30.4 C
Bengaluru
May 25, 2020
Untitled

ചെറായിക്കടൽത്തീരം

cherai beach

അളിയനും കുടുംബവും കുവൈറ്റിൽനിന്നു വന്നപ്പോൾമുതൽ യാത്രപ്പരിപാടി തുടങ്ങി. നേരത്തെ പോയിട്ടുണ്ടെങ്കിലും ചെറായിക്കടൽത്തീരത്തേക്ക് ഒന്നുകൂടെ പോകാമെന്നു തീരുമാനിച്ചു. എറണാകുളത്തുനിന്ന് ഹൈക്കോടതിപ്പരിസരത്തുകൂടെ പോയാൽ വല്ലാർപാടത്തേക്ക് ഗോശ്രീപ്പാലം കാണാം. അവിടെയാണ് കണ്ടെയിനർ ടെർമിനൽ. വലിയ ട്രക്കിലും ട്രെയിനിലും വരുന്ന കണ്ടൈനറുകൾ അപ്പടി ക്രെയിൻ ഉപയോഗിച്ചെടുത്ത് നേരെ കപ്പലിലേക്കു കയറ്റുന്ന തുറമുഖമാണിത്. ഇവിടെത്തന്നെയാണ് വല്ലാർപാടത്തമ്മയുടെ പള്ളിയും സ്ഥിതി ചെയ്യുന്നത്. ഈ റോഡ് നേരെ വൈപ്പിനിലാണ് എത്തുന്നത്. ഫോർട്ടുകൊച്ചിയിൽനിന്നും എറണാകുളത്തുനിന്നും കടത്തുബോട്ടിലും ജങ്കാറിലുമൊക്കെ ഇവിടെയെത്താം. ലോകത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഗ്രാമമാണ് വൈപ്പിൻ എന്നു പണ്ട് കേട്ടിരുന്നു.

എറണാകുളത്തുള്ള ട്രാഫിക്കിനെ ഭയമുള്ള തെക്കുനിന്നു വരുന്നവർ, വൈറ്റില ബൈപ്പാസുവഴി ഇടപ്പള്ളിയിലെത്തിയാൽ മെട്രോ കടന്നുപോകുന്നതിന്റെ അടിയിലൂടെ കടന്ന് നേരെ ലുലുമാളിന്റെ അരികുചേർന്നുള്ള വഴിയിലൂടെ, (ഇവിടെയാണ് മാതാ അമൃതാനന്ദമയി ആശുപത്രി) റെയിൽവേ ഓവർബ്രിഡ്ജിലൂടെ, ഒരഞ്ചു കിലോമീറ്റർ പോയാൽ ചേരാനെല്ലൂർ സിഗ്നൽക്കവലയിലെത്താം. അവിടെനിന്ന് ഇടതുവശത്തേക്കു തിരിഞ്ഞാൽ (ഇവിടെ അടുത്താണ് ആസ്റ്റർ മെഡിസിറ്റി) നേരെ വല്ലാർപാടത്താണ് ചെല്ലുന്നത്. വടക്കുനിന്നു വരുന്നവർ ആലുവയിൽനിന്ന് കളമശ്ശേരിയിലേക്കു വരുമ്പോൾ മുട്ടം മെട്രോ റെയിൽവേസ്റ്റേഷൻ കഴിഞ്ഞാൽ വലതുവശത്തേക്കു കണ്ടെയ്നർ റോഡിലേക്കിറങ്ങാം. അവിടെനിന്ന് ചേരാനെല്ലൂരെത്താൻ പത്തു മിനിട്ടു മതി. ഈ റോഡിൽ തിരക്കു കുറവായതിനാൽ വേഗം കൂട്ടാൻ സ്വാഭാവികമായ ഒരു ത്വര എല്ലാവർക്കുമുണ്ടാകും. സൂക്ഷിച്ചോടിച്ചില്ലെങ്കിൽ അപകടത്തിൽപ്പെടും. വളരെയേറെപ്പേർ അപകടത്തിൽപ്പെടുന്നുണ്ട്. രാത്രിയിൽ ഏറെ ശ്രദ്ധിക്കണം. വഴിനീളെ, കണ്ടൈനർ ട്രക്കുകൾ ചെമപ്പുവിളക്കുകൾ പ്രകാശിപ്പിക്കാതെ, നിറുത്തിയിട്ടിട്ടുണ്ടാവും.

