷാപ്രവർത്തനത്തിനുള്ള അറിയിപ്പുകൾ നൽകാനും സാധിക്കും.

3. ആ പ്രദേശത്തുള്ള വോളണ്ടീയർമാർക്ക്  GPS ലൊക്കേഷൻ സംവിധാനമനുസരിച്ച് ആദ്യ സന്ദേശങ്ങൾ കൈമാറാനും, സമീപത്തുള്ളവർക്ക്  ദുരന്ത സ്ഥലത്തെത്തി വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാനും സാധിക്കും.

4. ലൊക്കേഷൻ അനുസരിച്ച് ആശുപത്രികൾ, ആംബുലൻസ്, പോലീസ്, അധികാരികൾ എന്നിവർക്കായുള്ള  ഒരു റിയൽ ടൈം അലർട്ട് സംവിധാനം പോലെയും ഈ ആപ്പ് പ്രവർത്തിക്കും.

5. ദുരിതാശ്വാസക്യാമ്പുകളുടെ വിവരങ്ങൾ നൽകാനും, സഹായങ്ങളും സംഭാവനകളും നിർദേശങ്ങളും അറിയിപ്പുകളും ലൊക്കേഷൻ അനുസരിച്ച്  ക്രമീകരിക്കാനും, ആശയക്കുഴപ്പങ്ങൾ ഒഴിവാക്കി ലോജിസ്റ്റിക്സ് പ്ലാൻ ചെയാനും സാധിക്കും

6. ദുരന്തനിവാരണ വകുപ്പ്, കാലാവസ്ഥാ വകുപ്പ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി ആപ്ലിക്കേഷൻ സംയോജിപ്പിച്ച്  അപായ സൂചനകളും മുന്നറിയിപ്പുകളും നല്കാൻ കഴിയും.

7. വോളണ്ടീയർമാർക്ക് റെസ്ക്യൂ പരിശീലന പരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിക്കും.

എല്ലാ അടിയന്തര സാഹചര്യങ്ങളിലും ജനങ്ങൾക്ക്  ഉപയോഗപെടുന്ന ഇത്തരം സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണ്. ഇത്തരത്തിലുള്ള ഒരു മൊബൈൽ ആപ്പിന്റെ ആവശ്യം നാം ഈ ദിനങ്ങളിൽ മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും അറിയിപ്പ് തക്ക സമയത്ത് ലഭിക്കാത്തത് കാരണം കാല താമസം നേരിട്ട് പല ജീവനുകളും പൊലിയുന്നു. ഇതുപോലെയൊരു വോളണ്ടീയർ ആപ്പ് ലഭ്യമായാൽ എല്ലാ പ്രദേശങ്ങളിലും അറിയിപ്പുകളും, രക്ഷാപ്രവർത്തനങ്ങളും വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും.

നമ്മുടെ നാട്ടിലെ പതിവ് കാഴ്ചയാണ് റോഡ് സൈഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി പോകുന്നത്. വാഹനാപകടങ്ങൾ പെരുകാനുള്ള ഒരു പ്രധാന കാരണം റോഡിലെ കുഴികളാണ്. മഴക്കാലത്ത് മരമൊടിഞ്ഞു വീണ് ലൈൻ കമ്പി പൊട്ടി റോഡിൽ അപകടങ്ങൾ സൃഷ്ടിക്കുന്നു. ഇതൊക്കെ തത്സമയത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ കഴിഞ്ഞാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിലുള്ള മുൻസിപ്പൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപെടുമ്പോൾ തന്നെ പൊതുജനങ്ങൾക്കും വോളന്റിയറുമാർക്കും KSEB, PWD, KWA, പോലീസ്, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ ബന്ധപ്പെട്ടവർക്ക് അറിയിപ്പുകൾ നൽകാൻ ഇതേ മൊബൈൽ ആപ്പ് വഴി സാധിക്കും. ട്രാഫിക് നിയമ ലംഘനങ്ങളും, കുറ്റകൃത്യങ്ങൾ പോലും ചിത്രങ്ങൾ സഹിതം റിപ്പോർട്ട് ചെയ്യാൻ സാധിക്കും.

പൗരന്മാരുടെ സ്വയം ശാക്തീകരണത്തിലൂടെ ദുരന്തങ്ങളെ തരണം ചെയ്യാം. ദുരന്തങ്ങളിൽ നമുക്ക് ഒന്നിച്ചുനിൽക്കാം. പ്രതിസന്ധികളെ കൂട്ടായി നേരിടാം.

Related posts