കഴിഞ്ഞ വർഷമായിരുന്നു ഞങ്ങളുടെ പ്ലസ് ടു റീയൂണിയൻ. പഴയ ചങ്ങാതിമാരെ കാണാലോ എന്ന് കരുതി ഞാനും പോയി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞു ഞാനും സജിത്തും സംസാരിച്ചു നിൽക്കുകയായിരുന്നു. പഴയ സുന്ദരികളുടെ ഇപ്പോഴത്തെ കോലത്തെപ്പറ്റിയും പഴയ വായനോട്ട വീരകഥകളും തന്നെ പ്രമേയം. ആളുകൾ ഒരുപാട് മാറിപ്പോയിരുന്നു, പണ്ട് സംസാരിച്ചവർ ഇപ്പൊ സംസാരം കുറഞ്ഞു. പഴയ മിണ്ടാപ്പൂച്ചകൾ ഇപ്പോൾ ചറപറാ വർത്തമാനവും. അപ്പോഴാണ് ഞാനും സജിത്തും ആ കാഴ്ച്ച കണ്ടത്. ഞങ്ങളുടെ ക്ലാസ്സിലെ അജു എല്ലാ പെൺകുട്ടികളോടും സംസാരിച്ചുകൊണ്ട് ഓടി നടക്കുന്നു. അതിലെന്താ അതിശയമെന്ന് ചോദിച്ചാൽ അവൻ കാണാൻ കൊള്ളാവുന്ന സുന്ദരികളോട് മാത്രമേ മിണ്ടൂ എന്ന് പഠിക്കുബോൾ പറയുമായിരുന്നു. മാത്രമല്ല ഇന്ന് അവൻ പണ്ട് സൗന്ദര്യം പോരെന്ന് പറഞ്ഞു മിണ്ടാൻ പോവാതിരുന്ന ബയോളജി ബാച്ചിലെ സൗമ്യയോടാണ് കൂടുതൽ മിണ്ടിയത്, അതാണ് ഞങ്ങളെ അതിശയിപ്പിച്ചത്.

ഒരു ക്രോണിക്ക് ബാച്ചിലറായ എനിക്കും സജിത്തിനും അത് സഹിച്ചില്ല. അല്ലെങ്കിലും കിട്ടാത്തവന്റെ ചൊറിച്ചിലിന്റെ പേരാണ് സദാചാരം എന്നാണല്ലോ, അതുകൊണ്ട് ഞങ്ങൾ സദാചാര പോലീസായിക്കൊണ്ട് അവനെ അടുത്തേക്ക് വിളിച്ചു. സൗമ്യയോട് ഇപ്പൊ വരാമെന്നു പറഞ്ഞുകൊണ്ട് മനസ്സില്ലാ മനസ്സോടെ അവൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.
“എന്താടാ കോപ്പേ?” അവൻ ഞങ്ങളോട് കയർത്തു.
“അല്ലാ, പണ്ട് നീ തന്നെയല്ലേ സൗമ്യയോട് മിണ്ടാൻ ഞാൻ പോവൂല എന്നൊക്കെ പറഞ്ഞു വല്യ ഡയലോഗ് ഒക്കെ അടിച്ചത്. നിന്റെ ഗ്ലാമറിന് മാച്ച് ആയവരോടേ മിണ്ടൂ എന്നൊക്കെ. ഇപ്പൊ അതൊക്കെ മാറിയോ?” ഞാൻ ചോദിച്ചു.
“നിന്റെ വീട്ടിൽ നിനക്ക് പെണ്ണ് നോക്കാൻ തുടങ്ങിയോ സർ?” അവൻ എന്നെ ആക്കിക്കൊണ്ട് ചോദിച്ചു.
“ഇല്ല, വീട്ടിൽ നോക്കണം എന്ന് പറയുന്നുണ്ട്. എന്തേ?” ഞാൻ മറുപടി പറഞ്ഞു.
“അതാണ്.. അതുകൊണ്ടാണ് നീ ഇങ്ങനെ ചോദിച്ചത്” അവൻ പൊട്ടിച്ചിരിച്ചു
“കാര്യം പറയെടാ” ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.
“അളിയാ നീ പെണ്ണ് കാണാൻ തുടങ്ങുമ്പോൾ അത് മനസ്സിലാവും. നിനക്കറിയുമോ, കഴിഞ്ഞ ഒന്നര വർഷമായി ഞാൻ പെണ്ണ് നോക്കുന്നു. പാലക്കാട് ജില്ലയിൽ ഇനി ഞാൻ കാണാത്ത പെണ്ണില്ല, പോവാത്ത പഞ്ചായത്തില്ല എന്തിനു പറയുന്നു ഞാൻ കഴിക്കാത്ത ഒരു വെറൈറ്റി മിക്സ്ചറോ ചിപ്‌സോ പോലും ഇവിടത്തെ ബേക്കറികളിൽ ഇല്ല.” അവൻ ശോകമൂകമായി പറഞ്ഞു.
