27.5 C
Bengaluru
January 17, 2020
Untitled

നൽകാം ദുരന്ത നിവാരണ വിദ്യാഭ്യാസം

പ്രളയത്തിലും പേമാരിയിലും മുങ്ങി വിറങ്ങലിച്ചു നിൽക്കുന്ന ഒരു കേരള ജനതയെയാണ് ഈ ദിവസങ്ങളിൽ ലോകം കണ്ടുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്ഥാനം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ലാത്ത കാലവർഷക്കെടുതി നേരിടുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനത്തിന്റെ പങ്ക് വളരെ പ്രാധാന്യമർഹിക്കുന്നതാണ്. പല സ്ഥലങ്ങളിലും ഗതാഗതപ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും കാരണം രക്ഷാപ്രവർത്തനം വൈകുന്നു. അത്തരം സാഹചര്യങ്ങളിൽ പ്രാദേശിക യുവാക്കളുടെ പ്രവർത്തന മികവും, സന്നദ്ധതയും  നിർണ്ണായകമാണ്. ലോകമെമ്പാടും സാമൂഹ്യപരിവർത്തനത്തിനും പുരോഗതിക്കും അടിയന്തര സഹായങ്ങൾക്കും യുവത്വം ഒരു പരിവർത്തനശക്തിയായി പ്രവർത്തിക്കുന്നു. അത്യാഹിതങ്ങളും പ്രകൃതിദുരന്തങ്ങളും പൂർണമായും നമുക്ക് ഒഴിവാക്കാനാകില്ല. എന്നാൽ അവയുടെ അനന്തരഫലങ്ങൾ ലഘൂകരിക്കാൻ ആസൂത്രണത്തിലൂടെയും തയാറെടുപ്പിലൂടെയും സാധിക്കും. അതുകൊണ്ട് അടിയന്തരസാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ പരിശീലനം സ്കൂൾ തലം മുതൽ കുട്ടികൾക്ക് നൽകണം. അറിവ് നൽകുന്നതിനൊപ്പം പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിനുള്ള അവരുടെ ശേഷിയും തയ്യാറെടുപ്പും വർധിപ്പിക്കുകയും, അടിയന്തര സാഹചര്യങ്ങളിൽ അവരുടെ സന്നദ്ധത ഉറപ്പാക്കുകയും വേണം.

സമൂഹത്തിൽ എന്തെങ്കിലും സ്ഥായിയായ മാറ്റം വരുത്തണം എന്നുണ്ടെങ്കിൽ അതിനുള്ള ശ്രമങ്ങൾ ആദ്യം ആരംഭിക്കേണ്ടത് സ്കൂൾ – കോളേജ് തലത്തിൽ അഥവാ പ്രാഥമിക വിദ്യാഭ്യാസത്തിലൂടെയാണ്. ജീവിതത്തിലെ ഓരോ പ്രതിസന്ധികളെയും എങ്ങനെ നേരിടണമെന്ന് വ്യക്തമായ ചിത്രം കുട്ടികൾക്കു നൽകേണ്ടത് അദ്ധ്യാപകരാണ്. പ്രളയം, കൊടുങ്കാറ്റ്, സുനാമി മുതലായ പ്രകൃതി ദുരന്തങ്ങളും റോഡപകടങ്ങൾ, തീപിടുത്തങ്ങൾ തുടങ്ങിയവും മുന്നറിയിപ്പ് കൂടാതെ വന്നെത്തുന്ന ദുരന്തങ്ങളാണ്. ഇത്തരം സാഹചര്യങ്ങളിൽ പുസ്തകത്തിലെ അറിവ് കൊണ്ട് മാത്രം പ്രയോജനമില്ല. ഒരു വാഹനാപകടമോ മറ്റെന്തെങ്കിലും ദുർഘടങ്ങളോ ഉണ്ടായാൽ ബുക്കിൽ നിന്ന് പഠിച്ച അറിവ് മാത്രമുള്ള ഒരാൾക്കു പ്രാഥമിക ശുശ്രൂഷപോലും നൽകാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ട് പാഠ്യ വിഷയങ്ങൾ കാണാതെ പഠിക്കുന്നതോടൊപ്പം മനുഷ്യോപകാരിയായ പ്രായോഗിക വിഷയങ്ങൾ പരിശീലനം ചെയ്തു പഠിക്കാനുള്ള രീതിയാണ് സ്കൂളുകളിലും, കോളേജുകളിലും നടപ്പാക്കേണ്ടത്.

1) നാടുമായി ബന്ധപ്പെട്ട് സാധാരണയായി സംഭവിക്കാറുള്ളതും, സാധ്യതയുള്ളതുമായ ദുരന്തങ്ങളെയും അപകടങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിൽ പൊതുവായ ധാരണ ഉണ്ടാക്കുക.

