30.4 C
Bengaluru
May 26, 2020
Untitled

ചിങ്ങമാസം കൊണ്ടുപോയ എന്‍റെ കവിത

AP

വര്‍ഷങ്ങള്‍ക്ക് മുന്‍പ്,കൃത്യമായി പറഞ്ഞാല്‍ പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ചിങ്ങമാസം എന്നിലെ കവിതകള്‍ എല്ലാം തൂത്തുവാരി
കൊണ്ടുപോയി എന്നെ അനാഥനാക്കി.
‘കാടെവിടെ മക്കളെ…….’എന്ന് നമ്മളോട് നീട്ടിപ്പാടിച്ചോദിച്ച കവി അയ്യപ്പപണിക്കര്‍ വിടവാങ്ങിയ ദിവസമാണ് ഇന്ന്. കവി ചോദിച്ച ഈ ചോദ്യങ്ങള്‍ ഇന്നും നമ്മുടെ നാടിന്‍റെ വഴികളിലും വരകളിലും കിടന്നു കുലുങ്ങുന്നു…..പട്ടുടുത്ത്, ചിലങ്കകെട്ടി വാളെടുത്ത് നിന്ന് തിളങ്ങുന്നു.

ബാല്യത്തില്‍ അവിചാരിതമായി കേട്ട ‘മക്കളേ’ എന്ന വാത്സല്യം തുളുമ്പുന്ന ആ വിളിയാണ് കവിത, വായിയ്ക്കാന്‍ മാത്രമല്ല കേട്ട്
ആസ്വദിക്കാന്‍ കൂടിയുള്ളതാണ് എന്ന് എന്നെ പഠിപ്പിച്ചത്. എന്നെപോലെയുള്ള ബാല്യങ്ങളെല്ലാം അങ്ങനെയാണ് കവിതയെ സ്നേഹിക്കാന്‍
തുടങ്ങിയത് എന്ന് തോന്നുന്നു. കാലം ഏറെക്കഴിഞ്ഞതിന് ശേഷമാണ് കലയിലെ ഇസങ്ങളുടെ മലയാളപരിഭാഷ മനസിലാകുന്നതും കവിതയുടെ
നാള്‍വഴി പഠിച്ചുതുടങ്ങുന്നതും.അപ്പോഴെല്ലാം മനസ്സില്‍ ആ വിളി ഇടയ്ക്ക്മു ഴങ്ങുന്നുണ്ടായിരുന്നു, ‘എവിടെ…. മക്കളെ… എവിടെ…..’. കാല്‍പ്പനികതയുടെ കുത്തൊഴുക്ക് തടഞ്ഞുനിര്‍‍ത്തിയ പലരുടെയും കൂട്ടത്തില്‍ ഉയര്‍ന്നുനിന്ന കവിയുടെ ശബ്ദം ചിറമുറിഞ്ഞ് ഒഴുകുന്ന പുതുവെള്ളം പോലെ എന്‍റെ ബാല്യങ്ങളില്‍ നിറഞ്ഞുനിന്നു.കവിത മെലിഞ്ഞുണങ്ങിയ ഒരു കാലമായിരുന്നത്രേ അത്. അതുകൊണ്ടാകാം രൂപവും ഭാവവും പൊളിച്ചെഴുതി വായനക്കാരന്‍റെ മനസ്സ് നഗ്നമാക്കിയ കവിയ്ക്ക് ആധുനികന്‍ എന്ന കുപ്പായം തുന്നിഅണിയിക്കാന്‍ വിമര്‍ശകര്‍ പോലും തയ്യാറായത്. തുടക്കത്തില്‍ ഒരു തേങ്ങല്‍പോലെ, പിന്നീട് നിലവിളി, തുടര്‍ന്ന് രോഷമായി ഭാഷ, മുദ്രാവാക്യങ്ങളായി, താക്കീതും പരിഹാസവും പരിഹാരവും ഒക്കെയാക്കി കവിതയെ കവി. അതായിരുന്നു നമ്മള്‍ ബാല്യം മുതല്‍ നിഴല്‍പോലെ പിന്തുടര്‍ന്ന നമ്മളുടെ കവി. റിയലിസ്റ്റ്, മാജിക്, സോഷ്യലിസ്റ്റ്‌, നിയോണിസ്റ്റ്…എന്തൊക്കെയോ വിളിച്ച് നമ്മള്‍ ഈ കവിയുടെ പര്യായപദങ്ങള്‍ പഠിച്ചു.ഇസങ്ങളുടെ എല്ലാ പൊട്ടും പട്ടും ചാര്‍ത്തിച്ച് നമ്മള്‍ ഈ കവിയെ ആദരിച്ചു.

