27.5 C
Bengaluru
January 17, 2020
Untitled

ഡാർജീലിംഗ് ഡയറീസ്

എവിടേക്കെങ്കിലും ഒന്ന് പോയാലോ എന്നാലോചിച്ച് നിക്കുമ്പോഴാണ് ആ ചോദ്യം കേട്ടത്. “മച്ചാനേ നോർത്തിലേക്ക് ഒരു ട്രിപ്പ് പോയാലോ?”. ഭാരതിയാണ് ചോദിച്ചത്. കേട്ടപാതി കേൾക്കാത്ത പാതി ഞാൻ ഓക്കേ പറഞ്ഞുകൊണ്ട് എവിടേക്കെന്ന് ചോദിച്ചു. അവനും നിശ്ചയമില്ലായിരുന്നു. ഒരുപാട് ദിവസത്തെ അന്വേഷണങ്ങൾക്കു ശേഷം ഡാർജീലിംഗിലുള്ള യൂത്ത് ഹോസ്റ്റൽ എന്ന എൻ.ജി.ഒ നടത്തുന്ന ട്രെക്കിങ്ങിനു പോവാൻ തീരുമാനമായി. സ്ഥലം ഉറപ്പിച്ചതും ചറപറാ പ്ലാനിംഗ് നടത്തി. പൈസ കളയാൻ ഇല്ലാത്തത് കൊണ്ടും ഇത്തിരി എക്സ്പീരിയൻസ് ആയിക്കോട്ടെ എന്ന് കരുതിക്കൊണ്ടും പോക്കുവരവ് ട്രെയിനിലാക്കി.

ഒടുവിൽ രണ്ടായിരത്തി പതിനേഴ് ഡിസംബർ 13 രാത്രി 10ന് കോയമ്പത്തൂർ സ്റ്റേഷനിൽ നിന്നും ഞങ്ങൾ യാത്ര തുടങ്ങി. പതിനഞ്ചാം തിയ്യതി രാവിലെ പതിനൊന്നു മണിയോടെ ഞങ്ങൾ കൊൽക്കത്തയിലെ ഏറ്റവും വലിയ സ്റ്റേഷനായ ഹൗറയിൽ എത്തിച്ചേർന്നു. ഇരുപത്തിയഞ്ചോളം പ്ലാറ്റഫോം ഉള്ള ആ സ്റ്റേഷൻ ഞങ്ങളെ ഞെട്ടിച്ചു. പുറത്തിറങ്ങിയ ഞങ്ങളെ വരവേറ്റത് മഞ്ഞനിറമുള്ള അംബാസിഡർ കാറുകളുടെ വലിയൊരു നിരയായിരുന്നു. ആ ടാക്സി കാറുകൾ എൺപതുകളിലെ മലയാള സിനിമകളിലുള്ള ബോംബെയെ ഓർമിപ്പിച്ചു. അവിടന്ന് ബസ്സ് എന്ന് പേരുള്ള ടെമ്പോയിൽ ബോഡി കയറ്റിയ പോലെയുള്ള ഒരു വണ്ടിയിൽ കയറി അടുത്ത സ്റ്റേഷനായ സിയൽഡയിലേക്ക് പോയി. അടുത്ത ട്രെയിൻ രാത്രിയിലായതു കൊണ്ട് ഒരു ചെറിയ ഹോട്ടലിൽ മുറിയെടുത്തു. അവിടന്ന് കുളി കഴിഞ്ഞ ശേഷം ആ തെരുവുകളിലൂടെ നടക്കാനിറങ്ങി.

കൊൽക്കത്ത പഴയൊരു നഗരമാണ്, വളരെ പഴയൊരു നഗരം. 1947 കഴിഞ്ഞ ശേഷം അവിടെ കലണ്ടർ അല്ലാതെ വേറെ ഒന്നും തന്നെ മാറിയതായി തോന്നിയില്ല. മാനം മുട്ടുന്ന കെട്ടിടങ്ങൾ ഒന്നും തന്നെയില്ല എന്ന് തന്നെ പറയാം. അവിടന്ന് തട്ടുകടയെക്കാൾ ചെറിയൊരു സ്ഥലത്തുനിന്നും റൊട്ടിയും സബ്‌ജിയും കഴിച്ചു, ചായ കുടിച്ചു. അഞ്ചു രൂപക്ക് മൺപാത്രത്തിൽ ഒരു ഗ്ലാസ് ചായ, നമ്മുടെ നാട്ടിൽ അങ്ങനെയുള്ള ഒരു മൺപാത്രം തന്നെ പത്തു രൂപാ ആവും എന്നോർക്കണം. അവിടന്ന് രാത്രി ന്യൂ ജൽപൈഗുരി എന്ന സ്റ്റേഷനിലേക്ക് ട്രെയിൻ കയറി. പതിനാറാം തിയ്യതി രാവിലെ പത്തോടെ ഞങ്ങൾ ന്യൂ ജൽപൈഗുരി എന്ന സ്റ്റേഷനെത്തി. അവിടന്ന് പുറത്തിറങ്ങിയതും ഗാങ്ടോക്കിലേക്കും ഡാർജീലിങ്ങിലേക്കും പോവാൻ ജീപ്പുകൾ റെഡിയായി നിക്കുന്നു. അവിടത്തെ ജീപ്പ് ഡ്രൈവർമാരിൽ ഒരാൾ ഞങ്ങളെ ഭീഷണിപ്പെടുത്തി വണ്ടിയിൽ കയറ്റി എന്ന് പറയാം. ആൾക്കാരെ കിട്ടാതെ തൊണ്ടകാറി നിക്കുമ്പോഴാണ് ഞങ്ങൾ അയാൾക്ക് മുന്നിൽ ചെന്നെത്തിപ്പെട്ടത്. സാധാരണ ചാർജ് നൂറ്റി അമ്പത് രൂപ ആണെങ്കിലും ഞങ്ങളായതുകൊണ്ട് ഇരുന്നൂറ്റിയമ്പത് രൂപക്ക് ഓഫറിൽ കിട്ടി. പോവുന്ന വഴിക്ക് ആ ചങ്ങാതിയുടെ ഒരു ഡയലോഗ് വേറേ, ഇവിടെ ഒരുപാട് പറ്റിക്കുന്ന ആൾക്കാരുണ്ട് സൂക്ഷിക്കണം എന്ന്.

ഉച്ച കഴിഞ്ഞ് ഡാർജീലിംഗ് എത്തി തുടർന്ന് യൂത്ത് ഹോസ്റ്റലിന്റെ താമസ സ്ഥലമെത്തി ബാഗെല്ലാം വച്ച ശേഷം ഞങ്ങൾ ഡാർജീലിംഗ് ടൗണിലേക്കിറങ്ങി. ഡാർജീലിംഗ് എന്ന സ്ഥലത്ത് തണുപ്പുണ്ട് എന്നല്ലാതെ കാണാനായി ഒന്നും തന്നെയില്ല. ഒരു തടാകമോ നല്ലൊരു പാർക്കോ ഒന്നും തന്നെയില്ല. ബ്രിട്ടീഷുകാരുടെ കാലത്തുള്ള ഒരു ടോയ് ട്രെയിൻ ഉണ്ടെന്നല്ലാതെ മറ്റൊന്നും തന്നെ ഞങ്ങൾ കണ്ടില്ല. നമ്മൾ സമുദ്രനിരപ്പിലുള്ള സ്ഥലത്തു നിന്നും വരുന്നത് കൊണ്ട് ഒറ്റയടിക്ക് പ്രെഷർ കൂടുതലുള്ള സ്ഥലത്തേക്ക് പോവുന്നത് നല്ലതല്ല. ഇടക്കുള്ള ഒരു സ്ഥലത്ത് ഒരു ദിവസം നിക്കണം, എന്നാലേ പ്രഷർ മാറുന്നത് നമ്മുടെ ശരീരവുമായി യോജിച്ചുപോവൂ. അക്ലിമിറ്റൈസേഷൻ എന്നാണ് അതിനെ പറയുക. അതുകൊണ്ട് ഞങ്ങളെ അടുത്ത ദിവസം യൂത്ത് ഹോസ്റ്റൽ ട്രെക്കിങ് ക്യാമ്പ് ലീഡർ ഡാർജിലിംഗിൽ വെറുതേ നടക്കാൻ വിട്ടു. ഫുഡും ചായയുമെല്ലാം യൂത്ത് ഹോസ്റ്റൽ തന്നെ തരുന്നത് കൊണ്ട് അതിനെക്കുറിച്ച് ആലോചിക്കേണ്ടി വന്നില്ല.