cherai beach

അളിയന്റെ കുടുംബസുഹൃത്തും ഭാര്യയും വരാൻ വൈകിയതിനാൽ ഞങ്ങൾ അല്പനേരം വൈപ്പിനിൽ വിശ്രമിച്ചു. അവിടെ പണ്ടൊക്കെ ചീനവല വലിക്കുന്ന ആളുകളെ കാണാമായിരുന്നു. ഇപ്പോൾ മോട്ടോർ ഉപയോഗിച്ചുള്ള വലിക്കലും താഴ്ത്തലുമാണ്. പണ്ട് തേക്കിന്റെ തടികൊണ്ടുള്ള ചട്ടക്കൂടായിരുന്നു. ഇപ്പോൾ എല്ലാം ഉരുക്കുപൈപ്പുകൾകൊണ്ടുള്ളതാണ്. അതുകൊണ്ട് അതിന്റെ സ്വാഭാവികചാരുത നഷ്ടമായി.

ഞങ്ങളെല്ലാവരുംകൂടി വൈപ്പിനിൽനിന്ന് ചെറായിയിലേക്കു നീങ്ങി. ചെറായി ടൌൺ എത്തുന്നതിനു മുമ്പേ, ഗൗരീശ്വരക്ഷേത്രം കഴിയുമ്പോൾ ഇടതുവശത്തേക്കൊരു ചെറിയ വഴി കാണാം. അതുവഴി പോയാൽ മനോഹരമായ കായലിന്റെ നടുവിലൂടെ കടൽത്തീരത്തെത്താം. അവിടുന്ന് വലത്തേക്കു കുറച്ചു നീങ്ങിയാൽ കടൽത്തീരത്തായി Baywach എന്ന റിസോർട്ട് കാണാം. അവിടെ നേരത്തെ ഞങ്ങൾ പോയിട്ടുണ്ട്. നല്ല സുഖകരമായ ഇരിപ്പും ഭക്ഷണവുമൊക്കെയായിരുന്നു അന്ന്. കുറച്ചു മീൻ വറുത്തതും ഫ്രഞ്ച് ഫ്രൈയുമൊക്ക വരുത്തി, വിശപ്പിന് തത്കാലശമനം വരുത്തി. ഒരാൾ ഒരു പ്ലാസ്റ്റിക് കുട്ടയിൽ കമ്പവലയുമായി കടലിലേക്കു നീന്തിപ്പോയി, കുറേദൂരം വല നിവർത്തിയിടുന്നത് കണ്ടു. സാമാന്യം നല്ല തിരയുണ്ടായിരുന്നെങ്കിലും അയാൾ അതിനെയൊക്കെ നിഷ്പ്രയാസം മറികടക്കുന്നത് കൗതുകകരമായ കാഴ്ചയായിരുന്നു.

cherai beach

ഏതോ ഒരു ചുഴലിക്കാറ്റ് വരുന്നുവെന്നുള്ള മുന്നറിയിപ്പുള്ളതിനാൽ അതുംകൂടെ ആസ്വദിക്കാമല്ലോ എന്നു കരുതി, കുറേനേരം ഞങ്ങൾ കാത്തിരുന്നു. പക്ഷേ, ഒന്നുമുണ്ടായില്ല. ഇവന്റെ എതിരായി മറ്റൊരു ചുഴലി വന്നതിനാൽ ആദ്യം രൂപപ്പെട്ട ചുഴലി ദുർബ്ബലമായിപ്പോയി എന്നു തിരികെ വന്നപ്പോളാണറിഞ്ഞത്.

