27.1 C
Bengaluru
January 17, 2020
Untitled

സി വി ബാലകൃഷ്ണന്റെ 150 കഥകൾ

CV-balakrishnan_kadhakal

നൈരന്തര്യ ബോധമാർന്ന കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വ പരിണാമത്തിനു പുതിയ ദിശ നൽകിയ സി വി ബാലകൃഷ്ണന്റെ 150 കഥകളുടെ സമാഹാരം. മനുഷ്യ പ്രകൃതിയോടും ഭൂപ്രകൃതിയോടും ജീവജാലങ്ങളോടും കാട്ടുന്ന സ്നേഹ വാത്സല്യങ്ങൾ എന്നിവയൊക്കെ ചേർന്ന് ഒരു നല്ല കഥാകൃത്താണ് സി വി ബാലകൃഷ്ണൻ എന്ന്‌ ഓർമ്മിപ്പിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന കൃതി. ഇതിലെ ഒരു കഥ ചുവടെ പങ്കു വെക്കുന്നു.

“തോരാമഴയത്ത് ”

പതിവിനു വിപരീതമായി നേരം വൈകിയതിനാൽ സ്കൂളിലേക്കുള്ള വഴിയിൽ ഒറ്റയ്ക്കായ ഒരു ചെറിയ പെൺകുട്ടി സ്കൂൾ സഞ്ചി മുതുകിൽ തൂക്കിയിട്ട് ചുവന്ന നിറമുള്ള കുട തുറന്ന് പിടിച്ച് മഴയിലൂടെ ഓടിയും നടന്നും കുന്നു കയറുമ്പോൾ, വഴിവക്കിലെ ഒരു മുൾപ്പടർപ്പിന്റെ മറവിൽ നിന്ന് പ്രാകൃതനായ ഒരാൾ അവളുടെ മുന്നിലേക്ക് ചാടി വീണ് ഒച്ചയെടുക്കുകയാണെങ്കിൽ അവളെ കൊന്നുകളയും എന്ന് പറഞ്ഞു.
പനി പിടിച്ചത് പോലെ അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കയ്യിൽ അറ്റം കൂർത്ത ഒരു കല്ല്.

പെൺകുട്ടി അന്ധാളിച്ചു നിന്നു.
അയാൾ തന്റെ വലതു കൈ കല്ലുമായി അവളുടെ നേർക്ക് ഉയർത്തി. കല്ലിന്റെ കൂർത്ത മുനയിൽ അവളുടെ കണ്ണുകൾ ഉടക്കി.

അവർക്കിടയിൽ മഴ ചരിഞ്ഞു പെയ്തു.

“നിന്റെ ചോറു പാത്രം എവിടെ?”
അയാൾ വ്യഗ്രതയോടെ ചോദിച്ചു.

പെൺകുട്ടി പറയാൻ ശബ്ദം കിട്ടാതെ, വിങ്ങലോടെ, തന്റെ മുതുകത്തുള്ള സഞ്ചി ചൂണ്ടിക്കാട്ടി.

“ഉം, എടുക്ക്,”
അയാൾ അവളെ ഭയപ്പെടുത്താൻ ഉദ്ദേശിച്ചു വലതു കൈ ചലിപ്പിച്ചു കൊണ്ട് പറഞ്ഞു.
കനലുകൾ എരിയുന്ന അയാളുടെ മുഖത്തുനിന്നും കണ്ണെടുക്കാൻ ധൈര്യപ്പെടാതെ അവൾ സഞ്ചി കൈയ്യിലെടുത്തു. അതിനുള്ളിൽ ഒരു മഞ്ഞ കവറിലായി പൊതിഞ്ഞു വെച്ചിരിക്കുകയായിരുന്നു ചോറ് പാത്രം. അത് അവൾ പുറത്തു എടുത്തപ്പോൾ അയാൾ കണ്ണുകളിൽ ഒരു തിളക്കത്തോടെ ഇടതു കൈ നീട്ടി. അവൾ ഉറ്റു നോക്കിക്കൊണ്ട് പാത്രം അയാൾക്ക് കൈമാറി.

“ഉം, പൊയ്ക്കോ. പക്ഷെ ഒരു കാര്യമുണ്ട്. വഴിയിൽ ആരോടും പറയരുത്.”
അയാൾ മുരളുന്ന മട്ടിൽ പറഞ്ഞു.

പെൺകുട്ടി ഇല്ലെന്നു ശിരസ്സ് അനക്കി. പിന്നെ അവൾ പതുക്കെ നടന്നു തുടങ്ങി. അയാൾ മുൾപടർപ്പിന് അപ്പുറത്തേക്ക് ധൃതിയിൽ നീങ്ങി. മഴ തുടർന്നു.

ഉണക്കമീൻ കറിയൊഴിച്ച ചോറ് തിന്നു തീരാറായപ്പോഴാണ് ആരോ തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് കവർച്ചക്കാരൻ ഒരു ഞെട്ടലോടെ അറിഞ്ഞത്. കൗശലശാലിയായ വന്യ മൃഗത്തെ പോലെ അയാൾ പിന്നിലേക്ക് പതുങ്ങി.

“ഞാനാ.”
പെൺകുട്ടി ഒരു മുൾപ്പടർപ്പിന്റെ അരുകിൽ നിന്നു പറഞ്ഞു. വായിലിട്ട ചോറ് ചവക്കാൻ ആവാതെ ഒട്ടൊരു നിശബ്ദതയിൽ അയാൾ അവളെ നോക്കി .

“ചോറ് പാത്രത്തിനാ. അത് കൊണ്ട് പോയില്ലെങ്കില് തല്ലു കിട്ടും. എനിക്ക് ” പെൺകുട്ടി പറഞ്ഞു.

അയാൾ കുറച്ചു നേരത്തേക്ക് എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ സന്ദിഗദ്ധതയിൽ ആയി. അതിന്റെ ഒടുവിൽ അയാൾ പാത്രം അവൾക്ക് നീട്ടി.
അത് കയ്യില് വാങ്ങി നേർത്ത ഒരു ചിരിയോടെ അവൾ ചോദിച്ചു:

“ഇത്ര കൊറച്ചു ചോറ് തിന്നാല് വയറു നിറയോ?”

അയാൾ അങ്ങനെ ഒരു ചോദ്യം അപ്രതീക്ഷിതം ആണെന്ന മട്ടിൽ കണ്ണിമയ്ക്കാതെ അവളെ നോക്കി.
അയാളുടെ ഉള്ളിൽ നിന്നു മാരകമായി മുറിയേറ്റ ഒരു മൃഗത്തിന്റേതെന്നപോലെ അതിദീനമായ ഒരു ശബ്ദം ഉയർന്നു. പെൺകുട്ടി സ്തബ്ധയായി നിന്നു. അയാൾ ഇരു കൈകളും ശിരസ്സിൽ ചേർത്ത് തിരിഞ്ഞോടി നിലക്കാത്ത തോരാ മഴയിൽ എങ്ങോ മറഞ്ഞു.

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.