ഡിസംബർ 18 നു രാവിലെ ഞങ്ങളെ ജീപ്പിൽ ഡാർജീലിംഗ് നിന്നും അമ്പതു കിലോമീറ്റർ ദൂരെയുള്ള ധോത്രി എന്ന ഗ്രാമത്തിലെത്തിച്ചു. അവിടന്നാണ്‌ ട്രെക്കിങ്ങ് തുടങ്ങിയത്. ധോത്രി ബംഗാൾ-നേപ്പാൾ അതിർത്തിയിലെ ഒരു ഗ്രാമമാണ്‌. അവിടന്ന് ഞങ്ങൾ അഞ്ചു കിലോമീറ്ററോളം കാട്ടിലൂടെ നടന്ന് നേപ്പാളിലെ ടൊങ്ഗ്ലു എന്ന ഗ്രാമത്തിലെത്തി. അവിടെ ഉച്ചഭക്ഷണം കഴിച്ച് രണ്ടു കിലോമീറ്ററോളം നടന്ന് നേപ്പാളിലെ ടുംലിങ്‌ എന്ന ഗ്രാമം എത്തി. വളരെക്കുറച്ചു വീടുകൾ, ഒന്നുരണ്ടു ലോഡ്ജുകൾ, അത്രേം മാത്രമേ അവിടുള്ളൂ. അവിടന്ന് നോക്കിയാൽ എവറസ്റ്റ് റേഞ്ചിലെ കാഞ്ചൻജംഗ എന്ന മലനിരകൾ കാണാം, വെള്ള പൊതിഞ്ഞ മലനിരകൾ. രാത്രി സൂപ്പ് കുടിച്ച് ഞാനും ഭാരതിയും സുനിൽ എന്ന മറ്റൊരാളും കൂടി നടക്കാനിറങ്ങി. പൂജ്യം ഡിഗ്രി തണുപ്പായതുകൊണ്ട് ഞങ്ങൾ പെട്ടന്നു തന്നെ തിരിച്ചെത്തി.