2) അടിയന്തര സാഹചര്യചുറ്റുപാടുകളിൽ നിന്നും അപകട സാധ്യതകൾ മുന്നറിയിപ്പായി മനസ്സിലാക്കാനും, സ്വയം രക്ഷ നേടാനും, രക്ഷ പെടുത്താനുമുള്ള ബോധവൽക്കരണം നൽകുക

3) സാഹചര്യബോധവൽക്കരണം, അടിയന്തരവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾ, രക്ഷാ കേന്ദ്രങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പരിശീലന അഭ്യാസങ്ങൾ യുവജനങ്ങൾക്ക് നൽകാം

4) ഓരോ മൂന്നു മാസവും കൂടുമ്പോൾ കൃതിമ സാഹചര്യങ്ങൾ (മോക്ക് ഡ്രിൽ) സൃഷ്ടിച്ച് പരിശീലനം നടത്തുന്നത് യുവജനങ്ങളെ വിവിധ തരത്തിലുള്ള അത്യാഹിത സാഹചര്യങ്ങളോട് മാനസികമായി വിധേയപ്പെടുത്തുകയും അവരിൽ സുരക്ഷാബോധവും, തയ്യാറെടുപ്പ് ഭദ്രതയും ഉളവാക്കുകയും ചെയ്യും

5) ദുരിത സമയത്ത് വിവിധ മാർഗങ്ങളിലൂടെയുള്ള ആശയവിനിമയം, അപകടത്തിൽപെട്ടവർക്ക് നല്‍കേണ്ട പ്രഥമശുശ്രൂഷ, സുരക്ഷാ ക്രമീകരണങ്ങൾ, രക്ഷപെടുത്തൽ  തുടങ്ങിയവ ഒരുക്കാനുള്ള നടപടികൾ വിദ്യാർത്ഥികൾക്ക് പരിശീലിക്കാനുള്ള അവസരം സൃഷ്ടിക്കണം.

6) ദുരന്ത നിവാരണ സേന, പോലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങളെപ്പറ്റി പഠന ക്ളാസുകളും, മോക്ക് ഡ്രില്ലുകളും നിശ്ചിത ഇടവേളകളിൽ ക്യാംപസുകളിൽ സംഘടിപ്പിക്കാം.

7) ഓരോ പഞ്ചായത്ത് – വാർഡുകൾ കേന്ദ്രീകരിച്ച് സുരക്ഷാ വോളണ്ടീയർ ഗ്രൂപ്പുകൾ രൂപീകരിക്കാം. ക്ലബുകൾ, യുവജന സംഘടനകൾ, സ്‌കൂൾ-കോളേജുകൾ തുടങ്ങിയവയെ പ്രാദേശിക തലത്തിൽ ഏകോപിപ്പിച്ചുള്ള വോളണ്ടീയർ പരിശീലനം നൽകാം.

രക്ഷാ പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷ തുടങ്ങിയവയുടെ അടിസ്ഥാന കാര്യങ്ങൾ യുവജനങ്ങളെ പഠിപ്പിക്കാം. എന്തെങ്കിലും ദുരന്തമുണ്ടാവുകയാണെങ്കിൽ, അവർക്ക് ആദ്യം തന്നെ പ്രവർത്തനമാരംഭിക്കുകയും ഇതുമൂലം രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും കഴിയും. ഇത്തരം പരിപാടികൾ യുവാക്കൾക്കിടയിൽ ദയയും, സഹായ സന്നദ്ധതയും, സന്നദ്ധസേവനവും മെച്ചപ്പെടുത്താൻ സഹായിക്കും. മേൽപ്പറഞ്ഞ രീതിയിലുള്ള സ്ഥിരസംവിധാനങ്ങൾ യുവജനങ്ങൾക്കിടയിൽ നടപ്പാക്കപ്പെടുമ്പോൾ എല്ലാ പ്രദേശങ്ങളിലും, വീടുകളിലും സുരക്ഷാ സംസ്കാരം ക്രമേണ വളരും. ഇത് ദുരന്തങ്ങളിൽ നിന്നും സ്വയം രക്ഷ നേടാനും, മറ്റുള്ളവരെ രക്ഷപെടുത്താനും പ്രാപ്തരാക്കും. കൂടാതെ ദുരന്തങ്ങളിൽ തക്ക സമയത്ത് പ്രാദേശികമായി സഹായമെത്തിക്കാനുള്ള ഏറ്റവും പ്രായോഗികവും ഫലപ്രദവുമായ ആദ്യത്തെ മാർഗം രക്ഷാപ്രവർത്തനങ്ങളിൽ ബോധൽവൽക്കരണവും പരിശീലനവും നേടിയ ചുറ്റുവട്ടത്തെ യുവാക്കളാണ്.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.