കുറെ നേരമിരുന്നിട്ടും അവിടുത്തെ വെയിറ്റർമാർ അതുവഴി വരുന്നതു കാണുന്നില്ല. എല്ലാവരും മേശമേൽ കയറിയിരുന്നുകൊണ്ട് അവരവരുടെ കാര്യം നോക്കിയിരിക്കുന്നു ! ഭക്ഷണം കഴിക്കാൻ വന്നിരിക്കുന്നവരെ ശ്രദ്ധിക്കുന്നേയില്ല. ഒന്നുരണ്ടു പ്രാവശ്യം വിളിച്ചപ്പോൾ മനസ്സില്ലാമനസ്സോടെ ഒരാൾ വന്നു. ഓരോ പ്രാവശ്യവും ഇങ്ങനെ പോയിവിളിക്കേണ്ടിവന്നതിനാൽ അവിടുത്തെ ഇരിപ്പ് ഞങ്ങൾ ഉപേക്ഷിച്ചു. ഒരു സുഹൃത്തിന്റെ നിർദ്ദേശപ്രകാരം വീണ്ടും കുറേക്കൂടി മുന്നോട്ടുപോയപ്പോൾ “ശിവേട്ടന്റെ കട” എന്ന പേരിൽ, വലിയ വള്ളത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ചെറിയ ഹോട്ടൽ കണ്ടു. ഗംഭീരമായ സദ്യയാണ് അദ്ദേഹവും കുടുംബവും ഞങ്ങൾക്കായി തയ്യാറാക്കിത്തന്നത്. നല്ല രുചിയുണ്ടായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പുറമെ കാണുന്ന പത്രാസും സൗന്ദര്യവുമൊന്നുമല്ല, പെരുമാറ്റമാണ് ആളുകളെ ആകർഷിക്കുന്നത്. ചെമ്മീൻ റോസ്റ്റ്, കരിമീൻ ഫ്റൈ, കൂന്തൽ, ചിരട്ടപ്പുട്ട് തുടങ്ങി നിരവധി വിഭവങ്ങൾ ! കടൽത്തീരത്തുള്ള ഏതെങ്കിലും റിസോർട്ടിൽക്കയറി കാഴ്ചകൾ കാണുക, ഇദ്ദേഹത്തിന്റെ കടയിൽനിന്ന് ഭക്ഷണം കഴിക്കുക എന്നത് പ്രാവർത്തികമാക്കിയാൽ ആസ്വാദനം മെച്ചം ഭക്ഷണച്ചെലവു തുച്ഛം എന്ന ഗുണമുണ്ട്. എല്ലാ വിഭവങ്ങളും തത്സമയം ഉണ്ടാക്കുന്നതാണ്. കല്ലുമ്മേക്കായ എന്ന വിഭവം അപൂർവ്വമായതിനാൽ കിട്ടിയില്ല. 9526702606 ആണ് ശിവേട്ടന്റെ മൊബൈൽ നമ്പർ. നേരത്തെ വിളിച്ചുപറഞ്ഞാൽ എല്ലാം തയ്യാറാക്കിവയ്ക്കും. (രണ്ടു വള്ളങ്ങൾ കടൽത്തീരത്തുണ്ട്. ആദ്യം കാണുന്ന വള്ളമല്ല ഇദ്ദേഹത്തിന്റേത്.)

shivettantekada cherai beach

ഭക്ഷണമൊക്കെ കഴിച്ചശേഷം വൈകുന്നേരം കടൽത്തീരത്തിറങ്ങി, കുറച്ചുനേരം തിരയിൽ കളിച്ചു. കുറേപ്പേർ അവിടവിടെയായി കുളിക്കുന്നുണ്ട്. അപകടരഹിതമായ സ്ഥലമാണിത്. പിറ്റേന്ന് അടിമാലിക്കടുത്തുള്ള മാങ്കുളം സന്ദർശിക്കാനുള്ളതിനാൽ, സന്ധ്യയാകുന്നതിനു മുമ്പേ ഞങ്ങൾ തിരികെപ്പോന്നു.

cherai beach

തുടരും……

Related posts

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.