“കിട്ടുമെടാ അജൂ, നീ പേടിക്കേണ്ട. നിന്നെ കാണാൻ സെറ്റപ്പ് ആണല്ലോ.” ഞാൻ അവനെ സമാധാനിപ്പിച്ചു.
“അതൊക്കെ നിന്റെ തോന്നലാണ്, പെണ്ണുകെട്ടി അവളുടെ വീട്ടിലെ ക്യാഷ് കൊണ്ട് സെറ്റിൽഡ് ആവാൻ നടക്കുന്ന എന്നെപ്പോലുള്ള പാവങ്ങളും, സെറ്റിൽഡ് ആയ പയ്യനെ കെട്ടി ശിഷ്ടകാലം ഭദ്രമായി ജീവിക്കാൻ നടക്കുന്ന പെൺകുട്ടികളും ആയതുകൊണ്ട് കുറേയെണ്ണം മുടങ്ങി. അതിലൊരുത്തി ആദ്യമേ എന്റെ ഹോം ലോൺ, കാർ ലോൺ ഒക്കെ ചോദിച്ചു മനസ്സിലാക്കിയിട്ട് ചോദിച്ചു ഇത് അടുത്ത അഞ്ചു വർഷമെങ്കിലും എടുത്താലല്ലേ അടച്ചുതീരൂ എന്ന്, അവളെ അപ്പഴേ ഞാൻ ഒഴിവാക്കി. ഇതിനൊക്കെ ഇടക്ക് എവിടന്ന് കിട്ടാനാ നമുക്ക് പറ്റുന്ന ഒരെണ്ണത്തെ.” അവൻ ഇത്തിരി നിരാശയോടെ പറഞ്ഞു.
“എല്ലാവരും അങ്ങനെയൊന്നും ആവൂല. നീ പേടിക്കേണ്ട” ഞാൻ അവനേയും എന്നെയും ആശ്വസിപ്പിച്ചു.
“എടാ.. കൊള്ളാവുന്ന കുട്ടികളെയൊക്കെ സ്‌കൂളിൽ വച്ചും കോളേജിൽ വച്ചും കഴിവുള്ളവന്മാർ ബുക്ക് ചെയ്യും. ബാക്കിയുള്ളതിൽ കുറേപ്പേരെ പി.ജി ക്ലാസ് എത്തുമ്പോൾ ബുക്ക് ചെയ്യും. അതിൽ ബാക്കി വന്നവരും ആദ്യത്തെ ബുക്കിംഗ് ചെയ്തതിൽ തേപ്പു കഴിഞ്ഞു ബുക്കിംഗ് ക്യാൻസലാക്കി വരുന്നവരും ജോലിക്ക് പോവുമ്പോൾ ആ ഓഫീസിലെ കൊള്ളാവുന്ന പയ്യന്മാർ കൊണ്ടുപോവും. കുറേപ്പേരെ കുടുംബക്കാര് തന്നെ കെട്ടും. അതിലെല്ലാം പെടാതെ ബാക്കി വരുന്നവരാണ് നമ്മുടെ മുന്നിൽ വന്നു നിൽക്കുന്നത്. അതിൽ നമ്മൾ ഇഷ്ടപ്പെട്ടാൽ അവർക്ക് ഇഷ്ടപ്പെടില്ല. രണ്ടുപേർക്കും ഇഷ്ടപ്പെട്ടാൽ ഏതെങ്കിലും ബന്ധുക്കൾ ഓരോ ഉടായിപ്പ് കാരണങ്ങൾ കൊണ്ടുവന്നു മുടക്കും. ഇതെല്ലാം ഒന്ന് സെറ്റ് ആവുമ്പോഴാണ് മെയിൻ വില്ലൻ കീരിക്കാടൻ ജോസ് വരിക, മ്മടെ ജാതകം തന്നെ അത്. ആദ്യമൊക്കെ പെണ്ണ് എഞ്ചിനീയറിംഗ് പഠിച്ചിരിക്കണം, മുട്ടോളം മുടി വേണം, ചാമ്പക്കയുടെ നിറം വേണം എന്ന് പറഞ്ഞു നടന്ന അമ്മ അവസാനം എന്റെ കൂടെ പെണ്ണ് കാണാൻ വന്നു വന്നു ലഡ്ഡു കഴിച്ച് ഷുഗർ വന്നപ്പൊ പറയുകയാണ് നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോടാ എന്ന്. പഠിക്കുമ്പോൾ ഏതവളെയെങ്കിലും കൊണ്ട് വീട്ടിൽ വന്നാൽ ഓടക്കുഴല് കൊണ്ട് അടിച്ചോടിക്കും പറഞ്ഞ കക്ഷിയാണ് ഈ പറയുന്നത്. അമ്മക്ക് നമ്മള് വല്യ എഞ്ചിനീയർ ആയിരിക്കും, പക്ഷേ എഞ്ചിനീയറിംഗ് പഠിച്ച പെൺപിള്ളാർക്ക് കാര്യം അറിയാവുന്നതുകൊണ്ട് കട്ട പുച്ഛമാണ്. അതിലൊരുത്തി എത്ര സപ്ലി കിട്ടിയെന്ന് വരെ ചോദിച്ചിട്ടുണ്ട്. തേക്കാൻ പെണ്ണുണ്ടെടാ കെട്ടാനാ പെണ്ണില്ലാത്തത്. ആദ്യമൊക്കെ ചങ്ങാതിമാർ അവൾ തേച്ചിട്ടു പോയി എന്ന് പറയുമ്പോൾ ആ പെൺകുട്ടികളോട് ദേഷ്യം തോന്നുമായിരുന്നു, ഇപ്പോൾ അതൊക്കെ കേൾക്കുമ്പോഴാണ് ഒരാശ്വാസം, എന്നാലല്ലേ അറേൻജ്‌ഡ്‌ കല്യാണത്തിന് നമുക്കൊക്കെ കെട്ടാൻ പെണ്ണുണ്ടാവൂ. ഫീൽഡിൽ ഇറങ്ങുമ്പോൾ നിനക്കത് മനസ്സിലാവും അളിയാ. ഒന്നും നടക്കാതെ നടന്നു നടന്ന് അവസാനം ‘ഒരു പെണ്ണുണ്ടോ സഖാവേ കല്യാണം കഴിക്കാൻ’ എന്ന അവസ്ഥ ആവും മച്ചാനെ, അപ്പോൾ സൗമ്യയല്ല ഏതവളാണെങ്കിലും കെട്ടിപ്പോവും. അല്ലാ, നീ ആരെയെങ്കിലും കണ്ടുവച്ചിട്ടുണ്ടോ?” അവൻ സങ്കടത്തോടെ ചോദിച്ചു.
“ഇല്ലാ, പെണ്ണ് കിട്ടാൻ പാടാ എന്ന് എല്ലാരും പറഞ്ഞു. പിന്നെ വീട്ടിൽ ജാതകം നോക്കണം എന്നൊക്കെ പറയുന്നുണ്ട്, ഞാൻ അതൊന്നും വേണ്ടാ പറഞ്ഞിട്ടുണ്ട്. കുറച്ചു നോക്കി വെറുക്കുമ്പോൾ അവര് ജാതകം നോക്കുന്നത് നിർത്തും. അവസാനം ഇനിയും വൈകിയാൽ പെണ്ണ് കിട്ടില്ല എന്നാവുമ്പോൾ അവര് തന്നെ പറയും ഏതെങ്കിലും ഒരെണ്ണം മതിയെന്ന്. അപ്പോൾ ഈ ചൊവ്വാദോഷം കൊണ്ട് കല്യാണം നടക്കാതെ നിക്കുന്ന കുറേ നല്ല നല്ല കുട്ടികളുണ്ടല്ലോ, അവരിൽ ഒരാളെ അങ്ങ് കെട്ടാനാ പ്ലാൻ. അതാവുമ്പോൾ വല്യ ഡിമാൻഡ്‌സ് ഒന്നും കാണില്ല അവരും ഇതൊക്കെ നോക്കാത്ത ആളെയാവും നോക്കുക.” ഞാൻ പറഞ്ഞു ചിരിച്ചു.
“നിന്റെ കൂടെ വന്നാൽ എന്നും ശനിദിശ ആയതുകൊണ്ട് ചൊവ്വാദോഷം എൽക്കൂല” അവനും ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പോൾ സൗമ്യ ഒറപ്പിച്ചോ അളിയാ?” ഞാൻ നൈസായിട്ട് ചോദിച്ചു.
“വീട്ടിലുള്ള ഒന്നുരണ്ടു പ്രശ്നങ്ങൾ കാരണം കല്യാണം നടക്കുന്നില്ല എന്ന് പറഞ്ഞു അവൾ, അതാ ഇത്രയായിട്ടും കെട്ടാതെ നിക്കുന്നത്. ഞാൻ നോക്കുന്നതിൽ വിരോധമുണ്ടോ ചോദിച്ചപ്പോൾ, ചിരിച്ചുകൊണ്ട് വീട്ടിൽ വന്നു ചോദിക്കാൻ പറഞ്ഞു അവൾ. തൈ എങ്കിൽ തൈ, തൈപ്പൂയക്കാവടിയാട്ടം..” അവൻ പാട്ടും പാടിക്കൊണ്ട് തിരിഞ്ഞു സൗമ്യയെ നോക്കി. ദൂരെ നിന്നും അവൾ അവനെ നോക്കി പുഞ്ചിരിച്ചു.

Sujeesh KKS
Short story writer and a traveller