ഞങ്ങളുടെ ബാല്യത്തെക്കൊണ്ട് വായിപ്പിച്ചു കവി,കൌമാരത്തെക്കൊണ്ട് പ്രണയിപ്പിച്ചു,കവിതയുടെ നിത്യയൗവ്വനം പകരം തന്നു.ഞങ്ങളന്ന് പ്രണയ
ലേഖനങ്ങള്‍ അവസാനിപ്പിച്ചത് ‘നീ തന്നെ ജീവിതം സന്ധ്യേ….’എന്ന കവിവാക്യത്തിലാണ്. ‘എവിടെയൊരു യുദ്ധമുണ്ടെവിടെയൊരു ക്ഷാമമുണ്ടെന്ന് കേട്ടീടിലും കവിതയെഴുതീട്ടതും കാശാക്കി മാറ്റുന്നു….’എന്ന് കേട്ടുവായിച്ചു ഞാനും കവിതയെഴുതി നാട്ടില്‍ കവിയായി.യൗവനത്തില്‍ ‘നാഭിയില്‍ നിന്നും നയനങ്ങളില്‍ നിന്നും നീളും നാഡികള്‍ തലച്ചോറില്‍ ദാഹിച്ചുദാഹിക്കുമ്പോള്‍ ചത്തൊരഗ്നിപര്‍വ്വതം, പൂത്ത ചെമ്പിച്ച കിനാവുകള്‍….’ കുറച്ചൊന്നുമല്ല കവി എനിക്ക് തന്നത്. എന്‍റെ രാഷ്ട്രീയം എന്താണെന്ന് എന്നെ തിരിച്ചറിയിപ്പിച്ചു കവി. എന്‍റെ ദുരവസ്ഥയില്‍-അടിയന്തിരാവസ്ഥ-കവി തൊടുത്തുവിട്ട അസ്ത്രങ്ങള്‍, കണ്ണില്‍കൊണ്ട് മുറിഞ്ഞ ചോരയും കണ്ണീരും കണ്ടു നിന്നുപോയി അന്ന് നമ്മള്‍.മൃത്യുപൂജയും കുരുക്ഷേത്രവും കുടുംബപുരാണവും വിരിച്ചിട്ട വരികളില്‍ പിടിച്ചും തൂങ്ങിയും നമ്മള്‍ നടന്നു.ഐറണികളുടെ ഏണിമേല്‍ ചവുട്ടി നമ്മള്‍ ആകാശഗോപുരങ്ങള്‍ക്കും അപ്പുറം പോയി.

കുട്ടനാടിന്‍റെ ചെളികുഴച്ചെടുത്ത് കവി എറിഞ്ഞു പിടിപ്പിച്ചതൊക്കെ ഒരു തലമുറയുടെ മനസ്സില്‍ കൊണ്ട് ഉണങ്ങി കോണ്‍ക്രീറ്റ്പോലെ ഉറച്ച് കിടപ്പുണ്ട് ഇന്നും. ഓരോ വരികളും ചോദ്യങ്ങള്‍ ആയിരുന്നു.നമ്മളെ കോടതിവരാന്തയില്‍ എത്തിക്കുന്ന ചോദ്യങ്ങള്‍.ഉത്തരങ്ങള്‍ക്കായുള്ള വിചാരണ ഇന്നും നടക്കുന്ന സമകാലികമായ ചോദ്യങ്ങള്‍.

കുഞ്ഞുകുട്ടി മുതല്‍ സര്‍വ്വപരാധീനതകളും വിഷയമാക്കിയ കവി,സ്നേഹം വിതച്ച് നന്മകള്‍ കൊയ്ത അധ്യാപകവിശുദ്ധി,പകയും പോരുമില്ലാത്ത
നിരൂപകന്‍,ചവുട്ടിനിന്ന മണ്ണ് മുഴുവന്‍ കിളച്ചുമറിച്ചു പിന്നാലെ എത്തുന്നവര്‍ക്ക് വിതയ്ക്കാന്‍ പാകപ്പെടുത്തിയിട്ട ഭാഷാപണ്ഡിതന്‍, വിശകലനങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ കൂട്ടിലടച്ച് തളച്ചിടാനാവാത്ത സര്‍വ്വസഞ്ചാരി,അവലോകനങ്ങളില്‍ ഒടുങ്ങാത്ത സൈദ്ധാന്തികന്‍.. അങ്ങനെ പോകുന്നു ഈ കവി. നമുക്ക് അഹങ്കാരമാണെന്ന് നെഞ്ചില്‍കൈവെച്ച് ലോകത്തോട്‌ പറയാന്‍ എന്തൊക്കെ വേണമോ അതൊക്കെ നമുക്ക് തന്ന് കടന്നുപോയ എന്‍റെ കവി. അവസാനകാലത്ത് ശ്വാസകോശഅര്‍ബുദത്തിന് പിടികൊടുത്ത് അവശനായപ്പോള്‍ ആശ്വസിപ്പിക്കാന്‍ എത്തിയവരോട് ‘അയ്യപ്പപണിക്കരിപ്പോള്‍ വയ്യപ്പപണിക്കരായി അല്ലേ….’ എന്ന്പറഞ്ഞ് നിറഞ്ഞ ചിരിയോടെ മരണത്തിന്‍റെ മുന്നില്‍പോലും നിന്ന വിജ്ഞാനി. ചിങ്ങമാസമേ…..നീ എന്നെ അനാഥനാക്കിയിട്ട് ഇന്നു പതിനൊന്ന് വര്‍ഷം…….നീ കൊണ്ടുപോയത് എന്‍റെ സര്‍വ്വേന്ദ്രിയങ്ങളിലും ലാവയായി ഒഴുകുന്ന എന്‍റെ കവിതയുടെ തച്ചനെയാണ്…..നിനക്കില്ല ഇനി പൂക്കളങ്ങള്‍….എന്‍റെ കവിക്ക്‌ ഇവിടെ ഒരു പൂവ് കൊണ്ട് ഒരു പൂക്കളം….

‘ചിറകറ്റ പക്ഷിക്ക് ചിറകുമായ് നീയിനി പിറകെ വരൊല്ലെ…വരൊല്ലെ,
അവസാനമവസാനയാത്ര പറഞ്ഞു നീയിനിയും വരൊല്ലെ….വരൊല്ലെ…..’

Related posts

1 comment

Rajesh Attiri
Rajesh Attiri August 30, 2018 at 8:20 pm

Bows be fore the great poet

Reply

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: