ദലിതുകൾ,
മറ്റൊരു വംശമാണ്, മറ്റൊരു മതമാണ്, മറ്റൊരു സംസ്കാരമാണ്, ആയതിനാൽ ദലിതുകളുടേത് മറ്റൊരു രാഷ്ട്രീയമാണ്. നമ്മുടെ ദേശീയ, പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെ കൊടിയേന്തിയതോടെ ദലിതുകൾ അവരുടെ കുലം മുടിക്കാൻ തുടങ്ങി. സ്വന്തം പതാക നഷ്ടപെട്ടു എന്നു മാത്രമല്ല ചൊല്ലി പഠിപ്പിച്ച മാനവരക്തത്തിൻറെ പേരിൽ സ്വന്തം വംശത്തെ, സംസ്കാരത്തെ ദലിതുകൾ തള്ളിപ്പറയാൻ, നിരായുധമാക്കാൻ നിർബന്ധിക്കപെട്ടു.

ദലിതരുടെ ഉണർച്ചകൾ, മുൻകൈകൾ വലിയ അശ്ലീലമായി ചിത്രീകരിക്കപെട്ടു എന്ന് മാത്രമല്ല, ഒടുവിൽ അനിവാര്യമായും നമ്മുടെ പൊതുസമൂഹത്തിൽ ദലിതുസ്വത്വം തമസ്കരിക്കപെട്ടു. ദലിതുകൾ ആരുടെയോ കൊടിപിടിക്കേണ്ടവരായി തരംതാഴ്ത്തപെട്ടു. അയ്യങ്കാളിയും നാരായണഗുരുവും ഉഴുതുമറിച്ച മണ്ണിൽ മാനവരക്തം എന്ന പൊറാട്ടു നാടകമാടി പലകൊടികളുടെ പേരിൽ ദലിതുകളെ രാഷ്ട്രീയമായും വംശീയമായും സാംസ്കാരികമായും ഷണ്ഡീകരിച്ചു. അങ്ങനെ സ്റ്റോളൻ ജനറേഷനായി ദലിതുജീവിതം.

അവർ സ്വയം മാനവരായി സ്വപ്നം കണ്ടു, മാനവരായി ജീവിച്ചു, എന്നിട്ടും ജാതി പോയില്ല, മാനവരായി കണക്കാക്കപെട്ടില്ല. ഉത്തരേന്ത്യയിലെ ജാതിരാഷ്ട്രിയത്തെ നിരന്തരം നാം പരിഹസിച്ചുകൊണ്ടു നാം മാനവരായി മേനി നടിച്ചു. എന്നിട്ടും ജാതി പോയതേയില്ല. ജാതിയുപേക്ഷിച്ചു എന്ന് വീമ്പിളക്കിയവർ ദലിതുകൾക്കെതിരെ സവർണകുലമായി. ദലിതുകളും ആദിവാസികളും സ്വന്തം അസ്തിത്വം ഉയർത്തി പിടിക്കാൻ നടത്തിയ സമരഭൂമിക ഒടുവിൽ പാരീസ് കമ്യൂണായി തോറ്റമ്പി, ചെങ്ങറയും മുത്തങ്ങയും പൊതു സമൂഹത്തിനു മുന്നിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുന്നു.

എന്നാൽ ജാതിയുടെ സ്വത്വം തിരിച്ചറിഞ്ഞ ഉത്തരേന്ത്യയാണിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴിക്കാട്ടിയാവുന്നത്. അങ്ങനെ ഇപ്പോൾ ഇന്ത്യ സ്വന്തം രാഷ്ട്രീയം​ തിരിച്ചു പിടിച്ചു തുടങ്ങി. ജാതിയേയില്ല എന്നല്ല ആ രാഷ്ട്രീയം, ജാതിയുണ്ട് എന്ന തിരിച്ചറിവിൻറേതാണ് ആ രാഷ്ട്രീയം. നമ്മുടെ രാഷ്ട്രീയം സത്യസന്ധവും ജൈവികവുമാവുന്നത് ആ രാഷ്ട്രീയം അടയാളപെടുമ്പോഴാണ്. ദലിതുകൾ പ്രഖ്യാപിച്ചു തുടങ്ങി അവരുടെ രാഷ്ട്രീയം. അത് ഫാഷിസത്തിനെതിരെയുള്ള രാഷ്ട്രീയമാണ്, നമുക്ക് ലെഫ്റ്റ് റൈറ്റ് ചുവടുകൾ വച്ച് തുടങ്ങാം ആ രാഷ്ട്രീയത്തിന് പിന്നിൽ.