അടുത്ത ദിവസം ഞങ്ങൾ സിമന്റ് റോഡിലൂടെയാണ് യാത്ര തുടങ്ങിയതെങ്കിലും പിന്നീട് അത് പുൽമേടുകളിലൂടെയും കല്ല് നിറഞ്ഞ ജീപ്പുകൾ മാത്രം പോവുന്ന വഴികളിലൂടെയുമായി. നടന്നും നിരങ്ങിയും ഇടക്ക് കണ്ട ചെറിയ കടയിൽ നിന്നും മോമോസ് കഴിച്ചും ഞങ്ങൾ അടുത്ത സ്ഥലമായ കാലപൊക്രി ലക്ഷ്യമാക്കി നടന്നു. അന്നാണ് കോയമ്പത്തൂർ നിന്നും വന്ന രാഗേന്ദ് എന്ന മലയാളിയെ പരിചയപ്പെട്ടത്. ഇന്തോ-നേപ്പാൾ ബോർഡർ ആയതുകൊണ്ട് അവിടെ ആർമി ക്യാമ്പുകൾ കാണാം. അതിലൊരു ക്യാംപിനു മുന്നിലൂടെ നടന്നു പോയപ്പോൾ അവിടെ നിന്നിരുന്ന ഒരു പട്ടാളക്കാരനോട് സംസാരിച്ചു. ആൾ തമിഴ്‌നാട്ടുകാരൻ ആയതുകൊണ്ട് സ്വന്തം ഭാഷയിൽ സംസാരിച്ചപ്പോൾ അയാൾക്കു വളരെയധികം സന്തോഷം തോന്നിയതായി മനസ്സിലായി. അങ്ങനെ ഞങ്ങൾ നടന്ന് കാലപൊക്രി എത്തിച്ചേർന്നു. റോഡ് എന്നത് കല്ലുകൾ മാത്രമുള്ളതായതുകൊണ്ട് ജീപ്പുകൾ പോലും ഇങ്ങോട്ട് അധികം വരാറില്ല. കാറുകൾ ഒന്നും തന്നെ ഈ വഴി വരില്ല. 1947ഇൽ ബ്രിട്ടീഷുകാർ വിട്ടിട്ടു പോയ രണ്ടുമൂന്ന് ലാൻഡ്‌ റോവർ ജീപ്പുകൾ മാത്രമാണ് ഇവിടേക്കുള്ള ഏക യാത്രാ സൗകര്യം. ആ ഉരുക്കുപോലത്തെ വണ്ടികൾ നന്നാക്കിയാണ് ഇപ്പോഴും അവിടത്തെ ജനങ്ങൾ യാത്ര ചെയ്യുന്നത്. അവിടെയുള്ള പട്ടാളക്കാരും പൊതുജനങ്ങൾ ഉപയോഗിക്കുന്ന അതേ ലാൻഡ്‌ റോവറുകൾ തന്നെയാണ് ഉപയോഗിച്ച് പോവുന്നത്. അവിടെ മൈനസ് ഡിഗ്രി തണുപ്പാണ് എന്ന് തോന്നിച്ചുകൊണ്ട് പോവുന്ന വഴിക്ക് തണുത്തുറഞ്ഞ നീർച്ചാലുകൾ കണ്ടു. രാത്രി പുറത്തിറങ്ങയെങ്കിലും മരം കോച്ചുന്ന തണുപ്പു കാരണം പെട്ടന്നുതന്നെ തിരിച്ച് റൂമെത്തി.

ഇരുപതാം തിയ്യതി ഞങ്ങൾക്ക് പോവേണ്ടിയിരുന്നത് ബംഗാളിലെ ഏറ്റവും ഉയരമുള്ള സ്ഥലമായ സണ്ടക്ഫു എന്ന സ്ഥലത്തേക്കാണ്. കാലപൊക്രിയിൽ നിന്നും ആറ് കിലോമീറ്റർ മാത്രമേ ഉള്ളു എങ്കിലും കുത്തനെയുള്ള കയറ്റങ്ങൾ ഞങ്ങളെ വല്ലാതെ ക്ഷീണിപ്പിച്ചു. മരങ്ങൾ കുറഞ്ഞതും ഓക്സിജന്റെ അളവ് കുറഞ്ഞതും കാരണം ശ്വാസമെടുക്കാൻ എല്ലാരും നല്ലോണം കഷ്ടപ്പെട്ടു. പന്ത്രണ്ടായിരത്തി അഞ്ഞൂറ് അടിയോളം മുകളിലുള്ള ആ സ്ഥലം എത്തുമ്പോഴേക്കും ഞങ്ങളിൽ കുറേപ്പേർ ആസ്ത്മ രോഗികളെപ്പോലെ ശ്വാസമെടുക്കാൻ തുടങ്ങിയിരുന്നു. അവിടെ നിന്നും നേപ്പാളിലുള്ള എവറസ്റ്റ്, കാഞ്ചൻജംഗ, ത്രീ സിസ്റ്റേഴ്സ് തുടങ്ങിയ മഞ്ഞിൽ പൊതിഞ്ഞ മലകൾ നല്ലോണം കാണാമായിരുന്നു. പക്ഷേ അവിടെ ഞങ്ങളെ ഞെട്ടിച്ചത് മലക്ക് മുകളിൽ കയറി കണ്ട സൂര്യാസ്തമയമായിരുന്നു. താഴെ നോക്കിയാൽ കടല് പോലെ മേഘങ്ങൾ അതിനിടക്ക് ഇറങ്ങിപ്പോവുന്ന സൂര്യൻ. ആ കാഴ്ച ഞങ്ങൾ നല്ലോണം ആസ്വദിച്ചു. മഞ്ഞു പെയ്യുന്ന കാഴ്ച കാണാൻ അതിയായ താല്പര്യമുണ്ടായിരുന്നു എങ്കിലും ഞങ്ങൾ പോയ സമയത്ത് അതുണ്ടായില്ല.

പിറ്റേന്ന് സൂര്യോദയവും കണ്ടു ഞങ്ങൾ നടക്കാൻ തുടങ്ങി. ഇന്ന് പതിമൂന്ന് കിലോമീറ്റർ മലയിറങ്ങണം. രാവിലെ തുടങ്ങിയ നടത്തം ഉച്ചക്ക് രണ്ടു മണിക്ക് ഗുർദും എന്ന സ്ഥലത്താണ് അവസാനിച്ചത്. അവിടെ പ്രത്യേകിച്ചൊന്നും കാണാൻ ഇല്ലാത്തത് കൊണ്ട് ഞങ്ങൾ എവിടേക്കും പോയില്ല. തൊട്ടടുത്ത ദിവസം ഞങ്ങൾ സിരിക്കോല എന്ന ചെറിയ നദിയുള്ള സ്ഥലത്തുകൂടി അവസാന ലക്ഷ്യമായ റിമ്പിക്കിലേക്ക് നടന്നു. നടക്കുമ്പോൾ ക്ഷീണം കൊണ്ട് രാഗേന്ദ് ചോദിച്ചു
“എടാ, നിനക്ക് ഇത്രയും സ്റ്റാമിന ഒക്കെ ഉണ്ടോ? ക്ഷീണം തോന്നുന്നില്ലേ?” എന്ന്. അതിനുത്തരമായി ഞാനിങ്ങനെ പറഞ്ഞു
“നിങ്ങൾ ലക്ഷ്യം നോക്കിയാണ് നടന്നത്. ഞാൻ എന്റെ മുന്നിൽ നടന്ന സുന്ദരികളായ കുട്ടികളെ നോക്കിയും. അവരെ ഓവർടേക് ചെയ്യുക, എന്നിട്ട് അടുത്ത കുട്ടിയെ ഓവർടേക് ചെയ്യാൻ പ്ലാൻ ഇടുക. ഒരുപാട് മുന്നിലെത്തിയാൽ അവരെയൊക്കെ മുന്നിലേക്ക് കയറ്റി വിടുക. അപ്പോഴേക്കും നമ്മൾ എത്തേണ്ട സ്ഥലമെത്തിയിരിക്കും” എന്ന്. അതുകേട്ട് അവൻ ചിരിച്ചു. അവസാന ദിവസമായതുകൊണ്ട് റിമ്പിക്കിൽ പ്രത്യേകം ഭക്ഷണമുണ്ടായിരുന്നു. അതും കഴിച്ച് എല്ലാരോടും യാത്ര പറഞ്ഞു.