മാനവരാഷ്ട്രിയത്തിൻറെയും വർഗരാഷ്ട്രീയത്തിനൻറെയും പേരിൽ നാളിതുവരെ തമസ്കരിച്ച സാമൂഹികവർഗങ്ങളുടെ മഴവിൽ മുന്നണി രാഷ്ട്രീയം ഉയർന്നു വരികയാണ്.ആ രാഷ്ട്രീയത്തിൽ വരേണ്യതയേയും സവർണ്ണതയേയും കൂട്ടിക്കുഴക്കരുത്.അവ രണ്ടും രണ്ടല്ലേ. ഒരാൾ നമ്പൂതിരിയോ നായരോ ആയി ജനിച്ചതുകൊണ്ട് സവർണ്ണനാവണമെന്നില്ല.എന്നാൽ ജനനത്തോടെ ലഭിക്കുന്ന സവർണതയുടെ പേരിൽ ഉള്ള സ്വീകാര്യത നഷ്ടപെടുകയുമില്ല. പണമായാൽ സമ്പത്തായാൽ വരേണ്യത കൈവരും, ആ രീതിയിൽ സ്വീകാര്യത ലഭിക്കും, എന്നാൽ സവർണ്ണത വന്നു ചേരില്ല.

സമ്പത്തുണ്ടായതുകൊണ്ടോ പ്രതാപമുണ്ടായതു കൊണ്ടോ ധൈഷണികതയുണ്ടായതു കൊണ്ടോ മതംമാറിയതുകൊണ്ടോ ജാതി മാറില്ല. ജാതി ഒരിന്ത്യൻ ഫിനോമിനൻ തന്നെ. പിറന്നുവീഴുന്നത് ഏതു ജാതിയിലാണോ അതേ ജാതിയിൽ കിടന്നു പിടയുകയാണ് ദലിതുജീവിതം. ജാത്യാലുള്ളത് തൂത്താൽ പോവില്ല എന്ന ചൊല്ല് മതനിരപേക്ഷമായി കൊണ്ടാടുന്നവരാണ് ഇന്ത്യക്കാർ. ജാതി എങ്ങനെയാണോ ഇന്ത്യയിൽ യാഥാർത്ഥ്യമാവുന്നത് അതുപോലെ തന്നെയാണ് നിറം ഇന്ത്യക്ക് പുറത്ത്. അത് കേവലം നിറം മാത്രമായി ഒതുങ്ങുന്നില്ല. സംസ്കാരങ്ങളുടെ തന്നെ സംഘട്ടനമായി അത് മാറുന്നു. അതുകൊണ്ടാണ് ആശയപരമായ സംഘട്ടനങ്ങളിൽ നാം കേട്ടിരുന്ന ഏതു പക്ഷത്ത് എന്ന ചോദ്യം വഴിമാറി പോയത്. which side are you on എന്നതിന് പകരം വന്നു വേറൊരു ചോദ്യം what are you?

അങ്ങനെ നമുക്കൊന്നിലും പാതി ആവാൻ സാധിക്കാത്ത നില വന്നു. പാതി ഫ്രഞ്ചുകാരനും പാതി ഇന്ത്യനും പാതി പാക്കിസ്ഥാനിയും പാതി അറേബ്യനുമാവാം, എന്നാൽ പാതി ഹിന്ദുവോ, പാതി മുസ്ലീമോ, പാതി ക്രൈസ്തവനോ ആവാൻ സാധിക്കാത്ത നില വന്നു. എങ്കിൽ പിന്നെ ദലിതുകൾക്കും ആദിവാസികൾക്കും മാത്രമെന്തിന് പാതി സ്വത്വം, അവർ സ്വയം പ്രകാശിക്കട്ടെ. അവരിലുണ്ട് സൂര്യനും നക്ഷത്രങ്ങളും…..

Pk Genesan
Film critic, Writer, Blogger