പിറ്റേന്ന് രാവിലെ റിമ്പിക്കിൽ നിന്നും ഡാർജീലിംഗിലേക്ക് ജീപ്പിൽ പോയ ശേഷം ബാഗുമെടുത്ത് ഞങ്ങൾ ന്യൂ ജൽപൈഗുരി സ്റ്റേഷനിലേക്ക് ഇറങ്ങി. അവിടെ നിന്നും രാത്രി കൊൽക്കത്തയിലേക്ക്. ഇരുപത്തിനാലാം തിയ്യതി രാവിലെ കൊൽക്കത്ത എത്തിയ ശേഷം അവിടന്ന് ലോക്കൽ ട്രെയിൻ കയറി ദക്ഷിണേശ്വരി കാളി ക്ഷേത്രത്തിലേക്ക് പോയെങ്കിലും തിരക്ക് കാരണം വേഗം തിരിച്ചുവരേണ്ടി വന്നു. അവസാനം വൈകീട്ട് ഹൗറ ബ്രിഡ്ജിൽ നിന്നും രണ്ടു ഫോട്ടോ പിടിച്ച് ആഗ്രഹം തീർത്തു. അന്ന് രാത്രി ഞങ്ങൾ സ്റ്റേഷൻ പോവാൻ ആ മഞ്ഞ കളർ അംബാസിഡർ ടാക്സി തന്നെ വിളിച്ചു. കാരണം അത് നമ്മുടെ നാട്ടിൽ കാണില്ല എന്നതുകൊണ്ട് തന്നെ. ഒടുവിൽ ഇരുപത്തിനാലാം തിയ്യതി രാത്രി ഞങ്ങൾ കൊൽക്കത്തയിലെ ഷാലിമാർ സ്റ്റേഷനിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഇരുപത്തിയാറാം തിയ്യതി ഉച്ചയോടെ തിരിച്ച് കോയമ്പത്തൂർ എത്തിച്ചേർന്നു. ഒരുപാട് കാര്യങ്ങൾ കണ്ടു, നല്ലതും ചീത്തയും കണ്ടു, ദരിദ്രനേയും കോടീശ്വരനേയും കണ്ടു, നമ്മളെത്ര ഭാഗ്യവാന്മാരാണെന്ന് മനസ്സിലായി, നമ്മളെ കാണാൻ ആരൊക്കെ നോക്കിയിരുന്നെന്ന് മനസ്സിലായി അങ്ങനെ ഒരുപാടൊരുപാട് കാര്യങ്ങൾ മനസ്സിലായി. ട്രാവൽ.. ടു ഗെറ്റ് മെമ്മറീസ് ആൻഡ് ടു ഫോർഗെറ്റ് മെമ്മറീസ്..

ട്രെക്കിങ്ങ് റൂട്ട്: ധോത്രി – ടുംലിങ് – കാലപൊക്രി – സണ്ടക്ഫു – ഗുർദും – റിമ്പിക്ക് (54 കിലോമീറ്റർ)

ചിലവ്: ട്രെക്കിങ്ങ് ഫീസ് താമസം, ഭക്ഷണം എല്ലാം ഉൾപ്പെടെ(6500) + ട്രെയിൻ ടിക്കറ്റ്, റൂം വാടക, ജീപ്പ് വാടക, യാത്രയ്ക്കിടയിലെ ഭക്ഷണം(4000) + ട്രെക്കിങ്ങ് ജാക്കറ്റ്, തെർമൽ വെയർ, വൂളൻ സോക്സ്, ഗ്ലൗസ്, തലയും ചെവിയും മറക്കുന്ന സ്കാർഫ്, ട്രെക്കിങ്ങ് ഷൂസ്, ട്രെക്കിങ്ങ് ബാഗ് തുടങ്ങിയവക്ക് ചിലവുകൾ വേറെ. അതെല്ലാം ഒരിക്കൽ വാങ്ങിയാൽ മതിയാവും. ജാക്കറ്റ് ഡാർജീലിംഗ് ലോക്കൽ മാർക്കറ്റിൽ 300, 500 രൂപ മുതൽ ലഭ്യമാണ്, പക്ഷേ ക്വാളിറ്റി ഇത്തിരി കുറവാകും. ട്രെക്കിങ്ങ് ഷൂസ് 1000 രൂപ മുതൽ കടകളിൽ ലഭ്യമാണ്, പക്ഷേ ഞങ്ങൾ സ്പോർട്സ് ഷൂസാണ് കൊണ്ടുപോയത്. അവിടത്തെ തണുപ്പിന് അതുവച്ച് അഡ്ജസ്റ്റ് ചെയ്യാമെങ്കിലും തുടർച്ചയായി അഞ്ചു ദിവസം നടന്നാൽ വിരലുകൾ ഞെരുങ്ങി കാലിനു വേദന തോന്നാം. യൂത്ത് ഹോസ്റ്റലിൽ നിന്നും ട്രെക്കിങ്ങ് ബാഗ് കിട്ടുമെങ്കിലും വളരെ സിമ്പിൾ ബാഗ് ആയിരിക്കും. നല്ലൊരു റക്ക്സാക്ക് കൊണ്ടുപോയാൽ തോൾവേദന ഉണ്ടാവില്ല.

കൂടുതൽ ട്രെക്കിങ്ങ് പ്രോഗ്രാംസ്: http://www.yhaindia.org/national-level-program.php

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.